Image

ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല: മന്ത്രി അഹമ്മദ്‌

Published on 11 October, 2012
ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല: മന്ത്രി അഹമ്മദ്‌
ന്യൂയോര്‍ക്ക്‌: എല്ലാ കാര്യങ്ങളിലും മുസ്‌ലീം ലീഗീനെ കുറ്റപ്പെടുത്തുന്നതില്‍ ന്യായീകരണമില്ലെന്ന്‌ മുസ്‌ലീം ലീഗ്‌ അഖിലേന്ത്യാ നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ ഇ. അഹമ്മദ്‌. അഞ്ചാമത്തെ മന്ത്രിസ്ഥാനം നേരത്തെ തന്നെ സമ്മതിച്ചതാണ്‌. രണ്ടുവട്ടം രാജ്യസഭാ സീറ്റില്‍ ലീഗ്‌ അവകാശമുന്നയിച്ചില്ല. അതുപോലെ വിട്ടുവീഴ്‌ചകള്‍ പലതും ചെയ്‌തപ്പോഴാണ്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കാമെന്നേറ്റത്‌.

പക്ഷെ അത്‌ സാമുദായിക പ്രശ്‌നമായി ചിലര്‍ ഉയര്‍ത്തുന്നത്‌ ഖേദകരമാണ്‌. അവര്‍ക്കെതിരേ ആരും ഒന്നും മിണ്ടുന്നില്ല. ലീഗിനുനേരെ മാത്രമാണ്‌ വിമര്‍ശനം. ലീഗ്‌ വലിയ പാര്‍ട്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടന വരുമ്പോള്‍ സ്വതന്ത്രചുമതലയുള്ള വകുപ്പ്‌ ലഭിക്കുമെന്ന സൂചനകളെപ്പറ്റി ചോദിച്ചപ്പോള്‍ അതൊന്നും വലിയ കാര്യമായി താന്‍ കാണുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വളരെ കാലമായി രാഷ്‌ട്രീയത്തിലുള്ള വ്യക്തിയാണ്‌ താന്‍. ഇത്തരം സ്ഥാനമാനങ്ങളൊന്നും തന്നെ മോഹിപ്പിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നല്‍കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ താത്‌പര്യങ്ങള്‍ക്കനുസൃതമായാണ്‌ മറ്റ്‌ രാജ്യങ്ങളുമായുള്ള ബന്ധം നാം തീരുമാനിക്കുന്നതെന്ന്‌ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി നല്ല ബന്ധമാണെങ്കിലും നാം എപ്പോഴും നോക്കുന്നത്‌ നമ്മുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌. അതേസമയം കഴിയുന്നത്ര
അമേരിക്കയുമായി ഒത്തുപോകാനും ശ്രമിക്കും.

മ്യാന്‍മര്‍ ഗവണ്‍മെന്റുമായി ഇന്ത്യ നല്ല ബന്ധത്തിലാണ്‌. എന്നാല്‍ ജനാധിപത്യം പുന:സ്ഥാപിക്കാത്തതിലും ഓംങ്‌സാന്‍ സൂകിയെ അംഗീകരിക്കാത്തതിലും പ്രതിക്ഷേധിച്ച്‌ പല രാജ്യങ്ങളും മ്യാന്‍മര്‍ ഭരണകൂടത്തിനെതിരാണ്‌. നാം പക്ഷെ നോക്കുന്നത്‌ നമ്മുടെ താത്‌പര്യങ്ങളാണ്‌.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശകാര്യ ഉദ്യോഗസ്ഥരുടെ ദീര്‍ഘവീക്ഷണത്തേയും കഠിനാധ്വാനത്തേയും അദ്ദേഹം പ്രശംസിച്ചു.

വിസ്‌കോണ്‍സിലില്‍ ആറ്‌ സിക്കുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അമേരിക്കന്‍ പതാക താഴ്‌ത്തി കെട്ടാന്‍ ഉത്തരവിട്ടു. അതുപോലെ പ്രഥമ വനിത മിഷേല്‍ ഒബാമ ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ചെയ്‌തു. ഇതൊക്കെ ഇന്ത്യാ-യു.എസ്‌ ബന്ധത്തിന്റെ ആഴമാണ്‌ കാണിക്കുന്നത്‌. എങ്കിലും നാം നമ്മുടെ നയങ്ങളില്‍ നിന്നു പിന്മാറുന്നില്ല. അതുപോലെതന്നെ അമേരിക്കയിലെ തെരഞ്ഞെടുപ്പോ, നേതൃമാറ്റമോ ഒന്നും നമ്മെ ബാധിക്കുകയുമില്ല.

സിറിയയില്‍ ശാന്തി പുലരണമെന്നാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. പശ്ചിമേഷ്യയിലുള്ള ആറു മില്യന്‍ ഇന്ത്യക്കാരുട കാര്യങ്ങള്‍ നമുക്ക്‌ നോക്കേണ്ടതുണ്ട്‌. അതുപോലെ ആ രാജ്യങ്ങളില്‍ നിന്ന്‌ എണ്ണ ലഭിക്കുന്നതും നാം ഉറപ്പാക്കേണ്ടതുണ്ട്‌. അവയൊക്കെ കണക്കിലെടുത്താണ്‌ മധ്യപൂര്‍വ്വദേശകാര്യങ്ങളില്‍ നമ്മുടെ നയം രൂപീകരിക്കുന്നത്‌- അദ്ദേഹം പറഞ്ഞു.

ഐ.എന്‍.ഒ.സി പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌
മുന്‍  ചെയര്‍ പോള്‍ കറുകപ്പള്ളി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, യു.എ. നസീര്‍, ഡോ. തോമസ്‌ ഏബ്രഹാം, റോയി എണ്ണശേരില്‍, ജോസ്‌ ജോര്‍ജ്‌, ഗണേഷ്‌ കുമാര്‍, ലീല മാരേട്ട്‌ തുടങ്ങി ഒട്ടേറെ മലയാളികള്‍ പങ്കെടുത്തു.

സമാജ്‌വാദി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും റീട്ടെയില്‍ രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ അതിനെ എതിര്‍ക്കുമെന്ന്‌ ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പി ധര്‍മ്മേന്ദ്ര യാദവ്‌ പറഞ്ഞു. പാര്‍ട്ടി നേതാവ്‌ മുലയാം സിംഗ്‌ യാദവിന്റെ മരുമകനാണ്‌ ധര്‍മ്മേന്ദ്ര യാദവ്‌.

ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട്‌ അദ്ദേഹം വ്യക്തമാക്കിയില്ല. ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാനാണ്‌ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്‌. ഒരു മതവിഭാഗത്തിന്റെ മാത്രം താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയെ വര്‍ഗീയ കക്ഷിയായാണ്‌ തങ്ങള്‍ കാണുന്നതെന്നും കഴിഞ്ഞ പാര്‍ലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പി ആയ അദ്ദേഹം പറഞ്ഞു.
ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല: മന്ത്രി അഹമ്മദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക