Image

കുടിയൊഴിക്കലും മറ്റുകവിതകളും(3)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 12 October, 2012
കുടിയൊഴിക്കലും മറ്റുകവിതകളും(3)-ജോസഫ് നമ്പിമഠം
അങ്കണ തൈമാവില്‍ നിന്ന് വിധി തല്ലിയിട്ട മൂപ്പെത്താത്ത മാങ്ങ ആണ് ചങ്ങമ്പുഴ എങ്കില്‍ (37 വയസ്സില്‍ ചങ്ങമ്പുഴ അന്തരിച്ചു) 74 വര്‍ഷത്തെ ജീവിതം കൊണ്ട് മലയാള കാവ്യലോകത്തില്‍ പാകമായ മാമ്പഴകനികള്‍ നിറച്ച അനുഗ്രഹീത കവിയാണ് വൈലോപ്പിളളി. ക്ഷണിക ജീവിതംകൊണ്ട് കെട്ടടങ്ങിയ ഒരു മിന്നല്‍ പിണരിന്റെ ജീവിതമാണ് ചങ്ങമ്പുഴ ഓര്‍മ്മിപ്പിക്കുന്നതെങ്കില്‍, 'അറിവിന്‍ തിരികള്‍ കൊളുത്തി, കാടും പടലും വെണ്ണീറാക്കി മര്‍ത്ഥ്യാത്മാവിനു മേലോട്ടുയരാന്‍ ചിറകുനല്‍കി', ദീപ്തശോഭ പരത്തിയ ഒരു പന്തമായിരുന്നു വൈലോപ്പിള്ളി.

വൈലോപ്പിള്ളി എന്ന കവി

1911 മെയ് 11ന് എറണാകുളത്തു കലൂര്‍ ഗ്രാമത്തില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. 1931 ല്‍ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായി. 1966 ല്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍, കുന്നിമണികള്‍, വിത്തുംകൈക്കൊട്ടും, കടല്‍ക്കാക്കകള്‍, കുരുവികള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത് ഇവയാണ് മുഖ്യകവിതാസമാഹാരങ്ങള്‍. സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, കേന്ദ്ര കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, മദ്രാസ് ഗവര്‍മെന്റ് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, എം.പി.പോള്‍ പ്രൈസ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. 1985 ഡിസംബര്‍ 22ന് തൃശൂര്‍ വച്ച് കവി ദിവംഗതനായി. 2011 ല്‍ കവിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുകളില്‍ പറഞ്ഞ കൃതികളും മറ്റ് അസമാഹൃതകൃതികളും, ലേഖനങ്ങളും നാടകങ്ങളും, കുട്ടികൃഷ്ണമാരാര്‍ മുതല്‍ എം.എന്‍ വിജയന്‍ വരെയുള്ളവര്‍ എഴുതിയ പഠനങ്ങളും, എന്‍.എന്‍.കക്കാട്, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ വൈലോപ്പിള്ളിയെപ്പറ്റി എഴുതിയ കവിതകളും എല്ലാംചേര്‍ത്ത് രണ്ടുവാല്യങ്ങളായി തൃശൂര്‍ കറന്റ് ബുക്ക്‌സ് പുറത്തിറക്കി.

"കുമാരനാശാന്‍ മുതല്‍ ഉണ്ടായ പുരോഗതിക്കുശേഷം ഒന്നുതളര്‍ന്നിരുന്ന പദ്യ സാഹിത്യത്തിനു വീണ്ടും പുരോഗതി ഉണ്ട്. അതില്‍ സഹായിക്കാന്‍ ഒരുങ്ങിവരുന്ന ബലിഷ്ഠ ഹസ്തങ്ങളിലൊന്ന്-ഒരു പക്ഷേ, മുഖ്യമായ ഒന്ന്-ശ്രീ വൈലോപ്പിള്ളിയുടേതാണെന്ന് ഞാന്‍ വിചാരിക്കുന്നു”. വൈലോപ്പിള്ളിയുടെ ആദ്യ കവിതാ സമാഹാരമായ കന്നിക്കൊയ്ത്തിന് എഴുതിയ അവാതാരികയില്‍ കുട്ടികൃഷ്ണമാരാര്‍ കുറിച്ചിട്ട ഈ വരികള്‍ നിഷ്ഫലമായില്ല. പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും ഊര്‍ജ്ജവീചികള്‍ ഉയര്‍ത്തി ഉന്നമിപ്പിക്കാന്‍ കഴിവുള്ള കവി എന്ന് കൈനിക്കര കുമാരപിള്ള ശ്രീരേഖയുടെ അവതാരികയില്‍ കുറിക്കുന്നു. വൈലോപ്പിള്ളിക്ക് കവിത്വമുണ്ട്, വ്യക്തിത്വമുണ്ട് ഒരു ദര്‍ശനവുമുണ്ട് എന്നും,
"കന്നിക്കൊയ്ത്തു"കൊണ്ടു തന്നെ പതിരില്ലാത്ത ഒന്നാംതരം ധാന്യം വിളയിക്കാന്‍ കെല്‍പ്പുള്ള ഒരു കാവ്യകര്‍ഷകനാണു താനെന്നു സഹൃദയ ലോകത്തെ ബോദ്ധ്യപ്പെടുത്തിയ കവിയാണ് വൈലോപ്പിള്ളിയെന്നും അദ്ദേഹം എഴുതുന്നു. "എല്ലുറപ്പുള്ളകവിത" എന്ന് പി.എ.വാരിയര്‍ കടല്‍കാക്കകള്‍ എന്ന സമാഹാരത്തിനുവേണ്ടി എഴുതിയ അവതാരികയില്‍ വൈലോപ്പിള്ളി കവിതകളെപ്പറ്റി പറയുന്നു. "റൊമാന്റിസിസപ്രസ്ഥാനത്തിന്റെ ഒടുവിലത്തെ യാമത്തില്‍ വന്നു പിറന്ന കവിയാണ് വൈലോപ്പിള്ളി." റിയലിസത്തിന്റെ പകല്‍ വെളിച്ചത്തിലാണ് അദ്ദേഹം വളര്‍ന്നത്. ആതിരരാവിന്റെ കുളുര്‍മ്മയും സ്വപ്നദര്‍ശനകൗതുകവും അദ്ദേഹത്തിന്റെ ആത്മാവില്‍ ശാശ്വത മുദ്രകളണിയിച്ചു. ഇടയ്ക്കിടയ്ക്ക് അവയിലേക്കു വഴുതി വീണ് മയങ്ങുന്നത് അദ്ദേഹത്തിനിഷ്ടമാണ്. എങ്കിലും ആ നിദ്രാവത്വത്തിന്റെ നിമിഷങ്ങളിലല്ല വിജ്രൂംജിതവീര്യമായ കര്‍മ്മൗത്സുക്യത്തിന്റെ നിമിഷങ്ങളിലാണ് അദ്ദേഹത്തിന്റെ തനിമപ്രകടമാകുന്നത്. അതുകൊണ്ട് മലയാള കവിതയിലൊരു യുഗപരിവര്‍ത്തനത്തിന്റെ ഹരിശ്രീയായ കവിനാദങ്ങളില്‍ ശ്രീ തന്നെയാണദ്ദേഹം എന്ന് എം ലീലാവതി "വിട" എന്ന സമാഹാരത്തിനെഴുതിയ അവതാരികയില്‍ പറയുന്നു.

ആധുനിക മലയാള കവിതാ ലോകത്ത് സമുന്നതനായ വൈലോപ്പിള്ളിയെ യുഗ സംക്രമപുരുഷന്‍, മാനവികതയുടെ കവി, നവയുഗസംസ്‌ക്കാരത്തിന്റെ വക്താവ്, ശുഭാപ്തിവിശ്വാസി എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ഏതെങ്കിലും ഒരു ലേബല്‍കൊണ്ട് കാവ്യക്ഷേത്രത്തില്‍ കുടിയിരുത്തിയാല്‍ വൈലോപ്പിള്ളിക്ക് ഏതു ലേബല്‍ ആണ് കൂടുതല്‍ ഇണങ്ങുക? ജി.ശങ്കരക്കുറുപ്പു മുതല്‍ പാലാവരെയുള്ള സമകാലികരില്‍ വൈലോപ്പിള്ളിയുടെ സ്ഥാനം എവിടെയാണ്? മുഖ്യമായി ഏതു സാഹിത്യപ്രസ്ഥാനത്തിലാണ് അദ്ദേഹം വിഹരിച്ചത്? ജീവിത വീക്ഷണത്തിലും കവിതാസരണിയിലും മലയാള കവിതയുടെ പരിവര്‍ത്തനത്തിലും എന്തു സംഭാവനയാണ് വൈലോപ്പിള്ളി നല്‍കിയത്? കവിതകളുടെ രൂപഭാവങ്ങള്‍ എങ്ങിനെ?
(തുടരും..)
കുടിയൊഴിക്കലും മറ്റുകവിതകളും(3)-ജോസഫ് നമ്പിമഠംകുടിയൊഴിക്കലും മറ്റുകവിതകളും(3)-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക