Image

അമേരിക്കയുടെ പ്രിയപ്പെട്ട ഡോ. ഓസ്‌ (മീനു എലിസബത്ത്‌)

Published on 11 October, 2012
അമേരിക്കയുടെ പ്രിയപ്പെട്ട ഡോ. ഓസ്‌ (മീനു എലിസബത്ത്‌)
എത്ര തിരക്ക്‌പിടിച്ചു നാം ഒരു കടയിലേക്ക്‌ കയറിചെന്നാലും അറിയാതെ നമ്മുടെ കണ്ണുകള്‍ അവിടെ അടുക്കിവച്ചിരിക്കുന്ന വിവിധതരം മാസികകളില്‍ ചെന്നെത്തും. അമേരിക്കയിലെ ഗ്രോസറിക്കടകളില്‍ ചെക്ക്‌ഔട്ട്‌ ലൈനില്‍ പൈസ കൊടുക്കാനായി നില്‍ക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും കൈയെത്തുന്ന ദൂരത്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിവിധതരം മാസികകള്‍.

ഹോളിവുഡിലെ സൗന്ദര്യധാമങ്ങളുടെയും പ്രശസ്‌ത മോഡലുകളുടെയും ബിക്കിനിയില്‍ പൊതിഞ്ഞ അര്‍ദ്ധനഗ്ന കവര്‍ചിത്രങ്ങളുടെ ഇടയില്‍ നീല `സ്‌ക്രബ്ബ്‌സ്‌` ധരിച്ച ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ചിരിച്ച മുഖത്തെ നമുക്ക്‌ പെട്ടെന്ന്‌ അവഗണിക്കാന്‍ കഴിയില്ല!

ഇന്ന്‌ കാണുന്ന മിക്ക ആരോഗ്യമാസികകളുടെയും സ്‌ത്രീ മാസികകളുടെയും കവര്‍ ചിത്രത്തില്‍ കാണുന്ന ഈ മുഖം അമേരിക്കയുടെ പ്രിയപ്പെട്ട ഡോക്‌ടറായ ഓസിന്റേതാണ്‌. അദ്ദേഹത്തിന്റെ ഒരു ചെറുകുറിപ്പ്‌ മാത്രം മതി ആ മാസികകള്‍ ചൂടപ്പം പോലെ വിറ്റഴിയാന്‍.

ടര്‍ക്കിഷ്‌ അമേരിക്കനായ ഈ കാര്‍ഡിയോളജിസ്റ്റിനെ ആദ്യം അമേരിക്കന്‍ ജനതയ്‌ക്ക്‌ പരിചയപ്പെടുത്തുന്നത്‌ പ്രസിദ്ധ ടോക്ക്‌ ഷോ ഹോസ്റ്റായ ഓപ്ര വിന്‍ഫ്രി ആണ്‌. വിന്‍ഫ്രിയുടെ ഷോകളിലെ ആരോഗ്യ വിദഗ്‌ധനായിട്ടാണ്‌ അന്‍പത്തിരണ്ടുകാരനായ ഓസ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌.

പിന്നീട്‌ വ്യായാമത്തെക്കുറിച്ചും ആരോഗ്യപരമായ ഭക്ഷണമുറകളെ കുറിച്ചും പഠിക്കാന്‍ ആഴ്‌ചയില്‍ മൂന്നുതവണയെങ്കിലും വിന്‍ഫ്രി ഓസിനെ ക്ഷണിച്ചു.

ഹൃദയത്തെ എങ്ങനെ ആരോഗ്യപരമായി കാത്തു പരിപാലിക്കാം എന്നും അതിനു പറ്റിയ ഭക്ഷണക്രമങ്ങള്‍ എങ്ങനെ ചിട്ടയില്‍ കൊണ്ടുവരാം എന്നും ഓസ്‌ ലോകമെമ്പാടുമുള്ള ഓപ്രയുടെ ആരാധകരെ പഠിപ്പിച്ചു.കൂട്ടത്തില്‍ ഓപ്രയെയും.

ചുരുങ്ങിയ സമയം കൊണ്ട്‌ ഓപ്ര വിന്‍ഫ്രിയുടെയും അത്‌ വഴി അമേരിക്കന്‍ ജനതയുടെയും ഹൃദയത്തിലേക്ക്‌ ഈ വൈദ്യശിരോമണി മെല്ലെ നടന്നുകയറി. അങ്ങനെ ആദ്യം ഓപ്രയുടെ പ്രിയപ്പെട്ട ഡോക്‌ടര്‍ എന്ന്‌ പേരെടുത്ത ഇദ്ദേഹത്തിന്‌ എ ബി സി ന്യൂസ്‌ സ്വന്തമായി ഒരു ഇരിപ്പിടം ചാനലിന്‌ സമ്മാനിച്ച്‌, അമേരിക്കയുടെ സ്വന്തം ഡോക്‌ടര്‍ ആയി വാഴിച്ചു.

ഇന്ന്‌ അമേരിക്കക്കാര്‍ ആകമാനം കണ്ണും കാതും കൊടുക്കുന്നത്‌ നാല്‌ മണിക്കുള്ള ഡോക്‌ടര്‍ ഓസിന്റെ ഷോയ്‌ക്കുവേണ്ടിയാണ്‌. അദ്ദേഹം പറയുന്നതെന്തും അവര്‍ക്ക്‌ വേദവാക്യം തന്നെ.

1955 -ല്‍ മെഡിക്കല്‍ പരിശീലനത്തിനുള്ള സ്‌കോളര്‍ഷിപ്പുമായി ടര്‍ക്കിയില്‍ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിയ മുസ്‌തഫ ഓസിന്റെയും സുന ഓസിന്റെയും മകനായി ഒഹായോ സ്റ്റേറ്റിലെ ക്ലീവ്‌ലാന്റിലാണ്‌ മെഹമൂദ്‌ ഓസിന്റെ ജനനം. അമ്മ സുന, ഇസ്‌താംബൂളിലെ ഒരു ധനിക മുസ്ലിംകുടുംബാംഗമായിരുന്നു ഈ മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഓസിനു കൂടുതല്‍ ചായ്‌വ്‌ സൂഫിസത്തോട്‌ തന്നെ.

അദ്ദേഹത്തിന്റെ ജീവിതപങ്കാളി, ഒരു നടിയും സിനിമാനിര്‍മാതാവും, തികഞ്ഞ ഒരു ബിസിനസുകാരിയും ആയ ലിസാ ഓസ്‌.

എങ്ങനെയാണ്‌ ഇത്ര വേഗം ഡോക്‌ടര്‍ ഓസ്‌ അമേരിക്കയുടെ ഇഷ്‌ടക്കാരന്‍ ആയത്‌? അവരുടെ മനസ്‌ കീഴ്‌പ്പെടുത്തിയത്‌? എന്നീ ചോദ്യങ്ങള്‍ക്ക്‌ നിരവധി കാരണങ്ങള്‍ ഉണ്ട്‌.

ഏറ്റവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്‌ അദ്ദേഹത്തെ അമേരിക്കയ്‌ക്ക്‌ പരിചയപ്പെടുത്തിയ ഓപ്ര വിന്‍ഫ്രിയുടെ സ്വാധീനം തന്നെയാണ്‌. ഓപ്രയുടെ ഷോയുടെ റേറ്റിംഗ്‌ തന്നെ ഡോക്‌ടറുടെ സാന്നിധ്യം കൊണ്ട്‌ കുതിച്ചുയരുകയായിരുന്നു. അദ്ദേഹത്തിന്റെ ഷോയ്‌ക്കുള്ള വ്യൂവര്‍ഷിപ്പ്‌ ഇന്ന്‌ എ ബി സി ചാനലിലെ ഒറ്റ ഷോയ്‌ക്കും അവകാശപ്പെടാനാവില്ല.

ഡോക്‌ടറുടെ ഉപദേശങ്ങള്‍, ആരോഗ്യത്തെക്കുറിച്ചുള്ള അമേരിക്കക്കാരുടെ കാഴ്‌ചപ്പാടുകള്‍ മാറ്റി മറിക്കുകയായിരുന്നു.

അലോപ്പതി ഡോക്‌ടറായ ഡോക്‌ടര്‍ ഓസ്‌ വളരെ വിശ്വാസത്തോടെ, അനുഭവജ്ഞാനത്തോടെ മറ്റു ബദല്‍ ചികിത്സാ സമ്പ്രദായങ്ങളായ ആയുര്‍വേദവും, ഹോമിയോയും സിദ്ധവൈദ്യവും പ്രാചീന ചൈനീസ്‌ ചികിത്സയും അമേരിക്കക്കാര്‍ക്ക്‌ പരിചയപ്പെടുത്തി. അത്‌ കൂടാതെ യോഗയും, ധ്യാനവും, തായ്‌ചിയും, റെയ്‌ക്കിയും വളരെ പ്രാധാന്യത്തോടെ അദ്ദേഹം പ്രചരിപ്പിച്ചു.

ആയുര്‍വേദ-ഹോമിയോ ഡോക്‌ടര്‍മാരും, യോഗിവര്യന്മാരും, ധ്യാനഗുരുക്കളും നിരന്തരമായി അദ്ദേഹത്തിന്റെ എപ്പിസോഡുകളില്‍ അതിഥികളായി വന്നു. ദിനവും മുടങ്ങാതെ യോഗയും ധ്യാനവും ചെയ്യുന്ന അദ്ദേഹം അതിന്റെ ഗുണഗണങ്ങളെക്കുറിച്ച്‌ പറയുമ്പോള്‍ വളരെ വാചാലനാവുക തന്നെ ചെയ്യും. മോഡേണ്‍ മെഡിസിനില്‍ മാത്രം വിശ്വാസം അര്‍പ്പിച്ചിരുന്ന ബഹുഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും ഈ പരിചയപ്പെടുത്തല്‍ ഒരു പുതിയ അനുഭവമായിരുന്നു.

തങ്ങളുടെ സ്വന്തം നാട്ടിലെ ആയുര്‍വേദത്തെയും ഹോമിയോയും പുഛത്തോടെ നോക്കിയിരുന്ന ചില ഇന്ത്യക്കാര്‍ക്കെങ്കിലും ഇത്‌ കണ്ട്‌ നാണിക്കേണ്ടി വന്നുകാണും. സാമ്പ്രദായികവും നൂതനവും ആയ ചികിത്സാരീതികള്‍ കൊണ്ട്‌ ആരോഗ്യവിഷയങ്ങളില്‍ അമേരിക്കക്കാരെ അനുദിനം ബോധവത്‌ക്കരിക്കുകയാണ്‌ തന്റെ ഓരോ ഷോയിലൂടെയും ഡോക്‌ടര്‍ ഓസ്‌ ചെയ്യുന്നത്‌.

നമ്മള്‍ ഇന്ത്യാക്കാരുടെ സ്വന്തമായ, ആയുര്‍വേദത്തിലെ പച്ചമരുന്നുകള്‍ ഇന്ന്‌ അമേരിക്കക്കാര്‍ക്കും പരിചിതമായതില്‍ ഡോക്‌ടര്‍ ഓസിന്റെ പങ്കു വലുതാണ്‌. നമ്മുടെ വെളിച്ചെണ്ണയുടെ വലിയ ഒരു പ്രചാരകന്‍ കൂടിയാണ്‌ ഡോക്‌ടര്‍ ഓസ്‌ എന്നത്‌ ചിലര്‍ക്കെങ്കിലും അവിശ്വസനീയമായി തോന്നിയേക്കാം.

അമേരിക്കക്കാരുടെ അനിയന്ത്രിതമായ ഭക്ഷണക്രമത്തിലും പൊണ്ണത്തടിയിലും വ്യായാമത്തോടുള്ള മടിയിലും അലസതയില്‍ തൂങ്ങിക്കിടക്കുന്ന ജീവിതശൈലിയിലും മനംനൊന്ത ഡോക്‌ടര്‍ അതിനെതിരെ വളരെ കര്‍ശനമായ ഉപദേശങ്ങളും ചികിത്സകളും നിരന്തരം നിര്‍ദ്ദേശിക്കുന്നു.

ഹൃദയരോഗങ്ങള്‍ക്കു കാരണമായേക്കാവുന്ന പ്രമേഹത്തോടും പൊണ്ണത്തടിയോടുമുള്ള യുദ്ധപ്രഖ്യാപനവുമായി അരയും തലയും മുറുക്കി രംഗത്ത്‌ വന്നു അദ്ദേഹം.

അമേരിക്കയിലെ പ്രമുഖ പൊണ്ണത്തടി നിവാരണ ഡയറ്റ്‌ കമ്പനിയായ ജെന്നി ക്രെയ്‌ഗുമായി ചേര്‍ന്ന്‌്‌, ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും തടി കുറയ്‌ക്കുന്ന വ്യക്തിക്ക്‌ ഒരു മില്യണ്‍ ഡോളറിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിന്റെ മിക്ക ആരാധികമാരും ഫാസ്റ്റ്‌ ഫുഡ്‌ ഉപേക്ഷിച്ച്‌ ജിം ഷൂസ്‌ ധരിച്ച്‌ വെല്ലുവിളി ഏറ്റെടുത്തു.

തടി കുറക്കാനുള്ള transformation nation എന്ന പരിപാടിയും അദ്ദേഹത്തിന്റെ മറ്റൊരു ഉദ്യമമാണ്‌.

തികഞ്ഞ ഒരു സൗന്ദര്യാരാധകനായ ഡോക്‌ടര്‍ സൗന്ദര്യസംരക്ഷണത്തിനും വളരെ പ്രാധാന്യം കൊടുത്തു കാണുന്നു. എല്ലാ രാജ്യക്കാരുടെയും സൗന്ദര്യവര്‍ധനവിനുള്ള ഒറ്റമൂലികളും, അനേകം പ്രകൃതിദത്തമായ വഴികളും സാധാരണക്കാരെ പഠിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ ആരാധകരില്‍ ബഹുഭൂരിപക്ഷവും സ്‌ത്രീകളാണ്‌. വളരെ കണിശത്തോടെ ഞാനുള്‍പ്പെടെയുള്ള സ്‌ത്രീകള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ ഗൗരവത്തോടെ ആരോഗ്യകാര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

ഓസ്‌ ഇപ്പോള്‍ വൈദ്യവൃത്തി നിര്‍ത്തി മുഴുവന്‍ സമയവും മാധ്യമരംഗത്തായിരിക്കും എന്നു ചിന്തിച്ചാല്‍ നമുക്ക്‌ തെറ്റി. അവാര്‍ഡ്‌ ജേതാവായ തന്റെ ഒരു മണിക്കൂര്‍ ഷോയുടെ തിരക്കിനിടയിലും അദ്ദേഹം ഇന്നും ആഴ്‌ചയില്‍ രണ്ടു ദിവസം ഹൃദയശസ്‌ത്രക്രിയയ്‌ക്കായി നീക്കിവയ്‌ക്കുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ഇപ്പോഴും വൈസ്‌ചെയര്‍മാനും സര്‍ജറി പ്രൊഫസറുമാണ്‌.

ഈ തിരക്കിലും തന്റെ താല്‌പര്യ വിഷയങ്ങളായ ഹൃദയം മാറ്റിവെയ്‌ക്കന്ന ശസ്‌ത്രക്രിയയെക്കുറിച്ചും അമേരിക്കയിലെ കാലഹരണപ്പെട്ടു തുടങ്ങിയ ഇന്‍ഷൂറന്‍സ്‌ കമ്പനിക്കാരുടെ നൂലാമാല പിടിച്ച നിയമങ്ങളെക്കുറിച്ചും മറ്റു പല ആരോഗ്യ വിഷയങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്നു.

അദ്ദേഹത്തിന്റേതായി നിരവധി പുസ്‌തകങ്ങള്‍ പുറത്തിറങ്ങുന്നു. ആറുപ്രാവശ്യം ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബെസ്റ്റ്‌ സെല്ലെര്‍ ലിസ്റ്റില്‍ വന്ന നിരവധി ബുക്കുകള്‍ അദ്ദേഹത്തിന്റെതായി ഉണ്ട്‌. ഇതിനിടയില്‍ അമേരിക്കയിലെ നിരവധി പ്രമുഖ മാസികകളില്‍ കോളം എഴുതുകയും ഓപ്ര വിന്‍ഫ്രിയുടെ സ്വന്തം ചാനലായ ഓപ്ര വിന്‍ഫ്രി നെറ്റ്വര്‍ക്കിലും മറ്റ്‌ അനേകം ചാനലുകളിലും അതിഥിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

പ്രശസ്‌തമായ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടി നിരന്തരം എത്തുന്നു. 2008ലെ ടൈം മാഗസിന്റെ "100 most influencial people' ലിസിറ്റില്‍ അദ്ദേഹം സ്ഥാനം പിടിക്കുകയുണ്ടായി.

ഇതെല്ലാമാണെങ്കിലും അമേരിക്കയിലെ മരുന്ന്‌ കമ്പനിക്കാരും അലോപ്പതി മെഡിസിന്‍ പിന്തുടരുന്ന മിക്ക വൈദ്യസംഘടനകളുംഎന്തിനേറെ അമേരിക്കയുടെ നിയന്ത്രണ സംഘടനയായ FDA (Food and Drug Administration) വരെ ഡോക്‌ടര്‍ക്കെതിരെ കുറ്റപത്രവുമായി രംഗത്തുണ്ട്‌.

ഡോക്‌ടര്‍ ഓസ്‌ അലോപ്പതിയെ താഴ്‌ത്തിക്കെട്ടുന്നുവെന്നും, കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന്‌ അവര്‍ വിചാരിക്കുന്ന ബദല്‍ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക്‌ അനര്‍ഹമായ പ്രാധാന്യം കൊടുക്കുന്നു എന്നുമാണ്‌ ആരോപണങ്ങള്‍.

ഡോക്‌ടര്‍ അതിനും വളരെ ലളിതമായി പുഞ്ചിരിയോടെ മറുപടി പറയുന്നതിങ്ങനെ. `ഞാന്‍ ഒരിക്കലും മോഡേണ്‍ മെഡിസിനെ തള്ളിപ്പറയുന്നില്ല. പക്ഷെ മോഡേണ്‍ മെഡിസിന്‍ മാത്രമാണ്‌ എല്ലാറ്റിനും പരിഹാരം എന്ന തെറ്റായ കാഴ്‌ചപ്പാടിന്‌ ഞാന്‍ എതിര്‌ തന്നെയാണ്‌.'

അതെ, നാം ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ടാക്കിയിരിക്കുന്ന ഈ ടര്‍ക്കിഷ്‌ അമേരിക്കക്കാരന്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്‌. ആഴ്‌ചയില്‍ രണ്ടു തവണയെങ്കിലും ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ഹൃദയാരോഗ്യത്തിനും യുവത്വം നിലനിര്‍ത്തുന്നതിനും പറ്റിയ മരുന്നാണ്‌ എന്ന്‌ ഡോക്‌ടര്‍ അവകാശപ്പെടുന്നു. തന്റെ യുവത്വത്തിന്റെ രഹസ്യം അദ്ദേഹം മറച്ചു വയ്‌ക്കുന്നില്ല.

ധ്യാനവും യോഗയും മുടങ്ങാതെയുള്ള മറ്റു വ്യായാമങ്ങളും കൊഴുപ്പ്‌ കുറഞ്ഞ, നാരുകളടങ്ങിയ ഭക്ഷണക്രമവുമാണ്‌ നാല്‌ മക്കളുടെ പിതാവായ താന്‍ ഈ അന്‍പത്തിരണ്ടാം വയസിലും ഒരു മുപ്പത്തിരണ്ടുകാരന്റെ ചടുലതയോടെ പാഞ്ഞു നടക്കുന്നത്‌ എന്ന്‌ അദ്ദേഹം സമ്മതിക്കുന്നു.

അതെ. അമേരിക്കയുടെ പ്രിയങ്കരനായ ഡോക്‌ടര്‍ ചാനലുകളില്‍ കൂടിയും മാസികകളില്‍ കൂടിയും ഒരു രാജ്യത്തെ, ആരോഗ്യ ശീലങ്ങള്‍ സ്വന്തമാക്കുവാന്‍ നിരന്തരം ഓര്‍മപ്പെടുത്തുന്നു. അമേരിക്കയുടെ ഇഷ്‌ടക്കാരനായ ഈ ഡോക്‌ടറെ അമേരിക്കക്കാര്‍ മാത്രമല്ല ലോകം മുഴുവന്‍ ഇന്ന്‌ തങ്ങളുടെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല..
(മലയാളം പത്രത്തില്‍ തത്സമയം പംക്തിയില്‍ പ്രസിദ്ധീകരിച്ചത്‌)
അമേരിക്കയുടെ പ്രിയപ്പെട്ട ഡോ. ഓസ്‌ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക