Image

ഓര്‍മ്മകളില്‍ പീലി നീര്‍ത്തി...(മീനു എലിസബത്ത്‌)

Published on 11 September, 2012
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി...(മീനു എലിസബത്ത്‌)
അമേരിക്കയില്‍ മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ ആഴ്‌ച കൊണ്ട്‌ സ്‌കൂള്‍ തുറന്നു. ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ തന്നെ, വാള്‍മാര്‍ട്ട്‌, കോസ്‌ക്കോ പോലെയുള്ള വലിയ കടകളില്‍, ഓരോ സ്‌കൂളിലെയും ക്ലാസുകളുടെ സ്‌കൂള്‍ സപ്ലൈലിസ്റ്റ്‌, കയറി വരുന്ന പ്രധാന വാതിലുകളുടെ ഷെല്‍ഫില്‍ വെച്ചിരിക്കും. സ്‌കൂള്‍ തുറക്കാറാകുമ്പോള്‍ നമ്മള്‍ കുട്ടികളുമായി കടയില്‍ പോയി ആ ലിസ്റ്റു നോക്കി സ്‌കൂളിലേക്കുള്ള സാധന സാമഗ്രികള്‍ വാങ്ങുന്നു.

ചെറിയ ക്ലാസിലെ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ സപ്ലൈ ചിലത്‌ നമ്മള്‍ അവരുടെ പേരെഴുതി ഒട്ടിച്ച്‌, തലേദിവസമോ, തുറക്കുന്ന ദിവസമോ സ്‌കൂളില്‍ എത്തിക്കുന്നു. പുസ്‌തകങ്ങള്‍ സ്‌കൂളുകാര്‍ തന്നെയാണ്‌ കൊടുക്കുക. ചിലത്‌, കുട്ടികള്‍ക്ക്‌ വീട്ടില്‍ കൊണ്ടു പോകാം .ചില പാഠപുസ്‌തകങ്ങള്‍ സ്‌കൂളില്‍ തന്നെ വെച്ചിട്ട്‌ പോരണം. നാട്ടിലെ പോലെ വലിയ ചുമട്‌ ചുമന്നു കുട്ടികളുടെ നടുവ്‌ ഒടിയുന്നത്‌ ഇവിടെ അങ്ങനെ കാണാറില്ല. കൊച്ചുക്ലാസുകളില്‍ അധികം ഹോംവര്‍ക്ക്‌ ഒന്നുമില്ല. വലിയ ക്ലാസുകാര്‍ക്ക്‌ നന്നായി പഠിക്കാനുണ്ടുതാനും.

വേനല്‍ച്ചൂടിന്റെ കാഠിന്യവും പേറി അമേരിക്കന്‍ പള്ളിക്കൂടങ്ങളിലേക്ക്‌ കയറിചെല്ലുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍, അവരുടെ വസ്‌ത്രധാരണവും ചുറുചുറുക്കും ഒരു നിമിഷം നമ്മള്‍ നോക്കി നിന്നുപോകും. മാതാപിതാക്കളുടെ കാറില്‍ പാര്‍ക്കിംഗ്‌ ലോട്ടില്‍ വന്നിറങ്ങുന്ന പല വര്‍ണത്തിലുള്ള പൂമ്പാറ്റകള്‍.

നമ്മുടെ നാട്ടിലെ മിക്ക സ്‌കൂളുകളുടെയും മുറ്റത്ത്‌ പടര്‍ന്നു പന്തലിച്ച ഏതെങ്കിലും ഒരു വൃക്ഷം കാണാതിരിക്കില്ല. നിറയെ ചൂളമരങ്ങളായിരുന്നു ഞാന്‍ പഠിച്ച ബുക്കാനാന്‍ സ്‌കൂളിന്റെ മൈതാനം നിറയെ. കൂടെ വലിയ കാഞ്ഞിരങ്ങളും, വാകകളും. ഓടുമേഞ്ഞ നീണ്ട വരാന്തകളുള്ളവയായിരുന്നു അന്നത്തെ മിക്ക സ്‌കൂള്‍ കെട്ടിടങ്ങളും. വിശാലമായ മൈതാനങ്ങള്‍ അന്നു നാട്ടിലെ സ്‌കൂളുകള്‍ക്കൊരു അലങ്കാരം തന്നെയായിരുന്നു.

ഇവിടെ പച്ചപ്പുള്ള മൈതാനങ്ങള്‍ക്ക്‌പകരം പാര്‍ക്കിംഗ്‌ ലോട്ടുകള്‍ ആണ്‌. പതിനാലാം വയസിന്റെ മൂപ്പിലെത്തുംപോഴെക്കും സ്വന്തം വാഹനം ഓടിച്ചു കൊണ്ട്‌ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോകാം. കോണ്‍ക്രീറ്റു പാകിയ വിശാലമായ പാര്‍ക്കിംഗ്‌ ലോട്ടുകള്‍ക്കപ്പുറത്താണ്‌ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍.

കുഞ്ഞുന്നാളില്‍ മനസില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന സ്‌കൂള്‍ കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ ഈ അമേരിക്കന്‍ സ്‌കൂളുകള്‍ കാണുമ്പോള്‍ മനസില്‍ തെളിഞ്ഞു വരും. നിഷ്‌കളങ്കമായ ആ കാലത്തിന്റെ ഓര്‍മകളുടെ പൂവിതളുകള്‍ കൊഴിഞ്ഞു വീഴുകയാണ്‌ ഇതെഴുതുന്ന നിമിഷത്തില്‍. അക്കാലങ്ങളുടെ മിഴിവും തെളിച്ചവും ഈ അമേരിക്കന്‍ അധ്യയനമാസങ്ങള്‍ തട്ടിയുണര്‍ത്തുകയാണ്‌. ഭൂമിയിലെ എല്ലാ കുട്ടികളും മുതിര്‍ന്നവരെ അവരുടെ കുട്ടിക്കാലം ഓര്‍മപ്പെടുത്തുന്ന ഒരു മാസം ആണ്‌ സ്‌കൂള്‍ തുറക്കുന്ന മാസം.

ജൂണ്‍ മാസത്തിലെ നിര്‍ത്താതെ പെയ്യുന്ന മഴയിലൂടെ നനഞ്ഞും നനയാതെയും ആദ്യത്തെ ദിവസം സ്‌കൂളിലേക്കുള്ള യാത്ര. മനസിനകത്ത്‌ മടിയുടെ ഒരു പിന്‍വാങ്ങല്‍ ഉണ്ടെങ്കിലും കുഞ്ഞിക്കുടയുടെ കീഴില്‍ കാലുകളിലേക്ക്‌ വീഴുന്ന വെള്ളത്തുള്ളികളെ തെറിപ്പിച്ച്‌, ചെറു കൂട്ടങ്ങളായി പൂക്കളെ പോലെ ഒഴുകി നടക്കുന്ന സ്‌കൂള്‍ യാത്രകളും, മഴക്കാലവും വഴിയിലുള്ള വെള്ളത്തില്‍ക്കളികളും ഇപ്പോളും മനസില്‍ മഴ പോലെ നിര്‍ത്താതെ പെയ്യുന്നു.

ഓരോ വര്‍ഷവും സ്‌കൂള്‍ തുറക്കുമ്പോള്‍ കഴിഞ്ഞ ക്ലാസിലെ കൂട്ടുകാരികള്‍ തന്നെ ഈ വര്‍ഷവും ഉണ്ടാകുമോ എന്നുള്ള അസ്വസ്ഥത ഒരു വശത്ത്‌. ക്ലാസ്‌ ടീച്ചര്‍ ആരായിരിക്കും എന്നുള്ള വേവലാതി മറുവശത്ത്‌. ഞാനും ചില കൂട്ടുകാരികളും വലിയ വര്‍ത്തമാനക്കാരികളും കൊച്ചു കുസൃതികളും ആയിരുന്നതിനാല്‍ ഞങ്ങളെ നിവര്‍ത്തിയുണ്ടെങ്കില്‍ മിക്ക ടീച്ചര്‍മാരും ഓരോ വര്‍ഷവും വ്യത്യസ്‌ത ഡിവിഷനുകളില്‍ ആക്കുമായിരുന്നു . അതറിയാമെങ്കിലും, സ്‌കൂള്‍ തുറക്കാറാകുമ്പോള്‍ ആകെ ഒരു വിഷമമാണ്‌.

എട്ടാം ക്ലാസ്‌ മുതലാണ്‌ ഞങ്ങള്‍ക്ക്‌ വലിയ പാവാട നിര്‍ബന്ധം. ആറിലും ഏഴിലും പലവട്ടം തോറ്റു പഠിക്കുന്ന ചിലരും അന്നേ വലിയ പാവാടയിലാണ്‌ . വലിയ പാവാട അണിയല്‍ ഒരു ഓര്‍മപ്പെടുത്തലാണ്‌. മുതിരുന്നു എന്നും, എട്ടാം ക്ലാസ്‌ മുതല്‍ പഠനത്തിന്റെ ചുമട്‌ കൂടുകയാണ്‌ എന്നും ഉള്ള ഒരു തെര്യപ്പെടുത്തല്‍.

അന്ന്‌്‌ എന്നെപ്പോലെയുള്ള കുഞ്ഞ്‌ അടക്കാകുരുവികള്‍ (ഇന്നും ഞാന്‍ അത്രയേ ഒള്ളു , എന്നാണ്‌ നീളം വെച്ച്‌ തുടങ്ങിയപ്പോള്‍ മുതല്‍ മക്കള്‍ കണ്ടു പിടിച്ചത്‌!!) എട്ടാം ക്ലാസ്‌ മുതല്‍ കണങ്കാല്‍ വരെ നീണ്ടു കിടക്കു#്‌ന ഈ നീളന്‍ പാവാടയില്‍ പൊതിഞ്ഞു കെട്ടി, തട്ടി വീണാണ്‌ ഇതിട്ടു നടക്കാന്‍ പഠിക്കുക. ഒപ്പം വലിയ പെണ്‍കുട്ടികളായി എന്നുള്ള ഒരു തരം ഭാവവും ഈ പാവാട ഞങ്ങള്‍ക്ക്‌ സമ്മാനിച്ചിരുന്നു.. ജൂണ്‍ ജൂലൈ മാസങ്ങളിലെ മുട്ടുമഴക്കാലത്ത്‌, നീളന്‍പാവാടയിട്ട്‌, വഴി മുഴുവന്‍ അടിച്ചു വാരി ...നനഞ്ഞു കുളിച്ചാണ്‌, സ്‌കൂളില്‍ പോക്ക്‌...പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂള്‍ ആയിരുന്നതിനാല്‍ ക്ലാസ്‌ മുറികളില്‍ ചെന്ന്‌്‌ നനഞ്ഞ പാവാടയിലെ വെള്ളം പിഴിഞ്ഞ്‌ കളഞ്ഞ്‌, വിരിച്ചിടാന്‍ ഞങ്ങള്‍ക്ക്‌ അനുവാദമുണ്ട്‌. പെറ്റിക്കോട്ടു രക്ഷ.

സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ടീച്ചര്‍മാര്‍ ഒരു ലിസ്റ്റ്‌ തരും. ഇരട്ടവരയിട്ട ബുക്ക്‌ നാല്‌, ഒറ്റവര അന്ന്‌്‌ കേട്ടെഴുത്ത്‌ ബുക്ക്‌ ഒന്ന്‌, പകര്‍ത്തെഴുത്ത്‌ ബുക്ക്‌ ഒന്ന്‌, വരയിടാത്ത ബുക്ക്‌, drawing ബുക്ക്‌, പലവക ബുക്ക്‌ ഇവ വേറെ. ഞങ്ങളുടെ സ്‌കൂളുകളില്‍ സ്‌കൂള്‍ സൊസൈറ്റി വഴിയാണ്‌ ബുക്ക്‌ വിതരണം. അവിടെ കിട്ടാത്ത ബുക്കുകള്‍ പുറത്തുള്ള കടകളില്‍ നിന്നും വാങ്ങും. പാഠപുസ്‌തകങ്ങളും അത്‌ പോലെ തന്നെ.

പുതിയ പാഠപുസ്‌തകങ്ങളുടെയും, ബുക്കുകളുടെയും ഒരു നല്ല മണം, ഇപ്പോളും ഓര്‍മയില്‍ ഇടയ്‌ക്കെല്ലാം പൊങ്ങി വരും. ഈ പുതിയ പുസ്‌തകങ്ങള്‍ കണ്ണുകള്‍ അടച്ചു വെച്ചു മണത്തു നോക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല.

അഞ്ചാം ക്ലാസ്‌ മുതല്‍ എനിക്ക്‌ കണക്ക്‌ ഒരു ഭാരമായി വന്നതിനാല്‍ ട്യൂഷന്‍ പഠിപ്പിക്കാന്‍ അപ്പന്‍ ഒരു ട്യൂഷന്‍ മാസ്റ്ററെ ഏര്‍പ്പാടാക്കി. സാര്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു അമ്പലത്തിലെ, പൂജാകര്‍മങ്ങള്‍ക്ക്‌ കൂടിക്കൊടുക്കുന്ന ഒരു കുഞ്ഞു പൂജാരി കൂടെയാണ്‌. കണക്കിന്‌ മാസ്റ്റേഴ്‌സ്‌ ബിരുദം ഉണ്ടായിട്ടും കൈക്കൂലി കൊടുക്കാനില്ലാത്തതിനാല്‍ ജോലിയൊന്നും ആയില്ല. ജോലിയില്ലാത്തതിനാല്‍ വിവാഹവും കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. സാര്‍ ചെറുപ്പക്കാരനായതിനാലാവും എന്റെ അരികില്‍ ട്യൂഷന്‍ പഠിക്കാന്‍ അനുജനെയും കൂടി കൂട്ടിന്‌ ഇരുത്തും.

എന്റെ അനുഭവത്തില്‍ സാറിനു ഒരു ചെറുപ്പക്കാരന്റെ യാതൊരു ഗുണഗണങ്ങളും ഉണ്ടായിരുന്നില്ല. മൂക്കത്താണ്‌ ദേഷ്യം. കണക്കുകള്‍ തെറ്റിച്ചാല്‍ അടി എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി, പൊട്ട ഉത്തരങ്ങള്‍ കണ്ടാല്‍ സാറിന്റെ മൂക്ക്‌ വിറയ്‌ക്കും, വിയര്‍ക്കും. ആ കുഞ്ഞു പൂച്ചക്കണ്ണുകള്‍ ഒന്ന്‌്‌ കൂടി ചെറുതാകും. ചെവിക്കു പിടിത്തം,അടി,പിച്ച്‌ എല്ലാ ആയുധമുറകളും സാറ്‌ പ്രയോഗിക്കും..

സാര്‍ വരാറാകുമ്പോള്‍ ഞാന്‍ ഒന്നിന്‌ പകരം രണ്ടു പാവാട എടുത്തിടും. അടിച്ചാല്‍ നോവരുതല്ലോ. പഠിപ്പിക്കുന്ന സമയത്ത്‌ ആരും അങ്ങോട്ട്‌ നോക്കാന്‍ വരാറില്ല, അന്നത്തെ ഞങ്ങളുടെ വീട്ടു ജോലിക്കാരി തങ്ക ഇടയ്‌ക്കു സാറിനു കാപ്പിയുമായി വരും. അവള്‍ പോവാതെ അവിടെ ചുറ്റിപ്പറ്റി നിന്ന്‌്‌ കുണുങ്ങുമ്പോള്‍ ഞങ്ങള്‍ക്ക്‌ ചിരി വരും, സാറിനു ദേഷ്യവും. അവള്‍ പേടിച്ചു സ്ഥലം വിടും.

സാറിവിടെ ഞങ്ങളെ രണ്ടിനേം കൊന്നാലും ആരും അറിയില്ല. ഞങ്ങളുടെ കൈയിലിരുപ്പും അത്ര ക്ലീനായിരുന്നില്ല ഞങ്ങള്‍ സാറിനെ ശുണ്‌ഠി കേറ്റാന്‍ ഓരോ കുസൃതികള്‍ കാണിച്ചു കൊണ്ടേ ഇരിക്കും. അതിനനുസരിച്ച്‌ സാര്‍ ഒരു ഹിറ്റ്‌ലര്‍ ആകും. സാറിന്റെ ഈ പീഡനമുറകള്‍ കൊണ്ട്‌ ഞങ്ങള്‍ സഹികെട്ടു. ഒരു ദിവസം സാര്‍ തകൃതിയായി ഞങ്ങളെ കണക്കു പഠിപ്പിക്കുന്നു. എട്ടിന്റെ ലാസാഗു. ആണ്‌ കണ്ടു പിടിക്കേണ്ടത്‌. ലാസാഗു എന്ന സാധനം കണ്ടു പിടിച്ചവനെ കൈയില്‍ കിട്ടിയാല്‍ ഭസ്‌മമാക്കാനുള്ള അരിശമാണ്‌ എനിക്ക്‌. സാറ്‌ പഠിപ്പിക്കാന്‍ തുടങ്ങിയതില്‍പിന്നെ, എനിക്ക്‌ കണക്കിനോട്‌ എന്തെങ്കിലും ഇഷ്‌ടമുണ്ടായിരുന്നെങ്കില്‍ അതും പോയിക്കിട്ടി. ഒന്നും തലയില്‍ നില്‌ക്കുന്നില്ല. ഞാന്‍ പെന്‍സിലും കടിച്ച്‌ അവിടെയും ഇവിടെയും നോക്കി ഇരിക്കുമ്പോഴാണ്‌ സാര്‍ അത്‌ വായിക്കുന്നത്‌.`പൂച്ചക്കണ്ണന്‍, അമ്പലവാസി...പിശാച്‌, കാലമാടന്‍..ഈ തരത്തിലുള്ള ഗ്രേഡ്‌ കുറഞ്ഞ ചില ചീത്ത വാക്കുകള്‍ സാര്‍ വായിക്കുന്നു....`ദൈവമേ...പണി പാളി....

സാറിന്റെ സ്വതവേ ചുവന്ന മുഖം അല്‌പംകൂടി ചുവന്നു. തുള്ളല്‍പ്പനി വന്നത്‌ പോലെ സാറ്‌ വിറച്ചു തുള്ളി. ഞങ്ങളെ രണ്ടു പേരെയും പൊക്കി. അറിയാവുന്ന എല്ലാ അടിതടയും സാറ്‌ പ്രയോഗിച്ചിട്ടും, ആരാണ്‌ അത്‌ മേശയില്‍ എഴുതിയത്‌ എന്നുള്ള സത്യം രണ്ടു പേരും പറയുന്നില്ല. അന്നത്തെ ദിവസം സാറ്‌ വിറച്ചുതുള്ളി സൈക്കിള്‍ എടുത്ത്‌ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞു പോയി. ഇന്നും എനിക്കറിയില്ല അത്‌ ഞാനാണോ അവനാണോ എഴുതിയത്‌ എന്ന്‌. കൈയക്ഷരം കൊണ്ട്‌ സാറിനും കണ്ടു പിടിക്കാന്‍ പറ്റിയില്ല. മേശപ്പുറത്ത്‌ വിരിച്ചിരുന്ന തുണിയിലായിരുന്നു ആ കലാവിരുത്‌. പക്ഷെ, കാണുന്നിടത്ത്‌, എല്ലാം വല്ലതും കുത്തിക്കുറിക്കുകയും പടങ്ങള്‍ വരക്കുകയും ചെയ്യുന്ന ശീലം പണ്ടേ എനിക്കുണ്ട്‌. അതിനാല്‍ അത്‌ ചിലപ്പോള്‍ ഞാന്‍ തന്നെയായിരിക്കും.

എന്തായാലും, ഞങ്ങടെ ഭാഗ്യം കൊണ്ടാവാം, സാറിനു ആ ആഴ്‌ച പി.എസ്‌.സി സെലക്ഷന്‍ കിട്ടി. പീരുമേട്ടിലെങ്ങോ ഉള്ള ഒരു സ്‌കൂളില്‍ സാര്‍ അധ്യാപകനായി പോയി. അത്‌ പറയാന്‍ പിറ്റേ ദിവസം വീട്ടില്‍ വന്ന സാറിനെ കണ്ട്‌്‌ ഞങ്ങള്‍ പേടിച്ചു ഒളിച്ചിരുന്നു. എന്തായാലും സാര്‍ പഠിപ്പിച്ചതുകൊണ്ട്‌ ഗുണം ഉണ്ടായി, ഞാന്‍ പട്ടികകള്‍ കാണാതെ പഠിച്ചു. ആ വര്‍ഷത്തെ പരീക്ഷയില്‍ കണക്കിന്‌ തരക്കേടില്ലാത്ത മാര്‍ക്കും ലഭിച്ചു.

ആ വര്‍ഷം അങ്ങനെ തീര്‍ന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അപ്പന്‍ വീണ്ടും അന്വേഷിച്ച്‌ എനിക്ക്‌ ഒരു കണക്കുടീച്ചറെ കണ്ടുപിടിച്ചു തന്നു. പള്ളത്തിനടുത്തുള്ള പാക്കില്‍ എന്ന ഗ്രാമത്തിലാണ്‌ ടീച്ചറുടെ വീട്‌. ടീച്ചര്‍ വളരെ മിടുക്കിയാതിനാല്‍ നല്ല തിരക്കാണ്‌. രാവിലെ ആറ്‌ മണിയാണ്‌ എനിക്ക്‌ കിട്ടിയ സമയം. അത്രയും ദൂരം തനിയെ പോകേണ്ടതു കൊണ്ട്‌ ഞാന്‍ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെയുംകൂടി ഈ ട്യൂഷനില്‍ കൂട്ടി. അവളും എന്നെ പോലെ കണക്കിന്‌ മണ്ടിയാണ്‌.

അങ്ങനെ ഞാന്‍ രാവിലെ ഉണര്‍ന്ന്‌്‌ അവളുടെ വീട്‌ വഴി പോയി, അവളെയും കൂട്ടി, ടീച്ചറുടെ വീട്ടിലെത്തും. പക്ഷെ, പോകുന്ന വഴി. ഞങ്ങള്‍ക്ക്‌ പ്രലോഭനങ്ങള്‍ അനവധി. മുല്ലപ്പൂക്കള്‍നിറയെ പൂത്തു നില്‌ക്കുന്ന മുല്ലയുള്ള ഒരു വീടുണ്ട്‌ വഴിക്ക്‌.

അവരുടെ ഗേറ്റില്‍ പടര്‍ത്തിയിട്ടിരിക്കുന്ന മുല്ലവള്ളികള്‍ മുക്കാലും മതിലിലിനു വെളിയില്‍ റോഡ്‌ സൈഡിലാണ്‌. അങ്ങനെ സാത്താന്‍, മുല്ലവള്ളിയിലൂടെ, ഞങ്ങള്‍ ഹവ്വമാരെ മാടി വിളിക്കും. വിലക്കപ്പെട്ട കനി തിന്നോളാന്‍ പ്രേരിപ്പിക്കും. ഞങ്ങള്‍ മുല്ലപ്പൂക്കള്‍ പറിച്ചെടുക്കും. അത്‌ സുഗന്ധമുള്ള ഒരു മോഷണം ആയിരുന്നു. അന്നതിനെ ഒരു കളവായി കാണുന്ന പ്രായമല്ല. ആ വീട്ടിലാണെങ്കില്‍ മൂന്ന്‌്‌ നാല്‌ ആണ്‍കുട്ടികളാണ്‌. അപ്പോള്‍ പിന്നെ, ഈ വഴിയിലേക്ക്‌ ചാഞ്ഞു കിടന്നു ഞങ്ങളെ മാടി വിളിക്കുന്ന മുല്ലപ്പൂക്കളുടെ അവകാശം ഞങ്ങള്‍ക്കാണന്നോ, ഇതാണ്‌ ചിന്ത. പക്ഷെ, പല തവണയുള്ള മുല്ലപ്പു മോഷണം, ആ വീട്ടിലെ ഞങ്ങളുടെ സമപ്രായക്കാരനായ ഒരു കുരുത്തംകെട്ട ചെറുക്കന്‍ കണ്ടു പിടിച്ചു.

ഒരു ദിവസം ഞങ്ങള്‍ വരുന്ന സമയം നോക്കി അവന്‍ അവരുടെ അല്‍സേഷന്‍ പട്ടിയെ തുറന്നു വിട്ടു. അന്നോടിയ ഓട്ടം, പി.ടി ഉഷ പയ്യോളിയില്‍ പോലും ഓടിക്കാണില്ല. പക്ഷെ എത്രയായാലും പട്ടി അല്‍സേഷന്‍ അല്ലെ, അത്‌,എന്റെ പുറകെ ഓടി വന്നു കടിച്ചു. ഞാന്‍ പേടിച്ചു കാറിക്കൂവി. പട്ടി അതിന്റെ കടമ ചെയ്‌തു. എന്റെ കൂട്ടുകാരിക്ക്‌ കടി കിട്ടിയില്ല. അവള്‍ ഉരുണ്ടു വീണു കാല്‍മുട്ടിലെ തൊലി കുറെ പോയി. . എനിക്ക്‌ വീട്ടില്‍ ചെന്ന്‌ അപ്പന്റെ വീതം വേറെയും കിട്ടി. പക്ഷെ, പതിന്നാലു കുത്തിവെപ്പൊന്നും വേണ്ടി വന്നില്ല.

ആ ചെറുക്കന്‍ ഇന്ന്‌ അമേരിക്കയിലുണ്ട്‌. .അവന്റെ വീട്ടില്‍ ഇപ്പോഴും ഇത്തരം കടിക്കുന്ന പട്ടികള്‍ ഉണ്ടാവുമോ ആവോ? ഏതായാലും മുല്ലപ്പു ഉണ്ടാവില്ല ഉറപ്പ്‌..

പിന്നീട്‌ ഞങ്ങള്‍ നാണക്കേടു കൊണ്ട്‌, ആ വഴി പോവാതെ മറ്റൊരു വഴിയെ ആശ്രയിച്ചു. മുല്ലയും പിച്ചിയും വലിയ റോസപ്പൂക്കളും വീടുകള്‍ ഞങ്ങളെ ഭയപ്പെടുത്തി കൊതിപ്പിച്ചു. ഇടയ്‌ക്കെല്ലാം കണ്ണും കൈയും അങ്ങോട്ട്‌ നീളാതിരിക്കില്ല ...എന്നാലോ ഉള്ളിലെ ഇഷ്‌ടത്തെ വേദനയോടെ അവഗണിച്ചു പോകുമ്പോള്‍ ചെവിയില്‍ അല്‍സേഷന്റെ പേടിപ്പെടുത്തുന്ന കുര കേള്‍ക്കും... സാത്താനെ നീ ദൂരെപ്പോ...ഇനി എന്നെ പറ്റിക്കമെന്നോര്‍ക്കണ്ടഡാ പിശാചേ എന്ന്‌ മനസില്‍ മന്ത്രിക്കും..

ഒരു ദിവസം,...ഞങ്ങള്‍ വെളുപ്പിനെ ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്ക്‌ ചെല്ലുന്നു. സുര്യന്‍ അപ്പോഴും ഉദിച്ചിട്ടില്ല. ഇരുട്ട്‌ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. വീട്ടുകാര്‍ ഉണര്‍ന്നു വരുന്നതേയുള്ളു. വഴിയിലെങ്ങും ആരുമില്ല. ഞങ്ങള്‍ ചെന്ന്‌്‌ വാതിലില്‍ മുട്ടുമ്പോഴാണ്‌ ടീച്ചര്‍ വാതില്‍ തുറക്കുക. വീടിന്റെ വാതില്‌ക്കലായി നിറയെ മാങ്ങകളുള്ള ഒരു വലിയ മാവുണ്ട്‌...സാധാരണ ഞങ്ങള്‍ ചെല്ലുമ്പോള്‍ നല്ല പഴുത്ത മാങ്ങകള്‍ ഒന്നോ രണ്ടോ താഴെ വീണു കിടക്കും. അത്‌ പെറുക്കാന്‍ ടീച്ചര്‍ ഞങ്ങള്‍ക്ക്‌ അനുമതി തന്നിട്ടുമുണ്ട്‌.

പതിവ്‌ പോലെ. ഞങ്ങള്‍ വര്‍ധിച്ച സന്തോഷത്തോടെ, ഇരുട്ടില്‍ തപ്പി തടഞ്ഞ്‌ .മാങ്ങാ പെറുക്കി.സ്‌കൂള്‍ ബാഗിലിട്ട്‌ നിവരുമ്പോള്‍... കനമുള്ള എന്തോ ഒന്ന്‌ എന്റെ തോളില്‍ തട്ടി... തട്ടിയില്ല,...വീണ്ടും തട്ടി. ഞാന്‍ മുകളിലേക്ക്‌ നോക്കുമ്പോള്‍ കണ്ട കാഴ്‌ച എന്നെ നടുക്കിക്കളഞ്ഞു.

മാവിന്റെ വലിയ ശിഖരത്തില്‍ ഒരു രൂപം കണ്ണ്‌ തുറിച്ചു കടവായിലൂടെ ചോരയൊലിച്ച്‌.... അത്‌ ട്യൂഷന്‍ ടീച്ചറുടെ അഛന്‍ ആയിരുന്നു....അതിന്റെ തലേദിവസം പോലും, ഞങ്ങളെ നോക്കി സ്‌നേഹത്തോടെ ചിരിച്ചു യാത്രയാക്കിയ അവരുടെ അഛന്‍ ആ മാവില്‍ തൂങ്ങി നിന്നാടുന്നു,
അദ്ദേഹത്തിന്റെ കാല്‍പ്പാദങ്ങളാണ്‌, എന്റെ തോളില്‍ തട്ടിയത്‌. ഞാന്‍ ഒന്ന്‌ നോക്കിയത്‌ മാത്രം ഓര്‍മയുണ്ട്‌.

അന്നു ഞങ്ങള്‍ പേടിച്ചു കരഞ്ഞ്‌..വിളിച്ചു കൂവി ഓടിയ ഓട്ടം. ... രണ്ടു പേരും ദിവസങ്ങളോളം പനി പിടിച്ചു കിടന്നു...ബോഡി ആദ്യം കണ്ട സാക്ഷികള്‍ എന്ന പേരില്‍ പോലിസുകാര്‍ വീട്ടില്‍ വരുകയും ചെയ്‌തു. ഓര്‍ക്കുമ്പോള്‍ ഇന്നും ആ സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നു. അദ്ദേഹത്തിന്‌ വര്‍ഷങ്ങളായി മാനസിക അസുഖം പിടിപെട്ടിരുന്നു എന്നാണ്‌ പിന്നീട്‌ അറിഞ്ഞത്‌, എന്തായാലും പിന്നീട്‌ ഒരിക്കലും ഞങ്ങള്‍ ട്യൂഷന്‍ പഠിക്കാന്‍ അവിടെ പോയിട്ടില്ല.

അതെ, ഇന്നും. പഠിച്ച സ്‌കൂളുകളും പഠിപ്പിച്ച ടീച്ചര്‍മാരും കൂടെ പഠിച്ച കുട്ടികളും, സ്‌കൂളിലെ ക്ലാര്‍ക്ക്‌ മുതല്‍ കുട്ടിച്ചേട്ടന്‍, ഉപ്പുമാവുണ്ടാക്കുന്ന ഏലിക്കുട്ടിച്ചേടത്തി ഇവരെല്ലാം ഓര്‍മയില്‍ ഒരു പോറലും ഇല്ലാതെ, നിറം പോകാതെ തെളിഞ്ഞു നില്‌ക്കുന്നു....ആ കാലഘട്ടങ്ങളും...

വിജയ്‌ യേശുദാസിന്‌ അടുത്തിട അവാര്‍ഡ്‌ കിട്ടിയ ഒരു പാട്ടാണ്‌ ഇപ്പോള്‍ ഓര്‍മ വരുന്നത്‌..
`ഈ പുഴയും സന്ധ്യകളും...നീല മിഴിയിതളുകളും...
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി... ഓടിയെത്തുമ്പോള്‍.......`
അടുത്തിടെ നമ്മെ വിട്ടു പോയ കവി മുല്ലനേഴിയുടെ വരികളാണ്‌.

ഈ വരികള്‍ തീര്‍ച്ചയായും എന്നെയും നിങ്ങളെയും എവിടെയെല്ലാമോ കൊണ്ടുപോയി .
കുറെ പഴംകഥകള്‍ പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ലെന്നറിയാം. എന്നിരുന്നാലും...ആ ഒരു കാലഘട്ടം, അതിന്റെ ഒരു മധുരം....എങ്ങനെ മറക്കാന്‍ കഴിയും? എങ്ങനെ മായ്‌ക്കാന്‍ കഴിയും?
(
മലയാളം പത്രം തത്സമയം പംക്തിയില്‍ പ്രസിദ്ധീകരിച്ചത്‌)
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി...(മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക