Image

ഇറച്ചിച്ചന്തയിലെ പ്രാര്‍ത്ഥനക്കാര്‍ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 29 September, 2012
ഇറച്ചിച്ചന്തയിലെ പ്രാര്‍ത്ഥനക്കാര്‍ (കവിത: ജോര്‍ജ്‌ നടവയല്‍)
ശാന്തം പാവം;
പവനുള്ളുരുകുന്നൂ സൂര്യനും ദിനേദിനേ.....

ശാന്തം പാവം;
ഹരിതം തവിട്ടായി കരിഞ്ഞമരുന്നൂ
കരകളിലെമ്പാടും.....

ശാന്തം പാവം;
വെള്ളിച്ചിലങ്കയണിഞ്ഞ കല്ലോലിനി
കല്ലില്‍ത്തന്നേ തല തല്ലി തല തല്ലിത്തകരുന്നൂ.....

ശാന്തം പാവം;
പിടയുന്ന മീനുകളക്രൂരം വല വീശും
മുക്കുവര്‍ക്കാഹ്ലാദത്തുടിപ്പുകള്‍.....

ശാന്തം പാവം;
ചെവിയില്‍ കടുകിട്ട്‌
തലകുലുക്ക സമ്മതം വാങ്ങുന്നൂ
കറവയറ്റ പശുവിന്‍ മാംസമൊരുക്കാന്‍
ഇറച്ചിച്ചന്തയിലെ പ്രാര്‍ത്ഥനാ നിരതന്‍.....

ശാന്തം പാവം;
മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ
ചിക്കന്‍ ബിരിയാണി കഴിച്ചേമ്പക്കം
വിട്ടെണീറ്റവര്‍ തെരുവില്‍ സമരാവേശ പൂരിതം.....

ശാന്തം പാവം;
പൊന്തിങ്കള്‍ക്കല മുറിഞ്ഞുമുറിഞ്ഞേതോ
തേങ്ങാപ്പൂളായിത്തീരുന്നൂ
മഴവില്‍ സന്ധ്യകളഴിയും തോറും.....

ശാന്തം പാവം;
പിച്ച വച്ചമ്മതന്‍ മുറ്റത്ത്‌
നിലാപ്പുഞ്ചിരിയാമുണ്ണിയെ
പിച്ച പഠിപ്പിക്കാന്‍ത്തട്ടിയെടുത്തൊരുസംഘം?
ഇരുള്‍ മറവിലവന്റെ കാലറുക്കുന്നു.....

ശാന്തം പാവം;
വികൃതാവലികള്‍ തെരുവിലാകാതിരിക്കാന്‍
പൂരപ്പാട്ടൊരുക്കുന്നൂ അനുഷ്‌ഠാനകലയില്‍ മലയാളി.....

ശാന്തം പാവം;
കന്യാകുമാരിമാരെ ജീവനോടെ കുരുതിയിടും
കാമത്തെരുവിനും ചുവപ്പെന്നു പേരിടുന്നു
ക്രിസ്‌മസ്സിനും കമ്യൂണിസ്സത്തിനും ചുവപ്പുതന്നേ
പ്രിയമെന്നോതി കങ്കാണികള്‍.....

ശാന്തം പാവം;
അധുനോത്തരം വില്‍പ്പനയ്‌ക്കായ്‌ ലേലത്തില്‍ വയ്‌ക്കുന്നു
ബുദ്ധിമതിയൊരു കന്ന്യ
കന്യാത്തം ബില്ല്യണ്‍ ഡോളര്‍ ബിഡ്ഡൊരുക്കൊവോനായി.....

ശാന്തം പാവം;
പ്രേമം വിരിയിച്ച സൗകുമാര്യ കൃഷ്‌ണ ലീലയെ
തള്ളിക്കുതിക്കുന്നൂ പ്രശസ്‌തിക്കായ്‌ പ്രേമവതി
അഭ്രപാളികളിലെത്താരപദവി
അണിവിരല്‍?മോതിരമണിയിക്കേ....

ശാന്തം പാവം;
മണിപ്പേഴ്‌സിലെ കനകം മാത്രമായീ
ഇക്കാലത്തിനു കമനീയം....
ശാന്തം പാവം;
കാല്‌പനിക പ്രേമം
ശാലീനകുലീനര്‍ക്കുപോലും ഹാസ്യകഥാതന്തു........
ചങ്ങമ്പുഴകള്‍ അന്നേ ദേഹമൊടുക്കിയല്ലോ........
മഹാ കാവ്യാത്മാവേയെത്ര ഭാഗ്യവാന്‍ നീ........
ഇറച്ചിച്ചന്തയിലെ പ്രാര്‍ത്ഥനക്കാര്‍ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക