Image

ന്യൂജനറേഷന്‍ പ്രണയനായകന്‍

Published on 04 September, 2012
ന്യൂജനറേഷന്‍ പ്രണയനായകന്‍
പ്രണയനായകന്‍മാരെ എന്നും കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്‌ മലയാളി പ്രേക്ഷകര്‍. പ്രേംനസീറില്‍ തുടങ്ങി മോഹന്‍ലാലും, മമ്മൂട്ടിയും, കുഞ്ചാക്കോ ബോബനും, പൃഥ്വിരാജുമൊക്കെ പ്രണയ നായക വേഷങ്ങളിലൂടെ മലയാളിയുടെ മനംകവര്‍ന്നവരാണ്‌. പ്രണയവും, കവിതയും എക്കാലത്തും മലയാളിയുടെ മറക്കാന്‍ കഴിയാത്ത നൊസ്റ്റാള്‍ജിയ ആവുന്നത്‌ കൊണ്ടാവും പ്രണയ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തുന്ന നായകന്‍മാര്‍ പെട്ടന്ന്‌ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാകുന്നത്‌. നിവിന്‍പോളിയും എന്ന്‌ അങ്ങനെയൊരു പ്രണയനായകനാണ്‌. ന്യൂജനറേഷന്‍ സിനിമാക്കാലത്തെ പ്രണയ നായകന്‍.

അനിയത്തിപ്രാവിലൂടെയും, നിറത്തിലൂടെയുമൊക്കെ തൊണ്ണൂറുകളുടെ അവസാനം കുഞ്ചാക്കോ ബോബന്‍ നേടിയെടുത്ത ക്യാംപസുകളുടെ നായക പദവി ഇന്ന്‌ നിവിന്‍പോളിക്കൊപ്പമാണ്‌. തട്ടത്തിന്‍ മറയത്ത്‌ അത്രത്തോളം നിവിന്‍പോളിയെ ഹിറ്റാക്കിയിരിക്കുന്നു. പക്കാ ടീനേജ്‌ ക്യാംപസ്‌ നായകന്‍. അടിപിടികളും പഞ്ച്‌ ഡയലോഗുകളുമില്ലാത്ത പ്രണയ കാമുകന്‍. അതായിരുന്നു തട്ടത്തിന്‍ മറയത്തിലെ നിവിന്‍ പോളി.

തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രം വിനീത്‌ ശ്രീനിവാസന്‍ എന്ന സംവിധായകനൊപ്പം തന്നെ നിവിന്‍ പോളി എന്ന നായകനെയും മലയാള സിനിമയുടെ പ്രീയപ്പെട്ടതാരമാക്കിയിരിക്കുന്നു.

തട്ടത്തിന്‍ മറയത്തിന്റെ വലിയ വിജയത്തിനു ശേഷം സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ നായകനാണ്‌ നിവിന്‍ പോളി ഇപ്പോള്‍. സത്യന്‍ ചിത്രത്തിന്റെ റിലീസ്‌ കാത്തിരിക്കുകയാണ്‌ നിവിന്‍.

പ്രണയ നായകനാകുക എന്നത്‌ ഒരു സുഖമുള്ള കാര്യമാണ്‌. പ്രത്യേകിച്ചും നിവിനെപോലെ ചെറുപ്പക്കാരനായ താരത്തിന്‌?. എത്രത്തോളം ആസ്വദിക്കാന്‍ കഴിഞ്ഞു തട്ടത്തിന്‍ മറയത്തിലെ വിനോദ്‌ എന്ന കഥാപാത്രത്തെ?

മലര്‍വാടി ആര്‍ട്ട്‌സ്‌ക്ലബ്‌ എന്ന സിനിമ മുതല്‍ ഞാനും വിനീതും അടുത്ത സുഹൃത്തുക്കളായിരുന്നു. വിനീത്‌ തട്ടത്തിന്‍ മറയത്ത്‌ എന്ന സിനിമ എഴുതുമ്പോള്‍ മുതല്‍ ഈ സിനിമയെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും എനിക്കറിയാമായിരുന്നു. വിനീതും ഞാനും ഈ സിനിമയെക്കുറിച്ച്‌ ഏറെ ചര്‍ച്ചകളും നടത്തുമായിരുന്നു. പക്ഷെ അപ്പോഴൊന്നും എന്നെയായിരുന്നില്ല സിനിമയിലെ നായകനായി കണ്ടിരുന്നത്‌. അതിനായി ഒരു പുതുമുഖത്തെയാണ്‌ വിനീത്‌ ആഗ്രഹിച്ചത്‌. അത്‌ എനിക്കുമറിയാം. അതുകൊണ്ടു തന്നെ ഞാന്‍ പലരെയും ഈ സിനിമയിലേക്ക്‌ വേണ്ടി വിനീതിനെ പരിചയപ്പെടുത്തി. പക്ഷെ അതൊന്നും ശരിയായി വന്നില്ല.

മലവാര്‍ടിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക്‌ താടിയുള്ള ഒരു ഗെറ്റപ്പായിരുന്നു. ആദ്യ സിനിമയോടുള്ള താത്‌പര്യം കാരണം ഞാന്‍ പിന്നീട്‌ താടി മാറ്റിയിരുന്നില്ല. എപ്പോഴും താടി വെച്ചാണ്‌ ആളുകള്‍ എന്നെ കണ്ടിരുന്നത്‌. യാദൃശ്ചികമായാണ്‌ ഒരു ചടങ്ങില്‍ ഞാന്‍ താടി വെക്കാതെ പോയത്‌. അന്ന്‌ വിനീതും ഒപ്പമുണ്ടായിരുന്നു. അവിടെ വെച്ച്‌ കണ്ടപ്പോഴാണ്‌ തട്ടത്തിന്‍ മറയത്തിലെ കഥാപാത്രമായി ഞാന്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന്‌ വിനീതിന്‌ തോന്നിയത്‌.

വിനീത്‌ എന്നോട്‌ ഇക്കാര്യം പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ട കാര്യം എനിക്കുണ്ടായിരുന്നില്ല. എനിക്കത്രത്തോളം അറിയുന്ന കഥയും കഥാപാത്രവുമാണ്‌ ഓഫര്‍ ചെയ്‌തിരിക്കുന്നത്‌. പിന്നെ കഥാപാത്രത്തിനായി നന്നായി വെയ്‌റ്റ്‌ കുറച്ചു. അങ്ങനെയാണ്‌ വിനോദായി മാറിയത്‌.

ശരിക്കും ഒരു ടീനേജ്‌ ലൈഫിലെ എല്ലാ കുസൃതിയും കൂട്ടായ്‌മയും ചേര്‍ത്തുവെച്ചാണ്‌ ഞങ്ങള്‍ ആ സിനിമ ഒരുക്കിയിരിക്കുന്നത്‌. ഞങ്ങളൊക്കെ കടന്നു വന്ന ഒരുപാട്‌ ഇമോഷന്‍സ്‌ ആ സിനിമയിലുമുണ്ട്‌. അത്‌ എല്ലാ ചെറുപ്പക്കാരുടെ ലൈഫിലും ഉണ്ടായിട്ടുണ്ടാവണം.

സ്വന്തം പ്രണയാനുഭവങ്ങള്‍ വിനോദ്‌ എന്ന കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ടോ?

ഞാന്‍ പ്രണയിച്ച്‌ വിവാഹം ചെയ്‌തയാളാണ്‌. ഏറെക്കാലം എന്റെ സുഹൃത്തായിരുന്നയാളാണ്‌ റിന്ന. ഇപ്പോള്‍ മകനുമുണ്ട്‌. നീല്‍ എന്നാണ്‌ അവന്റെ പേര്‌.

ഒരു പ്രത്യേക നിമിഷത്തില്‍ പ്രണയാഭ്യര്‍ഥന ചെയ്‌ത്‌ തുടങ്ങിയ പ്രണയമായിരുന്നില്ല എന്റേത്‌. ഒരുമിച്ച്‌ പഠിച്ച സഹപാഠിയോടും, എന്റവും അടുത്ത സുഹൃത്തിനോടുമുള്ള വിശ്വാസം പ്രണയമായി മാറി എന്നു പറയാം. അതങ്ങനെ സംഭവിച്ചതാണ്‌. പക്ഷെ തട്ടത്തിന്‍ മറയത്തിലെ പോലെ സംഘര്‍ഷഭരിതമായ പ്രണയമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെ പ്രണയം എല്ലാവരും അംഗീകരിച്ചിരുന്നു.

ഇപ്പോഴും പ്രണയിക്കുക തന്നെയാണോ?

അതങ്ങനെ തന്നെയാകുമല്ലോ. ഞാന്‍ ഇപ്പോഴും എപ്പോഴും മനസില്‍ പ്രണയം സൂക്ഷിക്കുന്നയാളാണ്‌. ക്രീയേറ്റീവായ ഒരു മനസ്‌ നിലനിര്‍ത്താന്‍ നമ്മുടെ ജീവിതത്തിന്റെ ഭംഗി അത്യാവശ്യമാണ്‌. ഞാന്‍ തിരക്കിട്ട്‌ സിനിമകള്‍ ചെയ്യാറില്ല. തട്ടത്തിന്‍ മറയത്തിന്‌ ശേഷം ഭാഗ്യം പോലെ സത്യന്‍ അന്തിക്കാട്‌ സിനിമ ലഭിച്ചു. ശേഷം ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്‌മറ്റൊരു നല്ല കഥാപാത്രം ലഭിക്കാന്‍.

മലര്‍വാടിക്ക്‌ ശേഷം വലിയ ഗ്യാപ്പുണ്ടായല്ലോ നിവിന്‍ പോളിയുടെ കരിയറില്‍?

മലര്‍വാടിക്ക്‌ ശേഷം സെവന്‍സ്‌ എന്ന ചിത്രത്തിലാണ്‌ അഭിനയിച്ചത്‌. അതിനു ശേഷം ചില പ്രൊഡക്ഷന്‍ കമ്പിനികളില്‍ നിന്നും ഹീറോ കാരക്‌ടറുകള്‍ തന്നെ ലഭിച്ചിരുന്നു. പക്ഷെ ഞാന്‍ വേണ്ടെന്നു വെക്കുകയായിരുന്നു. കാരണം അപ്പോഴേക്കും വിനീത്‌ തട്ടത്തിന്‍ മറയത്ത്‌ എനിക്ക്‌ ഓഫര്‍ ചെയ്‌തു കഴിഞ്ഞു. അഭിനയിക്കാന്‍ ലൊക്കേഷനില്‍ എത്തുന്നതിനു മുമ്പു തന്നെ ഏറെ ഹോംവര്‍ക്ക്‌ ചെയ്‌താണ്‌ തട്ടത്തിന്‍ മറയത്ത്‌ ചെയ്‌തത്‌. ഓരോ സീനും പൂര്‍ത്തിയാകുമ്പോള്‍ വിനീത്‌ വിളിച്ച്‌ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. സിനിമക്കു മുമ്പു തന്നെ ഞങ്ങള്‍ റിഹേഴ്‌സല്‍ ക്യാമ്പ്‌ നടത്തിയിരുന്നു.

ഒരു സിനിമക്കു ശേഷം അടുത്ത സിനിമ എന്ന താത്‌പര്യം എനിക്കില്ല. ഒരോ സിനിമക്കു ശേഷവും നന്നായി റിലാക്‌സാവന്‍ സമയം വേണ്ടതുണ്ട്‌. അതിനു ശേഷം മാത്രമേ അടുത്ത സിനിമയിലേക്ക്‌ കടന്നു പോകാന്‍ താത്‌പര്യമുള്ളു. ഒരു ഹീറോയാവാന്‍ വേണ്ടി ഒരു സിനിമ ചെയ്യാനും താത്‌പര്യമില്ല. സിനിമയില്ലാത്തപ്പോള്‍ സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗുമായി വളരെ സജീവമായിരുന്നു ഞാന്‍. സിനിമയില്ലെങ്കില്‍ സി.സി.എല്‍ കളിക്കും.

സി.സി.എലിലെ പ്രധാന താരമാണല്ലോ നിവിന്‍?

സിനിമ കഴിഞ്ഞാല്‍ പിന്നെ എന്റെ ഏറ്റവും പ്രധാന ഇഷ്‌ടം ക്രിക്കറ്റ്‌ തന്നെയാണ്‌. പക്ഷെ നമ്മുടെ പ്രൊഫഷന്‍ മറ്റൊന്നാണ്‌. സിനിമയിലൂടെ ക്രിക്കറ്റില്‍ ഇത്രയും വലിയൊരു എക്‌സ്‌പോഷര്‍ ലഭിക്കുമെന്ന്‌ സിനിമയില്‍ എത്തിയ സമയത്തൊന്നും പ്രതീക്ഷിച്ചിട്ടില്ല. സി.സി.എല്‍ ക്രിക്കറ്റിലേക്ക്‌ എത്തുമ്പോഴും അത്‌ അറിയുമായിരുന്നില്ല. എന്റെ ആദ്യമാച്ച്‌ ഹൈദ്രബാദിലായിരുന്നു. അന്ന്‌ സ്റ്റേഡിയത്തിലേക്ക്‌ എത്തുമ്പോഴാണ്‌ സി.സി.എല്‍ ഒരു വലിയ ക്യാന്‍വാസാണെന്ന്‌ അറിയുന്നത്‌. ശരിക്കും ഐ.പി.എല്‍ പോലെ എല്ലാ സജ്ജീകരണങ്ങളുമുണ്ട്‌ സി.സി.എല്ലിന്‌. ഏറ്റവും പ്രധാനം എല്ലാ ഭാഷകളില്‍ നിന്നുമെത്തുന്ന ടീമുകളും വളരെ മികച്ച രീതിയില്‍ ക്രിക്കറ്റ്‌ പ്രാക്‌ടീസ്‌ ചെയ്‌തിട്ട്‌ എത്തുന്നുണ്ട്‌ എന്നതാണ്‌. വലിയൊരു ടീം സ്‌പിരിറ്റാണ്‌ കളത്തിലും പുറത്തുമുള്ളത്‌. ഏറെ ആരാധകരുമുണ്ട്‌ സി.സി.എല്ലിന്‌. സല്‍മാന്‍ഖാന്‍ മുതലുള്ള താരങ്ങളുടെ കളിക്കളമാണല്ലോ സി.സി.എല്‍. അത്‌ തരുന്ന എക്‌സ്‌പോഷര്‍ വളരെ വലുതാണ്‌.

തട്ടത്തിന്‍ മറയത്തില്‍ നിവിന്റെ പ്രകടനം ഒരു ഗൗതം മേനോന്‍ നായകനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ മികച്ചതാണ്‌. ഒപ്പം മികച്ച രീതിയില്‍ കോമഡിയും ചെയ്‌തിരിക്കുന്നു. ഇതിനുമുമ്പുള്ള സിനിമകളും കോമഡി ചെയ്‌തു കണ്ടിട്ടുമില്ല. ഹ്യൂമര്‍ എങ്ങനെയാണ്‌ വഴങ്ങിയത്‌?

മലര്‍വാടിക്ക്‌ ശേഷം എന്നോട്‌ പലരും പറഞ്ഞിരുന്നു ഹ്യൂമര്‍ എനിക്ക്‌ അവതരിപ്പിക്കാന്‍ പറ്റാത്ത കാര്യമാണ്‌, അതു ചെയ്യാന്‍ ശ്രമിക്കേണ്ട എന്ന്‌. അപ്പോള്‍ മുതല്‍ ഉള്ള താത്‌പര്യമായിരുന്നു ഒരു ഹ്യൂമര്‍ ചിത്രം ചെയ്‌തു നോക്കണമെന്നത്‌. തട്ടത്തിന്‍ മറയത്തിന്റെ കഥയൊക്കെ വിനീതുമായി സംസാരിക്കുമ്പോള്‍ തന്നെ ഇതില്‍ നല്ലൊരു ഹ്യൂമര്‍ സ്‌പെയിസ്‌ ഉണ്ടെന്ന്‌ മനസിലായിരുന്നു.

ഹ്യൂമര്‍ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചത്‌ റിഹേഴ്‌സലാണ്‌. ഒരു മാസത്തോളം ഈ സിനിമയുടെ റിഹേഴ്‌സല്‍ നടത്തിയിരുന്നു. റിഹേഴ്‌സല്‍ മുതല്‍ തന്നെ തലശേരി ഭാഷയില്‍ സംസാരിച്ചു പഠിച്ചു. പിന്നെ ഞങ്ങളെല്ലാവരും അടുത്ത സുഹൃത്തുക്കളുമാണ്‌ എന്നത്‌ വളരെ കംഫര്‍ട്ടബിളായിരുന്നു. പ്രത്യേകിച്ചും വിനീതും ഞങ്ങളുമായിട്ടുള്ള സൗഹൃദം. തട്ടത്തിന്‍ മറയത്ത്‌ റിലീസ്‌ ചെയ്‌തതിനു ശേഷം ഇന്‍ഡസ്‌ട്രിയില്‍ നിന്നും ഒരുപാട്‌ പേര്‍ വിളിച്ചു. എല്ലാവരും നല്ല ചിത്രമാണ്‌ എന്ന അഭിപ്രായം പറഞ്ഞു. ഹ്യൂമര്‍ രംഗങ്ങള്‍ വളരെ നന്നായി എന്നാണ്‌ മിക്കവരും പറഞ്ഞത്‌.

ഇപ്പോള്‍ സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ നായകനാണ്‌ നിവിന്‍. ചിത്രത്തിന്റെ റിലീസ്‌ പ്രതീക്ഷിക്കുകയാണിപ്പോള്‍. എന്താണ്‌ അന്തിക്കാട്‌ ചിത്രത്തിന്റെ വിശേഷങ്ങള്‍?

ക്യാംപസില്‍ നിന്നും കടപ്പുറത്തേക്ക്‌ എത്തുകയാണ്‌. പുതിയ തീരങ്ങള്‍ എന്നാണ്‌ സത്യന്‍ ചിത്രത്തിന്റെ പേര്‌. ഇത്‌ ആലപ്പുഴയിലെ കടപ്പുറം പശ്ചാത്തലമായി പറയുന്ന ഒരു കടലോര ഗ്രാമത്തിന്റെ കഥയാണ്‌. എന്റെ കാരക്‌ടര്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകുന്ന നാട്ടിലെ കുട്ടികള്‍ക്കൊക്കെ ട്യൂഷനെടുക്കുന്ന ഒരു വളരെ സാധാരണക്കാരനായ കഥാപാത്രമാണ്‌.

തട്ടത്തിന്‍ മറയത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പ്‌ വിനീതിന്റെ വീട്ടില്‍ നടത്തിയിരുന്നു. ആ സമയത്താണ്‌ സത്യന്‍ സാറിന്റെ സിനിമയിലേക്ക്‌ ഓഫര്‍ വരുന്നത്‌. സത്യന്‍ സാറിന്റെ സിനിമയൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടേയില്ല. കുറച്ചുകാലം സിനിമയില്‍ നിന്നാല്‍ എന്നെങ്കിലും ഒരു സത്യന്‍ അന്തിക്കാട്‌ സിനിമയിലേക്ക്‌ വിളിച്ചേക്കാം എന്ന്‌ കരുതിയിട്ടുള്ളതല്ലാതെ ഇപ്പോള്‍ എനിക്കൊരു കാരക്‌ടര്‍ ലഭിക്കുമെന്ന്‌ കരുതിയിട്ടില്ല. എന്നെപ്പോലെയുള്ള പുതിയ ആളുകള്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും ഒരു സത്യന്‍ അന്തിക്കാട്‌ ചിത്രം. അത്‌ ലഭിച്ചത്‌ വലിയൊരു ചാന്‍സ്‌ തന്നെയാണ്‌. ജീവിതത്തില്‍ പലപ്പോഴും എനിക്കിങ്ങനെ ചാന്‍സുകള്‍ ലഭിച്ചിട്ടുണ്ട്‌. ബാംഗ്ലൂരില്‍ നല്ല ശബളത്തില്‍ ജോലി ചെയ്യുമ്പോഴാണ്‌ അതില്‍ തൃപ്‌തനാകാതെ ജോലി ഉപേക്ഷിച്ച്‌ വന്നത്‌. മനസില്‍ ആഗ്രഹിക്കുന്നത്‌ ചെയ്യാനായിരുന്നു താത്‌പര്യം. വന്നപ്പോള്‍ ആഗ്രഹിച്ചത്‌ പോലെ സിനിമ ലഭിച്ചു. ലഭിച്ചതൊക്കെയും നല്ല സിനിമകള്‍. ഇനിയും അങ്ങനെയൊക്കെ തന്നെ പോകുമെന്നാണ്‌ പ്രതീക്ഷ.
ന്യൂജനറേഷന്‍ പ്രണയനായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക