Image

മനുഷ്യന്‍ എന്ന ഗുഹ (കഥ: അര്‍ഷാദ്‌ ബത്തേരി)

Published on 19 September, 2012
മനുഷ്യന്‍ എന്ന ഗുഹ (കഥ: അര്‍ഷാദ്‌ ബത്തേരി)
കടുത്ത മഞ്ഞുള്ള ഒരു പുലര്‍ച്ചെയില്‍ അരവിന്ദന്‍ പുറത്തിറങ്ങി. അകത്തുള്ളവരാരുമതറിഞ്ഞില്ല. ചുവപ്പ്‌ ഉരുകിയൊലിക്കുന്ന അരവിന്ദന്റെ കണ്ണുകള്‍ മഞ്ഞുപാളികള്‍ക്കിടയിലൂടെ അയല്‍വീടുകളുടെ പരിസരങ്ങളിലെല്ലാം കയറിയിറങ്ങി. എങ്ങും ആരുമില്ല. സുരക്ഷിതമെന്ന വ്യാജേന നിലകൊള്ളുന്ന വീടിനു തീ കൊടുക്കാന്‍ ഇതിനേക്കാള്‍ നല്ലൊരവസരം ഇനി ലഭിക്കില്ല. മനസ്സ്‌ സംഭരിച്ചുവച്ച ക്രൗര്യത്തില്‍ ചുറ്റിപ്പിടിച്ച്‌ തീ കൊടുക്കാനായി ഒരുങ്ങവെ ഭൂമികുലുക്കത്തിലകപ്പെട്ട വീടുപോലെ അരവിന്ദന്‍ പിളര്‍ന്നു.

``അകത്തു വീട്ടുകാരില്ലേ?''

``അവര്‍ വെന്തു മരിച്ചുപോകില്ലേ ?''

കഴിഞ്ഞ കുറേ ദിവസങ്ങളായി ചിന്തയുടെ സഞ്ചാരം ഇങ്ങനെയൊക്കെയാണ്‌. സ്വയം കോമാളിയാക്കപ്പെട്ട വേഷം അഴിച്ചുവയ്‌ക്കാനാവാതെ അരവിന്ദന്‍ വിയര്‍ത്തു. തന്നില്‍നിന്നും എന്തോ നഷ്‌ടപ്പെട്ടുപോയിട്ടുണ്ട്‌. ഭയവും അവശതയും ചേര്‍ന്ന കിതപ്പൊന്നടങ്ങിയപ്പോള്‍ അരവിന്ദന്‍ അയാളിലേക്കുതന്നെ ഇറങ്ങിച്ചെന്നു. തന്റെ ഉള്ളിലുള്ള മാലിന്യക്കൂമ്പാരം കണ്ട്‌ മൂക്ക്‌ പൊത്തിപ്പിടിച്ച്‌ വീണ്ടും വീണ്ടും ഇറങ്ങിച്ചെന്നപ്പോഴാണ്‌ അതു കണ്ടത്‌. ഹൃദയഭാഗം ശൂന്യമായിക്കിടക്കുന്നു. നിലവിളിയോടെ സകല കോശങ്ങളിലും ചെന്നു പരതിയെങ്കിലും എവിടെയും കണ്ടില്ല. കളഞ്ഞുപോയതല്ല, ആരോ പറിച്ചെടുത്തതാണ്‌. നഖങ്ങളുടെ പോറലുകളും ചോരപ്പാടുകളുമുണ്ട്‌.

അതോ അതൊക്കെ എന്റെ വഴിവിട്ട തോന്നലുകളാണോ? ഭ്രാന്തിന്റെ വേരുകള്‍ തലച്ചോറിലേക്കു പടര്‍ന്നുപിടിക്കുന്നുണ്ടോ? ഉള്ളില്‍ തണുപ്പിഴയുന്ന മൗനത്തിന്റെയും മരവിപ്പിന്റെയും ഇടയിലൂടെ സങ്കടത്തൂണുകള്‍ മാറിമാറിപ്പിടിച്ച്‌ അരവിന്ദന്‍ നടന്നു. കഴുകന്റെ കണ്ണുകളോടെ ആര്‍ത്തിപൂണ്ട തെരുവ്‌, ഇവിടെയുള്ള സര്‍ക്കാരാശുപത്രിയുടെ മുന്നില്‍ വച്ചാണ്‌ അരവിന്ദന്‍ നേരിയ മുന്‍പരിചയമുള്ള അയാളെ കണ്ടുമുട്ടിയത്‌. അയാള്‍ ദീര്‍ഘകാല സൗഹൃദഭാവത്താല്‍ അരവിന്ദന്റെ കൈയില്‍ കയറിപ്പിടിച്ചു.

``നിങ്ങളുടെ രക്തഗ്രൂപ്പേതാ?'' അയാളുടെ സ്വരം ചില്ലുപോലെ പൊടിഞ്ഞു.

``എ പോസിറ്റീവാ!'' അരവിന്ദന്‍ സാധാരണമട്ടില്‍ പറഞ്ഞു.

``ആണോ?'' എനിക്കാവശ്യം എ പോസിറ്റീവാണ്‌. മോനിവിടെ കിടക്കുന്നുണ്ട്‌. കുറച്ച്‌ ചോര തന്നുകൂടെ.? അയാളുടെ വരണ്ട മുഖത്ത്‌ പ്രതീക്ഷ ഉദിച്ചുവന്നു. അത്രയൊന്നും പരിചയമില്ലാത്ത ഇയാള്‍ക്കെന്തിനാണ്‌ ഞാന്‍ ചോര കൊടുക്കുന്നത്‌. മാത്രമല്ല, ശരീരത്തിനു നല്ല സുഖവുമില്ല. അരവിന്ദന്‍ അയാളുടെ തോളില്‍ കൈവച്ചു.

``നിങ്ങളിവിടെ നില്‍ക്ക്‌, ഞാനിപ്പം വരാം. ''അരവിന്ദന്‍ അയാളെയും കബളിപ്പിച്ച്‌ തെരുവില്‍ മുങ്ങി.

പിന്നീടൊരിക്കല്‍ ഇതേയിടത്തുവെച്ചു ചുവന്നു കലങ്ങിയ കണ്ണുകളോടെ, അസ്‌പഷ്‌ടമായ വാക്കുകള്‍ക്കൊണ്ട്‌ വിറയ്‌ക്കുന്ന കൈകളോടെ അയാള്‍ അരവിന്ദന്റെ കോളറില്‍ കയറിപ്പിടിച്ചു.

``പറ്റ്‌ല്ലാര്‌ന്നെങ്കീ പറഞ്ഞൂടായിരുന്നില്ലെ! ന്റെ മോന്‍ മരിച്ചുപോയില്ലേ? ഞാനെത്രനേരം നിന്നെ കാത്തു നിന്നെടാ പന്നീ!'' വാക്കുകള്‍ മരിച്ചുപോയെങ്കിലും കരച്ചിലില്‍ അഭയം തേടിക്കൊണ്ട്‌ അയാള്‍ അരവിന്ദനെ ചുറ്റിപ്പിടിച്ചു. ആ മല്‍പ്പിടുത്തത്തിലെങ്ങാനുമാണോ തനിക്ക്‌ നഷ്‌ടപ്പെട്ടുപോയത്‌. ഇല്ല, അയാള്‍ക്കതിനൊന്നും കഴിയില്ലായിരുന്നു. അയാളുടെ പ്രതിഷേധത്തിനുപോലും തുവലിന്റെ ഭാരമേ ഉണ്ടായിരുന്നുള്ളൂ.

``ഹൃദയം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ രക്തം കൊടുക്കുമായിരുന്നു. അപ്പോള്‍ അതിനു മുമ്പാണ്‌ . ഇനി എവിടെയാണ്‌ ഞാന്‍ തിരക്കേണ്ടത്‌? ഇരുട്ടു തുപ്പുന്ന ഭയവും പേറി തപ്പിത്തടഞ്ഞു വീട്ടിലെത്തിയ അരവിന്ദന്‍ തണുത്ത കിടക്കയിലേക്കു വീണു. ശരീരം നീണ്ടു നിവര്‍ത്തി. കണ്ണുകള്‍ ഇറുക്കി അടച്ചു. തലയ്‌ക്കു മീതെ പല നിറങ്ങളില്‍, വിഭ്രാന്തിയാല്‍ രൂപപ്പെട്ട വലകള്‍ ഓരോന്നും കൈകള്‍കൊണ്ട്‌ തകര്‍ത്തെറിഞ്ഞുകളയവെ കറുത്ത നൂലില്‍ അരവിന്ദന്റെ ഹൃദയം കെട്ടിത്തൂക്കിയിരിക്കുന്നു. ഹൃദയം കണ്ട ആഹ്ലാദത്താല്‍ കൈയിലൊതുക്കാനായി മുതിരവെ നൂല്‌ മേലോട്ടുയര്‍ന്നു. ക്ഷണത്തില്‍ അത്‌ താഴോട്ടുതന്നെ വന്നു. അവശേഷിച്ച ഊര്‍ജ്ജവുമായി വീണ്ടും പിടിക്കാന്‍ ശ്രമിച്ചു. നൂല്‌ മേലോട്ടേക്കുതന്നെ ഉയര്‍ന്നു. എണ്ണമില്ലാതെ അതങ്ങനെ ആവര്‍ത്തിക്കപ്പെട്ടു. വേദനയോടെ, വേദനയാര്‍ന്ന പ്രതീക്ഷയോടെ ജീവന്റെ അവസാനത്തെ പിടയലിനു മുമ്പ്‌ ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അരവിന്ദന്‍ ഞെട്ടിയുണര്‍ന്നു. പകല്‍ അതിന്റെ പൂര്‍ണ വളര്‍ച്ചയിലേക്കെത്തിയിരിക്കുന്നു. ബാത്ത്‌റൂമിലേക്ക്‌ നടക്കുമ്പോഴാണ്‌ കേസിന്റെ കാര്യം ഓര്‍മയില്‍ വന്നത്‌.

കോടതിയുടെ വരാന്തയില്‍ തൂണും ചാരി നില്‌ക്കുമ്പോള്‍ പോലീസുകാര്‍ കൊണ്ടുപോകുന്ന കൊലപ്പുള്ളിയെ നോക്കി അരവിന്ദന്‍ ഇരുന്നു. അയാളുടെ കൈയിലുണ്ടോ? പോക്കറ്റടിക്കാരന്റെയും ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ്‌ കേസിലായവരെയുമെല്ലാം ആര്‍ത്തിയോടെ പാളിനോക്കി. ഇവരുടെ കൈയിലുണ്ടോ? ഗൗണിട്ട വക്കീലന്മാര്‍ അരികിലൂടെ നീങ്ങുമ്പോള്‍ കാരമുള്ളുകളുടെ കുത്തേല്‍ക്കുന്നതുപോല അരവിന്ദന്‍ നീറി.

കോടതിക്കൂട്ടില്‍ നില്‌ക്കുന്ന അരവിന്ദനെ ചോദ്യങ്ങളില്‍ മറു ചോദ്യങ്ങള്‍ തിരുകി ശ്വാസംമുട്ടിച്ചു. അവസ്ഥയറിയാതെ നിയമത്തിന്റെ ഒളിച്ചുകളിയിലൂടെ ശിക്ഷാഭാണ്ഡങ്ങള്‍ കെട്ടിവയ്‌ക്കുകയാണ്‌ വക്കീല്‍. ``പത്തു വര്‍ഷത്തോളമായി നിങ്ങളുടെ അയല്‍വാസിയും അധ്യാപകനുമായ സുധാകരന്‍ മാഷിനെ ഇരുമ്പുകമ്പികൊണ്ട്‌ അദ്ദേഹത്തിന്റെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച്‌ തല്ലിയത്‌ ശരിയല്ലേ?''

``ശരിയാണ്‌'' തൊണ്ടയില്‍ കുടുങ്ങിയ കൊളുത്തു വലിച്ചെടുത്തു സമ്മതിച്ചു.

``സുധാകരന്‍മാഷ്‌ കെട്ടിയ വേലി അല്‌പം നിങ്ങളുടെ പറമ്പിലേക്കായതാണോ കാരണം?''

``അതെ''ശബ്‌ദം കരച്ചിലില്‍ മുങ്ങി

ക്ഷണത്തില്‍ അരവിന്ദന്റെ മനസ്സില്‍ നിന്നും കോടതിയും പരിസരവും അപ്രത്യക്ഷമായി. പകരം മാഷിന്റെ ചോരയൊലിക്കുന്ന തലയും കുട്ടികളുടെ നിലവിളികളും മാത്രം. വക്കീല്‍ പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ട്‌. അരവിന്ദന്‍ ഒന്നുമറിയുന്നില്ല. മാഷിനെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആ മക്കള്‍ അനാഥമാകില്ലായിരുന്നോ? വലിയവലിയ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്ന താന്‍ ആ നിമിഷത്തില്‍ ഏത്‌ മൃഗമായിട്ടാണ്‌ രൂപപ്പെട്ടത്‌. മനുഷ്യന്‌ ദൈവമാകാനും പിശാചാകാനും നിമിഷങ്ങള്‍ മതി. അന്നത്തെ സംഭവത്തിലെങ്ങാനുമാണോ നഷ്‌ടപ്പെട്ടത്‌. അതിനു മുമ്പാണോ? അതിനു മുമ്പായിരിക്കണം. എവിടെയായിരിക്കും? ആരുടെ കൈയിലാണാവോ മഴയത്തോ വെയിലത്തോ ഒരു പിടയലോടെ അരവിന്ദന്‍ കോടതിയിലേക്ക്‌ തിരിച്ചുവന്നു.

``നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?'' ജഡ്‌ജി നിയമത്തിന്റെ ഗൂഢ ശബ്‌ദം ഊതിവിട്ടു. ``സര്‍, ചെയ്‌തതൊന്നും മന:പൂര്‍വ്വമല്ല. എന്താണെന്നറിയില്ല. കുറച്ചു ദിവസങ്ങളായി എനിക്കെന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഒരു പിടിയും കിട്ടുന്നില്ല. മാഷിനോടും കുടുംബത്തോടും എന്നോട്‌ പൊറുക്കാന്‍ പറയണം. എനിക്ക്‌ മാപ്പ്‌ തരണം!'' ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞു തീര്‍ത്തു. നെഞ്ചിനകത്തൂറിയ ചുടുനീര്‍ തിരമാലകളായി കണ്ണുകളില്‍ വന്നടിച്ചു ചിതറി.

കേസിന്റെ മാറ്റിവച്ച തീയതിയും മുറുക്കിപ്പിടിച്ച്‌ അരവിന്ദന്‍ നഗരത്തിലേക്കിറങ്ങി. മുന്നില്‍ കാണുന്ന ചപ്പുചവറുകളെല്ലാം കാലുകൊണ്ട്‌ തട്ടി നോക്കി. ഒഴിഞ്ഞ ടിന്നുകള്‍ , കൂടുകള്‍.. എല്ലാമെല്ലാം പെറുക്കിയെടുത്തു പരിശോധിച്ചു. നഗരത്തിന്റെ കട്ടപിടിച്ചൊഴുകുന്ന അഴുക്കുചാലുകളില്‍ കോലിട്ടിളക്കി.

``ഇവിടെയൊന്നും കാണുന്നില്ലലോ''

അരവിന്ദന്‍ നിരാശയുടെ നിഴലായി മാറുന്നതിനിടയിലാണ്‌ ദൂരെ, മെലിഞ്ഞൊട്ടിയ ഒരു നായ ചെളിയില്‍ പുരണ്ട എന്തിനോടോ മല്ലിടുന്നത്‌ കണ്ണുകളില്‍ കയറിക്കൂടിയത്‌.

``അതെങ്ങാനുമാണോ?'' ദാരുണമായ ആ കാഴ്‌ചയിലേക്ക്‌ ഉഴറിയുഴറി നടന്നു.

``അതൊരു ഇറച്ചിക്കഷണമാണല്ലോ'' അരവിന്ദന്റെ എല്ലാ ഞരമ്പുകളിലും ഭയം പതുങ്ങിയിരുന്നു. നായ ഉപേക്ഷിച്ചുപോയ മാംസത്തുണ്ട്‌ കൈയിലെടുത്തപ്പോള്‍ അരവിന്ദന്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു.

``ഇതൊരു ഇറച്ചിക്കഷണം മാത്രമാണ്‌.'' ഏതു തുരുത്തിലായിരിക്കും? ഇനി ഒരിക്കലും അതെനിക്കു ലഭിക്കില്ലേ ? ഇതെന്തു ഭ്രാന്താണ്‌ എന്നെ പിടികൂടിയത്‌. അരവിന്ദന്‍ മരുഭൂമിയായി. അപ്രതീക്ഷിതമായി ഉയരമേറിയ മലയുടെ മുകളില്‍ നിന്നു വീഴുന്ന പാറക്കല്ലായി ശിവനെന്ന പേര്‌ അരവിന്ദന്റെ തലച്ചോറിലേക്കു വീണു.

``ശിവന്‍..ശിവന്‍..'' അരവിന്ദന്‍ ആ പേരിനുമേല്‍ അള്ളിപ്പിടിച്ചു.

``അരവിന്ദാ, ഇതു കണ്ടോ? കമ്പനിയുടെ ഏറ്റവും പുതിയ പ്രൊഡക്‌ടാണ്‌. മൂന്നു വര്‍ഷത്തെ ഗ്യാരണ്ടിയുണ്ട്‌.'' നാട്ടില്‍ നിന്നും ഇടയ്‌ക്കിടയ്‌ക്ക്‌ മുങ്ങുന്ന ശിവന്‍ എന്തെങ്കിലും പൊടിക്കൈയുമായി പ്രത്യക്ഷപ്പെടും.

``ഇത്രയും ചെറിയ വിലയ്‌ക്ക്‌ മൂന്നു വര്‍ഷം ഗ്യാരണ്ടിയോ?''

``അതാണ്‌ ഞങ്ങളുടെ കമ്പനിയുടെ പ്രത്യേകത'' ഓരോ തവണ കാണുമ്പോഴും ശിവന്‍ ഓരോ കമ്പനിയുടെ പ്രതിനിധിയാണ്‌. പിന്നീട്‌ ചരടുപൊട്ടിയ പട്ടംപോലെ എവിടെയോ മറഞ്ഞു.

കണ്ണില്‍ ഊറിനിറയുന്ന ഇരുട്ടിനെ തള്ളിമാറ്റി അരവിന്ദന്‍ ഓര്‍മകളില്‍ വിളക്ക്‌ കത്തിച്ചു. ഒരിക്കല്‍ ഈ നഗരത്തില്‍വച്ച്‌ അരവിന്ദന്‍ ശിവനെ തേടിപ്പിടിച്ച്‌ കാണാന്‍ ചെന്നു. കറങ്ങുന്ന കസേരയിലിരുന്ന്‌ ശിവന്‍ അരവിന്ദനെ സ്വാഗതം ചെയ്‌തു.

``അരവിന്ദാ, ഇതു കണ്ടോ എസിയാണ്‌. ബാത്ത്‌ റൂം അറ്റാച്ച്‌ഡ്‌ ആണ്‌. ഇതെന്റെ കമ്പനി പുതുതായിത്തന്ന മൊബൈലാണ്‌, നമ്മള്‍ പണ്ട്‌ ഉയരം കൂടിയ വരമ്പിരിലുന്നു തൂറുന്നതെല്ലാം ഓര്‍ക്കുമ്പോള്‍ എനിക്ക്‌ ലജ്ജവരും.''

വ്യഥകളുടെ തീരാത്ത പുസ്‌തകം തമ്മില്‍ പകര്‍ന്നുകൊണ്ട്‌ ശിവന്‍ കാറ്റും അരവിന്ദന്‍ മരവുമായി ഇരുട്ടിന്റെ വശ്യതയില്‍ പരസ്‌പരം മിന്നാമിനുങ്ങുകളായിഎത്രയോ രാത്രികളില്‍ തോടു ചാടിക്കടന്ന്‌ വീടുപിടിച്ചിട്ടുണ്ട്‌.

``അരവിന്ദാ, ഒടുവില്‍ നീ വന്നല്ലോ. ഈ ഓഫീസിന്റെ വലതുഭാഗത്താണ്‌ എന്റെ താമസം. നീ ഇന്ന്‌ ഇവിടെ കൂടുന്നു...'' എയര്‍കണ്ടീഷനില്‍ കുതിര്‍ന്ന ശിവന്റെ ശബ്‌ദത്തിന്‌ ഏതോ പരസ്യവാചകത്തിന്റെ ഈണമായിരുന്നു. അരവിന്ദന്‍ ഓര്‍മയില്‍ വീണ്ടും വീണ്ടും ചികഞ്ഞു

``അരവിന്ദാ, ഒന്നുകൂടി ഒഴിക്കട്ടെ, ഫോറിന്‍ വിസ്‌കിയാണ്‌.''

``മതി'' ഇടയ്‌ക്ക്‌ ശിവന്റെ മൊബൈല്‍ ഫോണ്‍ ഒച്ചയുണ്ടാക്കി.

``ഹലോ, പറയൂ, മാലൂ.. നോ, ഇന്നു ഞാന്‍ വരില്ല. എന്റെ ആത്മസുഹൃത്ത്‌ വന്ന ദിവസമാണ്‌. നീ ടോമിയെ വിളിക്ക്‌, അവന്‍ ഫ്രീയായിരിക്കുകയാണ്‌. ഗ്രാമീണസ്‌നേഹത്തിന്റെ ഗന്ധത്തില്‍ മുങ്ങിക്കിടക്കുകയാണ്‌ ഞാന്‍.'' ശിവന്റെ വാചകങ്ങളില്‍ നിറയെ ഇറച്ചിമാര്‍ക്കറ്റിലെ ദുര്‍ഗന്ധമായിരുന്നു.

``അപ്പോ, നമ്മളെന്താണ്‌ പറഞ്ഞുവന്നത്‌. ആ... കമ്പനിയുടെ കാര്യം. ഇതൊരു പുതിയ സ്‌കീം ആണ്‌. ലക്ഷങ്ങളുണ്ടാക്കാന്‍ കഴിയുന്ന സ്‌കീം.'' ശിവന്‍ ഒന്ന്‌ ഇളകിയിരുന്നു.

``പതിനൊന്നായിരം രൂപ മുടക്കി നീ ഈ സ്‌കീമില്‍ ചേരുന്നു.''

``എന്നിട്ട്‌?'' അരവിന്ദന്‍ നെറ്റിചുളിച്ചു.

``നീ ചേര്‍ന്നതിനുശേഷം നാല്‌ പേരെയുംകൂടി ചേര്‍ക്കണം. ഒരാളെ നീ ചേര്‍ക്കുമ്പോള്‍ നിനക്കു കിട്ടുന്നത്‌ രണ്ടായിരത്തി എഴുന്നൂറ്റി അന്‍പതു രൂപയാണ്‌. അങ്ങനെ നിനക്കു നാലുപേരില്‍ നിന്നു മുടക്കിയത്‌ കിട്ടും.'' ശിവന്‍ തന്റെ കൈകളുയര്‍ത്തി ഉടലാകെ പ്രസരിപ്പിച്ചുകൊണ്ട്‌ കത്തിക്കയറുകയാണ്‌. ``അരവിന്ദാ, ഇനിയാണ്‌ നിനക്ക്‌ പണം കിട്ടാന്‍ പോകുന്നത്‌. നീ ചേര്‍ത്തവരില്‍ ഒരാള്‍ മറ്റൊരാളെ ചേര്‍ക്കുമ്പോള്‍ ഒന്നുമറിയാതെ നിന്റെ കൈയില്‍ നാന്നൂറ്റിയന്‍പത്‌ രൂപയാണ്‌ വന്നു വീഴുന്നത്‌. അയാള്‍ മറ്റൊരാളെ ചേര്‍ക്കുമ്പോള്‍ എഴുന്നൂറ്‌ പിന്നെ ആയിരം.. നാലായിരത്തി അഞ്ഞൂറ്‌ അങ്ങനെ നാലു പേരില്‍നിന്നു നീ പണിയെടുക്കാതെ വന്നു വീഴുന്ന പണമൊന്ന്‌ എണ്ണി നോക്കെടാ...'' അഹ്ലാദം പെരുപ്പിച്ച്‌, കണ്ണുകള്‍ തുറിച്ചു നില്‌ക്കുന്ന ശിവനെ തന്റെമേല്‍ ചാടിവീഴാന്‍ പാകത്തിനായി ഒരുങ്ങിനില്‌ക്കുന്ന പുലിയായി തോന്നി അരവിന്ദന്‌.

മടുപ്പിന്റെ വലയത്തില്‍ നിന്നു രക്ഷപ്പെടാനായി അരവിന്ദന്‍ വീണ്ടും വിസ്‌കി ഗ്ലാസ്സിലേക്കൊഴിച്ചു വലിച്ചുകുടിച്ചു തലതാഴ്‌ത്തി.

ശിവന്‍ അരവിന്ദന്റെ താടി പിടിച്ചുയര്‍ത്തി ചോദിച്ചു.

`` നീ എന്തു പറയുന്നു? ചേരുകയല്ലേ, രക്ഷപ്പെടാം. നിന്റെ കുറെ ബോറന്‍ ഫിലോസഫിയുണ്ടല്ലോ. ദൂരെക്കളയെടോ''

അരവിന്ദന്‍ ചിരിക്കാനായി ശ്രമിച്ചു.

``ശിവാ നമ്മള്‌ ചേര്‍ക്കുന്നവര്‍ക്ക്‌ നിന്നെപ്പോലെ വാചകങ്ങള്‍ക്കൊണ്ട്‌ കസര്‍ത്ത്‌ നടത്തി വശീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ പണം പോകില്ലേ?''

``അതെന്തിനു നമ്മള്‍ നോക്കണം ? പണം മുടക്കിയവന്‍ വെറുതെ ഇരിക്ക്യോ. മെനക്കെട്ട്‌ പണിയെടുത്തുകൊള്ളും. ഹ...ഹ...ഹ..'' ശിവന്‍ ഉച്ചത്തില്‍ ചിരിച്ചു.

``ശിവാ, ഞാനതിനൊന്നുമല്ല വന്നത്‌ നമുക്കുറങ്ങാം.''

അരവിന്ദന്‍ കനത്ത ശബ്‌ദത്തില്‍ നിന്നും മൗനത്തിലേക്ക്‌ ചിറകു വിരിച്ചു.

രാത്രിയുടെ പാതിയില്‍ പച്ചമാംസം വേവുന്ന വേദനയോടെ അരവിന്ദന്‍ പുളഞ്ഞുണര്‍ന്നു. മൂര്‍ച്ചയേറിയ ഇരുമ്പുകൈകള്‍ നെഞ്ചിനകത്തുള്ളതെല്ലാം മാന്തിപ്പൊളിക്കുകയാണ്‌.

``ദൈവമേ, സഹിക്കാനാവുന്നില്ലോ.'' അരവിന്ദന്‍ ശിവനെ ചുറ്റിപ്പിടിച്ച്‌ നിലവിളിച്ചു.



``ശിവാ.. ശിവാ...'' ഉറക്കത്തിനിടയിലെ ചില ഞരക്കങ്ങള്‍ മാത്രമല്ലാതെ മറ്റൊന്നും ശിവനില്‍ നിന്നുണ്ടായില്ല. എല്ലുകളോരോന്നായി പൊട്ടുകയാണ്‌. അരവിന്ദന്‍ കമഴ്‌ന്നുകിടന്നും തിരിഞ്ഞും മറിഞ്ഞും കിടന്നും നേരം വെളുപ്പിച്ചു. നിരവധി തവണ ടയറുകള്‍ കയറിയിറങ്ങി ചതഞ്ഞ ചാക്കുതുണ്ടുപോലെയായ അരവിന്ദന്‍ പതുക്കെ എഴുന്നേറ്റു.

``ഞാന്‍ പോകുന്നു.''

``ശരി, ഓക്കെ.''

``തീരെ വയ്യ, രാത്രിയിലൊരുപാട്‌ നിന്നെ വിളിച്ചു. കേട്ടില്ല.''

``വെള്ളമടിച്ചാല്‍ ഞാനങ്ങനെയാ''

ഓര്‍മകളുടെ ഇടങ്ങളില്‍ നിന്ന്‌ അരവിന്ദന്‍ തിരിച്ചു വന്നു. ശക്തിയോടെ തലകുടഞ്ഞ്‌ ചുറ്റും നോക്കി. നഗരം തിരക്കില്‍ മുങ്ങിക്കുളിക്കുകയാണ്‌. ``അന്നു രാത്രിയില്‍ ശിവനാണോ കൈക്കലാക്കിയത്‌. ഇനിയും പ്രതിഫലിപ്പിക്കാനാവാത്ത ആ മഹാവേദനയാണോ ഞാനനുഭവിച്ചത്‌.''

``ശിവന്റെ കൈയിലാണുള്ളത്‌.'' വാഹനങ്ങളെ മുറിച്ചുകടന്ന്‌ ആള്‍ക്കൂട്ടങ്ങളിലൂടെ തുളച്ചുകയറി ഓടിയോടി ശിവന്റെ ഓഫീസ്‌ കെട്ടിടത്തിന്റെ ചുവട്ടിലെത്തി. ഓടിക്കയറാന്‍ പോകുമ്പോഴാണ്‌ കെട്ടിടത്തിന്‌ നാലു ഗോവണികളുള്ളതായിക്കണ്ടത്‌. പകച്ചുനിന്ന അരവിന്ദനു മുന്നില്‍ ഉയരുകയും താഴുകയും ചെയ്യുന്ന ലിഫ്‌റ്റുകള്‍.

ഒന്നാം ഗോവണിയിലൂടെ കയറിച്ചെല്ലുമ്പോള്‍ മൂന്നാം ഗോവണിയിലൂടെ ശിവന്‍ ഇറങ്ങിപ്പോകുമോ? മൂന്നാം ഗോവണിയിലൂടെ കയറിച്ചെല്ലുമ്പോള്‍ ശിവന്‍ നാലാം ഗോവണിയിലൂടെ..അതോ ലിഫ്‌റ്റിലൂടെ? നെറ്റിയിലെ ഞരമ്പ്‌ വലിഞ്ഞുമുറുകി. കണ്ണീരും വിയര്‍പ്പും കൂടിച്ചേര്‍ന്ന്‌ ദേഹമാസകലം പുകയുകയാണ്‌. മുടിയിഴകളോരോന്നായി വെന്തുതുടങ്ങി. അരവിന്ദന്‍ ഒന്നാം ഗോവണിയിലൂടെ മൂന്നാം ഗോവണിയിലൂടെ ഓടിക്കയറിയെങ്കിലും മറ്റു ഗോവണികളെ വിസ്‌മരിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിനും മരണത്തിനുമിടയിലെ കുരുക്കില്‍ കുടുങ്ങി അരവിന്ദന്‍ മേലോട്ട്‌...

താഴോട്ട്‌...

മേലോട്ട്‌...
മനുഷ്യന്‍ എന്ന ഗുഹ (കഥ: അര്‍ഷാദ്‌ ബത്തേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക