Image

പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-2 - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 31 August, 2012
പുരാണങ്ങളിലൂടെ; അതിബലനായ അഗസ്ത്യമുനി-2 - ഡോ.എന്‍.പി.ഷീല
അപ്പോഴാണ് വിവാഹം കഴിക്കേണ്ടതിനെക്കുറിച്ച് അഗസ്ത്യന്‍ ബോധവാനായത്. പക്ഷെ, ജഡാ-വല്‍ക്കലവേഷധാരിയും കുള്ളനുമായ തന്നെ സഹിക്കാന്‍ ഏതൊരുവള്‍ തയ്യാറാകും? ഈ ചോദ്യം മുനിയെ അലട്ടിയെങ്കിലും അദ്ദേഹം തോല്ക്കാന്‍ തയാറല്ലായിരുന്നു. അക്കാലത്ത് വിദര്‍ഭരാജാവ് 'അനപത്യനു ഗതിയില്ല മറ്റൊന്നുകൊണ്ടും' ഭാരതത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ, സന്താനങ്ങളില്ലാത്ത ദുഃഖത്തില്‍ മനംനൊന്ത് തപസ്സുചെയ്യുന്നത് നമ്മുടെ ഈ മുനിയുടെ ചെവിയിലും എത്തി. അദ്ദേഹം ലോകത്തുള്ള സകല ജീവജാലങ്ങളുടെയും സത്ത്വം(ചൈതന്യം) ശേഖരിച്ച് അതിസുന്ദരിയായ ഒരു ശിശുവിനെ തന്റെ തപോബലത്താല്‍ സൃഷ്ടിച്ച് ലോപാമുദ്ര എന്നു നാമകരണം ചെയ്ത് രാജാവിന് സമ്മാനിച്ചു. രാജാവിന്റെ സന്തോഷം ഊഹിക്കയേ വേണ്ടൂ.

സര്‍വ്വസൗഭാഗ്യങ്ങളോടെ, ബന്ധുക്കളുടെയും, പരിചാരകരുടെയും കരപരിലാളന കുളിര്‍മ്മയില്‍ ലോപാമുദ്ര വളര്‍ന്ന തരുണിയായി. ആയിടയ്ക്ക് അഗസ്ത്യന്‍ അതുവഴി വന്ന് രാജാവിനെ സന്ദര്‍ശിച്ച് പുത്രിയെ തനിക്ക് ഭാര്യയായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ധര്‍മ്മസങ്കടത്തിലായി. ചേര്‍ച്ചയില്ലാത്ത രണ്ടിനെ ചേര്‍ത്തുവയ്ക്കുന്നതെങ്ങനെ. മുണ്ടനും പ്രാകൃതരൂപിയുമായ മുനി ശപിക്കുമെന്നുള്ള ഭയം വേറെയും. അച്ഛന്റെ ധര്‍മ്മസങ്കടം കണ്ട് ലോപാമുദ്രതന്നെ മുന്‍കൈ എടുത്ത് അച്ഛനോടിപ്രകാരം പറഞ്ഞു.

അച്ഛാ, ഞാന്‍ ഇദ്ദേഹത്തിന്റെ ഭാര്യയായിക്കൊള്ളാം; അതില്‍ എനിക്ക് സന്തോഷമേയുള്ളൂ.

പുരുഷന്‍ സംശയിച്ചു നില്‍ക്കുന്നേടത്ത് സ്ത്രീ മുന്‍പോട്ടു വരുമെന്നുള്ള ചൊല്ലിന് ഒരുദാഹരണം!

ഗത്യന്തരമില്ലാതെ അച്ഛന്‍ സമ്മതം നല്‍കി. മകള്‍ രാജകീയ സുഖഭോഗങ്ങളുപേക്ഷിച്ച് സാധാരണവേഷത്തില്‍ അഗസ്ത്യനോടൊപ്പം ഇറങ്ങി സിന്ധുതീര്‍ത്ഥത്തിലെത്തി. അവിടെ അവരുടെ വിവാഹം നടന്നു.(മഹാഭാരതം വനപര്‍വ്വം 96, 130, 5 കാണുക).

അഗസ്ത്യന്‍ ഉഗ്രതപസ്സനുഷ്ഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഋതുസ്‌നാനം നടത്തി, തനിക്കൊരു സന്താനം വേണമെന്ന ആഗ്രഹത്തോടെ മുനിയുടെ അടുത്തുവന്നു ചുറ്റിപറ്റി നിന്നത്. കുടുംബജീവിതം നയിക്കണമെന്ന സ്ത്രീയുടെ സഹജമായ അഭിലാഷം ലോപാമുദ്രാ ഒരു പടിക്കൂടി കടന്ന് മറ്റുചില ആഗ്രഹങ്ങള്‍ കൂടിയുണ്ട്. കുടുംബാന്തസ്സിലേക്കും പ്രവേശിക്കുമ്പോള്‍ അഗസ്ത്യന്‍ പൂമാലകളും ഇതരവേഷഭൂഷകളും അണിഞ്ഞിരിക്കണം. തനിക്കും ദിവ്യാഭൂഷണങ്ങള്‍ വേണം, അങ്ങനെയങ്ങനെ...

ഇതെല്ലാം കേട്ട് ആ സാധു അമ്പരന്നു പോയി. കാല്‍ക്കാശിനു വകയില്ലാത്ത താന്‍ രാജകുമാരിയെ വേട്ടതില്‍ പരിതപിച്ചിരിക്കണം. ഏതായാലും ഭീമനോട് പാഞ്ചാലിയുടെ സൗഗന്ധിക പുഷ്പത്തിനുള്ള ശാഠ്യംപോലെ അഗസ്ത്യനും ഭാര്യയുടെ ആഗ്രഹസിദ്ധിക്കായി അവളെ ആശ്രമത്തിലാക്കിയിട്ട് ധനസമ്പാദനാര്‍ത്ഥം ഇറങ്ങിത്തിരിച്ചു.

ശ്രുതപര്‍വ്വന്‍, ബ്രദ്ധനശ്വര്‍, ത്രസദസ്യൂ മുതലായ രാജാക്കന്മാരെയും ധനികന്മാരെയും അഗസ്ത്യന്‍ മുട്ടിനോക്കിയെങ്കിലും എല്ലാവരും വരവുചെലവുകള്‍ കാണിച്ച് തങ്ങളുടെ ബാങ്കറപ്റ്റ്‌സി ബോധ്യപ്പെടുത്തി കൈമലര്‍ത്തി. ഒടുവില്‍ എല്ലാവരും കൂടി അസുരശ്രേഷ്ഠനും അപാരധനികനുമായ ഇല്വാലന്റെ സവിധത്തിലെത്തി.

ഈ കക്ഷിയെക്കുറിച്ച് ഒരു പരിചയം ആവശ്യമാണ്. ആളൊരു ജഗജില്ലി, മണിമല്‍ പത്തനത്തില്‍ വാതാപി എന്ന തന്റെ അനുജനോടൊപ്പം താമസം. ഒരിക്കല്‍ ഇയാള്‍ സാത്വികനായ ഒരു ബ്രാഹ്മണനോട് ഇന്ദ്രസമനായ ഒരു പുത്രനെവേണമെന്ന അനുഗ്രഹം യാചിച്ചു. അതൊരു കടന്ന ആഗ്രഹമായതിനാല്‍ അദ്ദേഹം അതു നിരസ്സിച്ചു. അന്നു മുതല്‍ ജ്യേഷ്ഠാനുജന്മാര്‍ ബ്രാഹ്മണശത്രുക്കളായിത്തീര്‍ന്നു. ബ്രാഹ്മണരിലാരെങ്കിലും തന്റെ അടുക്കല്‍ വന്നാലുടന്‍ ഇല്വാലന്‍ ആട്ടിറച്ചി പാകം ചെയ്ത് അവര്‍ക്ക് കൊടുക്കും, അതിഥി ഭക്ഷണം കഴിച്ചാലുടന്‍ ഇല്വാലന്‍ " വാതാപീ, പുറത്തു വാ" എ
ന്നു വിളിച്ച് പറയും. വാതാപി അതിഥിയുടെ വയര്‍ പിളര്‍ന്നു പുറത്തു വരും. അനേകം ബ്രാഹ്മണരെ ഈ വിധത്തില്‍ കിരാതന്മാര്‍ വകവരുത്തി. ആ ഘട്ടത്തിലാണ് ധനം സ്വരൂപിക്കാന്‍ അഗസ്ത്യരും കൂട്ടരും ഇല്വാലനെ സമീപിച്ചത്.
തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക