Image

പാന്‍ക്രിയാസ്

Published on 25 August, 2012
പാന്‍ക്രിയാസ്
വൃക്കകള്‍, ഹൃദയം, കണ്ണ്, കരള്‍ മുതലായ പല അവയവങ്ങളും മാറ്റിവെക്കുന്നതുപോലെ പാന്‍ക്രിയാസ് മാറ്റിവെക്കുന്ന ശസ്ത്രക്രിയകളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്നാല്‍, അത്ര വ്യാപകമല്ല എന്നുമാത്രം. ഇന്ത്യയില്‍ പല ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്.
ടൈപ്-1 പ്രമേഹരോഗികളില്‍ മാത്രമാണ് ഇപ്പോള്‍ പാന്‍ക്രിയാസ് മാറ്റിവെക്കുന്നത്. അതും, വൃക്കകള്‍ക്ക് തകരാര്‍ പറ്റി അത് മാറ്റിവെക്കുന്ന സമയത്തോ അല്ലെങ്കില്‍ ജീവഹാനി സംഭവിക്കാവുന്ന ചില സങ്കീര്‍ണതകള്‍ ഉള്ളവരിലോ മാത്രം. ഉദാഹരണത്തിന്, ഇടക്കിടെ ശരീരത്തില്‍ പഞ്ചസാര വളരെ കൂടുകയോ വളരെ കുറഞ്ഞുപോവുകയോ ചെയ്യുന്നവര്‍.
വയറ്റിനുള്ളില്‍, ആമാശയത്തിനും നട്ടെല്ലിനുമിടയില്‍ ഏകദേശം ആറിഞ്ച് നീളമുള്ള ഒരവയവമാണ് പാന്‍ക്രിയാസ്. പാന്‍ക്രിയാസിലെ 97 ശതമാനം കോശങ്ങളും ദഹനത്തിന് ആവശ്യമായ ദഹനരസം ഉല്‍പാദിപ്പിക്കുന്നവയാണ്. ബാക്കി മൂന്നു ശതമാനം കോശങ്ങള്‍ ഇന്‍സുലിന്‍, ഗ്ളൂക്കഗോണ്‍ എന്നീ ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കുന്നു. ഈ കോശങ്ങള്‍ ഐലറ്റ് കോശങ്ങള്‍ (islet cells) എന്നറിയപ്പെടുന്നു. ഈ കോശങ്ങളെ മാത്രം വേര്‍തിരിച്ചെടുത്ത് രോഗിയുടെ ശരീരത്തില്‍ വെച്ചുപിടിക്കുന്നതാണ് അത്യുത്തമം. വളരെ ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് സാധ്യമാകും. ഇന്ന് വളരെ സങ്കീര്‍ണമായതാണെങ്കിലും ഭാവിയില്‍ പ്രമേഹരോഗികളില്‍ ഏറ്റവും പ്രചാരമേറിയ ഒരു ചികിത്സാരീതിയായി ഇത് മാറിയേക്കും.
ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും വൃക്കകള്‍ മാറ്റിവെക്കുന്ന സമയത്തുതന്നെ പാന്‍ക്രിയാസും മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് ചെയ്യുന്നത്.
മരിച്ചവരില്‍നിന്നാണ് പാന്‍ക്രിയാസ് എടുക്കുന്നത്. എന്നാല്‍, സാക്ഷരതയിലും മറ്റ് പല കാര്യങ്ങളിലും മുന്‍പന്തിയിലുള്ള കേരളം അവയവദാനത്തിന്‍െറ കാര്യത്തില്‍ വളരെ പിന്നിലാണ്. എത്രയോ ലക്ഷം ജീവനുകളെ രക്ഷിക്കാനുള്ള അവയവങ്ങള്‍ നമ്മള്‍ പാഴാക്കുന്നു. മരിച്ചവരില്‍നിന്നെടുക്കുന്ന ശരീരഭാഗങ്ങള്‍ മാറ്റിവെക്കുന്നതിന് ‘കാഡാവറിക് ട്രാന്‍സ്പ്ളാന്‍റ്’ എന്നു പറയുന്നു. അടിവയറ്റില്‍ ഒരു മുറിവുണ്ടാക്കി മൂത്രസഞ്ചിയുടെ സമീപത്തായി പാന്‍ക്രിയാസ് വെച്ചുപിടിപ്പിക്കുന്നു. കാലിലേക്കുള്ള രക്തധമനികളില്‍നിന്ന് രക്തം എത്തിപ്പെടാനുള്ള സംവിധാനവും ചെയ്യുന്നു. പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന ദഹനരസം മൂത്രസഞ്ചിയിലേക്കോ കുടലിലേക്കോ എത്തിച്ചേരുന്ന രീതിയില്‍ ഘടിപ്പിക്കുന്നു. 6-8 മണിക്കൂര്‍ വേണ്ടിവരുന്ന ഈ ശസ്ത്രക്രിയക്കുശേഷം പുതുതായി വെച്ചുപിടിപ്പിച്ച പാന്‍ക്രിയാസ് ശരീരം തിരസ്കരിക്കാതിരിക്കാന്‍ ചില മരുന്നുകള്‍ കഴിക്കേണ്ടിവരും. ശരീരത്തിന്‍െറ പ്രതിരോധ ശക്തികുറക്കുന്ന ഈ മരുന്നുകള്‍മൂലം അണുബാധപോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം.
ശസ്ത്രക്രിയ വിജയിച്ചാല്‍ പിന്നീട് ഇന്‍സുലിന്‍ ആവശ്യമില്ല. വെച്ചുപിടിപ്പിച്ച പാന്‍ക്രിയാസില്‍നിന്ന് ഇന്‍സുലിന്‍ ഉല്‍പാദനം നടക്കും. ശസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികളില്‍ ഏകദേശം 95 ശതമാനം പേരും രക്ഷപ്പെടാറുണ്ട്. മൂന്നോ നാലോ ആഴ്ച ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. മറ്റ് സങ്കീര്‍ണതകളൊന്നുമുണ്ടായില്ലെങ്കില്‍ മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ പഴയതുപോലെ ജോലിയില്‍ തുടരാനും സാധിക്കും.
ഒരു വൃക്ക ദാനംചെയ്യുന്നതുപോലെ പാന്‍ക്രിയാസിന്‍െറ ഒരു ഭാഗവും നമുക്ക് ദാനംചെയ്യാം. എങ്കിലും, ആരോഗ്യവാനായ ഒരാളില്‍ ഒരു ശസ്ത്രക്രിയ ചെയ്യുന്നതിനേക്കാളും എത്രയോ നല്ലതാണ് മരിച്ച ഉടന്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട് ഇക്കാര്യത്തില്‍ നമ്മളെക്കാളും എത്രയോ മുന്നിലാണ്.
പ്രമേഹവും വൃക്കരോഗവും മൂര്‍ച്ഛിച്ച ടൈപ്-1 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസ് ട്രാന്‍സ്പ്ളാന്‍റ് ഒരു നല്ല ചികിത്സാ രീതിതന്നെയാണ്.
പ്രമേഹം മാറിക്കിട്ടും എന്നുമാത്രമല്ല, പുതിയ വൃക്ക മാറ്റിവെക്കുന്നതോടൊപ്പം ജീവിതത്തിന്‍െറ ഗുണനിലവാരം ഏറെ മെച്ചപ്പെടുകയും ചെയ്യും. എന്നാല്‍, ഇതിന്‍െറ ചെലവും അവയവ ദൗര്‍ലഭ്യവും ശസ്ത്രക്രിയക്കുശേഷം ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു പ്രചാരമുള്ള ചികിത്സാരീതിയായി മാറാന്‍ ഇനിയും സമയമെടുക്കും.
madhyamam
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക