Image

യൂ ടൂ കോണ്‍ഗ്രസ്… ??

ബെര്‍ലി തോമസ്‌ Published on 22 August, 2012
യൂ ടൂ കോണ്‍ഗ്രസ്… ??

ബ്രൂട്ടസ് സീസറിനോട് ചെയ്തതിനെക്കാള്‍ ക്രൂരമായിരിക്കാം ഇത്. വാമനന്‍ മഹാബലിയോടു ചെയ്തത് ഈ ഓണക്കാലത്ത് ആവര്‍ത്തിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഒരു ജനകീയനായ മുഖ്യമന്ത്രിയെ കരിവാരി തേക്കാനും ടിയാന്‍റെ സല്‍ഭരണത്തിന്‍റെ കീര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് വരെയൊക്കെ എത്താതെ നോക്കാനും വേണ്ടി കരിങ്കാലികളായ കൂതറ കോണ്‍ഗ്രസുകാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആരൊക്കെ ഏതൊക്കെ ഗ്രൂപ്പുകളിലാണ് എന്നത് എനിക്കു വലിയ പിടിയില്ല. നാല്‍പതുകാരായ ഒരു സംഘം യുവ-നവ തുര്‍ക്കികള്‍ എന്തോ വിപ്ലവത്തിനു കോപ്പു കൂട്ടുന്നതായി എവിടെയോ വായിച്ചു. പിന്നെ ഏതോ ഒരു രമേശ് ചെന്നിത്തല, അങ്ങനെ ആരൊക്കെയോ.

കേരളം കണ്ടിട്ടുള്ളതിലെ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയായ, സാമുദായിക സമവാക്യങ്ങളുടെ കാര്യത്തില്‍ കണിശക്കാരനും നീതിമാനുമായ ഉമ്മന്‍ ചാണ്ടി വര്‍ഗീയവാദിയാണെന്ന് ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസുകാര്‍ എന്നവകാശപ്പെടുന്ന അജ്ഞാതര്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍റെ മതിലിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ‘കോതമംഗലത്തെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റിനെതിരെ സമരം ചെയ്തവരെ കേസില്‍ കുടുക്കിയ വര്‍ഗീയവാദി ഉമ്മന്‍ ചാണ്ടീ… താങ്കള്‍ക്ക് കേരളം മാപ്പ് തരില്ല’ എന്നാണ് ഒരു പോസ്റ്റര്‍. അടിയില്‍ ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍’ എന്നുമുണ്ട്.

എന്തായാലും ചാനലുകാരോട് തന്നോട് ഒന്നും ചോദിക്കരുതെന്ന് ഇന്നലെ തന്നെ പറഞ്ഞ് നിരോധനമേര്‍പ്പെടുത്തിയത് നന്നായി. അല്ലെങ്കില്‍ അവന്‍മാര്‍ ഇന്നു ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചേനെ. ഇനിയിപ്പോള്‍ പോസ്റ്ററിനു പിന്നിലാരാണെന്നതിനെപ്പറ്റി അന്വേഷണമൊക്കെ കാണുമോ എന്തോ. സമാനമായ ആശയങ്ങളോടെ ബ്ലോഗുകളും ഫേസ്‍ബുക്ക് നോട്ടുകളുമൊക്കെയിട്ടവര്‍ ചെവിയില്‍ നുള്ളിക്കോ. ഹൈടെക് അന്വേഷണത്തിന്‍റെ കാലമാണ്. നിങ്ങളുടെ കുറിപ്പോ ബ്ലോഗോ ഒക്കെ ഈ പോസ്റ്ററൊട്ടിച്ചവര്‍ക്കു പ്രചോദനമായിട്ടുണ്ടെങ്കില്‍ കോതമംഗലത് നാട്ടുകാര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്‍ക്കു കേസെടുത്തതുപോലെ നിങ്ങള്‍ക്കെതിരെയും കേസു വന്നേക്കാം. ഇതിപ്പോള്‍ സിപിഎമ്മിനെ കരിവാരി തേക്കാനുള്ള സീസണാണ്. അതിനിടയില്‍ സിഎമ്മിനെ കരിവാരി തേക്കുന്ന കളി നല്ലതല്ല (ഇനിയിപ്പോ പോസ്റ്ററിനു പിന്നില്‍ സിപിഎമ്മുകാരാവുമോ ?, അല്ലെങ്കില്‍ സത്നം സിങ്ങിന്‍റെ ആളുകള്‍ ?, പി.സി.ജോര്‍ജ് ?)

ഉമ്മന്‍ ചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുകയാണെന്ന്‌ ആരോപിക്കുന്ന പോസ്‌റ്ററില്‍ തനിക്കു ശേഷം പ്രളയം എന്നാണ്‌ മുഖ്യമന്ത്രിയുടെ നിലപാടെന്നും പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ പുനസംഘടന അട്ടിമറിച്ച്‌ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുകയാണത്രേ. പുനസംഘടനയുടെ കാര്യമൊന്നും എനിക്കറിയില്ല. അതൊക്കെ അറിയാവുന്ന, അതിലൊക്കെ രോഷമുള്ള ആരോ ആണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നതെന്നു വ്യക്തം. മുഖ്യമന്ത്രിക്കു ശേഷം പ്രളയമാണോ അല്ലയോ എന്നു പറയാറായിട്ടില്ല. പുള്ളി ഭരിക്കുമ്പോള്‍ തന്നെ പ്രളയത്തില്‍പ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയ്‍ക്കിടയില്‍ പത്തുപേരിലധികം മരിച്ചു. പുള്ളിയുടെയൊക്കെ ശക്തമായ ഇടപെടല്‍ കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രളയസാധ്യത വാഗ്ദാനം ചെയ്ത് ഇപ്പോഴും അവിടെത്തന്നെയുണ്ട്.

റിസ്കെടുത്തുള്ള കളികള്‍ക്കു നില്‍ക്കാതെ ആരോടും ഉടക്കാതെ പോകുന്ന ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. ആ ശുദ്ധഹൃദയനോടു പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതാണ് ചെയ്യുന്നതെങ്കില്‍ ക്രൂരന്മാരായ മറ്റു നേതാക്കളോട് എന്തായിരിക്കും ചെയ്യുക ? പോസ്റ്റര്‍ കണ്ടു കളയാമെന്നു കരുതി ആരും ഇന്ദിരാഭവനിലേക്കു പോകേണ്ട. വേറെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അതെല്ലാം നീക്കം ചെയ്തു കഴിഞ്ഞു. ഇനി ചാനലില്‍ വാര്‍ത്തകള്‍ക്കായി സ്റ്റേ ട്യൂണ്‍ഡ് ( ചോദ്യം ചോദിക്കരുതെന്നു പറഞ്ഞതിനു പ്രതികാരമായി ഇനി അവന്മാരൊട്ടിച്ചതാണോ ?).

പകലരുതെന്നു കോടതിയും

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് ഇത്ര പെര്‍ഫെക്ട് ആയി ആ പഴഞ്ചൊല്ല് ഉണ്ടാക്കിയപ്പോള്‍ മാത്രമേ യാഥാര്‍ഥ്യമായിട്ടുണ്ടാവൂ. രാവിലെ ഒന്‍പതു മണിക്കു തുടങ്ങുന്ന കള്ളുകച്ചവടത്തെപ്പറ്റി കോടതിയോട് ചോദിക്കാന്‍ ചെന്നതാണ് സര്‍ക്കാര്‍.. ഒന്‍പതു മണിക്കു തുറക്കുന്ന ബാറുകള്‍ മേലില്‍ വൈകിട്ട് അഞ്ചു മണിക്കു ശേഷമേ തുറക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞ് ഹൈക്കോടതി സര്‍ക്കാരിന്‍റെ പയന്‍റില്‍ പാറ്റയെ ഇട്ടിരിക്കുകയാണ്. സമ്പൂര്‍ണമദ്യനിരോധനമാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യമെന്നു പറയുമ്പോഴും അതില്‍ നിന്നുള്ള വരുമാനത്തിലാണ് കണ്ണ് എന്നറിയാവുന്ന കോടതി എന്തിന് ബാബു മന്ത്രിയെ ഇങ്ങനെ പരീക്ഷിക്കുന്നോ ആവോ ?

നിലവില്‍ കോര്‍പറേഷന്‍ മേഖലയില്‍ രാവിലെ ഒന്‍പതു മണി മുതല്‍ 11 വരെയും മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ എട്ടു മണി മുതല്‍ 10 വരെയുമാണ് കള്ളുകച്ചവടം. ഓണമൊക്കെ അടുത്തു വരുന്ന സമയത്ത് ചാലക്കുടിയും കരുനാഗപ്പള്ളിയുമൊക്കെ ഇഞ്ചോടിഞ്ചു പൊരുതുമ്പോള്‍ ഒരു കോംപറ്റീഷന്‍ ഐറ്റമെന്ന നിലയില്‍ സ്റ്റാര്‍ട്ടിങ് സമയവും ഒന്നായിരിക്കണമല്ലോ. ബാറുകള്‍ തുറക്കുന്ന സമയം ഏകീകരിക്കണമെന്ന് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അഭിപ്രായം ചോദിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും ക്രിയേറ്റീവായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിന്‍റേതാണ് പുതിയ നിര്‍ദേശം. ഇതു പ്രകാരം സംസ്ഥാനത്ത് വൈകിട്ട് അഞ്ചു വരെ മദ്യ ഉപയോഗം നിരോധിക്കണം. ബാറുകളിലും ബാര്‍ ഹോട്ടലുകളിലും വൈകിട്ട് അഞ്ചിനു മുന്‍പു മദ്യവില്‍പനയും നിരോധിക്കണം. മദ്യവില്‍പന വൈകിട്ട് അഞ്ചു മുതല്‍ 12 വരെയാക്കുന്ന കാര്യത്തില്‍ അഭിപ്രായം അറിയിച്ചു സര്‍ക്കാര്‍ സെപ്റ്റംബര്‍ 10നകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

രാവിലെ മുതല്‍ മദ്യം വാങ്ങാന്‍ കിട്ടുമെന്നതു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ജോലിക്കാരെ മദ്യം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കും. പലരും മദ്യം കഴിച്ചു ജോലി ചെയ്യാനും ഇതിടയാക്കും. മദ്യ ഉപയോഗം കുറയ്ക്കണമെങ്കില്‍ ബാര്‍ ഹോട്ടലുകളില്‍ മദ്യവില്‍പന വൈകിട്ട് അഞ്ചിനു ശേഷമാക്കണം. ഇങ്ങനെ ചെയ്താല്‍ പ്രവൃത്തി സമയത്തു മദ്യപിക്കാന്‍ അവസരമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി. വാഹനം ഓടിക്കുന്ന കാര്യത്തില്‍ ചെറിയ അളവില്‍ മദ്യപിച്ച് ഓടിക്കുന്നതു തെറ്റല്ലെന്നും, മദ്യ ലഹരിയില്‍ ഓടിക്കരുതെന്നും മാത്രമാണു നിയമത്തില്‍ പറയുന്നതെന്ന സത്യം ഇതിനിടയില്‍ കോടതി വെളിപ്പെടുത്തിയിട്ടുണ്ട് (മറ്റേ സാധനത്തിലൂടെ ഊതിച്ച് കഫ് സിറപ്പ് കുടിച്ചവനു വരെ പിഴയിടുന്ന പോലീസാണ് യുവറോണര്‍ ഇവിടെയുള്ളത് !).

പകല്‍ മദ്യം നിരോധിക്കുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും സോള്‍വാകുമോ എന്ന കാര്യത്തില്‍ അടിയനു സംശയമുണ്ട്. പകല്‍ അടിച്ച് ഫ്ലാറ്റായി കിടന്നുറങ്ങുകയും രാത്രിയില്‍ അതിസാഹസികജോലികളിലേര്‍പ്പെടുകയും ചെയ്യുന്ന മോഷ്ടാക്കള്‍,റിപ്പര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാത്രി ഡ്രൈവര്‍മാര്‍ അങ്ങനെ നൈറ്റ് ഡ്യൂട്ടിക്കാരായ എല്ലാവരും പിന്നെ എപ്പോള്‍ അടിക്കും ? രാത്രി 12 വരെ മാതൃസ്ഥാപനം തുറന്നിരിക്കുന്നതു കണ്ടാല്‍ പ്രലോഭനത്തിനു വശംവദരാകാതിരിക്കുമോ അവരും ? വൈകിട്ട് കുപ്പി വിഴുങ്ങി വീട്ടില്‍ ചെന്നോണ്ടിരുന്ന ചേട്ടന്മാര്‍ ക്യൂവില്‍ നിന്ന് സാധനം വാങ്ങി കമ്പനികൂടി അടിച്ചു പിരിയുമ്പോഴേക്കും പുലരാറാവും. പിന്നെ വീട്ടില്‍പ്പോക്കുണ്ടാവില്ല. ഓഫിസ്, ബിവറേജസ്, ഓഫിസ്, ബാര്‍ എന്നിങ്ങനെയുള്ള ടൈറ്റ് ഷെഡ്യൂളില്‍ വീട്ടുകാരുടെ കാര്യങ്ങള്‍ അവതാളത്തിലാവില്ലേ ?

എന്നാല്‍, കുടിയന്മാരുടെ സ്വഭാവത്തെ സംബന്ധിച്ചും ഹൈക്കോടതിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. മദ്യത്തിന് അടിമപ്പെട്ടവര്‍ മാത്രമേ രാവിലെ തുടങ്ങിയും പകല്‍ നേരത്തും മദ്യം കഴിക്കാറുള്ളൂ. അസ്വാദനത്തിനു മദ്യം കഴിക്കുന്നവര്‍ വൈകിട്ടേ കഴിക്കൂ. ബവ്‌റിജസ് കോര്‍പറേഷനില്‍ പകല്‍ കുപ്പിയില്‍ മദ്യം വില്‍ക്കുന്നുണ്ടെങ്കിലും അത് വലിയ പ്രശ്നമുണ്ടാക്കില്ലെന്നാണ് കോടതി കരുതുന്നത്.കള്ളു വില്‍പനയുടെ കാര്യത്തിലും പകല്‍ നിയന്ത്രണം ആയിക്കൂടേ എന്നു കോടതി ചോദിക്കുന്നു.

http://berlytharangal.com/

യൂ ടൂ കോണ്‍ഗ്രസ്… ??
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക