Image

റിമിനിസ്‌ ഗേള്‍-3 ഓര്‍മ്മ (നീനാ പനയ്‌ക്കല്‍)

Published on 02 September, 2012
റിമിനിസ്‌ ഗേള്‍-3 ഓര്‍മ്മ (നീനാ പനയ്‌ക്കല്‍)
ഞങ്ങളുടെ മൂത്ത മകന്‍ ഒന്നര വയസ്സു പ്രായം. അമുല്‍ ബേബിഫുഡ്‌ തിരുവനന്തപുരത്തെ സ്റ്റോറുകളിലൊന്നും കിട്ടാനില്ല. ബ്ലാക്കില്‍ പോലും.

അപ്പന്‍ കൊച്ചുമോനെക്കാണാന്‍ എല്ലാ ഞായറാഴ്‌ചയും വരും. ഞങ്ങളുടെ കുഞ്ഞ്‌ ആ വരവും കാത്തിരിക്കും. അവനറിയാം വലിയപ്പച്ചന്‍ അവനെ തോളിലേറ്റി `കാക്കേടേം പൂച്ചേടേയും' കഥപറഞ്ഞ്‌ പറമ്പുമുഴുവന്‍ നടക്കുമെന്ന്‌.

`വിഷമിക്കണ്ട മോളെ' അപ്പന്‍ പറഞ്ഞു. `നാഗര്‍കോവിലിലോ, ചെങ്കോട്ടയിലോ അമുല്‍ ബേബിഫുഡ്‌ കാണുമോ എന്ന്‌ നമുക്ക്‌ അന്വേഷിപ്പിക്കാം' കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ആശയുദിച്ചു. ദൈവമേ കാണണേ.

കേരളാ സ്റ്റേറ്റ്‌ റോഡ്‌ ട്രാസ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ ജോലിയായിരുന്ന അപ്പന്‌ കുറഞ്ഞത്‌ പതിനായിരം കൂട്ടുകാരെങ്കിലും കാണും. കൂട്ടത്തില്‍ ഡ്രൈവര്‍മാരും കണ്ടടക്ടര്‍മാരും ഉള്‍പ്പെടും.

ചൊവ്വാഴ്‌ച രാവിലെ ജോലിക്കുപോകാനൊരുങ്ങുകയായിരുന്നു ഭര്‍ത്താവും ഞാനും. വീട്ടുപടിക്കല്‍ ഒരു പാസ്റ്റ്‌ പാസഞ്ചര്‍ ബസ്‌ വന്നു നിന്നു. ജനാലവഴി ഞങ്ങള്‍ എത്തിനോക്കി. ട്രയല്‍ ബോര്‍ഡ്‌ വെച്ചിരിക്കുന്നു. ഒരു വലിയ ബ്രൗണ്‍ ബോക്‌സ്‌ മാറോട്‌ ചേര്‍ത്ത്‌ ഒരാള്‍ ഗേറ്റ്‌ കടന്ന്‌ വരുന്നു. അയ്യോ അപ്പന്‍!! ഞാന്‍ ഓടിച്ചെന്ന്‌ അപ്പന്റെ കൈയിലിരുന്ന പെട്ടി പിടിക്കാന്‍ സഹായിച്ചു.

ശബ്ദം കേട്ട്‌ അമ്മച്ചി വന്നു. `ജോര്‍ജ്‌ കുട്ടിയോ?' ശബ്ദത്തിലതിശയം. അടുക്കളയിലേക്ക്‌ നോക്കി അമ്മച്ചി വിളിച്ചു പറഞ്ഞു: `റോസമ്മേ കാപ്പിയെടുക്ക്‌'

`കാപ്പി കുടിക്കാനൊന്നും നേരമില്ലമ്മച്ചി' അപ്പന്‍ പറഞ്ഞു (എന്റെ മൂത്ത നാത്തൂനും അപ്പനും ഒരേ പ്രായക്കാരാണ്‌) `രാവിലെ പത്തരയ്‌ക്ക്‌ ചെങ്കോട്ടയ്‌#ക്‌്‌ പോകേണ്ട ബസാണ്‌'. അമുല്‍ എന്നെ ഏല്‌പ്പിച്ചിട്ട്‌ ഡ്രൈവര്‍ ഓഫീസില്‍ പോയ തക്കത്തിന്‌ ഞാന്‍ ബസുമെടുത്തിങ്ങു പോന്നു. ബേബിഫുഡ്‌ ട്രാസ്‌പോര്‍ട്ടാഫീസിലിരുന്നാല്‍ കുഞ്ഞിന്റെ വിശപ്പ്‌ മാറില്ലല്ലോ.

എന്റെ ഹൃദയം മിടിക്കാന്‍ മറന്നുപോയി അല്‍പനേരത്തെക്ക്‌. ഞാന്‍ സത്യം ചെയ്‌ത്‌ പറയട്ടെ, അപ്പന്‌സൈക്കിളല്ലാതെ മറ്റൊന്നും ഓടിക്കാനറിയില്ല. ലൈസന്‍സുമില്ല. ആ ബസ്‌ അപ്പനെങ്ങനെ തമ്പാനൂര്‍ നിന്ന്‌
പേരൂര്‍ക്കട വരെ ഓടിച്ചു? ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെയാണ്‌ :`ബസ്സോടിക്കാന്‍ അറിയാനെന്തിരിക്കുന്നു? ഡ്രൈവിങ്ങ്‌ സ്‌കൂളില്‍ പോയി പഠിച്ചിട്ടാണോ ഇവിടെല്ലാവരും വണ്ടിയോടിക്കുന്നത്‌? പിന്നെ ലൈസന്‍സിന്റെ കാര്യം. കാശുകൊടുത്താല്‍ `ഹെവി' വരെ കിട്ടും എനിക്കറിയാം അപ്പന്‍ പുളുവാണ്‌ പറഞ്ഞതെന്ന്‌. ഏതെങ്കിലും ഡ്രൈവറെ പ്രീണിപ്പിച്ച്‌ അപ്പന്‍ ഡ്രൈവിങ്ങ്‌ പഠിച്ചു കാണും, അല്ലെങ്കില്‍ ആരെങ്കിലും
അപ്പനെ സഹായിക്കാന്‍ പേരൂര്‍ക്കടവരെ ഡ്രൈവു ചെയ്‌തുകാണും. രണ്ടായാലും നിയമവിരുദ്ധമായ പ്രവര്‍ത്തിയായിരുന്നു അപ്പന്‍ ചെയ്‌തത്‌.

എന്റെ അപ്പന്‍ ഡെയറിങ്ങ്‌ ആയിരുന്നോ എന്ന്‌ ഡെബി ചോദിച്ചു. സ്‌നേഹം മനുഷ്യനെ എത്ര ഡെയറിങ്ങ്‌ ആക്കും!!!! പേരക്കിടാവിനോടുള്ള സ്‌നേഹം... മകളോടും മരുമകനോടുമുള്ള സ്‌നേഹം ...ഹൃദയരക്തത്തില്‍ ചാലിച്ച സ്‌നേഹം.... ഡെയറിങ്ങ്‌ ആകുന്ന സ്‌നേഹം. എന്റെ അപ്പന്‌ മാത്രമുള്ള സ്‌നേഹം!!!!

എന്റെ അപ്പനോട്‌ ഞാന്‍ ചെയ്‌ത ഏറ്റവും വലിയ ദ്രോഹമാണ്‌ അപ്പനെ അമേരിക്കയില്‍ കൊണ്ടുവന്നത്‌. 1987-ല്‍ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അപ്പനോട്‌ ഫോണില്‍ പറഞ്ഞു, അപ്പനിങ്ങു വരണം. അപ്പനെ ഞാന്‍
നോക്കിക്കൊള്ളാമെന്ന്‌. വരാന്‍ അപ്പന്‌ തീരെ ഇഷ്ടമില്ലായിരുന്നു. എന്റെ നിര്‍ബന്ധം കാരണം വിസിറ്റേഴ്‌സ്‌ വീസായില്‍ അപ്പന്‍ വന്നു. എന്റെ ഭര്‍ത്താവ്‌ പോയി കൂട്ടിക്കൊണ്ടൂ വരികയായിരുന്നു.

ഇവിടെ ഉല്‍സവമായിരുന്നു ഞങ്ങള്‍ക്കും മക്കള്‍ക്കും. വല്ല്യപ്പച്ചനെ അടുത്തു കിട്ടിയപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം കുട്ടികള്‍ക്ക്‌. ആദ്യത്തെ ഒന്നു രണ്ടു മാസങ്ങള്‍ കുഴപ്പമില്ലാതെ പോയി. `എത്ര സമയം ഒരാള്‍ ഒറ്റയ്‌ക്ക്‌്‌ അടച്ചിട്ട വീട്ടിലിരിക്കും? എത്ര മലയാളം കാസ്സറ്റുകള്‍ കാണും?. മനുഷ്യനെ കാണണമെങ്കില്‍ ഞായറാഴ്‌ചയാവണം' അപ്പന്‍ പരാതി പറയുമായിരുന്നു. നാട്ടില്‍ അപ്പന്‌ ചുറ്റും കൂട്ടുകാരായിരുന്നു. എനിക്കറിയാം. പെന്‍ഷനായശേഷം എന്നും വെയിലാറുമ്പോള്‍ അപ്പന്‌ `മുക്കുവരെ' ഒരു പോക്കുണ്ടു. സമപ്രായക്കാരോടെല്ലാം കുറെ വാചകമടിച്ച്‌, ഒരു ചായയും കുടിച്ച്‌ സന്ധ്യ മയങ്ങുമ്പോള്‍ തിരികെ വ#ും. ഇവിടെ ഒറ്റയ്‌ക്കൊരു വീട്ടില്‍........ തണുപ്പുകാലത്തെ വസ്‌ത്രധാരണം അപ്പന്‌ ഈര്‍ഷ്യ വരുത്തിയിരുന്നു. സത്യത്തില്‍ സ്വര്‍ണ്ണക്കൂട്ടിലെ പക്ഷിയാവുകയായിരുന്നു എന്റെ അപ്പന്‍.

രാവിലെ ഞാന്‍ കൊടുക്കുന്ന ഒരു വലിയ മഗ്ഗ്‌ കാപ്പി അപ്പന്‍ കുടിക്കും. ഏഴുമണിക്ക്‌ ജോലിക്കു പോകാനിറങ്ങുന്നതിനു മുന്‍പ്‌ ബ്രേക്‌ഫാസ്റ്റും, ഉച്ചക്ക്‌ കഴിക്കാന്‍ ലഞ്ചും എടുത്തുവെച്ച്‌, കഴിക്കണേ എന്ന്‌ ഞാനപേക്ഷിക്കും. എന്നാല്‍ വൈകിട്ട്‌ തിരിച്ചെത്തുമ്പോഴും എടുത്തു വെച്ചത്‌ അതേപടി ഇരിക്കും. കഴിക്കില്ല. രാത്രി ഞാന്‍ ചോറു കൊടുക്കുന്നതു വരെ പട്ടിണി. `അപ്പന്‍ എന്തിനാ എന്നോടിങ്ങനെ ചെയ്യുന്നത്‌?' എനിക്ക്‌ കണ്ണീരടക്കാന്‍ കഴിയില്ല. `എനിക്ക്‌ വിശന്നില്ലെടീ മണ്ടീ' ഉത്തരമായി.

കാലുകളില്‍ വേദനയും നീരുമായി. അപ്പനെ ഞങ്ങള്‍ ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ എത്തിച്ചു. ഹൈപ്പൊ തൈറോയിഡായിരുന്നു അപ്പന്‌.`സിന്തറോയിഡ്‌' എന്ന മരുന്ന്‌ ജീവിതകാലം മുഴുവന്‍ എന്റെ അപ്പന്‍ കഴിച്ചു. 1991-ല്‍ അപ്പന്‍ നാട്ടിലേക്ക്‌ മടങ്ങിപ്പോയി.

ആറു മാസം കഴിഞ്ഞ്‌ ഞങ്ങളുടെ ജ്യേഷ്ടനും ജ്യേഷ്ടത്തിയും നാട്ടില്‍ വിസിറ്റിന്‌ പോയി, മടങ്ങി വന്നപ്പോള്‍ പറഞ്ഞു: `നീനയുടെ അപ്പന്‍ നല്ല ചെറുപ്പക്കാരനെപ്പോലെ അവിടൊക്കെ ഓടിനടക്കുന്നു' എന്ന്‌. എനിക്ക്‌ സന്തോഷമായി. സമാധാനമായി. ഒരുപക്ഷേ അമ്മകൂടെയുണ്ടായിരുന്നെങ്കില്‍ അപ്പന്‍ അമേരിക്കയിലെ ജീവിതം വെറുക്കില്ലായിരുന്നു എന്ന്‌ എനിക്കിപ്പോള്‍ തോന്നി. രണ്ടുപേരും കൂടില്‍ മിണ്ടിയും പറഞ്ഞും ഇരിക്കുമായിരുന്നു. ദൈവം തുണയായി കൊടുത്തവള്‍ ഉറങ്ങുന്ന മണ്ണില്‍ നിന്നും അകന്നു നിന്നതാവാം അപ്പനെ എന്നും അസ്വസ്ഥനാക്കിയിരുന്നത്‌. എന്റെ ഉദ്ദേശ ശുദ്ധിയോര്‍ത്ത്‌ അപ്പന്‍ എനിക്ക്‌ മാപ്പു തന്നു കാണും എന്ന്‌ ഞാനാശിക്കുന്നു.

ഞങ്ങളുടെ മൂത്ത മകന്റെ വിവാഹമായിരുന്നു ബോംബെയില്‍ വെച്ച്‌.(ജൂണ്‍ ഒന്നാം തീയതി 2000) അപ്പന്‍ കല്യാണത്തിന്‌ വന്നില്ല. യാത്രചെയ്യാന്‍ പ്രയാസമാണെന്ന്‌ പറഞ്ഞു. അപ്പന്‍ എഴുപത്തെട്ട്‌ വയസ്സായിരുന്നു. വിവാഹംകഴിഞ്ഞ്‌ ബോബെയില്‍ നിന്ന്‌ ഞങ്ങള്‍ തിരുവനന്തപുരത്തു വന്ന്‌ അപ്പനോടൊപ്പം സന്തോഷപൂര്‍വം ചില ദിവസങ്ങള്‍ താമസിച്ചു. എന്റെ ഇളയ ആങ്ങളയാണ്‌ അപ്പന്റെ കൂടെ താമസിച്ചിരുന്നത്‌. അവന്റെ കുട്ടികളെ വളര്‍ത്തുന്നതില്‍ അപ്പന്‍ സായൂജ്യം അനുഭവിച്ചിരുന്നു.

`അപ്പനെന്തിനാ സിബിനും, അബിനും ചോറുരുട്ടി വായില്‍ വെച്ചുകൊടുക്കുന്നത്‌?' ഞാന്‍ ചോദിച്ചു. എന്റെ മക്കള്‍ കുട്ടികളായിരുന്നപ്പോള്‍ അപ്പന്‍ മടിയിലിരുത്തിയും ഊ ണൂമേശപ്പുറത്തിരുത്തിയും ചോറുരുട്ടിക്കൊടുത്തതൊക്കെ ഞാന്‍ മറന്നു പോയിരുന്നില്ല. പിന്നെ എന്താണ്‌ എനിക്ക്‌ പറ്റിയത്‌?' അവര്‍ക്ക്‌ അഞ്ചും ആറും വയസ്സായില്ലേ? തനിയെ ചോറുണ്ണാന്‍ അവര്‍ക്കറിയില്ലേ?' വലിയപ്പച്ചന്‍ അവളുടെ കൊച്ചു കസിന്‍സിനെ ഊട്ടുന്നതു നോക്കി രസിച്ചു നില്‌ക്കയായികുന്ന എന്റെ മകളുടെ നേര്‍ക്ക്‌ ചോറും കറികളും കൂട്ടിക്കുഴച്ച ഒരുവലിയ ഉരുള നീണ്ടു ചെന്നു. കുലുങ്ങിച്ചിരിച്ച്‌ അവള്‍ പറഞ്ഞു `വേണ്ട വലിയപ്പച്ചാ'. അവളുടെ മുഖം ചുവന്നുപോയി.

`കഴിച്ചോ മോളെ. നിന്റെ അമ്മ പറഞ്ഞതൊന്നും കണക്കാക്കണ്ട അവള്‍ക്ക്‌ കുശുമ്പാണ്‌'. മോള്‍ എന്നെ നോക്കിയപ്പോള്‍ വാങ്ങിക്കഴിക്ക്‌ എന്നു ഞാന്‍ കണ്ണിറുക്കി. ആ ഉരുള അവള്‍ കഴിക്കുന്നതു കണ്ടപ്പോള്‍ ആത്മാവിന്റെ അന്തരാളങ്ങളിലെവിടെയോ നിര്‍വചിക്കാനറിയാത്ത ഒരു നൊമ്പരം! ഇങ്ങിനിവരാതവണ്ണം കഴിഞ്ഞു പോയ ബാല്യത്തെ ഓര്‍ത്താണോ, അതോ ഇത്രയും പ്രായമായ എനിക്ക്‌ ഇനിയും ഒരുരുളച്ചോറു എന്റെ അപ്പന്റെ കൈയില്‍ നിന്നും വാങ്ങിക്കഴിക്കാനാവില്ലല്ലൊ എന്ന ചിന്തയാണോ എന്റെ കണ്ണുകളെ നനയിച്ചത്‌? `ഇതാ പിടിച്ചോ' ഒരു വലിയ ഓറഞ്ചിന്റെ വലിപ്പത്തില്‍ ഒരുരുശ അപ്പന്‍ എന്റെ നേര്‍ക്ക്‌ നീട്ടി. `കൊച്ചുങ്ങള്‍ക്ക്‌ നിന്റെ കൊതി കിട്ടാതിരിക്കട്ടെ' നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌ എന്റെ ഹൃദയത്തിലൂടെ കടന്നുപോയ ചിന്തകള്‍ അപ്പന്‍ എങ്ങനെ അറിഞ്ഞു? എനിക്കതിശയം തോന്നി. കുഞ്ഞുങ്ങള്‍ അപ്പന്‍ കൊടുത്ത ഉരുളകള്‍ ഉണ്ണുന്നതു നോക്കി നിന്ന എന്റെ കണ്ണുകളിലെ ഭാവം അപ്പന്‍ വിവേചിച്ചെടുത്തുവോ? അതോ എന്റെ മൂത്തമോളെ ഞാനിനി കാണില്ല എന്നൊരു ചിന്ത അപ്പന്റെയുള്ളിലുടലെടുത്തുവോ?

എന്റെ ഭര്‍ത്താവിന്റെയും ആങ്ങളയുടെയും അവന്റെ ഭാര്യയുടെയും പൊട്ടിച്ചിരികള്‍ക്കിടയിലൂടെ ആ ഉരുളയും വാങ്ങി ഞാന്‍ നടന്നു; ആരും കാണാതെ ഒരു കരയാന്‍ ഒരിടം തേടി. ഇനിയും ഒരുരുളച്ചോറു നീട്ടിത്തരാന്‍ എനിക്കപ്പനില്ല. അമ്മയുമില്ല.

ഇന്ദ്രനീലം പൊടിച്ചു കലക്കിയ കടല്‍ വെള്ളം. അനന്തമായി അലയടിച്ചുയരുന്ന നുരച്ചു പതറുന്ന തിരമാലകളായി എന്റെ അപ്പനെകുറിച്ചുള്ള ഓര്‍മ്മകള്‍ ദൂരെ നില്‌കുന്ന എന്റെ അരികിലേക്ക്‌ ഓടി വരുന്നു. ആ ഇന്ദ്രനീലനിറം നോക്കി എന്റെ അപ്പാ..... എന്നു വിളിച്ച്‌ ഞാന്‍ ഓടിച്ചെല്ലുന്നു. പക്ഷേ... നിറമില്ലാത്ത വെള്ളം മാത്രം എന്റെ അടുത്തെത്തുന്നു. എന്റെ ജീവിതത്തിനു ഇന്ദ്രനീലവര്‍ണ്ണം പകര്‍ന്ന എന്റെ അപ്പനിനി ഇല്ലെന്നോര്‍ ക്കുമ്പോള്‍എന്റെ ഹൃദയം നടുങ്ങുന്നു, ഞാനൊന്ന്‌ നെഞ്ചുരുകിക്കരയട്ടെ. അപ്പാ എന്റെ അപ്പാ....
റിമിനിസ്‌ ഗേള്‍-3 ഓര്‍മ്മ (നീനാ പനയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക