Image

നാണക്കേട് (കഥ: ജോസഫ് കരപറമ്പില്‍ )

Published on 16 October, 2012
നാണക്കേട് (കഥ: ജോസഫ് കരപറമ്പില്‍ )
ബോര്‍ഡ് മീറ്റിംഗ് അവസാനിച്ചു .ബ്രാഞ്ച് മാനേജര്‍ മൈക്കിള്‍ എഴുനേല്‍ക്കാനായി തുടങ്ങുബോഴെയ്ക്കും ടേബിളില്‍ തട്ടി , സ്റ്റാര്‍ബക്ക്‌സിന്റെ കോഫീ കപ്പ് മറിഞ്ഞു വീണ് അദ്ദേഹത്തിന്റെ ഡ്രെസ്സിലും ടേബിളില്‍ ഉണ്ടായിരുന്ന പേപ്പര്കളും എല്ലാം നനഞ്ഞു . " ഛെ നാണകേടായി!!. വയസ്സാകുംതോറും ഒന്നിനും ഒരു കോഓര്‍ഡിനേഷന്‍ കിട്ടുന്നില്ല" എന്ന് ചെറുപ്പകാരനായ മൈക്കിള്‍ പറഞ്ഞപ്പോള്‍ എല്ലാവരും നന്നായി ചിരിച്ചു . ഓരോരുത്തരായി അവരവരുടെ ഏറ്റവും നാണക്കേടുണ്ടാക്കിയ നിമിഷങ്ങള്‍ രസകരമായി വിവരിച്ചു. ഒടുവില്‍ എല്ലാവരുടെയും വിവരണങ്ങള്‍ ശാന്തമായി കേട്ടുകൊണ്ടിരുന്ന സല്‍മാന്റെ ഊഴമായി .
ആരോ ഒരാള്‍ പറഞ്ഞു : "കമ്മോണ്‍ സല്‍മാന്‍, താങ്കള്‍ക്കുണ്ടായ നാണക്കേട് ഞങള്‍ കൂടി ഒന്ന് കേള്‍ക്കട്ടെ'

സല്‍മാന്‍ ഒന്ന് ചിരിച്ചു പിന്നെ എഴുനേറ്റു നിന്ന് കൊണ്ട് തന്റെ കുട്ടിക്കാലത്തെ പറ്റി പറഞ്ഞു തുടങ്ങി . "ഞാന്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം ഒരു കടലോര ഗ്രാമത്തിലായിരുന്നു . എന്റെ പിതാവ് ഒരു മുക്കുവനയിരുന്നു, അദ്ദേഹം കടലിനെ സ്‌നേഹിച്ചു ഒപ്പം കുടുംബത്തെയും . സ്വന്തമായിട്ടൊരു വഞ്ചിയും വിവിധ തരം മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള പല തരം വലകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ ആ തുറയിലെ പലര്‍ക്കും അദ്ദേഹത്തോട് ആരാധന കലര്‍ന്ന അസൂയയും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട് . കടലില്‍ നിന്നും പക്ഷെ എപ്പോഴും വീട്ടു ചിലവിനുള്ള വരുമാനം കിട്ടാറില്ലായിരുന്നു . മിക്കപ്പോഴും കുടുംബ ചിലവിനുള്ളത് പിടിച്ചിട്ടു മാത്രമേ ബാപ്പ കടലില്‍ നിന്നും തിരികെ വരാറുള്ളൂ . ഞങ്ങളുടെ കുടുംബം ഒരു കൂട്ട് കുടുംബവും ആയിരുന്നു . ബാപ്പാന്റെ ഉമ്മയും ബാപ്പയും ബാപ്പാന്റെ കെട്ടിക്കാറായ പെങ്ങളും പിന്നെ എന്റെ ഉമ്മയും എന്റെ നാല് സഹോദരങ്ങളും ഒരുമിച്ചാണ് ആ ചെറിയ കുടിലില്‍ കഴിഞ്ഞിരുന്നത് ."

അയാള്‍ അവരെ നോക്കി പറഞ്ഞു :"നിങ്ങള്‍ ഒരു പ്രാവശ്യമെങ്കിലും എന്റെ ബാപ്പയെ കണ്ടിരുന്നെങ്കില്‍ എന്ന് ഞാനിപ്പോള്‍ ആശിച്ചു പോകുന്നു . അദ്ദേഹം വലിയ മനുഷ്യനായിരുന്നു . മത്സ്യം നിറഞ്ഞ വല വഞ്ചിയിലേക്ക് വലിച്ചു കയറ്റുന്നതിനും കൊടും കാറ്റു വരുമ്പോള്‍ അതിനോട് പടപൊരുതി കിട്ടിയ മത്സ്യങ്ങളുമായി വഞ്ചിയെ കരയ്ക്കടുപ്പിക്കുന്നതിനും അദ്ദേഹത്തിന് അപാരമായ സാമര്‍ത്ഥ്യം തന്നെ ഉണ്ടായിരുന്നു . അടുത്ത് ചെല്ലുമ്പോള്‍ അദ്ദേഹത്തിന് കടലിന്റെ മണമായിരുന്നു . വസ്ത്രത്തിലും ചെരുപ്പിലും എല്ലാം മീനിന്റെ മണം . എത്ര തന്നെ ഉമ്മ കഴുകി കൊടുത്താലും ആ മണം പോകില്ലായിരുന്നു .ബാപ്പ ഉപയോഗിച്ചിരുന്ന എല്ലാത്തിനും കടലിന്റെയും മീനിന്റെയും മണമായിരുന്നു .

കടലില്‍ പോകാതിരിക്കുന്ന ചില സന്ധ്യകളില്‍ ബാപ്പ എന്നെയും കൂട്ടി കടപുറത്തു പോകും . ആ സൂര്യാസ്തമനം കാണുന്നത് എനിക്കും ബപ്പയ്ക്കും ഒരുപോലെ ഇഷ്ടമായിരുന്നു . കുറെ നേരം തിരകളില്‍ വന്നടിയുന്ന കക്കകളും ശംഖുകളും ഞാന്‍ പറക്കി കൂട്ടും . ചിലപ്പോള്‍ തീരത്ത് ഓടി നടക്കുന്ന ഞണ്ടുകളുടെ പിന്നാലെ പോകും . അപ്പോള്‍ ബാപ്പ കരയില്‍ കയറ്റി വച്ചിട്ടുള്ള വഞ്ചിയില്‍ ചാരി ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നുണ്ടായിരിക്കും . മാനത്ത് പറന്നു പോകുന്ന പക്ഷികളെ നോക്കി ഒരിക്കല്‍ എന്നോട് പറഞ്ഞു " നീയും പറന്നു പറന്നു ആ കാണുന്ന ചക്രവാളത്തിനു അപ്പുറം പോകണം " എന്ന് ..... " സല്‍മാന്റെ ശബ്ദം അല്പമോന്നിടറി... " എന്റെ ഭാവിയെ പറ്റി അദ്ദേഹത്തിന് വലിയ പ്രതീക്ഷകളായിരുന്നു "

"പുതിയ സ്കൂള്‍ വര്ഷം തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം പുത്തനുടുപ്പുകള്‍ വാങ്ങി തരുമായിരുന്നു .അവയ്‌ക്കൊന്നിനും മീനിന്റെ മണമില്ലായിരുന്നു . ബാപ്പാന്റെ വസ്ത്രങ്ങളും ഞങ്ങളുടെ വസ്ത്രങ്ങളും വെവ്വേറെ കഴുകണമെന്ന് ഉമ്മ ക്ക് അറിയാമായിരുന്നു . ചില ദിവസങ്ങളില്‍ നേരം വൈകിയാല്‍ മീന്‍ വില്‍ക്കാന്‍ കൊണ്ട് പോകുന്ന സൈക്കിളില്‍ എന്നെ കയറ്റി ഇരുത്തി ബാപ്പ സ്കൂളിന്റെ മുന്‍പില്‍ എത്തിയ്ക്കും . മറ്റു കുട്ടികള്‍ എന്നെ കാണല്ലേ എന്നാ പ്രാര്‍ത്ഥന ആയിരിക്കും അപ്പോളെന്റെ മനസ്സില്‍. പക്ഷെ അവിടെ ഗേറ്റ് നിറയെ കുട്ടികള്‍ ഉണ്ടാകും അവരെല്ലാം എന്നെയും എന്റെ ബാപ്പയെയും കാണും . ആവും വേഗം ബാപ്പാന്റെ അരികില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ ശ്രമിക്കുമ്പോഴേക്കും എന്നെ കെട്ടിപിടിച്ചു നെറ്റിയിലും കവിളിലും ഉമ്മവെയ്ക്കും . എന്നിട്ട് പറയും " മോന്‍ മിടുക്കനായി പഠിച്ചു ഇമ്മിണി ബല്ല്യ ആളാ ആവണം .." കുട്ടിയായിരുന്ന എനിക്ക് ഇതില്‍ പരം നാണക്കേട് മറ്റെന്തുണ്ട് ? ഏകദേശം പന്ത്രണ്ടു വയസ്സായിരുന്നു എനിക്കപ്പോള്‍ ....ഈ കെട്ടി പിടുത്തവും ഉമ്മ വെക്കലും എല്ലാം എന്നെ സംബന്ധിച്ചിടത്തോളം അസ്സഹനീയമായി തോന്നി തുടങ്ങി ."

ആ ദിവസങ്ങളില്‍ ഞാന്‍ സ്വയം തിരിച്ചറിഞ്ഞു ഇത്തരം കെട്ടി പിടുത്തത്തിനും ഉമ്മയ്ക്കുമുള്ള എന്റെ പ്രായം കഴിഞ്ഞിരിക്കുന്നുവെന്നു .ഞാന്‍ വലിയ ചെറുക്കാനായി എന്ന് സ്വയം വിലയിരുത്തി . അന്നും പതിവുപോലെ ബാപ്പ എന്നെ സൈക്കിളില്‍ സ്ക്കൂളിനു മുന്‍പിലെത്തിച്ചു ... പതിവ് പോലെ എന്നെ കെട്ടി പിടിച്ചുമ്മവെയ്ക്കാന്‍ ബാപ്പ കുനിഞ്ഞു ...കൈക്കൊണ്ടു ഞാന്‍ അദ്ദേഹത്തെ തടഞ്ഞു എന്നിട്ട് പറഞ്ഞു " വേണ്ട ബാപ്പ ..." ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തോട് അത്തരത്തില്‍ സംസാരിച്ചത് . അത് കേട്ടപ്പോള്‍ അദ്ദേഹം എന്നെ വളരെ ആശ്ചര്യപ്പെട്ടു നോക്കി നിന്നു." അപ്പോള്‍ ഞാന്‍ പറഞ്ഞു "ബാപ്പാ, എനിക്കതിന്റെ എല്ലാം പ്രായം കഴിഞ്ഞു പോയി ... കെട്ടി പിടുത്തവും ഉമ്മവെക്കലും ... ഇനി .. വേണ്ടാ .."

"ഇമവെട്ടാതെ വളരെ നേരം അദ്ദേഹം എന്നെ നോക്കി നിന്നു .. അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്നു തുടുത്തു....ദാ... ആ കണ്ണുകള്‍ നിറയുന്നു....ബാപ്പ കരയുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല .ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല .. എന്നില്‍ നിന്നും തല തിരിച്ചു ദൂരെ എവിടെയോ നോക്കികൊണ്ട് പറഞ്ഞു " ശരിയാ മോനെ നീ പറഞ്ഞത് .... നീയിപ്പോ ബല്ല്യ ആണ്കുട്ടിയാ ... അല്ല ... ബല്ല്യ ആണ് തന്നെ ....മക്കള് ബലുതായത് ... ബാപ്പ അറിഞ്ഞില്ല...ഇനി മൊതല് അന്നെ ഞാനുമ്മ ബെക്കൂല ".. "അത് പറയുമ്പോള്‍ ബാപ്പാന്റെ ശബ്ദം തേങ്ങുന്നുണ്ടായിരുന്നു...'

സല്‍മാന്റെ മുഖം ആകെ മാറി കണ്ണുകള്‍ നിറഞ്ഞു എന്നിട്ട് പറഞ്ഞു " അന്ന് വൈകീട്ട് കാറ്റും കോളും ആഞ്ഞടിക്കുബോള്‍ ബാപ്പ കടലിലേക്ക് വഞ്ചി ഇറക്കി ... ഞങളുടെ തുറയിലുള്ള ആരും തന്നെ ഇത്തരം സമയത്ത് കടലില്‍ പോവുകയില്ല . മീന്‍ കിട്ടില്ലെന്ന് മാത്രമല്ല അപകടവും കൂടിയാണത്'.

" ബാപ്പാന്റെ സുഹൃത്തുക്കള്‍ പലരും പോകരുതെന്ന് പറഞ്ഞു വിലക്കി നോക്കി ..അവരോടു ബാപ്പ " എനക്ക് ബല്ല്യ കുടുംബോള്ളത് അനക്ക് അറിയില്ലേ ? അവരെ പഷനിക്കിടാന്‍ എനിക്ക് പറ്റോ ? " എന്ന് തിരിച്ചു ചോദിച്ചു .. ആര്‍ക്കും അദ്ദേഹത്തെ തടയാന്‍ ആയില്ല ." ആ രാത്രിയില്‍ ബാപ്പ തിരിച്ചു വന്നില്ല . പിറ്റേന്ന് ഏറെ നേരം ഞങള്‍ കാത്തിരുന്നു പക്ഷെ അദ്ദേഹം വന്നില്ല . തുറയിലെ ചിലര്‍ അവരുടെ വള്ളവും എടുത്തു കടലില്‍ പോയി. പക്ഷെ അവര്‍ കണ്ടത് കടലില്‍ ഒഴുകി നടക്കുന്ന ബാപ്പാന്റെ വഞ്ചിയും അതില്‍ നിന്നും പാതിയോളം കടലില്‍ വീണ് കിടക്കുന്ന വലയും മാത്രം ....."
സല്‍മാന്റെ കണ്ണുകള്‍ നിറഞ്ഞുഒഴുകി . അയാള്‍ തുടര്‍ന്നു " നിങ്ങള്‍ക്കറിയില്ല എന്റെ ബാപ്പാന്റെ ആ ഒരു ചുംബനം ഒരിക്കല്‍ക്കൂടി എന്റെ കവിളില്‍ കിട്ടാന്‍ ഞാന്‍ എന്ത് വേണേലും ത്യജിക്കാന്‍ തയ്യാറാണ് . കുറ്റി രോമങ്ങള്‍ ഉള്ള ആ പരുക്കന്‍ മുഖത്തിന്റെ, കടല്‍ക്കാറ്റെറ്റു വരണ്ട ബീഡി കറയുള്ള ആ ചുണ്ടിന്റെ സ്പര്‍ശനത്തിന് ....കടലിന്റെയും മീനിന്റെയും മണമുള്ള ബാപ്പാന്റെ സാമീപ്യം , ദ്രിഡമായ കൈകള്‍ കൊണ്ടുള്ള ആ കെട്ടി പിടുത്തം.... ഒരിക്കല്‍ക്കൂടി ഒന്ന് അനുഭവിക്കാന്‍ കഴിഞ്ഞെങ്കില്‍ .... അന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനൊരു ആണായിരുന്നെങ്കില്‍ .... ഉമ്മ വെക്കാനുള്ള പ്രായം കഴിഞ്ഞു പോയീന്നു എന്റെ ബാപ്പനോട് പറയില്ലായിരുന്നു..... നിങള്‍ എങ്ങനെ എന്ന് എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കൈകള്‍ കൊണ്ട് എന്റെ ബാപ്പാനെ കെട്ടിപിടിച്ചിട്ട് എനിക്ക് പറയണം; ബാപ്പാ നിങ്ങളാണ് എനിക്ക് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി.'

ആ ബോര്‍ഡ് റൂമിലുണ്ടായിരുന്ന എല്ലാവരും എഴുനേറ്റു നിന്നു കയ്യടിച്ചു.

please send your comments to jophyjacob@hotmail.com
നാണക്കേട് (കഥ: ജോസഫ് കരപറമ്പില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക