Image

ഫാ. മാത്യു കുരുത്തലയ്‌ക്കല്‍ പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
ഫാ. മാത്യു കുരുത്തലയ്‌ക്കല്‍ പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍
ഷിക്കാഗോ: മലങ്കര യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴില്‍ ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്ന ഫാ. മാത്യു കുരുത്തലയ്‌ക്കല്‍ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു.

ഫാ. മാത്യു ഇപ്പോള്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്ന ഷിക്കാഗോ സെന്റ്‌ മേരീസ്‌ സിംഹാസന പള്ളി ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 20-ന്‌ ശനിയാഴ്‌ച ഗ്ലെന്‍വ്യൂവിലുള്ള അര്‍മേനിയന്‍ ഓള്‍ സെയിന്റ്‌സ്‌ ദേവാലയത്തില്‍ (1701, എന്‍, ഗ്രീന്‍വുഡ്‌) വെച്ചാണ്‌ ജൂബിലി ആഘോഷം നടത്തപ്പെടുന്നത്‌.

രാവിലെ 10 മണിക്ക്‌ ജ്യൂബിലേറിയന്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. തുടര്‍ന്ന്‌ നടക്കുന്ന അനുമോദന യോഗത്തില്‍ സഹോദരീസഭകളില്‍പ്പെട്ട വൈദീകരും, പ്രമുഖ വ്യക്തികളും ആശംസകള്‍ അര്‍പ്പിക്കും.

വാകത്താനം മംഗപ്പള്ളിയിലായ കുരുത്തലയ്‌ക്കല്‍ പരേതരായ മാത്യു - മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി ജനിച്ച ഫാ. മാത്യു 1980 ജനുവരി 29-ന്‌ വാകത്താനം സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളിയില്‍ വെച്ച്‌ കാലംചെയ്‌ത ശ്രേഷ്‌ഠ കാത്തോലിക്കാ ബസ്സേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. മലേക്കുരിശ്‌ സെന്റ്‌ ജയിംസ്‌ സെമിനാരി, മുളന്തുരുത്തി സെമിനാരി എന്നിവിടങ്ങളില്‍ നിന്ന്‌ വൈദീകപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ ശ്രേഷ്‌ഠ കാത്തോലിക്കാ ബാവയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി കാതോലിക്കേറ്റ്‌ അരമനയില്‍ ശുശ്രൂഷ ആരംഭിച്ചു. 1985 ജനുവരി 29-ന്‌ ഇടവക ദേവാലയത്തില്‍ വെച്ച്‌ വൈദീകപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു.

നാലുംന്നാക്കല്‍ സെന്റ്‌ ആദായീസ്‌ വലിയപള്ളി, പള്ളം സെന്റ്‌ ഇഗ്നേഷ്യസ്‌, പൊന്‍കുന്നം സെന്റ്‌ തോമസ്‌, ഒളശ്ശ സെന്റ്‌ ജോണ്‍സ്‌, ഉള്ളായം സെന്റ്‌ ജോര്‍ജ്‌ എന്നീ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചു. ഉള്ളായം സെന്റ്‌ ജോര്‍ജ്‌ പള്ളി പുതുക്കിപ്പണിയുന്നതിന്‌ അദ്ദേഹമാണ്‌ നേതൃത്വം നല്‍കിയത്‌.

യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ അംഗം, ഭദ്രാസന യൂത്ത്‌ അസോസിയേഷന്‍ സെക്രട്ടറി, പാരീഷ്‌ മിഷന്‍ വൈസ്‌ പ്രസിഡന്റ്‌, അഖില മലങ്കര യൂത്ത്‌ അസോസിയേഷന്‍ വൈദീക വൈസ്‌ പ്രസിഡന്റ്‌, വാകത്താനം കണ്‍വെന്‍ഷന്‍ സെക്രട്ടറി, മംഗലപ്പള്ളി കുടുംബയോഗം വൈസ്‌ പ്രസിഡന്റ്‌, ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ പേഴ്‌സണല്‍ സെക്രട്ടറി, അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗം, അഖില മലങ്കര സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാത്യു അച്ചന്‍ നല്ലൊരു കണ്‍വെന്‍ഷന്‍ പ്രാസംഗികനുമാണ്‌.

വിശിഷ്‌ട സഭാ പ്രവര്‍ത്തനത്തിന്‌ 1998-ല്‍ ഡമാസ്‌കസില്‍ വെച്ച്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നും പാത്രിയര്‍ക്കാ മെഡലും മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

കോട്ടയം മൂലേടം താഴത്തേതില്‍ കുടുംബാംഗമായ പൊന്നമ്മയാണ്‌ ഭാര്യ. മോനായി, സുബിന്‍, ആദായി എന്നിവര്‍ മക്കള്‍.

ബാബു പണിക്കര്‍, ഏലിയാസ്‌ പുത്തൂക്കാട്ടില്‍, ഷിബു മുത്തേരില്‍, ലാലാച്ചന്‍, സജോ, ഗ്രേസിക്കുട്ടി ജോര്‍ജ്‌, മറിയാമ്മ ജേക്കബ്‌, ബിജു ജോര്‍ജ്‌, ജയമോള്‍ മാലത്തുശ്ശേരില്‍, റൂബി എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി ജൂബിലി ആഘോഷത്തിന്‌ നേതൃത്വം നല്‍കുന്നു.
ഫാ. മാത്യു കുരുത്തലയ്‌ക്കല്‍ പൗരോഹിത്യ സില്‍വര്‍ ജൂബിലി നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക