Image

ഓണം ഒരു ആഘോഷമാകുമ്പോള്‍...

ശ്രീ പാര്‍വതി Published on 27 August, 2012
ഓണം ഒരു ആഘോഷമാകുമ്പോള്‍...
ഓണം ഒരു അവസ്ഥയാണ്‌, മലയാളികള്‍ കടം കൊള്ളുന്ന ഒരു അവസ്ഥ. ആഘോഷങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംസ്ഥാനവും ഒരുകൂട്ടം ജനതയുമാണ്‌, ഇവിടെയുള്ളതെന്ന്‌ നിസ്സംശ്ശയം പറയാം. ഓണവും വിഷുവും ക്രിസ്‌തുമസും റംസാനും ഒരേമനസ്സോടെ ആദരവോടെ തന്നെ നമ്മള്‍ ആഘോഷിക്കും. മറ്റെവിടെയുണ്ട്‌ ഇത്ര ഒത്തൊരുമയോടെ ആഘോഷങ്ങളെ കൊണ്ടാടുന്നവര്‍? പക്ഷേ നാട്ടിലെ ഓണവും മറുനാടന്‍ മലയാളിയുടെ ഓണവും തമ്മില്‍ വ്യത്യാസമുണ്ടോ? മലയാളികള്‍ എവിടെ ചെന്നാലും മലയാളിത്തം മറക്കുന്നില്ല എന്നതുകൊണ്ടു തന്നെ ഓണം എന്ന ആഘോഷത്തെ തള്ളിക്കളയാനും കഴിയില്ലല്ലോ.

മലയാളിയുടെ ഒരു ഓണം തുടങ്ങുന്നത്‌ ഇപ്പോള്‍ ഉത്രാടച്ചന്തകളിലാണ്‌. സര്‍ക്കാരിന്റെ പൊതുജന മാര്‍ക്കറ്റിലെ പച്ചക്കറി മുതല്‍ അത്യാവശ്യം പലചരക്കു വരെയുള്ളത്‌ ക്യൂവില്‍ നിന്നു വാങ്ങി അത്യാവശ്യം വിലയുള്ള ഒരു കോടിയുമെടുക്കുമ്പോള്‍ തീരും കയ്യിലെ ബഡ്‌ജറ്റ്‌. വറുത്ത ഉപ്പേരി വയ്‌ക്കണമെങ്കില്‍ ഓണത്തിനു കിട്ടിയ ബോണസ്‌ എടുത്താലും തികയാത്ത അവസ്ഥ. അത്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യം കര്‍ഷകരോ കച്ചവടക്കാരോ എന്തു ചെയ്യും ഇതൊന്നുമല്ലാത്ത അവസ്ഥയിലുള്ളവരുടെ കാര്യം ഓര്‍ക്കാന്‍ കൂടി വയ്യ. ആഴ്‌ച്ചതോറും കുതിച്ചു കയറുന്ന പച്ചക്കറിപഴം വില കുറച്ചൊന്നുമല്ല സാധാരണ ജനങ്ങളെ വലയ്‌ക്കുന്നത്‌. ഓണമാകുമ്പോള്‍ അത്‌ ഒട്ടും കുറയുന്നുമില്ല, മനുഷ്യന്റെ നട്ടെല്ലൊടിച്ചുകൊണ്ട്‌ കുതിച്ചു കയറുക തന്നെ.

നാടന്‍ ഓണവും മറുനാടന്‍ ഓണവും തമ്മിലുള്ള വ്യത്യാസം അതിലോലമാണ്‌. ഒരുപക്ഷേ പ്രവാസികള്‍ക്കാവണം ഓണം പോലെയുള്ള വിശേഷങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമാവുക. ഗൃഹാതുരത ഭരിയ്‌ക്കുന്ന ഓരോ മലയാളിയും തങ്ങളുടെ അടിസ്ഥാനത്തിലൂന്നിയുള്ള അവസ്ഥകളില്‍ ഏറെ അലയുന്നതു കാണാം. അത്‌ ഓണമായാലും വിഷു ആയാലും കൊന്നപ്പൂ ആയാലും ഭാഷ ആയാലും അത്‌ അങ്ങനെയാണ്‌. ആദ്യമായി ഒരു ഓണസദ്യ ഉണ്ടത്‌ മറുനാട്ടില്‍ വച്ചാണെന്ന്‌ ഒരു പ്രശസ്‌ത സാഹിത്യകാരന്‍ ഈയിടെ സംസാരത്തിനിടയില്‍ പറയുകയുണ്ടായി. ഓണക്കിറ്റുമായി നടന്ന്‌ ഓണമുണ്ണുന്നവരാണ്‌, ഇപ്പോള്‍ നമ്മള്‍ . തുമ്പിതുള്ളലോ, തിരുവാതിരയോ പടിയ്‌ക്കകത്തേയ്‌ക്കു കയറ്റത്തവര്‍. ഓണത്തിന്റെയന്ന്‌ എണ്ണിയാലൊടുങ്ങാത്ത മലയാളം ചാനലുകളിലെ പുത്തന്‍ പടങ്ങള്‍ തിരഞ്ഞ്‌ തിരഞ്ഞ്‌ അവസാനം എല്ലാറ്റിന്റേയും കഷ്‌ണങ്ങളില്‍ അലഞ്ഞു തിരിയുന്നവര്‍... ഇതില്‍ കൂടുതല്‍ എന്തുണ്ട്‌ നമ്മുടെ ഓണത്തെ കുറിച്ച്‌ പറയാന്‍? പക്ഷേ മറുനാട്ടില്‍ ചെന്നാല്‍ ഓണം തീര്‍ത്തും സ്വന്തമല്ലാതെയാകുന്നു. കാസര്‍ഗോഡു മുതല്‍ കന്യകുമാരിവരെയുള്ള നാട്ടുകാര്‍ പരസ്‌പരം ഓണം പങ്കിട്ട്‌ സ്വാദുകള്‍ പങ്കു വച്ച്‌ ഒന്നിച്ച്‌ ഓണമുണ്ണുക, അതൊരു അനുഭവം തന്നെയല്ലേ..?

പണ്ട്‌ എന്നു വച്ചാല്‍ വളരെ പണ്ടൊന്നുമല്ല എന്നാലും ഒത്തുകൂടാന്‍ ആവേശവുമായി എത്തുന്ന ഒരുകൂട്ടം ബന്ധുക്കള്‍ , വടംവലി, പന്തുകളി തുടങ്ങിയ കളികള്‍ , എല്ലാവരും കൂടി ഒരുമിച്ചിരുന്ന്‌ കഴിക്കുന്ന ഓണസദ്യയുടെ സ്വാദ്‌ എല്ലാം ഇന്ന്‌ അന്യമായി പോയല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം ഇല്ലെന്നല്ല. പക്ഷേ കുതിച്ചു കയറുന്ന വിലക്കയറ്റത്തിന്റേയും സമയമില്ലായ്‌മയുടേയും മദ്ധ്യത്തില്‍ ആരും തന്നെ അത്‌ ഓര്‍ക്കാന്‍ മിനക്കെടാറില്ലോ. ആഘോഷങ്ങള്‍ അവനവനിലേയ്‌ക്കു ചുരുങ്ങുമ്പോള്‍ ഓണത്തിന്റെ മഹത്തായ സന്ദേശം പാലിയ്‌ക്കപ്പെടാതെ പോകുന്നുവെന്ന്‌ പലരും തിരിച്ചറിയുന്നുമുണ്ട്‌.

പക്ഷേ വലിയൊരു വിപ്ലവം ഇവിടെ നടക്കുന്നില്ല എന്നു പറയതെ വയ്യ. ഇപ്പോള്‍ ആഘോഷങ്ങള്‍ ഒരു പ്രദേശത്തോ ഒരു കമ്മ്യൂണിറ്റിയിലോ ഒതുങ്ങി നില്‍ക്കാതെ പല പ്രദേശങ്ങളിലുള്ളവര്‍ ഒരു മീഡിയത്തിലൂടെ കണ്ടുമുട്ടുക, പരസ്‌പരം ആശയങ്ങള്‍ പങ്കു വയ്‌ക്കുക, ആഘോഷങ്ങളെ കുറിച്ച്‌ സംസാരിക്കുക, പലതിലും പങ്കെടുക്കുക സ്വപ്‌നമല്ല എന്നറിയുമ്പോഴാണ്‌, ആ വ്യത്യസ്‌തതയില്‍ ആഹ്ലാദം തോന്നുക. ഓണ്‍ലൈന്‍ മീഡിയ വളര്‍ന്നു വരുന്നതിനനുസരിച്ച്‌ മനുഷ്യര്‍ തമ്മില്‍ പരസ്‌പരമുള്ളവിടവുകള്‍ ഏറെക്കുറേ അടയ്‌ക്കപ്പെടുന്നുണ്ട്‌. തീര്‍ച്ചയായും വളരെ അംഗീകരിക്കപ്പെടേണ്ട ഒരു കാര്യം തന്നെയല്ലേ അത്‌?

ഓണം പലകാലങ്ങളില്‍ പലമുഖങ്ങളില്‍ കടന്നു വരും. പറഞ്ഞു പഴകിയ പലതും ആവര്‍ത്തന വിരസതയോടെ പത്രത്താളുകളിലും മുഖപുസ്‌തകങ്ങളിലും നിറയും. പക്ഷേ ഓണത്തിനു വിടരുന്ന പൂക്കള്‍ എന്തു ചെയ്യും? പൂക്കളിമിടാന്‍ സമയമില്ലാത്തവരെ കാത്ത്‌ വിഷാദത്തോടെ വാടി നില്‍ക്കുകയല്ലേ തരമുള്ളൂ. കഥകള്‍ കേള്‍ക്കാന്‍ ആരുമില്ലാതെ ഒരു ഓണക്കാലത്തിനും ബാക്കിയാകാതെ അവ എന്നേയ്‌ക്കുമായി ഇതള്‍ കൊഴിഞ്ഞേക്കാം. എങ്കിലും ഒരു സമാന്തര സൌഹൃദതലം വളര്‍ന്നു വരുന്നതിന്റെ ആഘോഷച്ചൂടില്‍ മലയാളി സന്തോഷമായിരിക്കട്ടെ എന്നു മാത്രമേ ആശംസിക്കാനുള്ളൂ. ഓണം എന്നത്‌ ഒത്തൊരുമയുടെ സന്തോഷമാകുമ്പോള്‍ തീര്‍ച്ചയായും അത്‌ എവിടെയാണെങ്കിലും ആഘോഷിക്കപ്പെടേണ്ടതു തന്നെയല്ലേ....
ഓണം ഒരു ആഘോഷമാകുമ്പോള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക