Image

വേദങ്ങള്‍ വിശ്വപ്രേമ വാതായനങ്ങള്‍ (ശ്രീധര്‍ജി)

Published on 14 September, 2012
വേദങ്ങള്‍ വിശ്വപ്രേമ വാതായനങ്ങള്‍ (ശ്രീധര്‍ജി)
ആര്‍ഷ ഭാരതത്തിന്റെ ചിരപുരാതനമായ വേദസാഹിത്യം ആഴിയോളം അപാരമാണ്‌. ഓരോ പണ്ഡിതനും നമ്മുടെ വേദസമ്പത്തുകളെ ഓരോ കോണിലൂടെ വീക്ഷിക്കുകയും പരമാവധി വ്യാഖ്യനിക്കുകയും ചെയ്‌തിട്ടുണ്‌ട്‌. വ്യാഖ്യാനിക്കുന്തോറും കൂടുതല്‍ കൂടുതല്‍ വ്യാഖ്യാനിക്കപ്പെടാന്‍ തന്നെ ഗഹനമായി വേദങ്ങള്‍ നിലകൊള്ളുന്നു. താരതമ്യേന പാമരനായ എനിക്കു ഒരു പക്ഷേ തുലോം തുച്ഛമായ ഒരപഗ്രഥനത്തിന്‌ മാത്രമേ സാധിക്കുകയുള്ളൂ.

വിദ്യയെ പ്രദാനം ചെയ്യുന്നത്‌ വേദം എന്താണ്‌ നിഷ്‌പത്തി (അഥവാ വ്യാഖ്യാനം) ആ വേദത്തിന്റെ ഉദാത്ത ലക്ഷ്യമായ പരമജ്ഞാനം അഥവ വേദാന്തം ജീവാത്‌മാവിന്റെ പരമാത്മാവിനോടുള്ള താരാത്മ്യം പ്രാപിക്കലാണ്‌. അതിനെ അതീന്ദ്രിയ ധ്യാനത്തിലൂടെ ലഭിക്കുന്ന തുര്യാവസ്ഥ എന്നും തുര്യാതീതാവസ്ഥയെന്നും സംജ്ഞകള്‍ നല്‍കപ്പെട്ടിരിക്കുന്നു. മിസ്റ്റിസിസം അതിനോടു സാമീപ്യമുള്ള സാഹിത്യശാഖയാകുന്നു.

അന്നു പരിഷ്‌കൃതരായിരുന്ന ഭാരത ദ്രാവിഡരെ അപരിഷ്‌കൃതരും നാടോടികളുമായിരുന്ന ആര്യന്മാര്‍ തോല്‍പ്പിച്ചിട്ട്‌ ആധിപത്യം സ്ഥാപിച്ച ഭാരതഖണ്ഡം, അവര്‍ പ്രകൃതി ശക്തികളായ ഇടി, മിന്നല്‍ മുതലായവയെ ഭയന്ന്‌ അവയെ പ്രാര്‍ത്ഥിച്ചിരുന്ന വെറും ജല്‍പ്പനങ്ങളായിരുന്നു വേദങ്ങള്‍ എന്ന്‌ ഒരു കൂട്ടര്‍ പുശ്ചിക്കുന്നു.

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ സ്വാംശീകരിച്ച്‌ ജഡത്തില്‍നിന്നും ജീവനും തുടര്‍ന്ന്‌ സസ്യലതാദികളും ജന്തുക്കളും ജന്തു വര്‍ഗത്തില്‍ കുരങ്ങന്‍ പരിണമിച്ച്‌ മനുഷ്യനുമായി എന്നുള്ള ഭാവനയെ അപ്പാടെ വിഴുങ്ങുകയാണുണ്‌ടായത്‌. എന്നാല്‍ വസ്‌തുത അതല്ല.

ജഡത്തില്‍നിന്നും ജീവനുണ്ടാകില്ല. ജീവനില്‍ നിന്നേ ജീവനുണ്ടാകുകയുള്ളൂ. പരമമായ ദൈവിക ചൈതന്യത്തില്‍നിന്നാണ്‌ ജീവനുണ്ടായത്‌. സഹസ്രാബ്‌ദങ്ങള്‍ കഴിഞ്ഞാലും മനുഷ്യന്‍ പരിണമിച്ച്‌ മറ്റൊരു ജീവിയാകാന്‍ പോകുന്നില്ല. അഗാധമായ തപസനുഷ്‌ഠിച്ച ഋഷികള്‍ പ്രപഞ്ചത്തിന്റെ ആത്‌മാവിലേക്ക്‌ ഊളിയിട്ടിറങ്ങി കടഞ്ഞെടുത്ത അന്തസത്തയാണ്‌ വേദങ്ങള്‍. ബ്രഹ്മാണ്ഡത്തിലെ അതിഭീമന്മാരായ അനന്തകോടി നക്ഷത്രങ്ങള്‍ മുതല്‍ പരമാണു വരെ ബ്രഹ്മം അഥവ ഈശ്വര ചൈതന്യം തന്നെ എന്നുള്ള വസ്‌തുത ഉള്‍ക്കൊണ്ടു. അതു ഇതരര്‍ക്കുള്ള നന്മക്കുവേണ്ടി വേദങ്ങളായി സംഗ്രഹിക്കപ്പെട്ടു. കൃഷ്‌ണദൈ്വപായന മഹര്‍ഷി വേദങ്ങളെ വ്യസിച്ച്‌ വേദവ്യാസനായി. ഋഗ്‌, യജൂര്‍, സാമ, അഥര്‍വവേദങ്ങള്‍, ഉപനിഷത്തുകള്‍, സംഹിതകള്‍, ബ്രാഹ്‌മണങ്ങള്‍, ആരണ്യകങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളാകുകയും ജ്യോതിഷം, ആയുര്‍വേദം, ധനുര്‍വേദം മുതലായ അനവധി ഉപാംഗങ്ങളുമുണ്ടായി. ഋഗ്‌ വേദത്തിലെ ഏറെ പ്രധാനമായ പുരുഷ സൂക്ത മന്ത്രം തന്നെ അദൈ്വത ചിന്തയാണ്‌. പ്രപഞ്ചശക്തി, അഥവാ പരബ്രഹ്മ കല്‍പ്പനയാല്‍ ആയിരം തലയും ആയിരം കണ്ണുകളും ആയിരം കൈകളുമുള്ള പ്രപഞ്ച പുരുഷന്‍ സംജാതനായി എന്ന്‌ ബാഹ്യമായി കാവ്യ ഭംഗിയാല്‍ ദ്യോതിപ്പിക്കുന്നത്‌ ഈ അണ്ഡകടാഹത്തിലെ സൂര്യനുള്‍പ്പെടെയുള്ള അനന്തകോടി നക്ഷത്രങ്ങളുടെ സൃഷ്‌ടിയെ തന്നെയാണ്‌. സുഷുപ്‌താവസ്‌തയിലിരുന്ന അഥവാ പ്രകഷേര്‍ണലയമെന്ന - പ്രളയാവസ്‌ഥയെന്ന-മഹാ യോഗാവസ്ഥയിലിരുന്ന പ്രപഞ്ചശക്തി `ഓം' കാരനാദ മഹാസ്‌ഫോടനത്തിലൂടെ നക്ഷത്രജാലങ്ങളുള്‍ക്കൊള്ളുന്ന പ്രപഞ്ച സൃഷ്‌ടിയായി. അങ്ങനെ ശക്തി സംയുക്തനായ വിരാട്‌ പുരുഷന്‍ അഥവ പ്രപഞ്ചപുരുഷന്‍ തന്നെയാണ്‌ ജഗദീശ്വരന്‍ എന്ന തത്വം ഇവിടെ വ്യക്തമാക്കപ്പെടുകയാണ്‌.

പ്രപഞ്ചത്തിലെ സര്‍വ സൃഷ്‌ടികളിലും അന്തര്‍ലീനമായ, അന്തര്‍ധാരയായ, ആധാരയായ, ആധാരസൂത്രമായ ദൈവം സര്‍വചരാചരങ്ങളില്‍നിന്നും അഭിന്നമാണ്‌. പ്രപഞ്ചത്തിലെ വ്യത്യസ്‌ത ശക്തി ഭാവങ്ങളായ വരുണന്‍, അഗ്നി, വായു, ഭൂമി, വാതകങ്ങള്‍ നിറഞ്ഞ ആകാശം എന്നീ പഞ്ചഭൂതങ്ങളെക്കൊണ്‌ടു സഞ്ചിതമായിരിക്കുന്ന പ്രപഞ്ചം ഒരേ ശക്തിയുടെ വ്യത്യസ്‌ത ഭാവങ്ങള്‍ മാത്രമാണ്‌. അതാണ്‌ വേദത്തില്‍ പറഞ്ഞ `ഏകം സത്‌ വിപ്രാ: ബഹുധാവദന്തി' ദൈവം ഒന്നു മാത്രം. ഋഷികള്‍ അവയെ വിവിധ സാഹചര്യങ്ങളില്‍ വിവിധ ആഗ്രങ്ങള്‍ക്കായി വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും കഠിനതപസിലൂടെ ദര്‍ശിച്ചു. അങ്ങനെ വ്യത്യസ്‌ത മന്ത്രങ്ങളും ആരാധിക്കപ്പെടാന്‍ ദൈവഭാവങ്ങളുമുണ്‌ടായി. ദ്രവരൂപത്തിലെ ജലത്തെ മനുഷ്യര്‍ വിവിധ ആവശ്യങ്ങള്‍ക്കായി നീരാവിയായും ജലമായും മാറ്റുന്നതുപോലെയോ സൂര്യരശ്‌മിയെ കോണ്‍വെക്‌സ്‌ ലെന്‍സിലൂടെ കേന്ദ്രീകരിപ്പിച്ച്‌ അഗ്നിയാക്കി മാറ്റുന്നതുപോലെയോ പ്രപഞ്ചത്തില്‍ ഘനീഭൂതമായ ദൈവികശക്തിയെ മന്ത്രതന്ത്രാദികളാല്‍ ആവാഹിച്ച്‌ വ്യത്യസ്‌താവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയെന്നു മാത്രം.

`സാധകനാനാം ഹിതാര്‍ത്ഥായ ബ്രഹ്മണോരൂപ കല്‍പ്പന' സാധകരുടെ, പ്രാര്‍ത്ഥനാ പ്രയത്‌നം ചെയ്യുന്നവരുടെ, ആഗ്രഹത്തിനനുസരിച്ച്‌ ബ്രഹ്മത്തിന്‌ - ഈശ്വരന്‌ വിവിധ രൂപഭാവങ്ങള്‍ കല്‍പ്പിതമായി.

`ഏകോദൈവസര്‍വ്വ ഭൂതേഷു ഗൂഢ സര്‍വവ്യാപി സര്‍വ ഭൂതാന്തരാത്മാ' ഓരേ ഒരു ദൈവം മാത്രമാണ്‌ സര്‍വ വ്യാപാരിയായി സര്‍വത്തിനും അന്തരാത്മാവായി നിലകൊള്ളുന്നത്‌.

ഋഗ്വേദത്തിലെ ഐതരേയോപനിഷത്തില്‍ പറയുന്നു. `പ്രജ്ഞാനം ബ്രഹ്മം' ഏകദൈവജ്ഞാനം തന്നെ ബ്രഹ്മം. യജൂര്‍വേദത്തിലെ ബ്രഹദാണ്യകോപനിഷത്തിലെ `അഹം ബ്രഹ്മാസ്‌മി' ഞാന്‍ തന്നെ ബ്രഹ്മം - ഞാന്‍ പ്രപഞ്ചശക്തിയില്‍നിന്നഭിന്നനാണ്‌.

സാമവേദത്തിലെ ഛന്ദഹ്യോപനിഷത്തിലെ `തത്വമസി' (തത്‌ - അതു അഥവാ ബ്രഹ്മം `ത്വം' നീ `അസി' ആകുന്നു. Prote form ല്‍ നിന്നു Indo Germanic ആയി വേര്‍തിരിഞ്ഞ ഇംഗ്ലീഷില്‍ That Thou is)

അഥര്‍വ വേദത്തിലെ മണ്ഡൂകോപനിഷത്തില്‍ അയമാത്മബ്രഹ്മം: ആത്മബ്രഹ്മം ഞാനാകുന്നു.

ഈശോവാസ്യ ഉപനിഷത്തിലെ ഈശോ വാസ്യമിദം സര്‍വം യല്‍ കിഞ്ച ജഗത്യാം ജഗത്‌ (ലോകത്തിലെ എല്ലാ വസ്‌തുക്കളിലും പരമാത്മാവായ ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു.)

ഈ തത്വങ്ങളുടെ സാരാംശമുള്‍ക്കൊണ്ടാകാം പില്‍ക്കാലത്തെ മിസ്റ്റിക്കുകളും Transendental pantheist കളുമുണ്ടായത്‌. അവര്‍ക്കുവേണ്ട പരമോദാത്ത ശക്തിദായകരായിരുന്നു മുന്‍കാല ഋഷികള്‍. ഇത്‌ പില്‍ക്കാലത്തെ സാധാരണ കവികളിലും ആമൂര്‍ത്തങ്ങളായെങ്കിലും സ്വാംശീകരിക്കപ്പെട്ടതായി കാണാം. ജി. ശങ്കരക്കുറുപ്പിന്റെ
ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതാം കരതാരി യന്നൊരു ചിത്ര ചാതുരികാട്ടിയും
ഹന്തചാരുകടാക്ഷമാലകളക്ക രശ്‌മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്‌ത്തുവിന്‍

ഇതിനുദാഹരണമാണ്‌.

പ്രശസ്‌ത പ്രകൃതി ഗായകനായ വില്യം വേര്‍ഡ്‌സ്‌വര്‍ത്തിന്റെ കാലഘട്ടത്തില്‍ ഭഗവത്‌ ഗീതയുടെ പരിഭാഷ യൂറോപ്പില്‍ വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ Tintern Abbey Revisited എന്ന കവിതയിലെ:
And I have felt
A presence that disturbs me deeply interfused.
Whose dwelling in the light setting Sun.
And the round ocean and the living air
And the blue sky and in the mind of man
A motion and a spirit, that in impels
All thinking tings


എന്ന വരികള്‍ transcendental Pantheism ന്റെ (അതീദ്രിയ ധ്യാനം) ഉത്തമോദാഹരണമാണ്‌. വേര്‍ഡ്‌സ്‌ വര്‍ത്തിന്‌ ഇത്തരം ഒരു intuitioി ല്‍ എത്താന്‍ ഒരുപക്ഷേ ഭഗവത്‌ ഗീതയുടെ പരിഭാഷ പ്രേരകമായിരുന്നിരിക്കാം. പരബ്രഹ്മാവതാര പുരുഷനായ ഭഗവാന്‍ കൃഷ്‌ണന്‍ ഗീതയില്‍ പറഞ്ഞത്‌ `മയി സര്‍വമിദം പ്രോതം സൂത്രേ മണി ഗണാ ഇവ' എന്നതിനര്‍ത്‌ഥം ഞാന്‍ പ്രപഞ്ചത്തിനാധാരമാണ്‌, എല്ലാറ്റിനേയും കോര്‍ത്തിണക്കിയ ചരടാണ്‌ എന്ന ഈ തത്വം വില്യം വേര്‍ഡ്‌സ്‌ വര്‍ത്തിനെ അതീന്ദ്രിയധ്യാനത്തിലേയ്‌ക്കു നയിച്ചിരിക്കാം. അതല്ലെങ്കില്‍ അത്‌ കവിശ്രേഷ്‌ടരില്‍ സ്വമേഥയ വന്നു ചേര്‍ന്നതുമാകാം. എന്തായാലും വേദങ്ങള്‍ ഏകപരബ്രഹ്മത്തെ തന്നെ പ്രഖ്യാപിക്കുന്നു. ഒരു പക്ഷേ ഈ ബോധോദയമായിരിക്കാം ശ്രീബുദ്ധനേയും വര്‍ദ്ധമാന മഹാവീരനേയും ദൈവങ്ങളെ ആരാധിക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ച്‌ നാസ്‌തികം പോലെയുള്ള തത്വത്തിലേക്ക്‌ തിരിച്ചത്‌. ആദ്യ ബഹിരാകാശചാരി Yuri Gagarin ബഹിരാകാശ യാത്രക്കുശേഷം പറഞ്ഞു. പതിനായിരക്കണക്കിന്‌ മൈയിലുകള്‍ ബഹിരാകാശത്തില്‍ യാത്ര ചെയ്‌തിട്ടും സ്വര്‍ഗമോ നരകമോ കണ്‌ടില്ല. ലക്ഷക്കണക്കിന്‌ മൈലുകള്‍ സഞ്ചരിച്ചാലും അതൊട്ടിനി കാണാനും പോകുന്നില്ല. കാരണം സര്‍വത്തിലും ഈശ്വരനടങ്ങിയിരിക്കുന്നു. സ്വര്‍ഗവും നരകവും പ്രപഞ്ചത്തിലെല്ലായിടത്തുമടങ്ങിയിരിക്കുന്നു.

ഈ തത്വങ്ങളടങ്ങിയ വേദങ്ങള്‍ അനാദിയാണ്‌. അവ ഭഗവാന്റെ നിശ്വാസിതങ്ങളാണ്‌ ബ്രഹ്മത്താല്‍ സൃഷ്‌ടമാണ്‌. `വേദോ നാരായണ സാക്ഷാല്‍' സാക്ഷാല്‍ ദൈവം തന്നെയാണ്‌ വേദം പ്രപഞ്ചോല്‍പ്പത്തിയിലാദ്യം ഓംങ്കാരമെന്ന നാദമാണുണ്ടായത്‌. അതു സൃഷ്‌ടി സ്ഥിതി സംഹാരമായ `അ' കാര `ഇ' കാര `മ' കാര മായും തുടര്‍ന്നു അമ്പത്തിയൊന്നക്ഷരങ്ങള്‍ എന്ന ലിപി സരസ്വതിയും ഭവിച്ചു. ഇതേ ആശയം തന്നെയാണ്‌ ക്രൈസ്‌തവവേദത്തിലും പറയുന്നത്‌. `In the begining was the word, the word was with God, and this word was God?.

ആദിയില്‍ വചനമുണ്‌ടായി. അതു ദൈവത്തോടൊപ്പം തന്നെയുണ്ടായിരുന്നു. ആ വചനം തന്നെ ദൈവം. അതെ, അനാദിയായ, ദൈവികമായ വേദം പരബ്രഹ്മത്തെ, ഏക ദൈവത്തെ ഉദ്‌ഘോഷിക്കുന്നു, വാഴ്‌ത്തുന്നു. മനുഷ്യനിലടങ്ങിയിരിക്കുന്ന `കുണ്ഡലിനി' ശക്തിയുടെ ഉത്ഥാപനംകൊണ്ടു ദൈവിക താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നു.

ഈ ഏക ദൈവതത്വത്തിലൂടെ വേദം വിശ്വപ്രേമത്തെ വിളംബരം ചെയ്യുന്നു. സര്‍വചരാചരങ്ങളെയും സമമായി കാണാന്‍ പഠിപ്പിക്കുന്നു. ക്രിസ്‌തുദേവന്‍ ബൈബിളില്‍ അഹ്വാനം ചെയ്‌തതുപോലെ തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക.

വേദം സര്‍വചരാചരങ്ങളെയും സമമായി കാണാന്‍ പഠിപ്പിക്കുന്നു.

`ലോകോ സമസ്‌താ സുഖിനോ ഭവന്തു'

ഓം ശാന്തി ഃ ശാന്തി ഃ ശാന്തി ഃ

ശ്രീധര്‍ജി, കോട്ടയം
9447208752,
sreedharji202@gmail.com
വേദങ്ങള്‍ വിശ്വപ്രേമ വാതായനങ്ങള്‍ (ശ്രീധര്‍ജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക