Image

കയ്‌പ്പക്ക ശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു (നമുക്ക്‌ ചുറ്റും: സുധീര്‍ പണിക്കവീട്ടില്‍)

Published on 05 October, 2012
കയ്‌പ്പക്ക ശ്രീ അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു (നമുക്ക്‌ ചുറ്റും: സുധീര്‍ പണിക്കവീട്ടില്‍)
കുറച്ച്‌ കയ്‌പ്പുണ്ടെങ്കിലും ആരോഗ്യത്തിനു ഉത്തമമാണ്‌ കയ്‌പ്പക്ക. അതിന്റെ പേരില്‍ ഒരവാര്‍ഡ്‌ തുടങ്ങാമെന്ന ആശയം ഒരു മലയാളിയുടെ തലയില്‍ മാത്രമേ ഉദിക്കുകയുള്ളു. സമ്പന്നനായ വിദേശ മലയാളിക്ക്‌ ഗ്രുഹാതുരത്വത്തോടൊപ്പം ചില മോഹങ്ങളും ഉണ്ട്‌. പണം കൊണ്ട്‌ അവയില്‍ പലതും ഇന്നു സാക്ഷാത്‌കരിക്കാനുള്ള അവസരങ്ങളുമുണ്ട്‌. അര്‍ഹതയുള്ളത്‌ ആഗ്രഹിക്കുകയും അതില്‍ സംത്രുപ്‌തി അനുഭവിക്കുകയും ചെയ്യുമ്പോള്‍ ആരും പരിഹസിക്കപ്പെടില്ല എന്നാല്‍ പണത്തിന്റെ ബലത്തില്‍ ആഗ്രഹിക്കുന്നതൊക്കെ നേടണമെന്നാശിക്കുന്നത്‌ അതിമോഹമാണ്‌്‌.

പണ്ടൊക്കെ ഒരു സംഘടന രൂപികരിക്കുക എന്ന ചിന്തയായിരുന്നു മലയാളികളില്‍ ഉണ്ടായിരുന്നത്‌. സംഘാടകരുടെ സ്‌ഥാനം അങ്ങു മുകളില്‍ (സ്‌റ്റേജില്‍) ആകുമെന്നറിയാവുന്നവര്‍ അതിനു മുന്‍ കൈ എടുത്തു. അങ്ങനെ കാലം കഴിയവേ ചിലരൊക്കെ സ്‌റ്റേജില്‍ നിന്നിറങ്ങാതായി. അവരെ ഇറക്കി മറ്റുള്ളവര്‍ക്ക്‌ കയറാന്‍ പറ്റാതായപ്പോള്‍ അവര്‍ വേറൊരു സംഘടനയുണ്ടാക്കി. കാക്കതൊള്ളായിരം സംഘടനകള്‍ ഉണ്ടായികൊണ്ടിരുന്നു. അതുകൊണ്ട്‌ ആര്‍ക്കും ഉപദ്രവമില്ലാത്തത്‌കൊണ്ട്‌ രൂപികരണം നിര്‍വിഘ്‌നം നടന്നു.

അപ്പോഴാണ്‌ ചിലരെ ചിലര്‍ കസവു മുണ്ട്‌ പുതപ്പിക്കുകയും കയ്യില്‍ എന്തോ വച്ചു കൊടുക്കുന്നതും പലരും ശ്രദ്ധിക്കുന്നത്‌. തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍ പത്മ്‌ശ്രീ കാശ്‌ കൊടുത്ത്‌ വാങ്ങാന്‍ പോയപോലെ നിഷ്‌ക്കളങ്കരായ പലരും ആ കസവു മുണ്ടിനെപ്പറ്റിയും അവാര്‍ഡ്‌ എന്ന ബഹുമതിയെപ്പറ്റിയും ചിന്തിക്കാന്‍ തുടങ്ങി. മനസ്സില്‍ കസവു മിന്നാന്‍ തുടങ്ങി. മിന്നല്‍ പിന്നെ ഇടിയായും ഇടിമിന്നലായും മാറി. കാരണം കടയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ആ മുണ്ട്‌ വെറുതെ ആരും പുതപ്പിച്ച്‌ തരുകയില്ല.

കാശ്‌ കൊടുത്ത്‌ വാങ്ങി കൊണ്ടു വന്നാലും അതു മാന്യമായി പുതപ്പിച്ചു തരാന്‍ ഒരാള്‍ വേണം; അതിനു ഒരു വേദി വേണം. അതിനു ചില യോഗ്യതകളും വേണമെന്ന തിരിച്ചറിവില്‍ പലരും അന്ധാളിച്ചു. പുതപ്പിനോടൊപ്പം കിട്ടുന്ന ആ അവാര്‍ഡ്‌ കിട്ടാനും വേണം യോഗ്യതകള്‍. എഴുത്തുകാര്‍, സാമൂഹ്യസേവകര്‍, ഉന്നത ബിരുദം നേടുന്നവര്‍, സംഘാടകര്‍, പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി കഷ്‌ടപ്പെട്ടവര്‍, വൈദ്യരംഗത്ത്‌ ത്യാഗപൂര്‍ണമായ സേവനമനുഷ്‌ഠിച്ചവര്‍ അങ്ങനെ യോഗ്യതകളുടെ പട്ടിക നീണ്ടപ്പോള്‍ ചിലരൊക്കെ കൂടി പുതുതായി ചില യോഗ്യതകള്‍ കണ്ടെത്തി.

സ്‌ഥലത്തെ പ്രധാന ദിവ്യന്‍, ഏറ്റവും പ്രായം കൂടിയ ദമ്പതിമാര്‍, ജനിപ്പിച്ച എല്ലാ മക്കളേയും ഉന്നത പദവിയിലെത്തിച്ച മാതൃക മാതാ-പിതാക്കള്‍, ധനികര്‍, സുമുഖര്‍, കരിങ്കണ്ണന്മാര്‍, പരദൂഷണവീരന്മാര്‍. ഈ പട്ടികകളിലൊന്നും പെടാത്തവര്‍ വീണ്ടും ചിന്താമഗ്നരായി. സ്‌റ്റേജില്‍ വച്ച്‌ കിട്ടുന്ന ആ പുതപ്പിനു വേണ്ടിയുള്ള കുളിരില്‍ ആശയങ്ങള്‍ മുളച്ചുവന്നു. അങ്ങനെയാണു കാര്‍ഷിക പാരമ്പര്യമുള്ള മലയാളിക്ക്‌ കര്‍ഷക അവാര്‍ഡ്‌ എന്ന ആശയം ഉദിച്ചത്‌. ആരംഭശൂരന്മാര്‍ ഉടനെ തൂമ്പായും കൈക്കോട്ടും എടുത്തെങ്കിലും ഏതെങ്കിലും പുസ്‌തകം എഴുതി അവാര്‍ഡ്‌ വാങ്ങിക്കുന്നത്‌ എളുപ്പമെന്നു കണ്ടു പണിയായുധങ്ങള്‍ താഴെ വച്ചു!!

ബിരുദവും ബിരുദാനന്തരബിരുദവും അതേപോലെയുള്ള കലാശാല അംഗീകാരങ്ങളും ഒക്കെ കോളേജില്‍ പോകാതെ കാശ്‌ കൊടുത്ത്‌ വാങ്ങി പേരിന്റെ പുറകില്‍ എഴുതി നടക്കുന്നത്‌ കാണാം. പത്ത്‌ ഡോളറിനു ഡോക്‌ടറേറ്റ്‌ വാങ്ങിയവരുടെ കഥകളും അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മാത്രം കേള്‍ക്കാവുന്ന വാര്‍ത്ത. ദൈവം സുന്ദരന്മാരേയും സുന്ദരിമാരേയും സ്രുഷ്‌ടിച്ചപ്പോള്‍ മനുഷ്യര്‍ അവര്‍ക്ക്‌ വേണ്ടിയുള്ള സൗന്ദര്യ മത്സരങ്ങള്‍ നടത്തി. അവരില്‍ എറ്റവും മോഹിപ്പിക്കുന്നവര്‍ വിജയികളായി. അങ്ങനെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മത്സരങ്ങള്‍ നടക്കുന്നു. സാമര്‍ത്ഥ്യമുള്ളവര്‍ക്ക്‌ സമ്മാനങ്ങള്‍ കിട്ടുന്നു. സാമര്‍ത്ഥ്യമില്ലാത്തവര്‍ അതു പണം കൊടുത്ത്‌ വാങ്ങുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവാര്‍ഡ്‌ സംഘടിപ്പിക്കുമ്പോള്‍ അവാര്‍ഡുകളുടെ വിലയിടിയുന്നു എന്നു പൊതുജനം മനസ്സിലാക്കുമ്പോഴും അവരില്‍ ചിലര്‍ അത്‌ കിട്ടാന്‍ വേണ്ടി പെടാപാടു പെടുന്നത്‌ രസകരമായ കാഴ്‌ച.

കയ്‌പ്പക്ക അവാര്‍ഡ്‌ എന്ന പേരില്‍ അമേരിക്കന്‍ മലയാളികളുടെ അടുക്കളതോട്ടത്തിനു അംഗീകാരം കൊടുക്കുന്നുവെന്ന വാര്‍ത്ത മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. മത്സരത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥന നടത്തി. സമ്മാനം നേടണമെന്ന ആശാലതകള്‍ മലയാളികളുടെ മനസ്സില്‍ പൊടിക്കാന്‍ തുടങ്ങി. വേനല്‍മാസങ്ങളില്‍ വ്യായാമത്തിനും കൗതുകത്തിനും വേണ്ടി പച്ചക്കറി കൃഷി നടത്തിയവരെ പുഛിച്ചിരുന്നവരും വീടിന്റെ ബാക്യാര്‍ഡിലേക്ക്‌ കൈക്കോട്ടുമായി ഇറങ്ങി. മിക്ക വീടുകളിലേയും ഭാര്യാ-ഭര്‍ത്താക്കന്മാര്‍ അവരുടെ മണ്ണില്‍ പണിയെടുക്കാന്‍ തുടങ്ങി.

വേലിക്കരുകില്‍ വളകിലുക്കം കേട്ട്‌ അയല്‍പക്കകാരന്‍ എത്തി നോക്കി. കുപ്പിവളകള്‍ കിലുക്കികൊണ്ട്‌ ഒരു പാവാടക്കാരി കയ്യില്‍ പാല്‍മൊന്തയുമായി നടന്നു വരുന്നത്‌ അയാളുടെ മനസ്സില്‍ തെളിഞ്ഞു ആ ദൂരകാഴ്‌ചയില്‍ അയാളുടെ മനസ്സില്‍ അനുഭൂതികള്‍ താളമിട്ടു. ഒളികണ്ണാല്‍ എന്നെ നോക്കൂല്ലേ എന്ന്‌ അയാള്‍ പതുക്കെ മൂളി. ഗ്രഹനാഥന്മാരും അവരുടെ സഹധര്‍മ്മിണിമാരും പച്ചക്കറി ചെടികളെ മക്കളെ പോലെ താലോലിച്ചു.

ഭാര്യാഭര്‍ത്താക്കന്മാര്‍ പ്രണയാര്‍ദ്രരായി പൊന്‍ തൂമ്പ കൊണ്ടാല്‍ മദിക്കും മണ്ണില്‍ സംതൃപ്‌തരായ്‌ നിന്നു പാടി. ഃ നീ കൂട്‌ കൂട്ടും കരള്‍ ചില്ലയില്‍, നീ പെയ്‌തിറങ്ങും വികാരങ്ങളില്‍ ഞാന്‍ പൂത്ത്‌ നില്‍ക്കും മരിക്കും വരെ... കള്ളടിച്ച്‌ കിറുങ്ങിയിരിക്കുന്നതിനെക്കാള്‍, പരദൂഷണം പറഞ്ഞും പാര വച്ചും സമയം നഷ്‌ടപ്പെടുത്തുന്നതിനേക്കാള്‍ എത്രയോ സുഖകരമാണ്‌ ചെടികൂട്ടങ്ങള്‍ക്കിടയില്‍ അവക്ക്‌ വെള്ളമൊഴിച്ചും അവയെ ശുശ്രൂഷിച്ചും നടക്കുന്നത്‌ എന്ന്‌ പലര്‍ക്കും തിരിച്ചറിവുണ്ടായി.

പ്രിയതമമാര്‍ ആനന്ദ സാഗരത്തിലാറാടി. കാരണം ദേഹമനങ്ങി കിളച്ചും പച്ചക്കറികളുടെ ഗന്ധം നുകര്‍ന്നും നടന്ന ഭര്‍ത്താക്കന്മാര്‍ക്ക്‌ നവയൗവ്വന്നം വീണ്ടു കിട്ടിയ ഉന്മേഷം അവര്‍ കണ്ടെത്തി. അവാര്‍ഡ്‌ എന്ന പ്രലോഭനത്തിന്റെ പേരില്‍ മണ്ണില്‍ പണിതവര്‍ക്ക്‌ പെണ്ണിന്റെ കരള്‍ കവരാന്‍ കഴിഞ്ഞു. സ്വന്തം തേജസ്സും ഓജസ്സും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. മണ്ണില്‍ മുട്ടുന്ന പടവലങ്ങ, പച്ചപുല്ലില്‍ രത്‌നങ്ങള്‍ പോലെ വിളഞ്ഞ്‌ കിടന്ന മത്തങ്ങ, കുമ്പളങ്ങ പിന്നെ സകലയിടത്തും പടര്‍ന്ന്‌കയറി സൗഹൃദം സ്‌ഥപിക്കുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍, ടീനേയ്‌ജ്‌ പ്രഗ്നന്‍സി എന്ന്‌ അമേരിക്കാര്‍ പറയുന്ന പോലെ നിലത്ത്‌ നിന്നു പൊങ്ങുന്നതിനുമുമ്പ്‌ കായ്‌ച്ച്‌ നില്‍ക്കുന്ന വെണ്ടക്ക ചെടി, പച്ചക്കറികള്‍ക്കിടയില്‍ ചുവന്നു തുടിച്ച്‌ ഒരു മധുരപതിനേഴ്‌കാരിയെപോലെ ലജ്‌ജാനമ്രമുഖിയായി നില്‍ക്കുന്ന തക്കാളി, അങ്ങനെ മലക്കറികളുടെ ഒരു പ്രദര്‍ശനം അമേരിക്കന്‍ മലയാളി കര്‍ഷകന്‍ വിയര്‍പ്പൊഴുക്കി സംഘടിപ്പിച്ചു.

വയസ്സാന്‍ കാലത്ത്‌ സാഹിത്യത്തില്‍ ഒന്ന്‌ പയറ്റാന്‍ കുറെപേര്‍ ഇറങ്ങിയപോലെ പച്ചക്കറി കൃഷിക്കായി മലയാളിയിലെ കര്‍ഷകന്‍ ഒരുങ്ങി. അമേരിക്കന്‍ മണ്ണില്‍ കേരളത്തിലെ പച്ചക്കറികള്‍ പടര്‍ന്ന്‌ പന്തലിക്കുന്നത്‌ ഇന്ത്യ-അമേരിക്കന്‍ വിദേശനയത്തെ ബലപ്പെടുത്തിയേക്കാമെന്ന്‌ ചിലര്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയൊക്കെ ചിന്തകള്‍ കാട്‌കയറുന്നത്‌ നമുക്ക്‌ ചുറ്റും കാണുന്ന സ്‌ഥിരം കാഴ്‌ച്ചകള്‍. അമേരിക്ക നല്‍കിയ സുഖലോലുപതയില്‍ മുങ്ങി കഴിഞ്ഞവര്‍ പച്ചക്കറി വളര്‍ത്താന്‍ പണിയെടുത്തപ്പോള്‍ നടു വിലങ്ങിയും, ദേഹം വേദനിച്ചും അതു തുടരാന്‍ കഴിയാതെ വന്നപ്പോള്‍ കുറുക്കന്‍ മുന്തിരി പുളിക്കുന്നു എന്ന പറഞ്ഞ പോലെ പച്ചക്കറി കൃഷിയെ നിശിതമായി വിമര്‍ശിച്ചു. അവാര്‍ഡ്‌ കിട്ടുകയില്ലെന്നു ഉറപ്പായാല്‍ പിന്നെ അവര്‍ക്ക്‌ ചെയ്യാവുന്നത്‌ അത്‌ മാത്രം. അല്ലെങ്കില്‍ ശ്രീ ജോസ്‌ ചെരിപുറം എഴുതിയപോലെ അളിയന്മാരുടെ ബേക്യാര്‍ഡില്‍ നിന്നും പടവലങ്ങ മോഷണമാകാം. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അങ്ങനെ മലയാളക്കരയിലെ ഒരു കൊയ്‌ത്തുകാലത്തിന്റെ ആവേശവും മത്സരവും അലയടിച്ചു.

ആരൊക്കെ വിമര്‍ശിച്ചാലും ഈ ക്രുഷി പരിപാടി അമ്പതിനു മേല്‍ പ്രായമുള്ളവര്‍ക്ക്‌ വളരെ ഗുണം ചെയ്യും. അതിനു ഒരവാര്‍ഡ്‌ കൊടുത്ത്‌ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയുണ്ടോ എന്ന്‌ മലയാളികളുടെ സ്വന്തം കാര്യം. വിയര്‍ക്കാതെ ഉപജീവനം കഴിക്കാന്‍ മാര്‍ഗ്ഗമുള്ളവര്‍ക്ക്‌ ഒന്ന്‌ വിയര്‍ക്കാന്‍ ഒരവസരമായ്‌ ഇതിനെ കണക്കാക്കിയാല്‍ മതി. അതുകൊണ്ട്‌ വേറെ അനുഗ്രഹവും കിട്ടാന്‍ സാദ്ധ്യതയുണ്ട്‌. കാരണം മനുഷ്യന്‍ വിയര്‍ക്കുമ്പോള്‍ ദൈവത്തിന്റെ കല്‍പ്പന പാലിക്കപ്പെടുകയാണല്ലൊ. ദൈവം കനിയും ആരോഗ്യവും നന്നാവും.

നേരത്തെ സൂചിപ്പിച്ച പോലെ എന്തെങ്കിലും ഒരവാര്‍ഡ്‌ തരമാക്കണമെന്ന മോഹം അധികം പേര്‍ക്കുമുണ്ട്‌. എന്നാല്‍ പലര്‍ക്കും മണ്ണില്‍ പണിയെടുക്കാന്‍ കിട്ടുന്ന ഒരവസരത്തിന്റെ ആനന്ദം ആണ്‌. കയ്‌പ്പക്കയുടെ പേരില്‍ ഒരവാര്‍ഡ്‌ കൊടുക്കുന്നതിനേക്കാള്‍ നല്ലത്‌ അതിന്റെ ഔഷധഗുണങ്ങളെ കുറിച്ച്‌ മനുഷ്യരെ ബോധവാന്മാരാക്കുകയാണ്‌. ആ ചടങ്ങിനെ ആരോഗ്യപരിപാലന വേള എന്നു പേര്‍ വിളിച്ച്‌ സകല പച്ചക്കറികളുടേയും ഔഷധഗുണങ്ങളെക്കുറിച്ച്‌ അതെക്കുറിച്ച്‌ അറിയുന്നവരെകൊണ്ട്‌ പ്രസംഗിപ്പിക്കുന്നത്‌ നന്നാകും. ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിനും അവസരം കൊടുക്കണം. ഏറ്റവും നല്ല പ്രബന്ധത്തിനു ഒരു ഡോക്‌ടറേറ്റ്‌ കൊടുക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്‌.

പച്ചക്കറികളില്‍ പോഷക മൂല്യങ്ങള്‍ ധാരാളം അടങ്ങിയ കയ്‌പ്പക്കയുടെ ഇലയുടെ സുഗന്ധം പോലും മനുഷ്യരെ ഉന്മേഷരാക്കുന്നതാണ്‌. ഭൂമിയിലെ മനുഷ്യരുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ സാക്ഷാല്‍ ധന്വന്തരി ദേവലോകത്ത്‌ നിന്നും കൊണ്ടു വന്നതാകാം ഈ കയ്‌പ്പക്ക. അമേരിക്കന്‍ മലയാളികള്‍ അവര്‍ വാങ്ങിയ സ്വന്തമായ ഇത്തിരി മണ്ണില്‍ മലയാളനാട്ടില്‍ നിന്നും കൊണ്ട്‌വന്ന മലക്കറികള്‍ നട്ടുവളര്‍ത്തി പൂര്‍വ്വികരായ കര്‍ഷകരുടെ പാരമ്പര്യം കാത്ത്‌ സൂക്ഷിക്കട്ടെ. വീടിന്റെ പിന്നാമ്പുറത്ത്‌ അങ്ങനെ മലകറികള്‍ നിരന്ന്‌ നില്‍ക്കുമ്പോള്‍ സഹ്രുദയനായ അമേരിക്കന്‍ മലയാളി അല്‍പ്പം സാഹിത്യക്രുഷിയിലും ഏര്‍പ്പെടുന്നത്‌ സ്വാഭാവികം. വയലാറിന്റെ പ്രസിദ്ധമായ ഒരു ചലച്ചിത്ര ഗാനം ഉണ്ട്‌. കാലത്ത്‌ പൂത്തൊരു കുമ്പള വല്ലിക്ക്‌ കമ്മലു നല്‍കിയ വെയില്‌. ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു വൈഡൂര്യ മോതിരം തന്നേ പോ.... അമേരിക്കന്‍ മലയാളിക്ക്‌ അത്‌ ഒന്നു മാറ്റി പാടാം...ഞാന്‍ നട്ട കയ്‌പ്പക്കക്ക്‌ ഒരു നല്ല അവാര്‍ഡ്‌ ആരെങ്കിലും തന്നേ പോ...

അവാര്‍ഡുകളും അതേപോലെ മറ്റനവധി അംഗീകാരങ്ങളുമായി അമേരിക്കന്‍ മലയാളികളുടെ ജീവിതം ആനന്ദപ്രദവും, സുഖസമ്പൂര്‍ണ്ണവുമാകട്ടെ എന്നാശംസിക്കുന്നു.

ശുഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക