Image

സെന്‍സറിംഗ്‌ (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 07 October, 2012
സെന്‍സറിംഗ്‌ (മീട്ടു റഹ്‌മത്ത്‌ കലാം)
സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള മൗലീകാവകാശത്തിന്റെ (article 19) തണലില്‍ നിന്നു്‌ കൊണ്ടല്ലാതെ പത്രസ്വാതന്ത്ര്യത്തിനും ദൃശ്യമാധ്യമ സ്വാതന്ത്ര്യത്തിനും മാത്രമായി പ്രത്യേകം വേര്‍തിരിച്ച്‌ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടില്ല. തന്മൂലം എഴുത്തുകാരുടെ സര്‍ഗാത്മകതയ്‌ക്ക്‌ കാര്യമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പരിമിതികള്‍ ഏറെയാണ്‌. ഒരു ചലച്ചിത്രത്തിന്റെ ഫൈനല്‍ പ്രിന്റ്‌ സെന്‍സര്‍ ബോര്‍ഡ്‌ അഥവാ ഫിലിം സര്‍ട്ടിഫിക്കേഷന്റെ കത്രികയ്‌ക്കു ഇരയായ ശേഷമേ പ്രദര്‍ശന യോഗ്യമാകൂ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ബോര്‍ഡ്‌ കൂടാതെ ഒന്‍പത്‌ പ്രാദേശിക ബോര്‍ഡുകളും ഉള്‍പ്പെടുന്നതാണ്‌ ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്‌. സമൂഹത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം സിനിമ എന്ന മാധ്യമത്തിനുണ്ടെന്ന്‌ അനുശാസിച്ചുകൊണ്ട്‌ കലാസാഹിത്യ സാംസ്‌കാരിക രംഗത്തുനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചേര്‍ന്ന്‌ നടത്തുന്ന ഈ ഉദ്യമത്തിനുള്ള നിയമാവലികളില്‍ 1984 ലാണ്‌ അവസാനമായി ഭേദഗതി വന്നത്‌.

നിയമം അരുതെന്ന്‌ പറയുന്ന ഓരോന്നും ഇവിടെ അക്കമിട്ട്‌ പറയുന്നു:

1. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായ ഹിംസയെ ന്യായീകരിക്കുന്നതും പ്രകീര്‍ത്തിക്കുന്നതും .
2. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍.
3. ആവശ്യമില്ലാത്തതും ഒഴിവാക്കാവുന്നതുമായ ഹിംസയും ക്രൂരതയും.
4. പ്രകീര്‍ത്തിക്കപ്പെടുന്ന മദ്യപാനരംഗങ്ങള്‍.
5. നമ്മുടെ സംവേടനതലങ്ങളില്‍ ആഘാതമുണ്ടാക്കുന്ന ആഭാസങ്ങള്‍,അശ്ലീലങ്ങള്‍,ഹീനക്രുത്യങ്ങള്‍.
6. ജാതിമതവിഭാഗങ്ങളെ നിന്ദിക്കുന്ന വാക്കുകള്‍,ദൃശ്യങ്ങള്‍.
7 .ഇന്ത്യയുടെ അധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യല്‍.
8. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തല്‍.
9. വിദേശനാടുകളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ക്ക്‌ ഉലച്ചില്‍ തട്ടുന്ന ദൃശ്യം.
10. പൊതുജീവിത വ്യവസ്ഥയെ അലങ്കോലപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നവ.
11. കോടതിയെ അപമാനിക്കല്‍.

ഈ നിയമങ്ങളനുസരിച്ച്‌ നാല്‌ തരം സര്‍ട്ടിഫിക്കറ്റ്‌ ആണ്‌ സിനിമകള്‍ക്കുള്ളത്‌ .എല്ലാ വിഭാഗക്കാര്‍ക്കും കാണാവുന്ന ചിത്രങ്ങള്‍ക്ക്‌ U സര്‍ട്ടിഫിക്കറ്റും രക്ഷിതാക്കള്‍ക്കൊപ്പം മാത്രം കുട്ടികള്‍ക്ക്‌ കാണാവുന്നതിനു U/A സര്‍ട്ടിഫിക്കറ്റും മുതിര്‍ന്നവര്‍ മാത്രം കാണേണ്ടവയ്‌ക്ക്‌ A സര്‍ട്ടിഫിക്കറ്റും നല്‍കുന്നതോടൊപ്പം പ്രത്യേക വിഭാഗക്കാര്‍ക്ക്‌ മാത്രമുള്ള (ഉദാഹരണത്തിന്‌ ഡോക്ടര്‍മാര്‍ക്ക്‌) ചിത്രങ്ങള്‍ക്ക്‌ S റേറ്റിംഗ്‌ കൊടുക്കുന്നു.

വിവിധ ഭാഷകളിലായി പ്രതിവര്‍ഷം ആയിരത്തിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ സമ്പത്‌ഘടനയുമായി സിനിമാവ്യവസായത്തിന്‌ ഇഴപിരിക്കാനാവാത്ത ബന്ധമാണുള്ളത്‌. അങ്ങനെ നോക്കുമ്പോള്‍ ദൃശ്യമാധ്യമങ്ങളുടെ മേലുള്ള നിയമക്കുരുക്കുകള്‍ ആവശ്യമുള്ളതും ഇല്ലാത്തതും വേര്‍തിരിച്ചറിയേണ്ടത്‌ അനിവാര്യമാണ്‌.

ഒരു താണതരം ചിത്രത്തിലെ കാട്ടാളനൃത്തം കണ്ട്‌ അത്‌ ഹരിജനഗിരിജനങ്ങളെ ആക്ഷേപിക്കലാണെന്ന്‌ വാദിക്കുന്ന, സ്‌ത്രീയുടെ ബ്ലൗസിന്റെ വിടവിലൂടെ ക്ലീവേജ്‌ കാണുന്നുണ്ടോ എന്ന്‌ നോക്കി സദാചാരവിരുദ്ധമെന്ന്‌ പറഞ്ഞ്‌ നടുങ്ങുന്ന സെന്‍സറിംഗ്‌ രീതിയുടെ അസ്‌തമയതെക്കുരിച്ചു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തന്നെ എം.ടി. തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.ആ കാലഘട്ടത്തില്‍ നിന്നും ഇന്ത്യന്‍ സിനിമ പിന്നെയും ഒരുപാട്‌ ദൂരം താണ്ടി ഓസ്‌കാര്‍ വേദിയില്‍ പോലും സാന്നിധ്യം കുറിച്ച സാഹചര്യത്തില്‍ നിയമം അതിനൊപ്പം നടന്നടുക്കാത്തതാണ്‌ നമ്മുടെ പ്രധാന പ്രശ്‌നം.

ഇന്ന്‌ പലരും സിനിമാവ്യവസായത്തിലേയ്‌ക്ക്‌ ആകൃഷ്ടരാകുന്നത്‌ സാറ്റലൈറ്റ്‌ റൈറ്റ്‌ മുന്നില്‍ കണ്ടാണ്‌.മുറിച്ചു മാറ്റാന്‍ കഴിയാത്ത തരത്തില്‍ കഥയുമായി ചേര്‍ന്ന്‌ കിടക്കുന്ന ചില രംഗങ്ങളുടെ പേരില്‍ എന്റ്‌റെര്‍ട്ടെയ്‌ന്മെന്റിന്റെ മറ്റെല്ലാ ചേരുവകളും ശരിയായ അനുപാതത്തില്‍ ഉണ്ടായിരിന്നിട്ടും കുറേ ചിത്രങ്ങള്‍ രാത്രി പതിനൊന്നിനു ശേഷമേ ടിവിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന പ്രഖ്യാപനം ചാനലുകള്‍ക്ക്‌ വന്‍ തിരിച്ചടി സൃഷ്ടിച്ചിരുന്നു.സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തെ മത്സരിച്ച്‌ തോല്‍പ്പിച്ച്‌ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ച "Ditry Picture' എന്ന ചിത്രം റീസെന്‍സറിംഗിന്‌ വിധേയമാക്കി 14 സീനുകള്‍ വെട്ടിമാറ്റിയാണ്‌ U/A സര്‍ട്ടിഫിക്കറ്റോടെ പ്രൈം ടൈം മൂവിയായി ടിവിയില്‍ സംപ്രേഷണം ചെയ്‌തത്‌. അശ്ലീലത്തിലും ഒരു തരാം നേരും നെറിയും ഉണ്ടെന്ന്‌ തിരിച്ചറിയുന്ന രീതിയിലുള്ള മാറ്റം നമ്മുടെ സമൂഹത്തിലുണ്ടെന്നതാണ്‌ ഓഫ്‌ സ്‌ട്രീം സിനിമകളുടെ കുത്തകയായ ദേശീയ അവാര്‍ഡ്‌ മാദകനടിയുടെ ജീവിതം പകര്‍ന്നാടി വിദ്യാബാലന്‍ സ്വന്തമാക്കിയതിലൂടെ മനസ്സിലാക്കേണ്ട വസ്‌തുത.

മലയാളസിനിമയ്‌ക്കും ഇത്‌ മാറ്റങ്ങളുടെ കാലമാണ്‌. എഴുപതുകളെ നവതരംഗമെന്നും 80 90 കളെ സുവര്‍ണ്ണ കാലഘട്ടമെന്നും വിളിച്ചതുപോലെ ഇപ്പോള്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ പൂക്കാലമാണ്‌.ലിഖിതാലിഖിത നിയമങ്ങള്‍ അറിയാതെ ലംഘിച്ച്‌ മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട പത്മരാജന്‍റെയും ഭരതന്‍റെയുമൊക്കെ ചൈതന്യം പ്രതിഫലിക്കുന്ന തരത്തിലുള്ള മാറ്റം.ചെറുപ്പക്കാരെ മാത്രം മുന്നില്‍ കണ്ട്‌ ദ്വയാര്‍ത്ഥമുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചും മറ്റും വിദേശസിനിമകളില്‍ നിന്ന്‌ പ്രേരണ ഉള്‍ക്കൊണ്ടെടുക്കുന്ന ചിത്രങ്ങളും ആ അഗ്‌നിയുടെ പ്രകാശത്തില്‍ ജ്വലിക്കുന്നുണ്ടെങ്കിലും അവയുടെ നിലനില്‍പ്പ്‌ അത്രകണ്ട്‌ ശാശ്വതമല്ല.

പ്രത്യേകമായ താല്‌പര്യങ്ങളും അഭിരുചികളും ആദര്‍ശങ്ങളും പങ്കിടുന്ന സംഘമാണ്‌ സമൂഹം.ആശയങ്ങള്‍ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ എളുപ്പത്തില്‍ മനസ്സില്‍ പതിയുമെന്നത്‌ ശരിയാണെങ്കിലും സിനിമയെ സിനിമയായി കാണാനുള്ള മാനസിക പാകത ഇല്ലാതെ വരുമ്പോഴാണ്‌ പ്രശ്‌നങ്ങളുടെ കടന്നുവരവ്‌.52% യുവജനങ്ങള്‍ പുകവലിക്കാനിടയായത്‌ ഇഷ്ടനടന്മാര്‍ സിനിമയില്‍ കാണിക്കുന്നത്‌ അനുകരിച്ചാണെന്ന വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍റെ കണക്കു വ്യക്തമാക്കുന്നത്‌ ഇത്തരം പക്വതയില്ലായ്‌മയാണ്‌.സിനിമയില്‍ ഒരു സീനിനു തന്നെ പല ടേക്കുകള്‍ വേണ്ടി വരും.ആ നിലയ്‌ക്ക്‌ പുകവലിക്കാറുള്ള അഭിനേതാക്കള്‍ പോലും നിക്കോട്ടിന്‍റെ അളവ്‌ ക്രമാതീതമായി ഉള്ളില്‍ ചെല്ലാതിരിക്കാന്‍ ഹെര്‍ബല്‍ സിഗററ്റുകളാണ്‌ ഷൂട്ടിങ്ങിനിടയില്‍ ഉപയോഗിക്കുക.മദ്യപിച്ചു ബോധം നഷ്ടപ്പെട്ടാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്നതും സംഭാഷണങ്ങള്‍ അര്‍ത്ഥം ഉള്‍ക്കൊണ്ട്‌ ഭാവം നല്‍കി പറയാന്‍ കഴിയാതെ വരുമെന്നതും ചിന്തിക്കേണ്ട വസ്‌തുതയാണ്‌.അതുകൊണ്ട്‌ തന്നെ സ്‌ക്രീനിലെ പുകവലിയും മദ്യപാനവും ജീവിതത്തില്‍ പകര്‍ത്തുന്നത്‌ തികച്ചും ബാലിശമാണ്‌.സ്വന്തം താല്‌പര്യങ്ങള്‍ക്കനുസൃതമായി വേണ്ടാത്ത ശീലങ്ങള്‍ വളര്‍ത്തിയ ശേഷം സിനിമാ പ്രവര്‍ത്തകരുടെ പ്രേരണയാണ്‌ കാരണമെന്ന്‌ പറയുന്ന ഒരു പറ്റം ആളുകളെ ഓര്‍ത്ത്‌ അത്തരം ഷോട്ടുകള്‍ പഴയതോ പുതിയതോ ആയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുപ്പത്‌ സെക്കന്‍റ്‌ ഇവയുടെ ഉപയോഗം ഹാനികരമാണെന്നൊരു സ്‌ക്രോള്‍ കാണിച്ചതുകൊണ്ട്‌ എന്ത്‌ മാറ്റമാണ്‌ സമൂഹത്തില്‍ ഉണ്ടാവുക?സിഗററ്റിന്റെ കവറിലും മദ്യക്കുപ്പികളിലും "injurious' എന്ന മുദ്രണം പ്രയോജനം ചെയ്യാത്തതുകൊണ്ടാണ്‌ ഈ ചോദ്യം പ്രസക്തമാകുന്നത്‌.സിനിമയില്‍ കാണിക്കുന്നതൊക്കെ സമൂഹം പകര്‍ത്താന്‍ തുടങ്ങിയാല്‍ പീഡനരംഗങ്ങളോ കൊലപാതകങ്ങലോ വന്‍കെട്ടിടത്തില്‍ നിന്നുള്ള ചാട്ടമോ അങ്ങനെ എന്തിനും ഏതിനും ജീവിതത്തില്‍ പകര്‍ത്തരുതെന്ന താക്കിത്‌ നല്‍കാനേ നേരം കാണൂ.അനുകരിക്കണം എന്ന്‌ നിര്‍ബന്ധമാണെങ്കില്‍ അതിനു വക നല്‍കുന്ന `സ്‌പിരിറ്റ്‌` പോലുള്ള ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകന്‌ പലതും പകര്‍ത്താം.

ദ്രുതഗതിയില്‍ മാറുന്ന സിനിമയ്‌ക്കൊപ്പം കാലോചിതമായ പ്രവര്‍ത്തനങ്ങള്‍ സെന്‍സര്‍ നിയമങ്ങളില്‍ വരേണ്ടത്‌ അത്യാവശ്യമാണ്‌.മലയാളമായാലും തമിഴായാലും മനസ്സിനെ തെറ്റായ ചിന്തയിലേയ്‌ക്ക്‌ വ്യാപരിക്കാന്‍ ഇടവരുന്ന രംഗങ്ങള്‍ സമാനമാണെന്നിരിക്കെ പ്രാദേശിക ചങ്ങലകളാല്‍ ബന്ധിക്കാതെ ഏകീകൃതമായ നിയമമാണ്‌ ഈ പൊളിച്ചെഴുത്തിന്‌ അഭികാമ്യം.
സെന്‍സറിംഗ്‌ (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക