Image

തലവേദനയ്‌ക്കു മരുന്ന്‌ പാമ്പിന്‍ വിഷം

ജോസ്‌ കുമ്പിളുവേലില്‍ Published on 08 October, 2012
തലവേദനയ്‌ക്കു മരുന്ന്‌ പാമ്പിന്‍ വിഷം
പാരീസ്‌: ആഫ്രിക്കന്‍ പാമ്പായ ബ്ലാക്ക്‌ മാംബയുടെ വിഷം തലവേദനയ്‌ക്ക്‌ ഉത്തമ ഔഷധമെന്നു കണ്‌ടെത്തല്‍. കൊടുംവിഷമുള്ള പാമ്പാണെങ്കിലും മരുന്നായി ഉപയോഗിക്കുമ്പോള്‍ ഇതിന്റെ വിഷത്തിന്‌ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നാണ്‌ കണ്‌ടെത്തിയിരിക്കുന്നത്‌.

ഫ്രഞ്ച്‌ ഗവേഷകരാണ്‌ കണ്‌ടെത്തലിനു പിന്നില്‍. പഠന ഫലം നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. വിഷത്തില്‍നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന പെപ്‌റ്റൈഡുകളാണ്‌ മരുന്നായി ഉപയോഗിക്കുന്നത്‌. മോര്‍ഫിനെക്കാള്‍ മികച്ചതും സുരക്ഷിതവുമായ വേദനസംഹാരിയാണിതെന്നും തെളിഞ്ഞിട്ടുണ്‌ട്‌.

വേദന അനുഭവിപ്പിക്കുന്ന തലച്ചോറിലെ റിസപ്‌റ്ററുകളിലാണ്‌ മരുന്ന്‌ പ്രവര്‍ത്തിക്കുന്നത്‌.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇതു വളരെ ഫലപ്രദമായതായി കണ്‌ടെത്തിയിട്ടുണ്‌ട്‌. എന്നാല്‍, മോര്‍ഫിന്‍ ഈ ആവശ്യത്തിന്‌ ഉപയോഗിക്കുമ്പോള്‍ തല കറക്കവും ശ്വാസംമുട്ടലും മറ്റും ഉണ്‌ടാകാറുണ്‌ട്‌. പുതിയ മരുന്നില്‍ ഇതൊന്നുമില്ല. മോര്‍ഫിന്‍ സ്ഥിരമായി ഉപയോഗിക്കുന്നത്‌ മയക്കുമരുന്നു പോലെ അഡിക്ഷനുണ്‌ടാക്കുന്നതായും നേരത്തേ കണ്‌ടെത്തിയിട്ടുണ്‌ട്‌. പെപ്‌റ്റൈഡുകള്‍ക്ക്‌ ഈ പ്രശ്‌നവുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക