Image

അരികുജീവിതങ്ങളുടെ രാഷ്‌ട്രീയം

Published on 10 September, 2012
അരികുജീവിതങ്ങളുടെ രാഷ്‌ട്രീയം
കൂടുംകുളത്ത്‌ പോലീസ്‌ വെടിവെപ്പില്‍ മരണമടഞ്ഞ ആന്റണി എന്ന മത്സ്യതൊഴിലാളിയുടേത്‌ രക്തസാക്ഷിത്വം തന്നെയാണ്‌. ഒരു രാഷ്‌ട്രീയ സംഘടനക്കും അവകാശമില്ലാത്ത രക്തസാക്ഷിത്വം. ആണവദുരന്തം ഒരു ഭീതിയായി മനസിലുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്‌ ആന്റണിയുടെ രക്തസാക്ഷിത്വം. കാരണം കൂടംകുളം സമരം എന്നത്‌ എന്നും ജനങ്ങളുടെ മാത്രം സമരമായിരുന്നു. സാധാരണക്കാരന്റെ അല്ലെങ്കില്‍ പാവപ്പെട്ടവന്റെ അതിജീവിനത്തിനു വേണ്ടിയുള്ള സമരം.

കൂടുംകുളത്ത്‌ സമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയും ആന്റണി എന്ന മത്സ്യതൊഴിലാളി പോലീസ്‌ വെടിയേറ്റ്‌ മരിക്കുകയും ചെയ്‌തിരിക്കുന്നു ഈ ലേഖനം തയാറാക്കുമ്പോള്‍. സമരത്തിന്റെ ശക്തി ഒട്ടും ചോര്‍ന്നുപോകാതെ ഇപ്പോഴും സമരക്കാര്‍ കൂടംകുളത്ത്‌ തമ്പടിച്ചിരിക്കുന്നു. പോലീസ്‌ ഇതിനെ ഇതിലും ശക്തിയായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുമെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ഏതാണ്ട്‌ നാലായിരം വരുന്ന സമരക്കാര്‍, അതിലേറെയും സ്‌ത്രീകളും കുട്ടികളും, അവരെ അടിച്ചമര്‍ത്താന്‍ ഇരുപതിനായിരത്തോളം പോലീസുകാര്‍. ഒരു ജനകീയ സമരത്തെ ഭരണകൂടം എങ്ങനെ നേരിടുന്നു എന്നതിന്‌ ഇതിലും വലിയൊരു ഉദാഹരണം വേണ്ടതില്ല.

കൂടുംകുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നതിനെതിരെ വി.എസ്‌ അച്യുതാനന്ദന്‍ പരസ്യമായി രംഗത്തെത്തിയതാണ്‌ കേരളത്തിലെ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന പുതിയൊരു രാഷ്‌ട്രീയ സംഭവ വികാസം. മുമ്പും കൂടുംകുളം സമരക്കാര്‍ക്കൊപ്പമായിരുന്നു വി.എസ്‌. എന്നാല്‍ പാര്‍ട്ടി നേതൃത്വമാണ്‌ വി.എസിനെ ഈ നിലപാട്‌ പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്‌.

പക്ഷെ കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വി.എസ്‌ തന്റെ വിമര്‍ശനങ്ങള്‍ തുറന്നെഴുതുകയുണ്ടായി. കൂടംകുളം സമരത്തിന്റെ രാഷ്‌ട്രീയ വശത്തേക്കാള്‍ ഒരു ആണവ നിലയം വരുത്തിവെക്കുന്ന ദോഷങ്ങള്‍ എന്തെന്ന്‌ വ്യക്തമായി പ്രതിപാദിക്കുന്ന ലേഖനം ഒരു യഥാര്‍ഥ പരിസ്ഥിതിവാദിയുടേത്‌ തന്നെ. ആണവ നിലയങ്ങള്‍ ആവാസ വ്യവസ്ഥക്ക്‌ എങ്ങനെ ഭീഷിണിയാകുന്നുവെന്നും ആണവനിലയങ്ങള്‍ എത്രത്തോളം മനുഷ്യരാശിക്ക്‌ ഭീഷിണിയാണെന്നും വസ്‌തുതകള്‍ നിരത്തി വി.എസ്‌ എഴുതിയിരിക്കുന്നു. എന്തായാലും വി.എസിനൊപ്പം കേരളവും കൂടംകുളം സമരത്തിലേക്ക്‌ കടന്നുവരുമെന്ന്‌ ഉറപ്പാണ്‌. അതിന്‌ ആന്റണിയെന്ന മത്സ്യതൊഴിലാളിയുടെ രക്തസാക്ഷിത്വം വേണ്ടിവന്നുവെന്ന്‌ മാത്രം.

എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധ ശബ്‌ദങ്ങള്‍ എത്രത്തോളം ഫലപ്രാപ്‌തിയിലെത്തുമെന്നാണ്‌ കണ്ടറിയേണ്ടത്‌. കാരണം കൂടുകുളം സമരത്തിന്റെ ചരിത്രം അങ്ങനെയാണ്‌. അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ മേലുള്ള താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ കൂടംകുളം പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ സമരചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാകും. എന്നാല്‍ ഇതിനെതിരെ വന്ന സമരത്തെ വളരെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുന്ന നിലപാടായിരുന്നു എല്ലാകാലത്തും ഭരണകൂടത്തിന്റേത്‌. വര്‍ഷങ്ങളായി തുടരുന്ന സമരത്തിനിടയിലും ആണവ നിലയത്തിന്റെ പണികളെല്ലാം ഭരണകൂടം ഭംഗിയായി പൂര്‍ത്തിയാക്കിയെടുത്തു.

ഇവിടെയാണ്‌ കുടുംകുളം ഉയര്‍ത്തുന്ന പാര്‍സ്ഥിതിക പ്രശ്‌നങ്ങള്‍ക്കൊപ്പം രാഷ്‌ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യേണ്ടത്‌. കാരണം കുടുംകുളത്തെ രാഷ്‌ട്രീയം ജനങ്ങളുടെ അതിജീവനത്തിന്റെ രാഷ്‌ട്രീയമാണ്‌. മത്സ്യ തൊഴിലാളികളും കൂലിപ്പണിക്കാരും നിരക്ഷരരും അടങ്ങുന്ന കോര്‍പ്പറേറ്റുകളുടെ കണക്കില്‍ ഒരിക്കലും പെടാത്ത അരികു ജീവിതങ്ങളുടെ രാഷ്‌ട്രീയമാണ്‌.

സ്ഥാപനവല്‍കരിക്കപ്പെട്ട മാധ്യമങ്ങള്‍ കുടുംകുളം സമരത്തെ എന്നും നിരാകരിച്ചിട്ടേയുള്ളു. കുടുംകുളത്തെ അരികുജീവിതങ്ങള്‍ റേറ്റിംഗ്‌ കൂട്ടുന്ന നിലയിലേക്ക്‌ കടന്നു വന്നത്‌ പോലീസുമായിട്ടുള്ള സംഘര്‍ഷത്തോടെയെന്ന്‌ വ്യക്തം. അതിനു മുമ്പും കാലങ്ങളായി അവിടെ സമരം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും മാധ്യമങ്ങളിലേക്ക്‌ ശക്തമായി കടന്നു വന്നിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന സമരത്തെ ഭരണകൂടം എങ്ങനെയെല്ലാം ഒതുക്കിയെന്നത്‌ പുറംലോകം വളരെയൊന്നും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ്‌.

വി.എസ്‌ തന്റെ ലേഖനത്തില്‍ പറയുന്നത്‌ കൂടംകുളംപോലെയുള്ള ആണവനിലയങ്ങളുയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണെങ്കില്‍ ഇതിലും ഉപരിയായി കൂടുംകുളം എന്നത്‌ നിലവിലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ അപചയം എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്‌.

കൂടംകുളത്തിനെതിരെ ആദ്യം ഇരട്ടത്താപ്പ്‌ നയം സ്വീകരിച്ചത്‌ ജയലളിത സര്‍ക്കാരാണ്‌. കൂടംകുളം ജനങ്ങളുടെ ആശങ്കയകറ്റിയിട്ട്‌ മാത്രമേ കമ്മീഷന്‍ ചെയ്യാന്‍ പാടുള്ളു എന്ന്‌ നിയമസഭയില്‍ പ്രമേയം പാസാക്കിയത്‌ അണ്ണാ ഡിഎംകെയാണ്‌. എന്നാല്‍ ഇതൊരു രാഷ്‌ട്രീയ നാടകം മാത്രമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു ആശങ്കയകറ്റലും നടക്കാതെ തന്നെ ജയലളിത സര്‍ക്കാര്‍ കൂടംകുളത്തിന്റെ കാര്യത്തില്‍ കേന്ദ്രപക്ഷത്തായി. കരുണാനിധിയുടെയും ഡിഎംകെയുടെയും താത്‌പര്യവും മറിച്ചല്ല. ഇതിനു ശേഷമാണ്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഹിനമായ അടിച്ചമര്‍ത്തല്‍ നയം കേന്ദ്രസര്‍ക്കാര്‍ കുടുംകുളത്ത്‌ നടപ്പാക്കിയത്‌. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാരെ നിര്‍വീര്യമാക്കാന്‍ വേണ്ടി പദ്ധതി പ്രദേശം നിലനിന്ന പഞ്ചായത്തുകളില്‍ വികസനത്തിനായി പണം അനുവദിക്കുകയായിരുന്നു ആദ്യം ചെയ്‌തത്‌. കുടുംകുളം സമരം അവസാനിപ്പിക്കണമെന്നായിരുന്നു പണം ഓഫര്‍ ചെയ്‌തപ്പോഴുള്ള ആവിശ്യം. ചില പഞ്ചായത്തുകള്‍ ഈ പണം വാങ്ങി സമരത്തില്‍ നിന്ന്‌ പിന്മാറിയപ്പോള്‍ കുടുംകുളത്തുകാര്‍ സമരത്തില്‍ ഉറച്ചു നിന്നു.

പിന്നീട്‌ സമരപ്രദേശത്തേക്ക്‌ വൈദ്യുതി നിഷേധിക്കുകയും റോഡ്‌മാര്‍ഗങ്ങള്‍ അടക്കുകയുമാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. ആഹാരത്തിനുള്ള പച്ചക്കറിയും അരിയും റോഡുമാര്‍ഗം സമരപന്തലിലേക്ക്‌ എത്താതിരിക്കുക എന്നതായിരുന്നു ഭരണകൂടലക്ഷ്യം. എന്നാല്‍ കടല്‍ മാര്‍ഗം ബോട്ടുകളില്‍ ഭക്ഷണമെത്തിച്ചാണ്‌ ജനങ്ങള്‍ ഈ നീക്കത്തെ തകര്‍ത്തത്‌. പിന്നീട്‌ സമരക്കാരുടെ കുട്ടികളെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കുന്നതടക്കമുള്ള നീക്കവുമുണ്ടായതായി പറയപ്പെടുന്നു. കുടിവെള്ളം വരെ നിഷേധിക്കുന്ന തരത്തിലുള്ള പ്രതിരോധ തന്ത്രങ്ങള്‍ പോലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുമുണ്ടായി. ഈ സമയമൊന്നും മാധ്യമങ്ങളില്‍ ഇവിടേക്ക്‌ ശ്രദ്ധവെച്ചതേയില്ല. ചുരുക്കം ചില മാധ്യമങ്ങളൊഴിച്ചു നിര്‍ത്തായാല്‍ ചാനല്‍ മാധ്യമലോകം കൂടുംകുളത്തെ പാടേ അവഗണിക്കുകയാണ്‌ ചെയ്‌തത്‌. മാത്രമല്ല സമരക്കാരുമായി ജില്ല ഭരണകൂടം ഒരു ചര്‍ച്ച നടത്തിയപ്പോള്‍ കുടുംകുളം സമരം അവസാനിച്ചുവെന്നു പോലും മാധ്യമങ്ങള്‍ തന്നെ പ്രചരിപ്പിക്കുകയുമുണ്ടായി. ഏറ്റവും അവസാനം കൂടംകുളത്ത്‌ സമരക്കാര്‍ക്ക്‌ മാനസികാരോഗ്യ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള നീക്കം വരെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി എന്നതും ഓര്‍മ്മിക്കുക.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തന്നെ കുടുംകുളം ആണവകാരാറില്‍ ദുരന്തമുണ്ടായാല്‍ ആരാണ്‌ നഷ്‌ടപരിഹാരം നല്‍കുക എന്ന കാര്യത്തില്‍ സംശയമുന്നയിച്ചത്‌ ഏതാനും നാളുകള്‍ക്ക്‌ മുമ്പാണ്‌. ഈ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രതലത്തില്‍ എത്രത്തോളം അവ്യക്ത ഇപ്പോഴുമുണ്ട്‌ എന്നതാണ്‌ ഇതൊക്കെ വ്യക്തമാക്കുന്നത്‌. പക്ഷെ എന്നിട്ടും പ്രതിഷേധക്കാരുടെ ന്യായം എന്തെന്ന്‌ കേള്‍ക്കാന്‍ പോലും ഭരണകൂടം തയാറാകുന്നില്ല എന്നതും ശ്രദ്ധേയം. ഇവിടെയാണ്‌ ഒരു ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും അതുപോലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുമെല്ലാം ഒരേപോലെ ഇരട്ടത്താപ്പ്‌ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നു പോയതായി മനസിലാക്കേണ്ടത്‌. അങ്ങനെ വരുമ്പോള്‍ കൂടുംകുളം സമരമെന്നത്‌ സാധാരണക്കാരന്റെ മാത്രം സമരമായി മാറുന്നു.

ഇവിടെ ചില സമീപകാല സംഭവങ്ങള്‍ കൂട്ടി വായിക്കുകയാണ്‌. ഭരണകൂടത്തിന്റെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ എവിടേക്കാണ്‌ പോകുന്നതെന്ന്‌ മനസിലാക്കുവാന്‍ ഇത്‌ സഹായിക്കും.

അഴിമതിക്കെതിര കാര്‍ട്ടൂണ്‍ വരച്ചതിന്‌ പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റ്‌ അസിം ത്രീവേദിയെ മുംബൈ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു. രാഷ്‌ട്രീയ കാര്‍ട്ടൂണുകളിലൂടെ അഴിമതിക്കെതിരെ ശബ്‌ദിച്ചയാളാണ്‌ ത്രിവേദി. സമീപകാലത്തെ അഴിമതി വിരുദ്ധ സമരങ്ങളില്‍ ത്രിവേദിയുടെ പങ്കാളിത്തമാണ്‌ ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന്‌ മനസിലാക്കണം. പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാനും പ്രമുഖ ന്യായാധിപനുമായിരുന്ന മാര്‍ക്കണ്‌ഡേയ കട്‌ജു ത്രിവേദിയുടെ അറസ്റ്റ്‌ നാസി ക്രൂരതകള്‍ക്ക്‌ തുല്യമാണെന്നാണ്‌ പറഞ്ഞത്‌. അറസ്റ്റിനെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്‌തു. കാര്‍ട്ടൂണുകളെ ഭരണകൂടം ഭയന്നു തുടങ്ങിയിരിക്കന്നതും ആവിഷ്‌കാര സ്വാതന്ത്രത്തെ പോലും നിഷേധിക്കുന്നതും ജനാധിപത്യപരമാണെന്ന്‌ ഒരിക്കലും കരുതാനാവില്ല.

ഇതുപോലെ തന്നെയാണ്‌ വാഷിങ്‌ടണ്‍ പോസ്റ്റ്‌ എന്ന അമേരിക്കന്‍ പത്രത്തോട്‌ പ്രധാനമന്ത്രിയുടെ ഓഫീസും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും മാപ്പ്‌ പറയണമെന്ന്‌ ആവിശ്യപ്പെട്ടതും. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ വാഷിങ്‌ടണ്‍ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച ലേഖനമാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കോണ്‍ഗ്രസ്‌ വക്താക്കളെയും ചൊടിപ്പിച്ചു കളഞ്ഞത്‌. ഇന്ത്യന്‍ പ്രധാനമന്ത്രി വിമര്‍ശനത്തിന്‌ അതീതനാണെന്നുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ കണ്ടുപിടുത്തം ലോകത്തെ ഏറ്റവും മികച്ച ജനധിപത്യരാജ്യമെന്ന ഇന്ത്യയുടെ സല്‍പേരിന്‌ തീര്‍ത്താല്‍ തീരാത്ത കളങ്കമാണ്‌. വിമര്‍ശനത്തിന്‌ തക്കതായ മറുപടി നല്‍കുകയായിരുന്നു ചെയ്‌തിരുന്നതെങ്കില്‍ മനസിലാക്കാമായിരുന്നു. പക്ഷെ ഇവിടെ സംഭവിച്ചത്‌ ഞങ്ങളുടെ പ്രധാനമന്ത്രിയെ ആരും വിമര്‍ശിച്ചുപോകരുത്‌ എന്ന്‌ ഇന്ത്യ പറഞ്ഞതുപോലെയായി.

ഒബാമയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന്‌ അമേരിക്ക പറഞ്ഞാല്‍ ഏത്‌ ഇന്ത്യന്‍ മാധ്യമമാണ്‌ അത്‌ മുഖവിലക്കെടുക്കാന്‍ പോകുന്നത്‌. നാടൊട്ടുക്കും അമേരിക്കക്കെതിരെ പ്രതിഷേധവും ഉയരും. ഒരിക്കലും ഒരു ഭരണാധികാരിയും വിമര്‍ശത്തിന്‌ അതീതരല്ല. അതുപോലെ വിമര്‍ശിക്കാനുള്ള സ്വാതന്ത്രം പത്രസ്വാതന്ത്രത്തിന്റെ മൗലീകമായ ഘടകവുമാണ്‌. ഇത്രയൊന്നും മനസിലാക്കാനുള്ള കഴിവില്ലാത്തവരാണോ പ്രധാനമന്ത്രിയുടെ ഓഫീസിലിരിക്കുന്നത്‌. മാധ്യമവിമര്‍ശനം പാടില്ലെന്ന്‌ പറഞ്ഞ തന്റെ വാക്താകളോട്‌ മണ്ടത്തരം പറയരുതെന്ന്‌ പറയാന്‍ പോലും നമ്മുടെ പ്രധാനമന്ത്രി വാപൊളിച്ചില്ല എന്നത്‌ അതിലും വലിയ ചിരി ഉണര്‍ത്തുന്ന കാര്യമാണ്‌. ചുരുക്കത്തില്‍ വാഷിങ്‌ടണ്‍ പോസ്റ്റ്‌ പറഞ്ഞത്‌ അക്ഷരം പ്രതി ശരിയാണെന്ന്‌ ആരും വിശ്വസിച്ചുപോകും. ഭരണകൂടം ഇങ്ങനെയാണ്‌ ജനാധിപത്യം സംരക്ഷിക്കാന്‍ പോകുന്നതെങ്കില്‍ ഇന്ത്യ എത്രകാലം ജനാധിപത്യരാജ്യമായി തുടരുമെന്ന തന്നെ സംശയിക്കേണ്ടി വരും.

ജനധിപത്യമര്യാദകളെ ഇങ്ങനെ തോന്നുംപടി തട്ടിക്കളിക്കുന്ന ഭരണകൂടമുള്ളപ്പോള്‍ കൂടംകുളത്ത്‌ നടക്കുന്നത്‌ പോലെയുള്ള അരികുജീവിതങ്ങളുടെ സമരം എവിടെയെത്തുമെന്ന്‌ വളരെയധികം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. യാഥാര്‍ഥ്യമെന്തെന്ന്‌ വസ്‌തുനിഷ്‌ഠമായി മനസിലാക്കി, അത്‌ സമരക്കാര്‍ക്കൊപ്പമെങ്കില്‍, അവരോട്‌ അനുഭാവം പ്രകടിപ്പിക്കുകയാണ്‌ പൊതു സമൂഹം ചെയ്യേണ്ടത്‌. സഹവര്‍ത്തിത്വമുള്ള ഒരു സമൂഹത്തിന്‌ മാത്രമാണ്‌ ജനാധിപത്യത്തെ ഉറപ്പിച്ചു നിര്‍ത്താനുള്ള കഴിവുണ്ടാകു.


പിന്‍കുറിപ്പ്‌ - മധ്യപ്രദേശിലെ ഓംകാരേശ്വര്‍ ഡാം തുറന്നു വിടുന്നതിലൂടെ ഭൂമിയും വീടും നഷ്‌ടപ്പെടുന്നതിന്‌ നഷ്‌ടപരിഹാരം വേണമെന്ന്‌ ആവിശ്യപ്പെട്ട്‌ ഗ്രാമീണ കര്‍ഷകര്‍ 16 ദിവസമായി നടത്തിവന്ന ജല സത്യാഗ്രഹം വിജയകരമായി അവസാനിച്ചു. കഴുത്തറ്റം വെള്ളത്തിലിറങ്ങി നിന്നാണ്‌ കര്‍ഷകര്‍ സത്യാഗ്രഹം നടത്തിയത്‌. ദിവസങ്ങളോളം ഈ സമരമുറ തുടര്‍ന്നപ്പോള്‍ ശരീരത്തിലെ തൊലിപൊട്ടിപൊളിഞ്ഞ്‌ പോയ ഗ്രാമീണരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ സജീവമായതോടെയാണ്‌ ഗവണ്‍മെന്റ്‌ സമരക്കാരുടെ ആവിശ്യങ്ങള്‍ അംഗീകരിച്ചത്‌. മധ്യപ്രദേശില കര്‍ഷകരുടെ ജലസമരം വിജയിച്ചത്‌ ഒരു ശുഭസൂചകമാണ്‌. ഇത്തരം സൂചകങ്ങളാണ്‌ ഇവിടെ ഇപ്പോഴും ജനാധിപത്യത്തിനും ജനകീയ സമരങ്ങള്‍ക്കും വിലയുണ്ടെന്ന ആശ്വാസം പകരുന്നത്‌. അതുകൊണ്ട്‌ തീര്‍ച്ചയായും കൂടുംകുളം സമരത്തിന്റെ പ്രതീക്ഷകളും തീര്‍ച്ചയായും അസ്‌തമിക്കുന്നില്ല.
അരികുജീവിതങ്ങളുടെ രാഷ്‌ട്രീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക