Image

വാമനന്‍ കാല്‌ പൊക്കട്ടെ, തല കുനിക്കരുത്‌ (നര്‍മ്മവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 03 September, 2012
വാമനന്‍ കാല്‌ പൊക്കട്ടെ, തല കുനിക്കരുത്‌ (നര്‍മ്മവീക്ഷണം: സുധീര്‍ പണിക്കവീട്ടില്‍)
ഇത്തവണ മഹാബലി അമേരിക്കയില്‍ വന്നത്‌ ത്രീ പീസ്‌ സൂട്ട്‌ അണിഞ്ഞിട്ടാണെന്ന്‌ വായനക്കാര്‍ ആദ്യം മനസ്സിലാക്കുക. ജെ.എഫ്‌.കെ.വിമാനത്താവളത്തില്‍ വിവിധ സംഘടനകളുടെ ബോര്‍ഡും പിടിച്ച്‌ മാവേലിയെ സ്വീകരിക്കാന്‍ പോയവരുടെ കണ്ണുകള്‍ തിരഞ്ഞത്‌ ഓലക്കുടയും കുടവയറും സില്‍ക്ക്‌ മുണ്ടും ഒക്കെയുള്ള ആളെയായിരുന്നു.എന്നാല്‍ തല മൊട്ടയടിച്ച്‌ ത്രീ പീസ്‌ സൂട്ടിട്ട്‌ കയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച ഒരാള്‍ സന്ദര്‍ശകരെ നോക്കിപ്പറഞ്ഞു.

മക്കളെ ഞാനാണ്‌ മാവേലി , ഒരു കാര്യം പറയാന്‍ വിട്ടുപോയി, അദ്ദേഹം ഒരു `വാക്ക്‌മാനും അതിന്റെ വയറുകള്‍ ചെവിയിലും ഘടിപ്പിച്ചിരുന്നു.അതില്‍ നിന്നും തനി മലയാളം വഞ്ചിപ്പാട്ടായിരുന്നു വന്നിരുന്നത്‌' എന്ന്‌ കേള്‍വിക്കാര്‍ സാക്ഷ്യം പറയുന്നു.ന്യൂയോര്‍ക്കിലെ കോലാഹലം കാരണമായിരിക്കും ഇത്തിരി ഉറക്കെ വച്ചിരുന്ന ആ പാട്ട്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരമായ `കുട്ടനാടന്‍ പുഞ്ചയിലെ' എന്നു തുടങ്ങുന്നതായിരുന്നു. മാവേലിക്ക്‌ രൂപത്തിലെ വ്യത്യാസം വന്നിട്ടുള്ളു മനസ്സ്‌ തനി കേരളീയന്‍. ഒരുക്കിയ അവിയലും, സമ്പാറും, പായസവുമൊന്നും വെറുതെയാവില്ലെന്ന്‌ സ്വീകരണക്കാര്‍ സമാധാനിച്ചു. അതിഥി ആസ്വദിച്ചാലല്ലേ ആതിഥേയനു സന്തോഷമാകുകയുള്ളു. മാവേലി പ്രത്യക്ഷപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്‌ത്‌ കഴിഞ്ഞപ്പോള്‍ സ്വീകരണക്കാര്‍ പറഞ്ഞു.

`തമ്പുരാന്‍ ഞങ്ങളുടെ കൂടെ വരിക' ചിലര്‍ പ്രസ്‌തുത അപേക്ഷ ഇംഗ്ലീഷിലും തട്ടിവിട്ടു. മാവേലി മുന്നില്‍ കാണുന്ന കാക്കതൊള്ളായിരം ബോര്‍ഡുകള്‍ കണ്ട്‌ ആശ്‌ചര്യഭരിതനായി വാമനനെ മൊബൈലില്‍ കറക്കി. അങ്ങേ തലക്കല്‍ നിന്നുള്ള ശബ്‌ദം വ്യക്‌തമായി എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു.

`ഞാന്‍ വാമന്നണ്‌. നീയ്യ്‌ ആരാണ്ടാ.... '(വാമനനന്‍ കൂടുതല്‍ സമയം തൃശൂരില്‍ ചുറ്റിയടിക്കുന്നത്‌ കൊണ്ട്‌ അവിടത്തെ ഭാഷയുടെ വാങ്ങലേറ്റിട്ടുണ്ടെന്നു ശ്രുതി)

ഞാന്‍ മാവേലി, എന്താന്നോടോ ഞാന്‍ ഈ കാണുന്നത്‌ എന്നെ ചവുട്ടി താഴ്‌ത്തി താന്‍ മലയാളികളുടെ ഒരുമയൊക്കെ കളഞ്ഞോ? ഇവിടെ ദേ കുറെ മലയാളികള്‍ കൂട്ടം കൂട്ടമായി ഓരോരുത്തരുടെ കൂട്ടത്തിലേക്ക്‌ എന്നെ വിളിക്കുന്നു.

വാഃ തനിക്ക്‌ ഒരു ദിവസത്തെ വിസയേയുള്ളൂ എന്നറിയുക. കാണേണ്ടവരെ കണ്ട്‌ എളുപ്പം സ്‌ഥലം വിട്‌.

മാഃ അങ്ങനങ്ങ്‌ പോവാനൊക്ക്വോ? എന്റെ പ്രജകള്‍ എങ്ങനെ കഴിയുന്നു എന്നറിയേണ്ടേ?

വാഃ ഓ പ്രജകള്‍, കണ്ടില്ലേ പ്രജകളുടെ മഹിമ. ദോഷം പറയരുതല്ലോ അവര്‍ക്ക്‌ വാസ്‌തവത്തില്‍ ഇവിടെ അമേരിക്കയില്‍ എന്നും ഓണമാണ്‌ തന്നെയൊന്നും അവര്‍ക്ക്‌ കാര്യമേയല്ല. പിന്നെ ചുമ്മാ ഒരു നേരമ്പോക്ക്‌.

മാഃ അങ്ങനെ വരാല്‍ വഴിയില്ല. ഇവര്‍ക്കൊക്കെ എന്നെ വളരെ ബഹുമാനമാണല്ലോ? ഞാന്‍ പോകുമ്പോള്‍ എല്ലാവരും ഒന്നു പോലെ ആയിരുന്നു. ഇവര്‍ എങ്ങനെ ഇങ്ങനെ അനേകമായി. ഓരോ വരവിലും ഞാന്‍ കാണുന്നത്‌ ഓരോ കൂട്ടക്കാര്‍, ഓരൊ ദിവസം ഓണം ആഘോഷിക്കുന്നതാണു്‌. നമ്മുടെ ഒരു ദിവസം മനുഷ്യരുടെ അനേക ദിവസങ്ങളായത്‌ നന്നായി. എന്നാലും എല്ലായിടത്തും പോകാനൊക്കത്തില്ല.

വാഃ തനിക്ക്‌ ഒരു വലിയ കുടവയറില്ലെ? എല്ലായിടത്തുമ്പോയി ശാപ്പിട്ട്‌ മടങ്ങാന്‍ നോക്ക്‌.

മാഃ കുറച്ചുനേരം ചിന്തിച്ചു.വാമനന്റെ ഒരു ധിക്കാരം. നിലത്ത്‌ നിന്നും പൊന്താത്ത ഒരു കുള്ള ചെറുക്കനായി വന്ന്‌ എന്റെ മുഴുവന്‍ രാജ്യവും കൈക്കലാക്കിയത്‌ പോരാ.. മര്യാദക്ക്‌ മറുപടി പോലും പറയുന്നില്ല.

മാ; എടോ ചിലര്‍ കഴുത്തില്‍ കുരിശ്‌മാല, ചിലര്‍ ഗുരുവായൂരിലെ തന്റെ മറ്റേ അവതാരത്തിന്റെ പടത്തോട്‌ കൂടിയ ലോക്കറ്റ്‌ തൂങ്ങുന്ന മാലയൊക്കെ അണിഞ്ഞാണല്ലോ നില്‍ക്കുന്നത്‌. എന്താണിതിന്റെ അര്‍ഥം.

വാഃ ആളുകള്‍ക്ക്‌ ഇപ്പോള്‍ പല ദൈവങ്ങളിലാണ്‌ വിശ്വാസം. തന്റെയീ പ്രതിവര്‍ഷ സന്ദര്‍ശനത്തിന്റെ മാഹാത്മ്യം കുറയുവാന്‍ പോകുന്നു. അമേരിക്കയില്‍ ഒരു വീട്ടില്‍ തന്നെ രണ്ടു വിശ്വാസക്കാര്‍ ഉണ്ട്‌. ഇവിടെ എനിക്ക്‌ കിട്ടിയ ഒരു വാര്‍ത്തയനുസരിച്ച്‌ ഭര്‍ത്താവും മക്കളും കൂടി തന്റെ വരവ്‌ പ്രമാണിച്ച്‌ വീട്ടില്‍ പൂക്കളമൊരുക്കി അവര്‍ പുറത്ത്‌ പോയ സമയം വീടു സന്ദര്‍ശിച്ച്‌ ഭാര്യയുടെ മതവിശ്വാസക്കാര്‍ ഒരു ചൂലെടുത്ത്‌ പൂക്കളം അടിച്ച്‌ കുപ്പയിലിട്ടു. അവര്‍ക്ക്‌ താന്‍ വെറും പിശാചാണ്‌ ഹ..ഹ.. (വാമനന്‍ ചിരിച്ചു, അദ്ദേഹത്തിന്റേയും ഗതി അങ്ങനെയായേക്കാമെന്നറിയാതെ)

മാഃ തന്നെ പോലുള്ളവരുടെ ചതിയും കൗശലവും കൊണ്ടാണിതൊക്കെ സംഭവിച്ചത്‌.എന്റെ പ്രജകള്‍ സന്തുഷ്‌ടരും സന്തോഷവാന്മാരുമായിരുന്നു.അവരെയൊക്കെ ഈ കോലത്തില്‍ ആക്കിയതിനു തനിക്കാണ്‌്‌ പങ്ക്‌.

വാഃ എന്നെ കുറ്റം പറയണ്ട, കാലം മാറിപ്പോയി.

മാഃ തന്റെയൊരടവ്‌, ജനങ്ങളെ ഒരിക്കലും ഒന്ന്‌ പോലെ ജീവിക്കാനനുവദിക്കില്ല, അല്ലേ? അതിനാണല്ലോ എന്നെ ചവുട്ടി താഴ്‌ത്തിയത്‌.

വാഃ വേറൊന്നും പറയാനില്ലല്ലോ? അമേരിക്കന്‍ മലയാളികള്‍ വളരെ ബിസിയാണ്‌.്‌. അവരുടെ സമയം വിലപിടിച്ചതാണ്‌. താന്‍ അവരുമായി സല്ലപിക്കുക. ഞാന്‍ ഫോണ്‍ വക്കുന്നു.

മാവേലി മൊബൈല്‍ മടക്കി സൂട്ടിന്റെ പോക്കറ്റിലിട്ടു.ട്രിം ചെയ്‌ത മീശയില്‍ തലോടി സുസ്‌മേരവദനനായി. യോഗ ചെയ്‌ത്‌ ശരീരത്തിനു ഷെയ്‌പ്പുണ്ടക്കിയത്‌ നാട്ടുകാര്‍ ശ്രദ്ധിക്കുന്നോ എന്നു ഓട്ട കണ്ണിട്ട്‌ നോക്കി. ചുറ്റും കൂടിയവരോട്‌ ചോദിച്ചു.

`മക്കളെ , നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഒന്നിച്ച്‌ ഓണം ആഘോഷിച്ചുകൂടെ?'

ആളുകള്‍ഃ ആഗ്രഹമില്ലാഞ്ഞിട്ടല്ല തിരുമേനി, ഞങ്ങളൊക്കെ പല സ്‌ഥലത്താണു താമസം. തന്നയുമല്ല , ആഴ്‌ചയില്‍ രണ്ടു ദിവസമേ അവധിയുള്ളു. അതില്‍ ഒരു ദിവസം പള്ളിയില്‍ പോകണം.

മാവേലിഃ നിങ്ങളില്‍ എത്ര പേര്‍ വായനക്കാരൂണ്ട്‌.

ജനം അത്ഭുതപരതന്ത്രരാകുകയും പകക്കുകയും ചെയ്യുന്നു. ഏത്‌ കുലദ്രോഹിയാണ്‌ ഈ വാര്‍ത്ത സത്യമാണെങ്കിലും പാതാളം വരെ എത്തിച്ചത്‌. ജനങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കുകയും പിറുപിറുക്കുകയും ചെയ്‌തു. ഒരു മാതിരില്‍ പൊട്ടന്‍ കളി തുടങ്ങിയപ്പോള്‍ മഹാബലി പറഞ്ഞു)

അത്ഭുതപ്പെടേണ്ട, അമേരിക്കന്‍ മലയാളികളില്‍ വായനക്കാര്‍ കുറവാണെന്നു അമേരിക്കന്‍ മലയാളികള്‍ തന്നെ പറയുന്നതായി എനിക്ക്‌ വിവരം കിട്ടിയിട്ടുണ്ട്‌. (ജനം ആവേശത്തോടെ പറഞ്ഞു)

പൊന്നു തിരുമേനി അതു ഇവിടത്തെ എഴുത്തുകാര്‍ ഇറക്കിയ ഒരു സ്‌റ്റണ്ടല്ലേ. അവന്മാരു എഴുുതുന്നതൊന്നും വായിക്കാന്‍ ഞങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ലെന്നുള്ളത്‌ സത്യമാണ്‌.

മഹാബലിഃ ആ വിഷയത്തിലേക്ക്‌ ഞാന്‍ കടക്കുന്നില്ല. വായനക്കാരുണ്ടോ എന്നു ചോദിച്ചത്‌ ഇവിടെ നിന്നും ഇറങ്ങുന്ന ഒരു മലയാള പ്രസിദ്ധീകരണത്തില്‍ ഒരു വാര്‍ത്ത കണ്ടതിനെപ്പറ്റി ചോദിക്കാനാണ്‌.

ആളുകള്‍ഃ പത്രങ്ങളും ഒന്നില്‍ കൂടുതലുണ്ട്‌. തിരുമേനി ഏതാണുദ്ദേശിച്ചത്‌?

മഹാഃ ഒരു പ്രശസ്‌ത പത്രം. അതില്‍ വന്ന ഒരു മുഖ പ്രസംഗത്തില്‍ ഓണം എല്ലാവരും കൂടി ഒരു ദിവസം അല്ലെങ്കില്‍ എല്ലാവരും കൂടി ഒന്നോ, നാലോ ദിവസം (നാലോണം വരെ) ആഘോഷിക്കുന്നതിനെപ്പറ്റി എഴുതിയിരുന്നു കുറച്ചുപേര്‍ കൂടി കുറെ ദിവസങ്ങള്‍ ഓണം ആഘോഷിക്കുന്നത്‌ ഐക്യക്ഷയത്തിന്റെ തെളിവാണ്‌.

ആളുകള്‍ഃ പത്രക്കാര്‍ക്ക്‌ എഴുതാന്‍ വയ്യാത്തത്‌ എന്ത്‌? ഇതൊക്കെ നടപ്പിലാക്കാന്‍ സാധിക്കുമോ? അതിനിടയില്‍ ഒരു തൊരപ്പന്‍ ഒറ്റ ചോദ്യം ; അങ്ങനെയെങ്കില്‍ പിന്നെ ആ പത്രത്തിന്റെ പ്രതിനിധി എന്തുകൊണ്ട്‌ അങ്ങയെ സ്വീകരിക്കാന്‍ വന്നില്ല.... അതു കൊണ്ടാ പറയുന്നത്‌ അമേരിക്കയില്‍ ഓണം എല്ലാവരും കൂടി ഒരു സ്‌ഥലത്ത്‌ വച്ച്‌ നടത്തുക എന്നത്‌ അസാധ്യമാണ്‌. പിന്നെ ഒന്ന്‌ വിലസണമെന്ന്‌ ആഗ്രഹമുള്ള ഭാരവാഹികള്‍ക്കൊക്കെ അതിനുള്ള ഒരവസരമായും ഇതിനെ കാണാം. മാവേലി പോയി പ്രസിഡണ്ടുമാരെ കണ്ടു കാര്യങ്ങള്‍ പറഞ്ഞ്‌ നോക്കുക.

മഃ അതു വല്ലതും നടക്കുന്ന കാര്യമാണോ? നമ്മള്‍ കേരളീയര്‍ നമുക്ക്‌ കേരളം അത്ര തന്നെ.

ആള്‍ഃ എങ്കില്‍ പിന്നെ അങ്ങ്‌ എന്താണു്‌ ത്രീ പീസ്‌ സൂട്ടില്‍ വന്നത്‌. കുടവയറും, പാളത്താറും, കുടുമയും, ഓലക്കുടയുമൊക്കെയല്ലേ ഞങ്ങള്‍ പ്രതീക്ഷിച്ച വേഷം.

മാഃ എന്റെ ശ്രദ്ധ പ്രജകളുടെ ക്ഷേമത്തിലാണ്‌. അവരില്‍ നിന്ന്‌ വ്യത്യസ്‌ഥനല്ല ഞാന്‍. തന്നെയുമല്ല ഇവിടെ ആളുകള്‍ നമ്മെ അവഹേളിക്കാനും തുടങ്ങിയിരിക്കുന്നു.

ആള്‍ഃ തിരുമേനി കല്‍പ്പിച്ചാലും. അങ്ങനെ വല്ലതുമുണ്ടെങ്കില്‍ അത്‌ ഞങ്ങള്‍ നിര്‍ത്തികളയാം.

മാഃ ആരാണ്‌ പറഞ്ഞത്‌ എനിക്ക്‌ കുടവയറാണെന്ന്‌. ഞാന്‍ പാളത്താറുടുത്ത്‌ ദേഹത്തിലെ രോമവും കാട്ടി ഓലക്കുടയും ചൂടി നടക്കുന്നുവെന്ന്‌.ല്‌പഞാന്‍ പ്രജാവത്സലനായ രാജാവായിരുന്നു. രാജകീയ വേഷങ്ങളിലാണ്‌്‌ ഞാന്‍ പ്രത്യക്ഷപ്പെടാര്‌.

ആള്‍ഃ കാലാകാലങ്ങളായി ആളുകള്‍ അങ്ങയെ അങ്ങനെയാണവതരിപ്പിച്ചിട്ടുള്ളത്‌.

മാഃ അതിനു കാരണം വാമനന്‍ തന്നെ. അയാള്‍ പ്രചരിപ്പിച്ച അപവാദം. അതുകൊണ്ട്‌ തന്നെയാണ്‌. ഞാന്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ വേഷത്തില്‍ വന്നത്‌. നിങ്ങളില്‍ ചില പുരുഷന്മാര്‍ അവരുടെ മേനി കാട്ടാന്‍ എന്റെ വേഷം കെട്ടുന്നു എന്ന്‌ കേട്ടു. അതൊന്നും ആവശ്യമില്ലാത്തതാണ്‌.

ആളുകള്‍ഃ ഞങ്ങള്‍ എന്താണു വേണ്ടത്‌, തിരുമേനി

മാഃ എന്റെ കോലം കെട്ടലും സദ്യയൊരുക്കലുമല്ല നിങ്ങള്‍ ചെയ്യേണ്ടത്‌. നിങ്ങളുടെ പൊതുവായ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക. ഒത്തൊരുമയോടെ കഴിയുക. എല്ലാ സംഘടനക്കാരും ഒരുക്കുന്ന സദ്യക്ക്‌ വേണ്ടുന്ന പണം സ്വരൂപിച്ച്‌ ഓണദിവസം നാട്ടിലെ തെരുവ്‌ പിള്ളേര്‍ക്കോ, അനാഥാലയത്തിലെ പിള്ളേര്‍ക്കോ ഒരു നേരത്തെ ആഹാരം കൊടുക്കുക. തെരുവിന്റെ തിണ്ണയില്‍ വസ്ര്‌തമില്ലാതെ തണുത്ത്‌ ചുരുണ്ട്‌ കിടക്കുന്ന വൃദ്ധജനങ്ങള്‍ക്ക്‌ ഒരു ഓണക്കോടി കൊടുക്കുക. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ ഒരുങ്ങുമ്പോള്‍ വാമനന്മാര്‍ ചവുട്ടി താഴ്‌ത്താന്‍ കാല്‌ പൊക്കി വരും. ഒരിക്കലും തല കുനിച്ചുകൊടുക്കരുത്‌, നിങ്ങള്‍ക്ക്‌ നന്ദി.

(കൈരളി ഒക്‌ടോബര്‍ 10, 2003)

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക