Image

എന്തു കൊണ്ട്‌ വി.എസ്‌ കൂടംകുളത്ത്‌ പോകാന്‍ ശ്രമിക്കുന്നു?

Published on 18 September, 2012
എന്തു കൊണ്ട്‌ വി.എസ്‌ കൂടംകുളത്ത്‌ പോകാന്‍ ശ്രമിക്കുന്നു?
(കേരളത്തിലെയും പൊതുവില്‍ ഇന്ത്യയിലെയും ജനകീയ സമരങ്ങള്‍ ജനങ്ങളുടേത്‌ മാത്രമാകുന്നുവെന്നും, മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ പലപ്പോഴും അരാഷ്‌ട്രീയ മുഖഛായ പ്രകടിപ്പിക്കുന്നുവെന്നും, വി.എസ്‌ ഇവിടെ വ്യത്യസ്‌തനാകുന്നുവെന്നും വിലയിരുത്തുന്നു ലേഖനം.)

ഉത്തരം വളരെ ലളിതമാണ്‌. ഒരാള്‍, രാഷ്‌ട്രീയ നേതാവ്‌, ജനങ്ങളുമായി നിലനിര്‍ത്തുന്ന ജൈവബന്ധവും രാഷ്‌ട്രീയ ബന്ധവും ഏറ്റവും പുരോഗമനപരവും ബഹുഭൂരിപക്ഷ ജനനന്മയെ കരുതിയുള്ളതുമാകുമ്പോള്‍ അയാള്‍, രാഷ്‌ട്രീയ നേതാവ്‌, ഉയര്‍ന്ന പൊതുബോധമുള്ളവനാകുന്നു. ഈ പൊതുബോധമാണ്‌ വി.എസിനെ കൂടംകുളത്തേക്ക്‌ വലിച്ചടുപ്പിക്കുന്നത്‌. ഇവിടെ വി.എസ്‌ എന്ന രാഷ്‌ട്രീയക്കാരനെ മനസിലാക്കാന്‍ കൂടംകുളം വീണ്ടും ഒരു പാഠമാകുകയാണ്‌. പാര്‍ട്ടിയുടെ പോളിറ്റ്‌ബ്യൂറോയുടെ വിലക്ക്‌ ലംഘിച്ച്‌, കേരളത്തിലെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളുടെയും നേതാക്കരുടെയും താത്‌പര്യങ്ങളും മറികടന്ന്‌ വി.എസ്‌ കൂടം കുളത്തേക്ക്‌ പോയപ്പോള്‍ (ആ യാത്ര പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും) അതിന്‌ വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ സമാനതകളില്ലാത്ത സ്ഥാനമുണ്ട്‌.

രാജ്യത്തെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം തമസ്‌കരിച്ച ഒരു വിഷയമാണ്‌ കൂടംകുളം ആണവനിലയ പദ്ധതി. പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്‌. സി.പി.എം കേന്ദ്ര ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പോലും പദ്ധതി നടപ്പാക്കട്ടെ എന്ന്‌ പറയുന്നു. കാരണം ഒരുപാട്‌ പണം ഇതിനോടകം ആണവനിലയത്തിന്‌ ചിലവഴിച്ചുവത്രേ. ജനങ്ങളുടെ ജീവനും സുരക്ഷയും പണത്തിന്‌ മുകളില്‍ പറക്കാന്‍ പര്യാപ്‌തമല്ല എന്ന്‌ കേരളത്തിലെ പ്രഖ്യാപിത ഇടതുപക്ഷ സംഘടന പോലും പറയുമ്പോള്‍ പിന്നെ കൂടംകുളത്തെ ജനകീയ സമരത്തിന്‌ ഇനിയെന്തെങ്കിലും പ്രതീക്ഷകളുണ്ടോ എന്നത്‌ പ്രസക്തമായ ചോദ്യമാണ്‌.

കൂടംകുളത്ത്‌ ആണവനിലയം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയറങ്ങുമ്പോള്‍ തന്നെയാണ്‌ ആണവ നിലയങ്ങളില്‍ നിന്നും നിന്നും ഭൂരിഭാഗം ഊര്‍ജ്ജവും ഉത്‌പാദിപ്പിക്കുന്ന ജപ്പാനും ഫ്രാന്‍സും ആണവനിലയങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌. ഘട്ടം ഘട്ടമായി 2020 - 2030 തോടെ ആണവ നിലയങ്ങള്‍ ഉപേക്ഷിക്കാനോ, ഗണ്യമായി കുറക്കാനോ ആണ്‌ ഈ രാജ്യങ്ങളുടെ തീരുമാനം. പ്രകൃതിയിലെ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും ഊര്‍ജ്ജം ഉദ്‌പാദിപ്പിക്കാനുള്ള വഴികള്‍ തേടാനാണ്‌ ഇവര്‍ ഇനി ശ്രമിക്കുകയെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഫുക്കുഷുമ ദുരന്തമാണ്‌ ഇവരെ ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചത്‌ എന്ന്‌ വ്യക്തം. കൂടംകുളം ഒരു പ്രധാന വിഷയമായി കത്തിനില്‍ക്കുമ്പോള്‍ വലിയ പ്രധാന്യത്തോടെ കൊടുക്കേണ്ടിയിരുന്ന ഈ വാര്‍ത്തയെ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ഒറ്റക്കോളത്തില്‍ ഒതുക്കി. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇങ്ങനെയൊരു കാര്യം അറിഞ്ഞതായി ഭാവിച്ചതേയില്ല. പക്ഷെ എത്രയൊക്കെ തമസ്‌കരിച്ചാലും ചില പ്രകാശങ്ങള്‍ ഉയര്‍ന്നു വരും എന്നതുപോലെയാണ്‌ ആണവനിലയത്തില്‍ വി.എസ്‌ ശക്തമാക്കിയിരിക്കുന്ന പുതിയ നിലപാടുകള്‍.

വി.എസ്‌ കൂടംകുളത്തേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌ വക്താവ്‌ ടോം വടക്കന്‍ പറഞ്ഞത്‌ വി.എസ്‌ കൂടംകുളം വിഷയത്തെ രാഷ്‌ട്രീയ വല്‍കരിക്കുന്നു എന്നാണ്‌. കൂടംകുളത്തേത്‌ ജനങ്ങളുടെ ആശങ്കമൂലമുള്ള ഒരു സാധാരണ സമരമാണ്‌ എന്നും അത്‌ രാഷ്‌ട്രീയവല്‍ക്കരിക്കുന്നത്‌ തെറ്റാണെന്നും ജനങ്ങളുടെ സമരം അതിന്റെ വഴിക്ക്‌ പോകട്ടെ എന്നും ടോം വടക്കന്‍ അഥവാ കോണ്‍ഗ്രസ്‌ പറയുന്നു. എന്നുവെച്ചാല്‍ കുടംകുളത്തുകാര്‍ സമരം ചെയ്യുന്നത്‌ ആരും മൈന്‍ഡ്‌ ചെയ്യേണ്ട കാര്യമില്ല എന്നു തന്നെ.

ജനങ്ങള്‍ ജീവനും സുരക്ഷക്കും വേണ്ടി സമരം ചെയ്യുന്നിടത്തേക്ക്‌ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ തന്റെ രാഷ്‌ട്രീയം ഉയര്‍ത്തിപിടിച്ചു കൊണ്ട്‌ കടന്നു ചെല്ലുന്നതില്‍ എന്താണ്‌ തെറ്റ്‌ എന്നാണ്‌ പ്രധാന ചോദ്യം. ഒരു ജനാധിപത്യരാജ്യത്ത്‌ അങ്ങനെ തന്നെയല്ലേ വേണ്ടത്‌. അല്ലാതെ ജനകീയ സമരങ്ങളില്‍ ശരിയുടെ പക്ഷമുള്ളപ്പോള്‍ അതില്‍ നിന്ന്‌ മാറിനില്‍ക്കുന്നതാണോ രാഷ്‌ട്രീയം. ഇവിടെയാണ്‌ ടോം വടക്കനെപ്പോലുള്ള തികഞ്ഞ അരാഷ്‌ട്രീയ വാദികള്‍ രാഷ്‌ട്രീയക്കാരാകുമ്പോഴുള്ള പ്രശ്‌നം. ജനകീയ സമരങ്ങള്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത്‌ പലരും ഭയപ്പെടുന്നു. ജനങ്ങള്‍ മാത്രമായി സമരം ചെയ്യുമ്പോള്‍ അത്‌ അടിച്ചമര്‍ത്തുക നിസാരമാണ്‌. ഇപ്പോള്‍ കൂടംകുളത്ത്‌ സംഭവിക്കുന്നത്‌ പോലെ. മറിച്ച്‌ കൂടംകുളം സമരം സിപിഎം പോലൊരു രാഷ്‌ട്രീയ പാര്‍ട്ടി ഏറ്റെടുത്താല്‍ ഭരണകൂടം അതിനെ വല്ലാതെ ഭയപ്പെടേണ്ടി വരും. ഒറ്റ രാഷ്‌ട്രീയ പാര്‍ട്ടി പോലും ഇന്ത്യയില്‍ കൂടംകുളം സമരത്തിന്‌ അനുഭാവം പ്രകടിപ്പിക്കാതെ മാറിനില്‍ക്കുന്നതിന്‌ പിന്നിലെ വസ്‌തുത ഇതു തന്നെ.

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമിടയില്‍ അധികാരത്തിന്റെ ഒരു അന്തര്‍ധാര ശക്തമായി കിടക്കുന്നുണ്ട്‌. ആവിശ്യ സമയത്ത്‌ ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ അവര്‍ കൂട്ടിയിണക്കപ്പെടുന്നു. ഇടതുപക്ഷ, വലതുപക്ഷ, ദേശിയ വാദി പാര്‍ട്ടികളൊന്നും ഇവിടെ വ്യത്യസ്‌തരല്ല. കാര്യത്തോട്‌ അടുക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ നിറം കൈവരുന്നു. പരസ്‌പരം ബദ്ധ വൈരികളായി നില്‍ക്കുന്ന ജയലളിതയും കരുണാനിധിയും കൂടുംകുളം വിഷയത്തില്‍ ഒറ്റക്കെട്ടാകുന്നതിന്‌ പിന്നിലെ കളികളും മറ്റൊന്നല്ല. എല്ലാത്തിനും ഉപരിയായി ജനങ്ങളുടെ ആശങ്ക അകറ്റണം എന്നൊരു പതിവ്‌ പല്ലവിയും ഇവര്‍ പറയും. ജനങ്ങളുടെ ആശങ്ക അകലണമെങ്കില്‍ ആണവനിലയം ഒഴിവാക്കണം എന്ന്‌ പറഞ്ഞാല്‍ അത്‌ സാധ്യവുമല്ല. പിന്നെ എങ്ങനെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന്‌ ചോദിച്ചാല്‍ അതിന്‌ ഒരു ഉത്തരവുമില്ല. ഇവിടെയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തികഞ്ഞ അരാഷ്‌ട്രീയ വാദികളാകുന്നതും ഒരേ ചങ്ങലയിലെ കണ്ണികളാകുന്നതും. ഇതിന്‌ പുറത്തു നില്‍ക്കുന്ന രാഷ്‌ട്രീയക്കാരനാണ്‌ വി.എസ്‌. അതുകൊണ്ട്‌ തന്നെ അയാള്‍ പ്രസക്തനുമാകുന്നു.

കേരളത്തിലോ, പൊതുവില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രധാന വിഷയങ്ങളിലോ ഏതെങ്കിലും ഒരു എം.എല്‍.എയോ എം.പിയോ അല്ലെങ്കില്‍ ഒരു പാര്‍ട്ടി സെക്രട്ടറിയോ നിരാഹാരത്തിന്‌ ഇറങ്ങിപുറപ്പെട്ട വാര്‍ത്ത ആരെങ്കിലും അടുത്ത കാലത്ത്‌ കണ്ടിട്ടുണ്ടോ?. ജനകീയ പ്രശ്‌നങ്ങളാണെങ്കില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചും വരുന്നു. കൂടംകുളത്തും, മുല്ലപ്പെരിയാറിലും ജനങ്ങള്‍ മാരത്തണ്‍ നിരഹാസ സത്യാഗ്രവും ജലസമരവുമൊക്കെ നടത്തുമ്പോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ ജനം പൊള്ളുമ്പോള്‍, പാചകവാതകം കിട്ടാതെ വരുമെന്നോര്‍ത്ത്‌ വീട്ടമ്മമാര്‍ പോലും തെരുവിലിറങ്ങുമ്പോള്‍ ജനപ്രതിനിധികള്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും ഇതിലൊന്നും വലിയ താത്‌പര്യമില്ല. അവര്‍ പ്രസ്‌താവനകളായും ചാനല്‍ മൈക്കുകള്‍ക്ക്‌ മുമ്പില്‍ വാമൊഴികളായും രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നു. ജനകീയ സമരങ്ങള്‍ ജനങ്ങളുടേത്‌ മാത്രമാകുന്നു.

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ്‌ ഉണ്ടാകുമ്പോഴുള്ള നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പതിവ്‌ സമര പരിപാടികളെ ശ്രദ്ധിക്കുക. വില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു, അല്ലെങ്കില്‍ കളക്‌ടേറ്റ്‌ ഉപരോധിക്കുന്നു, അതുമല്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തുന്നു. ഇവിടെ കഴിയുന്ന പാര്‍ട്ടികളുടെ സമര പരിപാടി. ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം കൊണ്ട്‌ അവസാനിക്കുന്ന സമരങ്ങള്‍ അഥവാ വഴിപാടുകള്‍. ഇതിനെല്ലാം ഇത്രയേ ആയുസുണ്ടാകു എന്ന്‌ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നന്നായി അറിയാം. അതിലും ഉപരിയായി തെറ്റായ തീരുമാനങ്ങള്‍ തിരുത്തിയെടുക്കാനുള്ള രാഷ്‌ട്രീയ ഇശ്‌ഛാശക്തി ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ പ്രകടിപ്പിക്കുന്നത്‌?. രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഈ ഒറ്റദിന പ്രഹസന സമരങ്ങളില്‍ ഏതാണ്‌ വിജയിക്കുന്നത്‌?. ഇങ്ങനെ സമരം ചെയ്യാതെ, രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താതെ വെറുതെയിരുന്ന്‌ ജനത്തിന്റെ നികുതിപ്പണം ഭക്ഷിക്കുമ്പോള്‍ കൊഴുപ്പടിയുന്ന ശരീരങ്ങളുമായി കോയമ്പത്തൂര്‍ ആര്യ വൈദ്യശാലയില്‍ സുഖചികില്‍സക്ക്‌ പോകേണ്ടി വരുന്നവരാണ്‌ നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍.

അല്ലാതെ ജനകീയമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ സമരങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ല. ഇങ്ങനെ വരുമ്പോഴാണ്‌ ജനാധിപത്യപരമായി ഭരണത്തിലേറുന്ന ഭരണകൂടങ്ങള്‍ ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്നത്‌. ചോദ്യം ചെയ്യാനൊരു പ്രതിപക്ഷമില്ലെങ്കില്‍ പിന്നെ ആരെയാണ്‌ ഭയക്കേണ്ടത്‌.

കേരളത്തിലെ നെല്‍വയലുകള്‍ മുഴുവന്‍ നികത്തിയെടുക്കാന്‍ ആസുത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ തന്നെ പറയുമ്പോള്‍ അതില്‍ മൗനം പാലിച്ചിരിക്കുന്ന മുഖ്യമന്ത്രി എന്തായാലും ജനങ്ങളുടെ പക്ഷത്താണെന്ന്‌ പറയാന്‍ സാധിക്കില്ല. അതുപോലെ തന്നെ വി.എസ്‌ കൂടംകുളത്തേക്ക്‌ പോകുമോ എന്ന്‌ ചോദിച്ചാല്‍ അറിയില്ല എന്ന്‌ പറഞ്ഞ്‌ കൈമലര്‍ത്തുന്ന സിപിഎം നേതാക്കളും ജനപക്ഷമാണ്‌ ആരും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല.

വി.എസിനെ കൂടംകുളത്തേക്ക്‌ പോകുന്ന വഴി പോലീസ്‌ തടഞ്ഞത്‌ ഒരു രാഷ്‌ട്രീയ നേതാവും ഒരു പ്രശ്‌നമായി തോന്നിയില്ല. സിപിഎമ്മിന്‌ അത്‌ അല്‌പം പോലും പ്രശ്‌നമായി വരുന്നതേയില്ല. അവര്‍ ഉള്ളില്‍ സന്തോഷിക്കുന്നുണ്ടാവും. സിപിഐ നേതാവ്‌ സുധാകര്‍ റെഡ്ഡി മാത്രമാണ്‌ വി.എസിനെ തടഞ്ഞത്‌ ശരിയായ നടപടിയായില്ല എന്ന്‌ പറഞ്ഞത്‌. ഒരു സ്ഥലത്ത്‌ ഒരു സമരം നടക്കുമ്പോള്‍ (അവിടെ ഒരു കലാപ സാധ്യതയോ, അക്രമ സാധ്യതയോ ഇല്ല മറിച്ച്‌ പോലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ നടന്നത്‌) ഒരു രാഷ്‌ട്രീയക്കാരന്‌ അവിടെ ചെല്ലാനും സമരത്തിന്‌ ശക്തി പകരാനുമുള്ള അവസരം നിഷേധിച്ചത്‌ ഒരിക്കലും ജനാധിപത്യമര്യാദകള്‍ക്ക്‌ നിരക്കുന്നതല്ല. എന്നാല്‍ ഭരണകൂടത്തിനോ രാഷ്‌ട്രീയപാര്‍ട്ടിക്കോ ഇവിടെ സംഭവിച്ച നീതിനിഷേധം എന്തെന്ന്‌ മനസിലായിട്ടു കൂടിയില്ല. വി.എസിനെ കൂടുകുളത്തേക്ക്‌ എത്തുന്നതില്‍ നിന്ന്‌ തടഞ്ഞപ്പോള്‍ വി.എസിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം മാത്രമല്ല തടസപ്പെട്ടത്‌ മറിച്ച്‌ കൂടുംകുളത്തുകാര്‍ക്ക്‌ ലഭിക്കേണ്ട സാമാന്യ നീതി കൂടിയായിരുന്നു. ഒരു രാഷ്‌ട്രീയ പ്രസ്ഥാനവും അത്‌ തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നു മാത്രം.

ഇവിടെ ജനങ്ങള്‍ക്കൊപ്പം ഒരോ സമരങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്‌ കുറച്ച്‌ ആക്‌ടിവിസ്റ്റുകള്‍ മാത്രമാണ്‌. മേധാ പട്‌കറും, അരുദ്ധതി റോയിയും തുടങ്ങി സാറാ ജോസഫും, സി.ആര്‍ നീലകണ്‌ഠനും വരെ ഇവിടെ ജനകീയ സമരങ്ങളെ നയിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നു. പക്ഷെ ജനകീയ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്‌ ആക്‌ടിവിസ്റ്റുകളേക്കാള്‍ രാഷ്‌ട്രീയക്കാര്‍ തന്നെയാണ്‌. ഇവിടെയാണ്‌ വി.എസ്‌ അച്യുതാനന്ദന്‍ പ്രസക്തനാകുന്നതും, പാര്‍ട്ടിയെയും ചട്ടക്കുടുകളെയും മറികടന്ന്‌ വി.എസ്‌ നടത്തുന്ന സമരങ്ങള്‍ ജനകീയമാകുന്നതും. തുടര്‍ച്ചയായ സമരങ്ങളും സംവാദങ്ങളും കൊണ്ട്‌ വി.എസ്‌ ലക്ഷ്യം വെക്കുന്നത്‌ മികച്ച ഒരു ജനാധിപത്യ സംവിധാനം തന്നെയാണ്‌ എന്നുള്ളിടത്ത്‌ വി.എസ്‌ വര്‍ത്തമാനകാലത്തിന്റെ ഒരു അനിവാര്യതയായി മാറുക തന്നെയാണ്‌.
എന്തു കൊണ്ട്‌ വി.എസ്‌ കൂടംകുളത്ത്‌ പോകാന്‍ ശ്രമിക്കുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക