Image

എന്റെ ബലവാനായ ദൈവം(കവിത)-പി.സി.മാത്യൂ

പി.സി.മാത്യൂ Published on 29 September, 2012
എന്റെ ബലവാനായ ദൈവം(കവിത)-പി.സി.മാത്യൂ
ബാല്യം മുതലെന്റെ ബലമായിരുന്നവന്‍
ബഹുജനമദ്ധ്യത്തില്‍ ബഹുമാനിച്ചവന്‍
കാട്ടിലും മേട്ടിലും മുള്‍പാത താണ്ടവെ
കാലുകള്‍ ഇടറാതെ കാതരം കാത്തവന്‍

കണ്ണുനീര്‍ തുള്ളികളിറ്റുവീഴവെ, കനിഞ്ഞവന്‍
കൈനീട്ടി തന്‍ തൊങ്ങലാല്‍ തുടച്ചവന്‍ ..
ആനന്ദാശ്രുക്കള്‍ പൊഴിക്കുവരെ സ്‌നേഹം
ആവോളം തന്നെന്റെ ആവല്‍ പൊക്കിയവന്‍

ആത്മാവില്‍ നടത്തിപ്പ് തിരിച്ചറിയുവാന്‍
ആത്മബോധവും ജ്ഞാനവുമേകിയോന്‍
ആത്മാവിലെന്നെയും ചേര്‍ക്കുവാന്‍ വീണ്ടും
ആശയാല്‍ കാത്തിരിപ്പാന്‍ പോന്നവന്‍ യേശു

വിശ്വാസം കാത്തു വിശുദ്ധിയായ് തന്നുടെ
വിളിയുടെ വിലയും മനസ്സിലാക്കി നടക്കുവാന്‍
മാലാഖമാരെയും കാവലാക്കിയ സ്‌നേഹിതന്‍
മാറാത്തവന്‍, മറക്കാത്തവന്‍ വീരനാം ദൈവം.

എന്‍ പ്രേമ സ്വാമിയാം യേശുവേ
നിന്‍പാദവൃന്ദങ്ങള്‍ മുത്തുവാനാശ-
ഏറുന്നു നിത്യമീ ഭൃത്യനു ഹൃദന്തത്തില്‍
ലാവണ്യവാക്കുകള്‍ വിതുമ്പുന്നു വിസ്മയം

നിന്‍ സാമീപ്യം സന്തോഷം, സൗഖ്യം, കൃപ
യനര്‍ഗ്ഗളമായ് നുകരുന്നിതാ നിന്‍ ദാസന്‍.
എന്നില്‍ വന്നുവസിപ്പാന്‍ കാട്ടുന്ന തിരു-
മനസ്സിനു നന്ദി, സ്തുതിയെകുന്നു സമാധാനം

എന്നുള്ളില്‍ വാഴുന്ന ശാലേം രാജാവായ്
എന്‍ തേരുതെളിക്കുന്ന തേരാളിയായി നീ
എന്‍ സര്‍വ്വനന്മക്കുകാരണഭൂതമായ്
എന്നന്തരാത്മാവെ നേടിയെടുത്തസ്‌നേഹമേ

നിന്‍പാദസേവചെയ്‌തൊന്നന്തിയുറങ്ങാന്‍
കാംഷിക്കുന്നു ഞാനേറെ സന്തോഷവാന്‍
കുരുവികളുമാസന്ധ്യാരാഗമാലപിച്ചോല-
ത്തുമ്പിലാനന്ദ നൃത്തമാടുന്നു ചേക്കേറുവാന്‍

നിന്‍സൃഷ്ടിയാം സൂര്യനും മയങ്ങുന്നു സ്തുതിയുമായ്
ഉണരുന്നു വീണ്ടുമാസ്‌നേഹകിരണങ്ങള്‍ നീട്ടി.
നിന്‍നറുന്നിണം നേടുന്നനേകരെ
അന്ധകാരത്തില്‍ നിന്നത്ഭുതമാം നിത്യജീവനായി

ഉഷസ്സും സന്ധ്യയുമങ്ങു മാറി മാറി മറയവെ
എന്നും ഞാന്‍ കേട്ടിടും നിന്‍ തേരൊളി വാനില്‍
എന്‍ സ്വപ്നമാധുര്യമാം കുടക്കാഴ്ചയോര്‍ക്കവെ
എന്നന്തരംഗത്തിലാത്മാവും ആര്‍ക്കുന്നുമോദാല്‍
എന്റെ ബലവാനായ ദൈവം(കവിത)-പി.സി.മാത്യൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക