Image

തെറ്റ്‌ തിരുത്തണം (ഡി. ബാബുപോള്‍)

Published on 19 September, 2012
തെറ്റ്‌ തിരുത്തണം (ഡി. ബാബുപോള്‍)
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടെന്ന്‌ മാധ്യമങ്ങള്‍ തെളിയിച്ചു. കണ്ടുകഴിഞ്ഞ പൂരത്തിന്‍െറ കുടമാറ്റവും വെടിക്കെട്ടും ചര്‍ച്ചചെയ്യാന്‍ നമ്മെ ഭരമേല്‍പിച്ച്‌ വിരുന്നുകാര്‍ നിളാനദി കടന്ന്‌ യാത്രയായി.
വെടിക്കെട്ടുയര്‍ത്തിയ പരിസ്ഥിതി മലിനീകരണം ന്യായീകരിക്കാവുന്നതാണോ എന്ന്‌ തൃശൂരില്‍ ആരും ചര്‍ച്ചചെയ്യാറില്ല. പൂരം വന്നു. പൂരം പോയി. പൂരം ഇനിയും വരും. പൂരം ഇല്ലാതെ ജീവിതമില്ല. അടുത്ത പൂരത്തിന്‌ പുതിയ അമിട്ട്‌ ഏതാവണം എന്ന ഗവേഷണമാണ്‌ പൂരങ്ങള്‍ക്കിടയിലെ കാലത്തെ അടയാളപ്പെടുത്തുന്നത്‌.

എമര്‍ജിങ്‌ കേരള ഒരു സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിച്ച്‌ പൂര്‍ത്തീകരിച്ച വേളയില്‍ നിസ്സഹായനായ ഒരു പരാജിതന്‍െറ വിലാപമായി എഴുതപ്പെടാവുന്ന വരികളായി കരുതിയാല്‍ മതി ഇപ്പറഞ്ഞത്‌. എങ്കിലും പറയാതെ വയ്യ, പ്രതിപക്ഷം എമര്‍ജിങ്‌ കേരളയെ സമീപിച്ച വിധം തീര്‍ത്തും അരോചകമായി. എന്നല്ല, അത്യന്തം പരിഹാസ്യമായി. തങ്ങള്‍ക്കുതന്നെ ബോധ്യമില്ലാത്ത നിലപാടുകളാണ്‌ വിളിച്ചുപറയുന്നതെന്ന്‌ തോമസ്‌ ഐസക്കിനെപ്പോലെയുള്ള പ്രതിഭാശാലികളുടെ ശരീരഭാഷ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്‌തു.
`എമര്‍ജിങ്‌ കേരള' പെണ്ണുകാണലാണെന്ന്‌ മന്ത്രി ബാബു പറഞ്ഞു. അത്‌ ഒരു സ്വയംവര മണ്ഡപമാണെന്ന്‌ മറ്റാരോ തിരിച്ചടിച്ചെന്നും കേട്ടു. വി.എസിനെയല്ലെങ്കില്‍ പ്രതാപനെയെങ്കിലും ഭയന്ന്‌ വേണ്ടെന്നുവെച്ച ഏതെങ്കിലും പദ്ധതിയുടെ കിനാവുമായി പറന്നിറങ്ങിയവന്‍ കാളിദാസ മഹാകവി രഘുവംശത്തില്‍ അതിമനോഹരമായി കോറിയിട്ട ആ വാങ്‌മയചിത്രത്തിലെ (സഞ്ചാരിണീ ദീപശിഖേവ രാത്രൗ) എന്ന ആ ശ്‌ളോകം അഴീക്കോട്‌ മാസ്റ്റര്‍ അമലയിലെ കിടക്കയില്‍ കിടന്നുകൊണ്ട്‌ യദൃച്ഛയാ പരാമര്‍ശിച്ചത്‌ ഓര്‍ത്തുപോവുന്നു. മാപ്പ്‌. വഴി തെല്ല്‌ മാറിയെങ്കിലും മാസ്റ്ററുടെ സ്‌മരണയെ നമസ്‌കരിക്കുന്നു. രാജാവിന്‍െറ അവസ്ഥയില്‍ ഹതാശനായിട്ടുമുണ്ടാവാം. ദിനബത്ത വാങ്ങിക്കൊണ്ട്‌ നിയമസഭ ബഹിഷ്‌കരിക്കുന്നതിനേക്കാള്‍ മോശമായി ഏതായാലും പ്രതിപക്ഷത്തിന്‍െറ നിലപാട്‌. പക്വമായ ഒരു ജനാധിപത്യ സമൂഹത്തിന്‌ ഉജ്ജ്വലമായ തെളിവാകുമായിരുന്നു ആശങ്കകള്‍ അവതരിപ്പിക്കുന്ന ഒരു പ്രതിപക്ഷ പ്രസംഗം ആ ഉദ്‌ഘാടനവേദിയില്‍. `കല്ലുകടിച്ചു' എന്ന്‌ എന്‍െറ സുപ്രഭാതം എഴുതുമായിരുന്നിരിക്കാം. പ്രശ്‌നം വി.എസിനെ ആ ചുമതല വിശ്വസിച്ചേല്‍പിക്കുന്നതായിരുന്നെങ്കില്‍ പകരം തോമസ്‌ ഐസക്കിനെ അയക്കാമായിരുന്നു. തോമസ്‌ ഐസക്‌ സാമ്പത്തികശാസ്‌ത്രം പറഞ്ഞാല്‍ മന്‍മോഹനും മൊണ്ടേകും ഗൗരവമായി എടുക്കും എന്ന്‌ പ്രസ്ഥാനം തിരിച്ചറിയാതിരുന്നത്‌ ഹ്രസ്വകാല രാഷ്ട്രീയ ലാഭങ്ങളെക്കുറിച്ചുള്ള പരിപ്രേക്ഷ്യങ്ങള്‍ നിര്‍ണായകമായതുകൊണ്ടാണെന്ന്‌ നിരീക്ഷിക്കാതെ വയ്യ.

എന്തായിരുന്നു നമ്മുടെ ലക്ഷ്യം? കേരളം നിക്ഷേപാനുകൂല സംസ്ഥാനമല്ല എന്ന പ്രതിച്ഛായ മാറ്റിയെടുക്കുക. ഇത്‌ പക്ഷാതീതമായ ആവശ്യമാണ്‌. നാം നിക്ഷേപവിരുദ്ധരാണെന്ന്‌ പറഞ്ഞുപരത്തിയത്‌ നാംതന്നെയാണ്‌ എന്നതിരിക്കട്ടെ. പ്രവാസികള്‍ `നാട്ടില്‍ ഒന്നും നടക്കുകയില്ല' എന്നു പറയുന്നത്‌ പ്രവാസി മലയാളിയുടെ അനുഭവം നല്‍കുന്ന പാഠത്തിന്‍െറ ബാക്കിപത്രമാവാം. കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ കൂടുതലാണ്‌, കേരളത്തില്‍ കുറ്റവാസന വളരുന്നു, കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ കൂടുന്നു എന്നൊക്കെ പറയുമ്പോലെയാണത്‌; വിദ്യാഭ്യാസം കൂടുമ്പോള്‍ റിപ്പോര്‍ട്ടിങ്ങും കൂടും. നമ്മുടെ ഇമേജിന്‍െറ കാര്യത്തിലും ഇത്‌ പ്രസക്തമാണ്‌. ഇവിടെ മാധ്യമങ്ങള്‍ സജീവമാണ്‌, ഇവിടെ പ്രതികരണങ്ങള്‍ ചടുലമാണ്‌, ഇവിടെ പ്രതിവിധികള്‍ക്കായുള്ള അന്വേഷണം ദ്രുതവും അതിസാധാരണവുമാണ്‌, ഇവിടെ അമ്മയെ തല്ലുന്നവന്‍െറ പക്ഷംപിടിക്കാനും ആളുണ്ടാവുക പതിവാണ്‌ എന്നൊക്കെ പറയുന്നതും ഒപ്പം ഓര്‍ക്കാനാവുന്ന നമുക്ക്‌ ആ വിലാപം എഴുതിത്തള്ളാം. വരവേല്‍പ്‌ സിനിമ കണ്ട്‌ നമുക്ക്‌ ചിരിക്കാം. എന്നാല്‍, മറ്റുള്ളവര്‍ അങ്ങനെ ധരിക്കണമെന്നില്ലല്ലോ. അതുകൊണ്ടാണ്‌ ഇത്തരം പ്രതിച്ഛായ പ്രകടനങ്ങള്‍ പ്രധാനമാവുന്നത്‌. അതിനിടെ ഇവിടെ ഒന്നും നടക്കുകയില്ലെന്ന്‌ പറയുന്നവരാണ്‌ ശരി എന്ന്‌ തെളിയിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ കേരളത്തെ സ്‌നേഹിക്കുന്നവരല്ല. ഭരിക്കുന്നത്‌ ഞങ്ങളല്ലെങ്കില്‍ വികസനം വികസനമല്ല എന്നു കരുതുന്നവരും കേരള പ്രതിച്ഛായ എങ്ങനെ തുലഞ്ഞാലും ഉമ്മന്‍ചാണ്ടി ഒന്നു തോറ്റുകണ്ടാല്‍ മതിയെന്ന്‌ പ്രാര്‍ഥിക്കുന്നവരും പുരകത്തുന്നതിന്‍െറ വെളിച്ചം വാഴവെട്ടാന്‍ സൗകര്യം ഒരുക്കി എന്നു വിചാരിക്കുന്ന ശുംഭന്മാരും ആലോചനയില്ലാതെ ഇറങ്ങിത്തിരിക്കുന്ന ശുദ്ധാത്മാക്കളും ആനയെക്കുറിച്ച്‌ മഹസ്സര്‍ എഴുതാന്‍ ഇറങ്ങിത്തിരിക്കുന്ന അന്ധവിദഗ്‌ധരുടെ സമൂഹവും യേനകേന പ്രകാരേണ പ്രസിദ്ധ$ പുരഷോ ഭവേല്‍ എന്ന്‌ പകര്‍ത്തിയെഴുതി കൈപ്പട നന്നാക്കിയവരുടെ ആള്‍ക്കൂട്ടവും കേരളത്തെ സ്‌നേഹിക്കുന്നവരല്ല, തീര്‍ച്ച.
ഗവണ്‍മെന്‍റിന്‍െറ പക്ഷംപിടിക്കുകയല്ല. ഗവണ്‍മെന്‍റിനും തെറ്റി. ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു വാവാ സുരേഷിന്‌ വഴങ്ങാത്ത രാജവെമ്പാലയുണ്ടോ? അധികാര ഗര്‍വിനാലോ കൃത്യാന്തരബഹുലതയാലോ എന്നറിയുന്നില്ല, ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും വേണ്ടത്ര സമയം കണ്ടെത്തി ഒരു സുവര്‍ണ മാധ്യമം തേടാന്‍ കഴിഞ്ഞില്ല. അതാണ്‌ വിനയായതും. ഇന്നും ഇന്നലെയും നോട്ടീസിട്ടതല്ല. വി.എസിനെ വിടാമെന്ന്‌ വെക്കാം; അമ്മാവന്‍ തല്ലുനിര്‍ത്തിയതിന്‍െറ കാരണം കേരളത്തിന്‌ കാട്ടിത്തരാന്‍ ദൈവം ബാക്കിനിര്‍ത്തിയിരിക്കുന്ന മോഡലാണത്‌. പിണറായി, കോടിയേരി, തോമസ്‌ ഐസക്‌, മുഖ്യമന്ത്രിയുടെ കോട്ടയം മലയാളം തന്നെ പറയുന്ന വിശ്വന്‍, എം.എ. ബേബി ഒക്കെ ഉണ്ടായിരുന്നല്ലോ. ശശി തരൂരിനെ വിട്ട്‌ പ്രകാശ്‌ കാരാട്ടിന്‌ ട്യൂഷന്‍ കൊടുക്കാമായിരുന്നല്ലോ. കേരളംപോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്ത്‌, രാഷ്ട്രീയത്തെ ബാഷ്‌പശീലത നിര്‍വചിക്കുന്ന ഒരു സമൂഹത്തില്‍, കോണ്‍ഗ്രസിനേക്കാള്‍ ഒരു കഴഞ്ചെങ്കിലും വലുതായ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതെ ഇത്തരം ഒരു പരിപാടിക്കായി ഇറങ്ങിപ്പുറപ്പെടരുത്‌ എന്നു പറഞ്ഞുതരാന്‍ കോണ്‍ഗ്രസില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ പുനര്‍ജനിക്കണമായിരുന്നോ? അറ്റ്‌ലീസ്റ്റ്‌ രവി പിള്ളയെ ഇറക്കി ഒരു കളി കളിക്കരുതായിരുന്നോ? ആ കണക്ഷന്‍ അറിയാമല്ലോ, അല്ലേ? ഇല്ലെങ്കില്‍ വി.പി. രാമകൃഷ്‌ണപിള്ള പറയും.

പോകട്ടെ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. പരിമിതികള്‍ക്കിടയിലും അത്യന്തം വിജയകരമായി, എമര്‍ജിങ്‌ കേരള. ഡാവോസിലെ പതിവ്‌ സത്യഗ്രഹികള്‍ നേടുന്നതിലേറെയൊന്നും ഇവിടെയും എതിര്‍പ്പുകള്‍ നേടിയതുമില്ല. ഇനിയെങ്കിലും ഈ നന്മകള്‍ ഫലപ്രദമായ നടപടികളായി ഘനീഭവിക്കണം. വായുവിലെ അപ്പൂപ്പന്‍ താടികള്‍ ഘനീഭവിക്കാറില്ല.

നാല്‍പത്തയ്യായിരം കോടിയുടെ നിക്ഷേപവാഗ്‌ദാനം എന്ന തലക്കെട്ടില്‍ അഭിരമിച്ച്‌ അലസരാകരുത്‌. അതില്‍ പകുതി പുളുതന്നെ ആവണം. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും തൊഴുത്തില്‍ കെട്ടാനാവാത്ത ആനയാണ്‌ മാണി, ഒപ്പം തിടമ്പേറ്റി നിര്‍ത്തിയില്ലെങ്കില്‍ ശല്യമാണ്‌എ.കെ.ജി സെന്‍ററില്‍ പോയി പിണറായി പ്രഭൃതികളെ കാണണം. വി.എസ്‌ തുറന്ന മനസ്സോടെ ഇടപെടുമെങ്കില്‍ കന്‍േറാണ്‍മെന്‍റ്‌ ഹൗസുമാകാം വേദി, പിണറായി അങ്ങോട്ട്‌ വരുമെങ്കില്‍. ആരെന്തു പറഞ്ഞാലും പാര്‍ട്ടി മൂപ്പരുടെ കൈയിലാണ്‌. പത്രക്കാരെ ബോധ്യപ്പെടുത്താനുള്ള ജിമ്മിക്‌സ്‌ ഒന്നും വേണ്ട. അതൊക്കെ മാണി ബ്രിട്ടീഷ്‌ പാര്‍ലമെന്‍റിന്‍െറ പുരയിടത്തില്‍ ചെയ്യട്ടെ. നമുക്ക്‌ കാര്യം നടക്കണം. നമ്മുടെ പൂച്ച എലിയെ പിടിക്കണം. എവിടെവരെ പോകാം, എവിടെ കുറ്റിയടിക്കണം എന്നൊക്കെ ഗൗരവമായി ആലോചിച്ചാല്‍ മതി. സര്‍ക്കാര്‍ പറയുന്നതില്‍ കാര്യമുണ്ട്‌. പ്രതിപക്ഷം പറയുന്നതിലും കുറേയൊക്കെ കാര്യം ഇല്ലാതില്ല. ശരികള്‍ ചേര്‍ന്ന്‌ തെറ്റുകള്‍ സൃഷ്ടിക്കാതിരിക്കണം എന്നതാണ്‌ ഇനി പ്രധാനം. കാര്യം കാണാന്‍ വി.എസിന്‍െറ കാലും പിടിക്കണം എന്നൊന്നും ഞാന്‍ പറയുന്നില്ല. എങ്കിലും പ്രതിപക്ഷത്തിന്‍െറ സംശയങ്ങള്‍ തീര്‍ത്ത്‌, അവരുടെ സമ്മതം നേടി, ഇപ്പോള്‍ ആശയങ്ങളായി തുടങ്ങിവെച്ചത്‌ സംഭവങ്ങളായി മാറ്റിയെടുക്കാന്‍ നിശ്ശബ്ദമായി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. അതിനുള്ള ഒന്നാമത്തെ പടിയാണ്‌ `ചലോ ചലോ എ.കെ.ജി സെന്‍റര്‍, അഥവാ ചലോ ചലോ, കന്‍േറാണ്‍മെന്‍റ്‌ ഹൗസ്‌'. അതില്‍ ഒരു നാണക്കേടുമില്ല. മഹാന്‍െറ ഭൂഷണമാണ്‌ വിനയം. ഉമ്മന്‍ചാണ്ടിയുടെ മഹത്വവും വിനയംതന്നെ. മുഖ്യമന്ത്രി കോണ്‍ഫറന്‍സ്‌ വിളിക്കാതെ ആവശ്യക്കാരനായി പ്രതിപക്ഷ കേന്ദ്രത്തില്‍ കടന്നുചെല്ലുമ്പോള്‍ പ്രബുദ്ധ കേരളം ഒപ്പമുണ്ടാവും. തവക്കല്‍തു അലല്ലാ (ഈശ്വരനില്‍ എല്ലാം സമര്‍പ്പിക്കുന്നു) എന്ന ബോധത്തോടെ, ദമം ദ്വാരം അമൃതസ്യേഹ വേദ്‌മി (ദമം ആണ്‌ അമൃതത്തിലേക്കുള്ള വഴി) എന്ന തിരിച്ചറിവോടെ, നിമിസ്‌ ദിചെന്‍സ നിഹില്‍ ദിസീത്ത്‌ (അധികം സംസാരിക്കുന്നവന്‍ ഒന്നും സ്ഥാപിക്കുന്നില്ല) എന്ന വിജയമന്ത്രം സ്വന്തമാക്കി സമയം കളയാതെ ഒരുമിച്ച്‌ മുന്നോട്ടുപോവുക നാം. ശുഭമസ്‌തു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക