Image

പൈറസി, മോഷണം അല്ലെങ്കില്‍ കോപ്പിയിംഗ്

മാത്യു മൂലേച്ചേരില്‍ Published on 12 September, 2012
പൈറസി, മോഷണം അല്ലെങ്കില്‍ കോപ്പിയിംഗ്
അധികം കഴ്ടപ്പെടുവാന്‍ താത്പ്പര്യമില്ല എന്നാല്‍ ചുളുവില്‍ കാര്യങ്ങള്‍ സാധിച്ചെടുക്കണം എന്നുള്ളത് മനുഷ്യന്റെ ഒരു പ്രവണതയാണ്; അതിനു മോഷണം അല്ലെങ്കില്‍ കോപ്പിയിംഗ് എന്നൊക്കെ പറയാം.പ്രത്യേകിച്ച് ദേശമെന്നോ, ഭാഷയെന്നോ, ഒരു സമൂഹമെന്നോയുള്ള വ്യത്യാസങ്ങള്‍ ഒന്നുതന്നെ അതിനില്ല. ഓരോരുത്തര്‍ വളരെ കഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ അദ്വാനിച്ചു അവരുടെ ശ്രമഫലമായ് കണ്ടുപിടിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍, സോഫ്റ്റ് വെയെര്‍, മരുന്നുകള്‍, സാഹിത്യ രചനകള്‍, സിനിമകള്‍, കമ്പനി ലോഗോകള്‍ അങ്ങനെ പലതും ആ ഗണത്തില്‍ പെടും. സാധാരണ ജനങ്ങള്‍ മാത്രമല്ല ലോകത്തിലെ ചെറുതും വലുതുമായ രാഷ്ട്രങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്. രാഷ്ട്രങ്ങള്‍ക്കാവട്ടെ അതിനായ് അവരുടെതായ ചാര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രങ്ങളുടെ ഇത്തരം പ്രവര്‍ത്തികള്‍ അധികമാര്‍ക്കും തടയുവാന്‍ പറ്റില്ല. കാരണം ലോകത്തിന്റെ നീയമാപാലകരെന്നും, നടത്തിപ്പുകാരെന്നും സ്വയം അവകാശപ്പെടുന്ന ഇന്നുള്ള യു.എന്‍നിന് അതിനുള്ള കഴിവുകള്‍ ഒന്നും തന്നെയില്ല. പക്ഷെ മനുഷ്യന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് തടയിടുവാന്‍ യു.എന്‍ഉം പിന്നെ അതാതു രാഷ്ട്രങ്ങളും പലവിധമായ നീയമങ്ങള്‍ നിലവില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും അത്തരം നീയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയെന്നത് എളുപ്പമുള്ള ഒരു കാര്യവുമല്ല, അതിനു കാരണം ഇന്ന് ലോകം വളരെ ചെറുതാണ്, സാങ്കേതിക വിദ്യകളുടെയും ഇന്റെര്‍നെറ്റിന്റെയും അധിപ്രസരണം നിമിത്തം ആര്‍ക്കും എന്തും എവിടെയിരുന്നും ഞൊടിയിടയില്‍ ചെയ്യുവാന്‍ സാധിക്കുന്നു.

മറ്റുള്ള എല്ലാ നാടുകളിലെയും പോലെ നമ്മുടെ നാട്ടിലും ഇപ്രകാരമുള്ള പ്രവര്‍ത്തികള്‍ തടയുന്നതിന് നിരവധി നീയമങ്ങള്‍ നിലവിലുണ്ട്. അതില്‍ ചിലത്  ഐ.പി.സി. സെക്ഷന്‍ 63 , 64 കോപ്പി റൈറ്റ് ആക്ട്‌., സെക്ഷന്‍ 13(2) r/w 13(1)(d)പി.സി.. ആക്ട്‌ , 1988.  u/s 120B r/w 420, 468, 471 ഐ.പി.സി., u/s 63, 63B കോപ്പി റൈറ്റ് ആക്ട്‌  1957, u/s 66, 85 ഐ.ടി.ആക്ട്‌  2000, u/s 13(2) r/w 13(1)(d) പി.സി.ആക്ട്‌ 1988 ,u/s 132 കസ്റ്റംസ് ആക്ട്‌.

ഐ.പി.സി. സെക്ഷന്‍63 636363പ്രകാരം ഒരു വ്യക്തിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറ്റസ്റ്റ് ചെയ്യുവാന്‍ പോലീസിനു അധികാരം കൊടുക്കുന്നു. ആ ഒരു വ്യക്തി കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് 6 മാസംവരെ ജയിലും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കാം.

ഈ നീയമങ്ങളില്‍ എനിക്ക് അത്ര പരിചയം പോരാ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ നിങ്ങള്‍ നിങ്ങളുടെ അഭിഭാഷകരുമായ് ബന്ധപ്പെടെണ്ടതാണ്. എന്തായാലും ഇത് ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ തന്നെ. അമേരിക്കയില്‍ ഇതിനുള്ള നീയമങ്ങള്‍ 1603 മുതല്‍ നിലവില്‍ ഉണ്ട്. ഇന്ന് ലോകമെമ്പാടും നടക്കുന്ന ഇത്തരം പ്രവര്‍ത്തികളെ വീക്ഷിക്കുവാനും കുറ്റവാളികളെ കണ്ടുപിടിച്ചു അതാതു രാജ്യങ്ങളിലെ നീയമാപാലകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനുമായ്, യുണൈറ്റെഡ് നേഷന്‍സ് എട്യുകേഷണല്‍ സയന്റിഫിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (UNESCO) ആഭിമുഖ്യത്തില്‍ 2005 മുതല്‍ വേള്‍ഡ് ആന്റി പൈറസി ഒബ്‌സര്‍വേറ്ററി (WAPO) പ്രവര്‍ത്തിക്കുന്നു. ഇവരുടെ സേവനങ്ങള്‍ സൌജന്യവും ആണ്.

ഇന്ന് ലോകത്തില്‍ അനേകം കമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഒരു സിനിമയോ ആല്‍ബമോ ഒരു ബുക്കോ രംഗത്തിറക്കിക്കഴിയുന്നതിന്റെ നേര്‍പ്പിറ്റേന്നുതന്നെ കുബുദ്ധികളായ ഇത്തരം കമ്പനിക്കാര്‍ അതു പകര്‍ത്തി അവരുടെ വെബ് സൈറ്റുകള്‍ വഴി ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്നു. അത്തരം വെബ് സൈറ്റുകളില്‍ ധാരാളം പേര്‍ ദിനം പ്രതി കടന്നു വന്നു ഈ സിനിമകളോ, ആല്‍ബമോ, മറ്റു സാഹിത്യങ്ങളോ കാണുന്നതില്‍ കൂടെ ഇവര്‍ക്ക് ലഭിക്കുന്ന അംഗംത്വ വേതനങ്ങളും കൂടാതെ പരസ്യങ്ങളില്‍ കൂടെ ലഭിക്കുന്ന വരുമാനങ്ങളും വളരെ വലുതാണ്.ആന്റ്റൈ പൈറസി അക്റ്റിന്റെയും, കോപി റൈറ്റ് നീയമങ്ങളുടെയും പിന്ബലത്താല്‍ പണ്ടുണ്ടായിരുന്ന ഇത്തരം അനേകം കമ്പനികളെ നീയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുവാനും, നിര്‍ത്തല്‍ ചെയ്യുവാനും ചെയ്യുവാനും അധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ഇന്നും അനേകം വെബ്‌സൈറ്റുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ആ വെബ്‌സൈറ്റുകളുടെ പലതിന്റെയും പ്രത്യേകത അവര്‍ സ്വയമായ് ഒന്നും അവരുടെ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാറില്ലായെന്നുള്ളതാണ് . അവരുടെ അംഗങ്ങളോ അവരുടെ പിണിയാളുകളോ ആണ് ആ സൈറ്റുകളില്‍ ഓരോന്നും അപ്‌ലോഡ് ചെയ്യുന്നത്. അപ്ലോഡ് ചെയ്യുന്നവര്‍ കൂടുതലും യു ട്യൂബ്, ടോറെന്റ്‌സ്, യൂകൂ, ഫയല്‍സ് ട്യൂബ്, മുതലായ ഫയല്‍ ഷയറിംഗ് സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്യുന്നു. അതിനു ശേഷം അതിന്റെ ലിങ്കുകളും മറ്റും ഇവരുടെ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്നു. അങ്ങനെ ഇവര്‍ സകല നീയമക്കുരുക്കുകളില്‍ നിന്നും രക്ഷപെടുകയും ചെയ്യുന്നു. ഓളങ്ങള്‍ . കോം, സൌത്ഫുള്‍. നെറ്റ്, മല്ലുബോക്‌സ്, അങ്ങനെ നിരവധി സൈറ്റുകള്‍ ഇന്ന് നിലവില്‍ ഉണ്ട്.

ഇത്തരം പകര്‍ത്തലുകളും സംപ്രേഷണങ്ങളും തടയുന്നതിനായ് 1995 മുതല്‍ ലോകത്ത് പല വലിയ കമ്പനികളും പലവിധമായ സോഫ്റ്റ് വെയറുകള്‍ കണ്ടുപിടിക്കുന്നതിനായ് ശ്രമിച്ചു വരുന്നു. എന്നാല്‍ ഇതുവരെയും പൂര്‍ണ്ണ ഫലപ്രാപ്തിയുണ്ടായ ഒരു പ്രോഗ്രാമും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതില്‍ പ്രധാനപ്പെട്ടത് സി.ഡിയുടെയും ഡി.വി.ഡി യുടെയും വരവോടെ നീയമവിരുദ്ധമായ് അനേകര്‍ കോപ്പികള്‍ എടുത്തു വില്ല്കുന്നത് തടയുവാന്‍ സോണി കോര്‍പറേഷന്‍ കണ്ടുപിടിച്ച ഒരു സോഫ്റ്റ്‌വെയര്‍ ആയിരുന്നു. അവര്‍ അവകാശപ്പെട്ടത് സി.ഡിയില്‍ ഓഡിയോ വീഡിയോ പ്രോഗ്രാമുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന കൂട്ടത്തില്‍ അവരുടെ പ്രോഗ്രാം കൂടെ ഉള്‍പ്പെടുത്തിയാല്‍ പിന്നെ ലോകത്തിലുള്ള ഒരു വി.സി.ആറിനും അത് റെക്കോര്‍ഡ് ചെയ്യുവാന്‍ സാധ്യമല്ല എന്നുള്ളതായിരുന്നു. എന്നാല്‍ അതീവ ബുദ്ധിയുള്ള മനുഷ്യര്‍ അതിനെ മറികടക്കുവാനായ് അപ്പോള്‍ തന്നെ പുതിയ റിപ്പിംഗ് ടൂളുകളും കണ്ടെത്തി. അങ്ങനെ അന്നുതൊട്ട് പലതും കണ്ടുപിടിക്കും പിറ്റേ ദിവസം തന്നെ അതിനു ബദല്‍ ആയി മറ്റൊന്നും കണ്ടുപിടിച്ചിരിക്കും. ഈ കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിലെ പ്രധാന വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ട ഒരു വാര്‍ത്തയാണ്, ജാദു എന്നൊരു കമ്പനി പൈറസി കണ്ടുപിടിക്കുന്നതിനായ് പുതിയ ഒരു സോഫ്റ്റ്‌വെയര്‍ കണ്ടു കണ്ടുപിടിച്ചെന്നുള്ളത്, ആ സോഫ്റ്റ്‌വെയറിന്റെ സഹായത്താല്‍ ബാച്ച്‌ലെര്‍ പാര്‍ട്ടി എന്ന സിനിമ ഇത്തരുണത്തില്‍ അപ്‌ലോഡ് ചെയ്തവരും, അത് ഡൌണ്‍ലോഡ് ചെയ്തു കണ്ടവരുമായ 1010 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്നും. അതില്‍ എത്രമാത്രം ശരിയുണ്ട് എന്നുള്ള കാര്യം ഇപ്പോഴും ബോധ്യമല്ല. കാരണം കേരളം എന്നത് ഇത്തരം സ്റ്റണ്ടുകളുടെ ഒരു നാടാണ്. ഒരു പത്രവാര്‍ത്തപോലും വിശ്വാസയോഗ്യവുമല്ല. ഇന്ന് അവര്‍ക്ക് കാശുകൊടുത്താല്‍ എന്ത് കള്ളത്തരവും, തോന്ന്യവാസവും എഴുതിപ്പിടിപ്പിക്കാന്‍ മടികാണിക്കാറുമില്ല. ശരിക്കും അങ്ങനെ ഒരു സോഫ്റ്റ്‌വെയര്‍ ജാദു കണ്ടുപിടിച്ചിട്ടുണ്ടങ്കില്‍ വളരെ നല്ല കാര്യം തന്നെ.

നമ്മുടെ നാട്ടില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള സിനിമകളിലും സാഹിത്യ രചനകളിലും നല്ലൊരു പങ്കും മറ്റു പല നാടുകളിലെ ഭാഷകളില്‍ നിന്നോ മറ്റു പലരുടെയും നല്ല കൃതികളില്‍ നിന്നോ മറ്റും ചൂഷണം ചെയ്തു അതിനു അല്‍പ്പസ്വല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തി ഉണ്ടാക്കുന്നവയാണ്. അത് നമ്മുടെ നീയമാപാലകര്‍ക്കും നമ്മുടെ സെന്‍സര്‍ ബോര്‍ഡിനും കൂടാതെ ജനങ്ങള്‍ക്കും അറിവുള്ള കാര്യങ്ങള്‍ തന്നെ. ഒരു ഉദാഹരണം പറഞ്ഞാല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായ് അഭിനയിച്ചു ജനപ്രീതി നേടി വന്‍ ലാഭങ്ങള്‍ കൊയ്ത സിനിമയായ സി.ഐ.ഡി. മൂസയായിരുന്നു. എന്നാല്‍ ശരിക്കും ഈ സിനിമ കണ്ടു നോക്കിയാല്‍ ഇതില്‍ ചാര്‍ലി ചാപ്‌ളിന്‍ സിനിമകള്‍ തൊട്ടു പലസിനിമകളുടെ രംഗങ്ങളുടെയും ആശയങ്ങളുടെയും ഒരു കൂട്ടിക്കെട്ടല്‍ കാണുവാന്‍ സാധിക്കും. അതുപോലെ തന്നെ പല പ്രമുഖരുടെയും പ്രമുഖമായ സിനിമകളും. ഇവരെല്ലാം സ്വദേശ ഭാഷകളില്‍ നിന്നോ വിദേശഭാഷകളില്‍ നിന്നോ സീനുകളും ആശയങ്ങളും ഒക്കെ മോഷ്ടിക്കുന്നു. അതുപോലെ തന്നെ പാട്ടുകളും അതിന്റെ ട്യൂണുകളും, മറ്റു സാഹിത്യ സൃഷ്ടികളും. ഇന്ന് ഇന്റര്‍നെറ്റില്‍ ഓരോരുത്തര്‍ കഴുകരെപ്പോലെ നോക്കിയിരിക്കുകയാണ്, ആരെങ്കിലും എന്തെങ്കിലും ഒന്ന് എഴുതി പോസ്റ്റ് ചെയ്യുവാന്‍. ആ പോസ്റ്റ് അവിടെ ഇടേണ്ട താമസം ആ പോസ്റ്റ് അതേപടിയോ അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ വരുത്തിയോ ഉടനടി എവിടെയെങ്കിലും പോസ്റ്റ് ചെയ്യുകയോ, ബുക്കുകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയോ ചെയ്യപ്പെടുന്നു. അതൊന്നും ആര്‍ക്കും തടയാന്‍ പറ്റാത്ത കാര്യങ്ങള്‍ തന്നെ, അഥവാ അറിഞ്ഞാല്‍ തന്നെ നടപടികളും എടുക്കാറില്ല.

ഒരുവന്‍ ഒരു കൃതി രചിക്കുകയോ ഒരു സിനിമ പിടിക്കുകയോ, പുതുതായ് ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയോ ഒക്കെ ചെയ്യുക എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അതൊക്കെ അവര്‍ സാധിക്കുന്നത് അവരുടെ ജീവിതത്തിന്റെ നല്ലൊരുഭാഗം അതിനായ് വിനിയോഗിച്ചു വളരെ കഷ്ടപ്പെട്ടും പ്രയാസപ്പെട്ടും തന്നെയാണ്. ഒരു സിനിമ പിടിക്കുവാന്‍ പണം മുടക്കുന്നവരില്‍ പലരും അവരുടെ കിടപ്പാടം വരെ പണയപ്പെടുത്തിയിട്ടാണ് ഇറങ്ങിത്തിരിക്കുന്നത്. അതൊക്കെ അവര്‍ക്ക് സിനിമയോടുള്ള അല്ലെങ്കില്‍ കലയോടുള്ള സ്‌നേഹം ഒന്നുകൊണ്ടു മാത്രം. അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഒന്നില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെങ്കില്‍ എന്തായിരിക്കും അവരുടെ അവസ്ഥ. എന്നാല്‍ ഇത്തരം മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ഒരു ഉദ്ദേശ്യം മാത്രമേ അവരുടെ മുന്പാകേയുള്ളൂ. എങ്ങനെയെങ്കിലും കുറച്ചു പണം ഉണ്ടാക്കണം, അത് എളുപ്പവും ആയിരിക്കണം. അതിനുള്ള കുറുക്കുവഴികളില്‍ ഒന്നാണ് അവര്‍ക്കീ കലാപരിപരിപാടികള്‍ . അവര്‍ക്കൊന്നും കലയോടോ സാഹിത്യത്തിനോടോ ഒന്നും ഒരുതരത്തിലുമുള്ള പ്രതിപത്യതയുമില്ല.

ഓരോ ദിനവും നീയമങ്ങള്‍ കര്‍ക്കശപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതുപോലെ ഇന്റര്‍നെറ്റില്‍ കോപ്പി റൈറ്റ് ഉള്ള സിനിമകളോ ആല്‍ബങ്ങളോ പോസ്റ്റ് ചെയ്യുന്നതും ഡൌണ്‍ ലോഡ് ചെയ്യുന്നതും, അത് വെറുതെയിരുന്നു കാണുന്നതും ഒക്കെ കുറ്റകരം തന്നെ. അതിനായ് ലോകത്തില്‍ ഇന്ന് ഒരുപാട് സൈബര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. മുന്‍പ് പറഞ്ഞതുപോലെ പിടിച്ചാല്‍ ജയിലും പിഴയും ലഭിക്കുന്ന കുറ്റം തന്നെയാണിത്. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും വളരെ ശ്രദ്ധിപ്പീന്‍! ഇപ്പോള്‍ ശ്രദ്ധിച്ചാല്‍ പിന്നെ ദു:ഖിക്കേണ്ടി വരില്ല
പൈറസി, മോഷണം അല്ലെങ്കില്‍ കോപ്പിയിംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക