Image

അമ്മ - ബോബി ജോസ് കട്ടിക്കാട്

ബോബി ജോസ് കട്ടിക്കാട് Published on 01 September, 2012
അമ്മ - ബോബി ജോസ് കട്ടിക്കാട്
ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.

പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനും മേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത് അനാകര്‍ഷകമെന്ന് ആദ്യം തോന്നിച്ച ആ മുഖത്തിന് പിന്നില്‍ അഭൗമദീപ്തിയുടെ വലയം വെളിപ്പെട്ടു കിട്ടിയതും പിന്നീടാണ്. അന്ന് കെന്‍ മാക്ക്മില്ലന്റെ ചിത്രങ്ങളെക്കുറിച്ച് കേട്ടിട്ടില്ല. അമ്മയെക്കുറിച്ചെഴുതപ്പെട്ടില്‍ ഏറ്റവും വശ്യമായ പുസ്തകം
SOMETHING BEAUTIFUL FOR GODന്റെ രചയിതാവ് മാല്‍ക്കം ബാഗ്‌റിഡ്ജും, കെന്നും കൂടി ബി.ബി.സി.ക്ക് വേണ്ടി ഒരു ചിത്രമൊരുക്കുകയായിരുന്നു. നിര്‍മ്മല്‍ ഹൃദയുടെ ഇടുങ്ങിയ ഇടനാഴികള്‍ ഇരുണ്ടതു കൂടിയായിരുന്നു.

ചിത്രമെടുക്കാനുള്ള വെളിച്ചമില്ലയെന്നറിയാവുന്ന കെന്നിന് വല്ലാത്ത മടുപ്പായിരുന്നു. എന്നിട്ടും ഫിലിം ഡവലപ്പ് ചെയ്തപ്പോള്‍ അത്ഭുതത്തിന്റെ ഊഴം കെന്നിനായിരുന്നു. സൂര്യവെളിച്ചത്തില്‍ ലഭിച്ചേക്കാവുന്നതിനേക്കാള്‍ മിഴിവും, തെളിച്ചവും. ഒരാളുടെ ആന്തരികലോകത്തിന് എത്ര വെളിച്ചം പ്രസരിപ്പിക്കാമെന്നതിന്റെ ഒരു വര്‍ത്തമാനസാക്ഷ്യമായിരുന്നു ഇരുവര്‍ക്കുമിത്.

തമസ്സോമ, ജ്യോതിര്‍ഗമയ എന്ന് എത്ര നൂറ്റാണ്ടുകളായി ഈ മണ്ണിലുയരുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ സന്നിധിയിലെത്തുന്നുണ്ടാവും. അതുകൊണ്ടാവണം യുഗാസ്‌ളാവിയായിലെ സ്‌ക്കോപ്‌ജെ പട്ടണത്തില്‍ ജനിച്ച ഒരാള്‍ കര്‍മ്മംകൊണ്ട് ഈ മണ്ണിന്റെ ഏറ്റവും പ്രിയപ്പെട്ടയൊരാളായത്…. വെളുത്ത സാരിയില്‍ നീലക്കരയുമായി ഈ നാടിന്റെ ചേരികളിലൂടെ നടന്നപ്പോള്‍ അവര്‍ കല്‍ക്കട്ടയിലെ ഏതൊ
രു തൊഴിലാളി സ്ത്രീയെയും ഓര്‍മ്മിപ്പിച്ചു. ബംഗാളി സ്ത്രീകള്‍ സാരിത്തുമ്പില്‍ തങ്ങളുടെ താക്കോല്‍ കെട്ടിയിടുന്നതുപോലെ ഒരു ക്രൂശുരൂപം-സകലതാഴുകളുടെയും ഏക താക്കോല്‍ ! ഒരമ്മയുടെ സുഖദുഃഖങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിന്റെ ആകാശങ്ങളിലേക്കെത്തുന്ന ഒരു ജപമാലയുടെ ബലവും കൂട്ട്. വിട്ടുപോയി: കുറച്ചു ധനവുമുണ്ട്-അഞ്ചുരൂപ! മഠങ്ങളുടെ പരമ്പരാഗത ശീലങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇതായിരുന്നു അവളുടെ ക്യാപിറ്റല്‍. പിന്നെ, ഒരു കടലോളം സ്‌നേഹവും.

ജീവിതത്തെ ഉലച്ചത് മത്തായിയുടെ സുവിശേഷം, ഇരുപത്തഞ്ചാമദ്ധ്യായം മുപ്പത്തിയഞ്ച് മുതല്‍ നാല്പ്പതുവരെയുള്ള വാക്യങ്ങളായിരുന്നു. അക്ഷരമായിട്ടല്ല, ജീവിതാവസാനം വരെ പ്രതിധ്വനിക്കുന്ന ശബ്ദവുമായിട്ടാണ് തെരേസായുടെ ജീവിതത്തെ അത് കീഴടക്കിയത്. ഒരു തീവണ്ടിയാത്രക്കിടയിലായിരുന്നുവത്. സെപ്റ്റംബര്‍ 10, 1946 ല്‍ . ഭൂമിയിലെ മനുഷ്യരുടെ നിലവിളികള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും, നിശബ്ദതകള്‍ക്കും പിന്നില്‍ മറഞ്ഞുനില്‍ക്കുന്നത് ദൈവം തന്നെയെന്ന വെളിപാട്. ദൈവത്തിലേക്കെത്തിയവര്‍ക്ക് മനുഷ്യരിലേക്കെത്താതിരിക്കാനാവില്ല. കുഷ്ടരോഗിയുടെ വ്രണങ്ങള്‍ ചുംബിച്ച അസ്സീസിയിലെ ഫ്രാന്‍സീസിന്‍ കിട്ടിയ വെളിപാടുപോലെയാണ്. എതിരെ വന്ന ഒരു കുഷ്ടരോഗിയെ അയാള്‍ ചുംബിച്ചപ്പോള്‍ ആ മുറിപ്പാടുകള്‍ എല്ലാം ഞൊടിയിടയില്‍ സൗഖ്യപ്പെട്ടു. ഒടുവില്‍ അവശേഷിച്ചത് അഞ്ച് മുറിവുകളാണ്. ഇരുപാതങ്ങളിലും കരങ്ങളിലും പിന്നെ വിലാവിലും കുഷ്ഠരോഗി
ക്രിസ്തുവായി. ഫ്രാന്‍സീസപ്പോള്‍ ഇങ്ങനെ കരഞ്ഞു പറയുന്നുണ്ട്, ദൈവമേ ഭൂമിയിലെ മുറിവേല്‍ക്കപ്പെട്ട മനുഷ്യരുടെ പിന്നലൊക്കെയൊളിച്ചു നില്‍ക്കുന്നത് നീ തന്നെയാണല്ലോ… ദൈവത്തിനു ചിലപ്പോള്‍ പനിക്കുന്നു… ചിലപ്പോള്‍ തപിക്കുന്നു… ചിലപ്പോള്‍ ഏകാകിയാകുന്നു… ചിലപ്പോള്‍ വിശക്കുന്നു… മനുഷ്യരോടുള്ള ഇഷ്ടം തന്നെ ദൈവത്തിനോടുള്ള ആരാധന.... ദൈവം ചിന്തിക്കുന്നത് എന്റെ ജീവിതം കൊണ്ട് ഞാന്‍ രേഖപ്പെടുത്തുന്നു. പലപ്പോഴും അതത്ര ലളിതമല്ല. ഞാന്‍ ദൈവത്തിന്റെ കൈയിലെ ചെറിയൊരു പെന്‍സില്‍ മാത്രം. മുനയൊടിയുമ്പോള്‍ അവിടുത്തേക്ക് വീണ്ടുമത് ചെത്തിമൂര്‍ച്ചപ്പെടുത്തേണ്ടി വരുന്നു….എന്ന് ആത്മീയതില്‍ തന്റേതായ ഭാഷ്യം രൂപപ്പെടുത്തിയ തെരേസയുടെ മനസ്സ് ചിലപ്പോളൊക്കെ അവളെ കൈവിട്ടു കളഞ്ഞിട്ടുണ്ട്. ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ തെരേസയും കടന്നുപോയിട്ടുണ്ട്. അമ്മയുടെ ഡയറിക്കുറിപ്പുകളില്‍ ദൈവം ഉണ്ടോയെന്ന് പോലും സംശയിച്ച ചില ദിനങ്ങളും വരികളും ഉണ്ടായിരുന്നു.

ഓര്‍ക്കുമ്പോള്‍ അനിഷ്ടം തോന്നിയ ഒരു സമയവും ഉണ്ടായിരുന്നു. എല്ലാ നല്ലതിനും ചില ശരികേടുകള്‍ കണ്ടില്ലെങ്കില്‍ എന്തു യൗവനം? അമ്മ പതുക്കെ പതുക്കെ ഒരു കല്‍ട് ഫിഗറാവുന്നു- വിഗ്രഹം എന്നതായിരുന്നു ഒരു പ്രധാന കാരണം. ഒരാള്‍ വിഗ്രഹമായി മാറുന്നതിന് അയാളെന്തു പിഴച്ചെന്ന് ആശ്വസിക്കാന്‍ ഇന്നെനിക്കാവും. മറ്റൊന്ന് ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍ പതുക്കെ പതുക്കെ നീതിക്കായുള്ള പോരാട്ടങ്ങളെ തണുപ്പിക്കാമെന്നുള്ള ചിന്ത. ഒരു നേരത്തെ മീല്‍ കൊടുക്കുന്നതുകൊണ്ട് എന്തുകാര്യം. അവനെ ചൂണ്ടയിടാന്‍ പഠിപ്പിക്കണം എന്ന ലളിതമായ പഴഞ്ചൊല്ല് തൊട്ട്, അതിസങ്കീര്‍ണ്ണമായ സാമൂഹിക അപഗ്രഥനങ്ങള്‍വരെ തലയില്‍ കടന്നുകൂടിയ സമയത്തായിരുന്നത്. അമ്മ അതിന് നിഷ്‌കളങ്കമായി മറുപടി പറഞ്ഞല്ലോ:

നീതിക്കുവേണ്ടി ഒരാള്‍ക്ക് കാത്തിരിക്കാനാവും, സ്‌നേഹത്തിന് വേണ്ടി ആര്‍ക്കും കാത്തിരിക്കാനാവില്ല. വഴിയില്‍ വിശന്നു കരയുന്ന ഒരാളുടെ പിന്നിലെ ചരടുകളല്ല, ഇപ്പോള്‍ അപ്പം തിന്നില്ലെങ്കില്‍ അയാള്‍ മരിച്ചുപോയേക്കാം എന്ന ചിന്തയാണ് എന്നെ നയിക്കുന്നത്. കുന്തിരിക്കത്തിന്റെ ഗന്ധമല്ലെനിക്കിഷ്ടം മനുഷ്യന്റെ വിയര്‍പ്പിന്റെ ഗന്ധം. സ്‌തോത്രഗീതങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കേള്‍ക്കാതെ പോകുന്ന പച്ച മനുഷ്യരുടെ നിലവിളികളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക