Image

ആ വെളിച്ചം പൊലിഞ്ഞ്‌ പോയി...(സുധീര്‍ പണിക്കവീട്ടില്‍)

Published on 01 October, 2012
ആ വെളിച്ചം പൊലിഞ്ഞ്‌ പോയി...(സുധീര്‍ പണിക്കവീട്ടില്‍)
(ഒക്‌ടോബര്‍ രണ്ടിനു മഹാത്മാ ഗാന്ധിയുടെ നൂറ്റി നാല്‍പ്പത്തിമൂന്നാം ജന്മദിനമാണ്‌. ആ മഹാത്മാവിന്റെ ഓര്‍മ്മകള്‍ക്ക്‌ മുമ്പില്‍ ഇ-മലയാളിയുടെ പ്രണാമം)

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരില്‍ നിന്ന്‌ സ്വന്തം മാത്രു രാജ്യത്തെ സ്വതന്ത്രമാക്കിയ മഹാത്മാവിന്റെ ജീവന്‍ ഒരു മതഭ്രാന്തന്റെ വെടിയേറ്റ്‌ തകര്‍ന്നുപോയി. കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതം ഇരുട്ടിലാണ്ടു. സ്വതന്ത്രഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹര്‍ലാല്‍ നെഹ്രു രാഷ്‌ട്രപിതാവിന്റെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ചുകൊണ്ട്‌ ജാതിമതഭേദമെന്യെ തിങ്ങികൂടിയ ജനലക്ഷങ്ങളോട്‌ പറഞ്ഞു.`ആ വെളിച്ചം പൊലിഞ്ഞ്‌പോയി'' പിന്നെ അദ്ദേഹം കൂട്ടി ചേര്‍ത്തു ` വെളിച്ചം കെട്ടുപോയി എന്നു ഞാന്‍ പറഞ്ഞത്‌ ശരിയല്ല.

ഇത്രയും വര്‍ഷം ഈ ഭാരത ഭൂമിയില്‍ പ്രകാശം ചൊരിഞ്ഞ ആ വെളിച്ചം ഒരു സാധാരണ വെളിച്ചമായിരുന്നില്ല. ആ വെളിച്ചം ഇനിയും അനവധി വര്‍ഷങ്ങള്‍ നമ്മുടെ മാതൃഭൂമിയെ പ്രകാശമാനമാക്കും. സഹസ്രാബ്‌ദങ്ങള്‍ക്ക്‌ ശേഷവും ഈ രാജ്യം വെളിച്ചം കാണും. ഈ വിശ്വം മുഴുവന്‍ അതിന്റെ പ്രഭ കാണും. ആ പ്രകാശം അനവധി ഹൃദയങ്ങള്‍ക്ക്‌ ആശ്വാസം പകരും.

നൂറ്റിനാല്‍പ്പത്തി മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പോര്‍ബന്തറില്‍ ജനിച്ച മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ഭാരതത്തിന്റെ രാഷ്‌ട്രപിതാവായി. ലോകമറിയുന്ന മഹാത്മാവായി. അദ്ദേഹം പറഞ്ഞു. `തെറ്റ്‌ ചെയ്യുന്ന മനുഷ്യരെ കാണുമ്പോള്‍ ഞാന്‍ എന്നോട്‌ പറയും. ഞാനും തെറ്റുകള്‍ ചെയ്‌തിട്ടുണ്ട്‌. കാമാവേശം ഉള്ള ഒരാളെ കാണുമ്പോള്‍ ഞാന്‍ എന്നോട്‌ പറയും ഞാനും ഒരിക്കല്‍ അങ്ങനെയായിരുന്നെന്ന്‌. ഇങ്ങനെ ലോകത്തിലെ എല്ലാവരിലും ഞാന്‍ ഒരു ബന്ധം കാണുന്നു. ഈ ലോകത്തിലെ എല്ലാവരും സന്തോഷവാന്മാരല്ലെങ്കില്‍ എനിക്ക്‌ സന്തോഷിക്കുവാന്‍ കഴിയുകയില്ല'. സത്യത്തിനും നീതിക്കും വേണ്ടി പോരാടാന്‍ തയ്യാറുള്ള ഒരു മനസ്സും അതിന്നായി ആര്‍ജ്ജിച്ച ധൈര്യവും ഗാന്ധിയുടെ വ്യക്‌തി വിശേഷങ്ങളില്‍ ചിലതാണ്‌. ബാലനായിരുന്നപ്പോള്‍ തന്നെ എല്ലാവരേയും യാതൊരു വിവേചനവും കൂടാതെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു പ്രക്രുതമായിരുന്ന്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. `മോനിയ' എന്ന്‌ മാതാപിതാക്കള്‍ ഓമനിച്ച്‌ വിളിച്ചിരുന്ന മോഹന്‍ദാസിനു വീട്ടില്‍ സമയം ചിലവഴിക്കുന്നതിനെക്കാള്‍ കൂട്ടുകാരും സഹോദരന്മാരുമൊത്ത്‌ കളിക്കുന്നതിലായിരുന്നു താല്‍പ്പര്യം. ചിലപ്പോള്‍ കളിയില്‍ സഹോദരന്മാര്‍ മോനിയയുടെ വലിയ ചെവികള്‍ പിടിച്ച്‌ വലിച്ച്‌ വേദനിപ്പിക്കുക പതിവായിരുന്നു. വിവരം പറയാന്‍ അമ്മയുടെ അടുത്തേക്ക്‌ ഓടിചെല്ലുമ്പോള്‍ അമ്മ ചോദിക്കും `നിനക്ക്‌ തിരിച്ചടിക്കാമായിരുന്നില്ലേ? എന്നാല്‍ ബാലനായ മോനിയക്ക്‌ അക്രമങ്ങളോട്‌ അന്നേ എതിര്‍പ്പായിരുന്നു. മോനിയ അമ്മയോട്‌ ചോദിക്കും `എന്നോട്‌ മൂത്തവരെ അടിക്കുവാന്‍ അമ്മക്കെങ്ങിനെ ഉപദേശിക്കാന്‍ കഴിയും. ഞാനെങ്ങനെ എന്റെ ചേട്ടന്മാരെ അടിക്കും. അല്ലെങ്കില്‍ തന്നെ ആരെയെങ്കിലും എന്തിനു ഉപദ്രവിക്കണം. സ്‌കൂള്‍ പാഠങ്ങളില്‍ മോഹന്‍ദാസിനെ ഏറ്റവും അധികം സ്വാധീനിച്ച കഥകളാണ്‌ ശ്രാവണകുമാരന്റേയും ഹരിചന്ദ്രന്റേയും. വയസ്സ്‌ കാലത്ത്‌ മാതാപിതാക്കളെ സ്വന്തം ചുമലിലേറ്റി നടന്ന്‌ അവരെ ശുശ്രൂഷിച്ച ശ്രാവണകുമാരനെ മോഹന്‍ദാസ്‌ ആദരവോടെ കണ്ടു. മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌ത ആ പ്രിയ പുത്രനെപോലെ തനിക്കുമാകണമെന്ന്‌ മോഹന്‍ദാസ്‌ കരുതി. അതേപോലെ സത്യത്തിനുവേണ്ടി ഉറച്ചുനിന്ന രാജാവായ ഹരിചന്ദ്രനും മോഹന്‍ദാസിനെ സ്വാധീനിച്ചു. നന്മകള്‍ തെരഞ്ഞെടുക്കാനും അവ ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള തീരുമാനങ്ങള്‍ ബാല്യകാലം മുതലേ ഗാന്ധിയില്‍ പ്രകടമായിരുന്നു. തെറ്റുകളെ തിരുത്തി മേന്മ കൈവരുത്തണമെന്ന നിശ്‌ചയദാര്‍ഢ്യവും ചെറുപ്പത്തിലെ മോഹന്‍ദാസിന്റെ ഹ്രുദയത്തില്‍ അങ്കുരിച്ചു തികഞ്ഞ ഈശ്വരഭക്‌തയായ അമ്മയില്‍ നിന്നും മോനിയ സ്വഭാവമഹിമ പകര്‍ത്തി. വ്രുതശുദ്ധിയോടെ ഈശ്വര ചിന്തയില്‍ല്‌പമുഴുകി അമ്മ നടത്തിപോന്ന വ്രുതങ്ങളില്‍ ഒന്നായിരുന്ന സൂര്യനെ നമസ്‌കരിച്ചതിനു ശേഷം വ്രുതമവസാനിപ്പിക്കുക എന്നത്‌. ഈ വ്രുതം മഴക്കാലത്ത്‌ ആചരിച്ച്‌ പോന്നിരുന്നത്‌കൊണ്ട്‌ സൂര്യനെ കാണുക പ്രയാസമായിരുന്നു. അമ്മ ഭക്ഷണം കഴിക്കാതിരിക്കുന്നതില്‍ വ്യസനിച്ച്‌ മോനിയ സൂര്യന്‍ തലകാണിക്കുന്നത്‌ നോക്കി നില്‍ക്കുന്നത്‌ പതിവാക്കി. മേഘകീറുകളിലൂടെ ആ തലവെട്ടം കണ്ടാല്‍ ഉടനെ അമ്മയുടെ അടുത്തേക്ക്‌ ഓടുകയായി. അമ്മയുമായി തിരിച്ച്‌ വരുമ്പോഴെക്കും സൂര്യന്‍ മറഞ്ഞ്‌ കാണും. സ്വന്തം കണ്ണുകളെകൊണ്ട്‌ സൂര്യനെ കാണാതെ വ്രുതം അവസാനിപ്പിക്കാന്‍ സാധിക്കാത്തത്‌കൊണ്ട്‌ അമ്മ പറയും' ഇന്ന്‌ ഇനിയും വൈകിയെ ഞാന്‍ ആഹാരം കഴിക്കാവൂ എന്നായിരിക്കും ദൈവഹിതം. അവര്‍ വീണ്ടും അവരുടെ ഭജനയില്‍ മുഴുകും. ബാലനായ ഗാന്ധിയില്‍ അങ്ങനെ ഉറച്ച ഈശ്വരവിശ്വാസവും, നിശ്‌ചയദാര്‍ഢ്യവും, അനുഷ്‌ഠാനങ്ങളുടെ ക്രുത്യനിഷ്‌ഠമായ ആചരണവുമൊക്കെ നല്ല രീതിയില്‍ വേരോടുവാന്‍ തുടങ്ങി. പില്‍ക്കാലത്ത്‌ പല പ്രസ്‌ഥാനങ്ങള്‍ നയിക്കുമ്പോഴും പതറാതെ, ല്‌പകര്‍മ്മ ധീരതയോടെ ലക്ഷ്യത്തിലെത്താന്‍ അദ്ദേഹത്തെ പ്രസ്‌തുത ബാലപാഠങ്ങള്‍ പ്രാപ്‌തനാക്കി.

ഈശ്വരനും ഈശോയും, അള്ളായും നിന്റെ പേരു്‌ തന്നെ ദൈവമേ എന്ന്‌ വിശ്വസിച്ച ഗാന്ധിയുടെ മനസ്സില്‍ ഭാരതം എല്ലാ മതക്കാരും `സോദരത്വേനേ വാഴുന്ന മാത്രുകസ്‌ഥാനമാകണമെന്ന്‌ ആഗ്രഹം നിറഞ്ഞ്‌ നിന്നു. എന്നാല്‍ മതാന്ധതയുടെ പേരില്‍ ഭാരതഭൂമി വെട്ടി മുറിച്ചപ്പോള്‍ ആ മനസ്സ്‌ നൊന്തു വിങ്ങി. എന്നിട്ടും അദ്ദേഹം എല്ലാവരോടും സ്‌നേഹത്തിന്റെ, സമാധാനത്തിന്റെ, സന്ദേശങ്ങള്‍ പകര്‍ന്നുകൊണ്ടിരുന്നു. പ്രാര്‍ഥനയോഗങ്ങളിലേക്ക്‌ വരുന്ന ഹിന്ദുക്കളോട്‌ ഒരു മുസല്‍മാനെകൂടെ കൊണ്ടുവരാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. പക്ഷെ സ്വാതന്ത്രലബ്‌ധിക്കു ശേഷമുണ്ടായ വിഭജനം പലരുടേയും മനസ്സില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. അശരണരും, നിരാലംമ്പരുമായി പാക്കിസ്‌ഥാനിലേക്കും ഹിന്ദുസ്‌താനിലേക്കും പ്രയാണം ചെയ്‌ത അഭയാര്‍ഥികള്‍ കണ്ട കാഴ്‌ച്ചകള്‍ അവരെ നടുക്കിയിരുന്നു. ഹിന്ദു മുസ്‌ലീം വൈരാഗ്യം അങ്ങനെ പുകഞ്ഞ്‌ പുകഞ്ഞ്‌ ഏതു നിമിഷവും ആളിപടര്‍ന്ന്‌ ചുറ്റും സംഹാരതാണ്‌ഡവമാടാന്‍ തയ്യാറായി കൊണ്ടിരുന്നു. ഗാന്ധിയുടെ സന്ദേശങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. ആ സംഘര്‍ഷം ഒടുവില്‍ ഗാന്ധിജിയുടെ ജീവനെ അവകാശപ്പെടുത്തി.

സ്വന്തം മാത്രുരാജ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞ്‌വച്ച മഹാത്മാഗാന്ധിയുടെ കാഴ്‌ച്ചപ്പാടുകളോട്‌, സന്ദേശങ്ങളോട്‌, തത്വങ്ങളോട്‌ ഇന്ന്‌ യോജിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമായിരിക്കാം. അത്‌ ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാകാം കഴിഞ്ഞ്‌പോയ കാലഘട്ടത്തിന്റെ ചിത്രങ്ങള്‍ അവിടവിടെ മാഞ്ഞ്‌പോയത്‌കൊണ്ടായിരിക്കാം അങ്ങനെ ഒരവസ്‌ഥ ഉണ്ടാകുന്നത്‌. പക്ഷെ ലോക നഗരങ്ങളില്‍ പലതിലും ഗാന്ധിജിയുടെ പ്രതിമ നില്‍ക്കുന്നു. സത്യത്തിന്റേയും, നിസ്വാര്‍ഥതയുടേയും പരസ്‌പര സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി.

ശ്രീ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകളില്‍ കൂടി ഈ കൊച്ച്‌ ലേഖനം ഉപസംഹരിക്കട്ടെ. ഇവിടെ ഒരു ജ്യോതി ഉണ്ടായിരുന്നു. ഈ നിമിഷത്തില്‍ ഇരുട്ട്‌ അനുഭവപ്പെടുന്നെങ്കിലും ആ ഇരുട്ടിനു സാന്ദ്രതയില്ല. കാരണം നമ്മുടെ ഹ്രുദയത്തില്‍ അദ്ദേഹം കൊളുത്തി വച്ച ദീപത്തിന്റെ പ്രകാശമുണ്ട്‌. ആ ദീപനാളം നിലനില്‍ക്കുന്നേടത്തോളം ഈ രാജ്യം ഇരുട്ടിലാവുകയില്ല ജയ്‌ഹിന്ദ്‌

ശുഭം


ഗാന്ധിജിയുടെ പ്രശസ്‌ത മൊഴികള്‍

(പരിഭാഷ, സമാഹരണം- ലേഖകന്‍ )

പരാജയം എന്നെ നിരാശപ്പെടുത്തുന്നില്ല. അത്‌ എന്നെ കൂടുതല്‍ ശക്‌തനാക്കുന്നു. ദൈവം എന്നെ നേര്‍വഴിക്ക്‌ നടത്തുമെന്നു എനിക്കറിയാം. മനുഷ്യന്റെ ബുദ്ധിയേക്കാള്‍ സത്യം എത്രയോ ഉന്നതമാണ്‌.

നിങ്ങള്‍ ചിന്തിക്കുന്നതും, പറയുന്നതും, പ്രവ്രുത്തിക്കുന്നതും ഒരു പോലെയാകുമ്പോള്‍ ഉണ്ടാകുന്ന അവസ്‌ഥയാണു ആനന്ദം.

അക്രമം കൊണ്ട്‌ നേടുന്ന വിജയം പരാജയത്തിനു തുല്യമാണ്‌, കാരണം അതു നൈമിഷികമാണ്‌.

നാളെ മരിച്ചു പോകുമെന്ന പോലെ ജീവിക്കുക. എന്നും ജീവിച്ചിരിക്കുമെന്ന പോലെ പഠിക്കുക.

അക്രമത്തിന്റേയും, അസത്യത്തിന്റേയും ഫലം ഒരിക്കലും ശാശ്വതമായ നന്മയായിരിക്കില്ല.

എവിടെ സ്‌നേഹമുണ്ടോ, അവിടെ ജീവിതമുണ്ട്‌.

മനുഷ്യരാശിയില്‍ ഉള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്‌. അത്‌ സമുദ്രം പോലെയാണ്‌. ഒരു തുള്ളിയിലെ മാലിന്യം മുഴുവന്‍ സമുദ്രത്തെ മലിനമാക്കുന്നില്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ എതിരാളിയുമായ്‌ ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അയാളെ സ്‌നേഹം കൊണ്ട്‌ കീഴടക്കുക..

ദൈവത്തിനു മതമില്ല.

മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതെല്ലാം ഭൂമിയില്‍ ഉണ്ട്‌, അവന്റെ ദുരാഗ്രഹമൊഴികെ.

നമ്മള്‍ എന്തു ചെയ്യുന്നു, നമ്മള്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കും, ഇവ തമ്മിലുള്ള വ്യത്യാസം മതിയാകും ലോകത്തിലെ മിക്കവാറും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍.

നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം എന്താണെന്നു നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയില്ലായിരിക്കാം, എന്നാല്‍ നിങ്ങള്‍ ഒന്നും ചെയ്‌തില്ലെങ്കില്‍ ഒരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല.

സൂര്യോദയത്തിന്റെ അത്ഭുത രഹസ്യവും, നിലാവിന്റെ സൗന്ദര്യവും നോക്കി ഞാന്‍ ആശ്‌ചര്യപ്പെടുമ്പോള്‍ എന്റെ ആത്മാവ്‌ സ്രുഷ്‌ടാവിനോടുള്ള ആരാധനയില്‍ വികസിക്കുന്നു.
ആ വെളിച്ചം പൊലിഞ്ഞ്‌ പോയി...(സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക