Image

സിനിമാനടിയുടെ പ്രസവം; മാതൃത്വത്തിന്‍റെ മഹത്വം

Berly Thomas Published on 28 September, 2012
സിനിമാനടിയുടെ പ്രസവം; മാതൃത്വത്തിന്‍റെ മഹത്വം

സിനിമാ നടി ശ്വേതാ മേനോന്‍ പ്രസവിച്ചു. സംവിധായകന്‍ ബ്ലസി അത് ക്യാമറയില്‍ പകര്‍ത്തി.ഇതില്‍ പ്രസവം എന്നത് ശ്വേതയുടെ സ്വകാര്യവിശേഷവും ക്യാമറയില്‍ പകര്‍ത്തി എന്നത് ബ്ലെസിയുടെ സിനിമാവിശേഷവും ഇതു രണ്ടും കൂടി വാര്‍ത്തയാക്കുന്നത് മാധ്യമങ്ങളുടെ വാര്‍ത്താവിശേഷവുമാണ്. എല്ലാം അവരവരുടെ സ്വാതന്ത്ര്യം. ഒന്നിലും ഒരു തെറ്റുമില്ല. ഈ സംഭവവികാസങ്ങള്‍ക്കൊപ്പം ശ്വേതാ മേനോനും ബ്ലെസിയും അവരുടെ മൊഴിയെടുത്ത മാധ്യമപ്രവര്‍ത്തകരും വാരിവലിച്ചു വര്‍ണിച്ചിരിക്കുന്ന മഹത്വപ്രഖ്യാപനങ്ങളെക്കുറിച്ചാണ് ദോഷൈദൃക്കെന്ന നിലയ്‍ക്ക് എനിക്കു ചില സംശയങ്ങളുള്ളത്.

പ്രസവശേഷം ശ്വേത പറഞ്ഞിരിക്കുന്ന ഡയലോഗ് ശ്രദ്ധിക്കുക. പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്നു ശ്വേത പറഞ്ഞു. മാതൃത്വത്തിന്‍റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്‍ക്കായിട്ടാണ് താന്‍ പ്രസവം ചിത്രീകരിച്ച് സിനിമ ഉണ്ടാക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസിയും പറഞ്ഞു. രണ്ടും നല്ല കാര്യങ്ങളാണ്. ആര്‍ക്കും എതിരൊന്നും പറയാനുണ്ടാവില്ല. ലേബര്‍ റൂമില്‍ ക്യാമറ വച്ച് പ്രസവം ഷൂട്ട് ചെയ്യുന്നത് ചെറ്റത്തരമാണെന്ന് അഭിപ്രായമുള്ളവരേ ശ്രദ്ധിക്കൂ, ഞങ്ങള്‍ ഇതു ചെയ്യുന്നത് ദൈവികമായ ഒരു ലക്‍ഷ്യത്തിനു വേണ്ടിയാണ് എന്നാണ് ഈ മൊഴികളുടെ സന്ദേശം.

പ്രസവം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പരിപാടിയല്ല. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമനുഷ്യന്‍ പിറന്ന കാലം മുതല്‍ ഈ ലോകത്ത് പ്രസവങ്ങള്‍ നടക്കുന്നു. ഇത് എങ്ങനെ നടക്കുന്നുവെന്നോ ഈ പ്രക്രിയയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളും അമ്മയുമായി എന്തു തരം ബന്ധമാണുണ്ടാവുന്നതെന്നോ ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. കാരണം എല്ലാവരും ഒരമ്മ പ്രസവിച്ചാണ് ഉണ്ടാവുന്നത്. താനെത്രത്തോളം വേദനയനുഭവിച്ചാണ് കുഞ്ഞേ നിനക്കു ജന്മം നല്‍കിയതെന്ന് മിക്കവാറും അമ്മമാരും സ്വന്തം മക്കളോടു പറഞ്ഞുകൊടുക്കാറുണ്ട്. വീട്ടിലുള്ള കുട്ടികള്‍ സ്വന്തം അമ്മയുടെയോ വീട്ടിലെ മറ്റംഗങ്ങളുടേയോ ഒക്കെ ഗര്‍ഭാവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കാറുമുണ്ട്. അങ്ങനെയിരിക്കെ ഒരു സിനിമാനടിയുടെ പ്രസവം തല്‍സമയം ചിത്രീകരിച്ച് സിനിമ ഉണ്ടാക്കുന്നതിന്‍റെ സാമൂഹികപ്രസക്തി എന്താണ് ?

മാതൃത്വത്തിന്‍റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്‍ക്കായിട്ടാണ് താന്‍ ഇത്തരത്തിലൊരു സിനിമ ചെയ്യുന്നത് എന്നു പറയുന്ന ബ്ലസി ഒന്നുകില്‍ ഒരു മന്ദബുദ്ധിയായിരിക്കണം, അല്ലെങ്കില്‍ സ്വന്തം സിനിമയുടെ മാര്‍ക്കറ്റിങ്ങിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പരമഫ്രോഡായിരിക്കണം. വേദന നിറഞ്ഞ പ്രസവങ്ങള്‍ നല്ല നടിമാര്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള സിനിമകള്‍ ലോകത്ത് എല്ലാ ഭാഷയിലും ഉണ്ടായിട്ടുണ്ട്. ആ പ്രസവ സീനുകള്‍ നടി അഭിനയിക്കുന്നതാണല്ലോ, ഒറിജിനലല്ലോ എന്നുള്ള ചിന്തകള്‍ കാരണം ആസ്വാദ്യമായില്ല എന്നാരും പറഞ്ഞിട്ടില്ല. സിനിമ എന്ന മാധ്യമം എന്താണെന്നറിയാവുന്നവരാണ് അത് കാണാന്‍ പോകുന്നത്. അതില്‍ റിയാലിറ്റി അംശം കൂടുമ്പോള്‍ ആ സീനുകള്‍ കൂടുതലായി എന്തെങ്കിലും സംവേദനം ചെയ്യുമെങ്കില്‍ അത് കഥാപാത്രത്തിന്‍റെ അല്ല, കഥാപാത്രമായി അഭിനയിക്കുന്ന നടിയുടെ ജീവിതമാണ് എന്നിരിക്കെ പടമിറങ്ങുമ്പോള്‍ ബ്ലെസിയുടെ ന്യായം വെറും അന്യായമായി മാറും.

ഞാന്‍ ചോദിക്കട്ടെ. ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് പോകുന്നത് മാതൃത്വത്തിന്‍റെ മഹത്വം കണ്ടു മനസ്സിലാക്കാനായിരിക്കുമോ ശ്വേതയുടെ പ്രസവം കാണാനായിരിക്കുമോ ? ശ്വേതയുടെ പ്രസവം കാണിക്കുന്ന സിനിമ എന്നതു തന്നെയായിരിക്കും ഈ സിനിമയുടെ ഐഡന്‍റിറ്റി എന്നു നിസ്സംശയം പറയാം. ശ്വേത അവതരിപ്പിക്കുന്ന കഥാപാത്രവും ആ കഥാപാത്രത്തിന്‍റേതായ മേമ്പൊടികളുമെല്ലാം ഈ സീനില്‍ പ്രേക്ഷകര്‍ മറക്കും. അത് ശ്വേതേടെ ഒറിജിനല്‍ പ്രസവമാണെന്ന് പ്രേക്ഷകന്‍റെ തലയിലിരുന്ന് ആരോ മന്ത്രിക്കും. ശ്വേത മേനോന്‍ എന്ന നടിയുടെ പ്രസവം ലേബര്‍ റൂമില്‍ നിന്നു കാണുന്ന അതേ വികാരത്തോടെയായിരിക്കും പ്രേക്ഷകന്‍ ആ പ്രസവസീനും കാണുക എന്നാണെന്‍റെ തോന്നല്‍.,. അങ്ങനെയല്ല, അപ്പോള്‍ ശ്വേതയെന്ന നടിയും പ്രസവുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളും എല്ലാം വിസ്മരിക്കപ്പെടുകയും മാതൃത്വത്തിന്‍റെ മഹത്വം മാത്രം ഞങ്ങളുടെ മനസ്സില്‍ അലയടിക്കുകയും ചെയ്യുമെന്ന് അഭിപ്രായമുള്ളവരോട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഞാന്‍ ആദ്യം പറഞ്ഞ ടൈപ്പാണ്. എന്നെപ്പോലെ വേറെയും അനേകം ആളുകള്‍ കാണാന്‍ സാധ്യതയുണ്ട്.

അപ്പോള്‍ മാതൃത്വത്തിന്‍റെ മഹത്വമല്ല, സിനിമാനടിയുടെ പ്രസവമാണ് ബ്ലെസി വില്‍ക്കാനുദ്ദേശിക്കുന്നത് എന്നു തുറന്നു സമ്മതിക്കേണ്ടി വരും. മാതൃത്വം, അമ്മ, കുഞ്ഞ് തുടങ്ങിയ വാക്കുകള്‍ വന്നതുകൊണ്ട് മാത്രം എല്ലാം പവിത്രമാകണമെന്നില്ല. ബ്ലെസിയുടെ ന്യായവാദം വച്ചുനോക്കിയാല്‍ ഇവിടെ ബ്ലൂഫിലിം പിടിക്കുന്നവന് പിതൃത്വത്തിന്‍റെ മഹത്വം പുതുതലമുറയെ മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടിയാണ് താനിതു ചെയ്തതെന്നു വേണമെങ്കില്‍ വാദിക്കാം. അല്ലെങ്കില്‍ തന്നെ ‘മാതൃത്വത്തിന്‍റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറ’ എന്നു പറയാന്‍ ഈ സംവിധായകന് എങ്ങനെ കഴിയും ? യുവതലമുറ ഫുള്ളായിട്ടും ടെസ്റ്റ് ട്യൂബ് ശിശുക്കളാണെങ്കില്‍ ബ്ലെസിക്ക് ഇതു പറയാം. ഞാന്‍ മനസ്സിലാക്കിയിടത്തോളം ബ്ലെസിയുടെയൊക്കെ തലമുറയെക്കാള്‍ അമ്മയോട് വൈകാരികമായി കൂടുതല്‍ അടുപ്പമുള്ളതാണ് യുവതലമുറ.

ഇനി ശ്വേതയുടെ ഡയലോഗ് നോക്കാം. ‘പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്ന്’. എന്താണ് ഈ സ്ത്രീ ഉദ്ദേശിക്കുന്നത് ? പ്രസവമെന്ന മനോഹരനിമിഷം എന്ന പ്രസ്താവന തന്നെ തെറ്റാണ്. ചിലര്‍ക്ക് പ്രസവം നരകത്തേക്കാള്‍ ഭീകരമാണ്. ചിലര്‍ പ്രസവത്തോടെ മരിക്കുന്നു. ചിലരാകട്ടെ സിസേറിയനിലൂടെയാണ് കുഞ്ഞിനു ജന്മം നല്‍കുന്നത്. പ്രസവമെന്നത് മനോഹരമാണോ അല്ലയോ എന്നതൊക്കെ വ്യക്തിപരമാണ്. അത് ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നെന്നും പറയുമ്പോള്‍ പ്രസവമെന്ന നിഗൂഢരഹസ്യത്തെപ്പറ്റി ഇന്ത്യയിലാര്‍ക്കും വലിയ പിടിയില്ല എന്നൊരു സൂചനയുണ്ട്. ഇതിനൊക്കെ പുറമേ എന്‍റെ പരിമിതമായ അറിവ് വച്ച് പ്രസവമുറിയിലെ സ്വകാര്യതയും സുരക്ഷിതത്വവും ഒരു സ്ത്രീയെ സംബന്ധിച്ച് പരമപ്രധാനമാണ്. അത് അവളുടെ പ്രസവത്തിന്‍റെ സ്വകാര്യതയല്ല, മറിച്ച് ജീവന്‍റെ ജീവനായ കുഞ്ഞിന്‍റെ സ്വകാര്യതയാണ്. എല്ലാ പകര്‍ത്തിയെടുക്കാന്‍ ഒരു ക്യാമറയും ക്യാമറാമാനും അസിസ്റ്റന്‍റ് ക്യാമറാമാനും നോക്കിനില്‍ക്കെ പ്രസവമെന്ന മനോഹരനിമിഷം അനുഭവിക്കാന്‍ ഒരു സ്ത്രീക്കു കഴിയുമെങ്കില്‍ അതു വലിയ കാര്യം തന്നെയാണ്.

ശ്വേതാ മേനോന് എങ്ങനെ വേണമെങ്കിലും പ്രസവിക്കാം, അതവരുടെ സൗകര്യം. ബ്ലെസിക്ക് ഏതു തരത്തിലുള്ള സിനിമയുമെടുക്കാം. അതിലൊന്നും എനിക്കൊരഭിപ്രായവ്യത്യായവുമില്ല. ഇതെല്ലാം മാതൃത്വത്തെ മഹത്വവല്‍ക്കരിക്കാനും പുതുതലമുറയെ ബോധവല്‍ക്കരിക്കാനും വേണ്ടിയാണെന്ന ഉഡായ്‍പ് ന്യായവാദത്തോടാണ് എനിക്ക് എതിര്‍പ്പ്. ചിലപ്പോള്‍ ബ്ലെസിയുടെ സിനിമ മാതൃത്വത്തെ ഭീകരമായി മഹത്വവല്‍ക്കരിക്കുകയും പുതുതലമുറയെ ഉടച്ചുവാര്‍ക്കുകയും ചെയ്തേക്കാം. പക്ഷേ, നടിയുടെ ഗര്‍ഭവും പ്രസവും ഒറിജിനലാണെന്നതുകൊണ്ട് ആ ലക്‍ഷ്യങ്ങള്‍ നിറവേറ്റപ്പെടില്ല. അത് സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തിയും തിരക്കഥയുടെ മികവുംകൊണ്ടേ സാധിക്കൂ. പക്ഷേ, ഈ സിനിമയില്‍ ഷൂട്ട് ചെയ്യുന്നതനുസരിച്ച് തിരക്കഥ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. എന്‍റെ അഭിപ്രായത്തില്‍ ഈ പ്രസവഷൂട്ടിങ് ഉദാത്തമാണെന്നും ലോകത്താദ്യമായി ഇങ്ങനൊരു മഹാകാര്യത്തിനു തയ്യാറായ ശ്വേത ഭീകരബോള്‍ഡാണെന്നുമുള്ള വാദം തട്ടിപ്പാണ്. ഇതെല്ലാം സിനിമ എന്ന ബിസിനസിന്‍റെ ഭാഗമാണ് എന്നു സത്യസന്ധമായി പറയാന്‍ കഴിയുന്നതാണ് ബോള്‍ഡ്‍നെസ്സ്. ശ്വേതയ്‍ക്കും കുഞ്ഞിനും എല്ലാ ആശംസകളും നേരുന്നു. ബ്ലെസിക്ക് നാഷനല്‍ അവാര്‍ഡ് തന്നെ കിട്ടട്ടെ എന്നാശംസിക്കുന്നു.

പിന്‍കുറിപ്പ്- ഐശ്വര്യ റായ് ബച്ചന്‍റെ പ്രസവത്തോടനുബന്ധിച്ച് മാധ്യമങ്ങള്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ എല്ലാവരും ആക്ഷേപിച്ചത് ഐശ്വര്യയെയും കുട്ടിയെയുമായിരുന്നു. തന്‍റെ സ്വകാര്യതയും കുഞ്ഞിന്‍റെ സ്വകാര്യതയും സംരക്ഷിക്കാന്‍ ആ കുടുംബം എത്രത്തോളം കഷ്ടപ്പെട്ടു എന്നത് ചരിത്രമാണ്. അന്ന് ഐശ്വര്യയുടെ പ്രസവത്തെ പരിഹസിച്ച നമുക്ക് ശ്വേതയുടെ പ്രസവത്തിന്‍റെ മാര്‍ക്കറ്റിങ് ഉദാത്തമാണെന്ന് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്നത് വിസ്മയകരമാണ്. “പിറന്നയുടനെ അഭ്രലോകത്ത് അരങ്ങേറാനുള്ള ആപൂര്‍വഭാഗ്യം ശ്വേതയുടെ കുഞ്ഞിനു ലഭിച്ചു” എന്നാണ് വര്‍ണന.
സിനിമാനടിയുടെ പ്രസവം; മാതൃത്വത്തിന്‍റെ മഹത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക