Image

കുടിയൊഴിക്കലും മറ്റുകവിതകളും(4)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 16 October, 2012
കുടിയൊഴിക്കലും മറ്റുകവിതകളും(4)-ജോസഫ് നമ്പിമഠം
1936 ല്‍ രചിച്ച “മാമ്പഴം” എന്ന ഏറ്റവും പ്രസിദ്ധമായ കവിത മുതല്‍ 1980 ല്‍ പ്രസിദ്ധീകരിച്ച അവസാനത്തെ കവിതാ സമാഹാരമായ മകരക്കൊയ്ത്തിലെ അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയുള്ള കവിതകള്‍ വരെ വളരെ വിസ്തൃതമായ വിഷയങ്ങള്‍ വൈലോപ്പിള്ളി കവിതാ വിഷയമാക്കിയിട്ടുണ്ടെങ്കിലും, വൈലോപ്പിള്ളി കവിതയിലെ കേരളാന്തരീക്ഷം നിരൂപകന്മാര്‍ എടുത്തുപറയുന്ന ഒരു അംശമാണ്. “കേരളീയത എന്ന അംശം വൈലോപ്പിള്ളിക്കവിതയില്‍ ആകെ വ്യാപിച്ചുകിടക്കുന്ന ഒരു കുളുര്‍മ്മയാണ്. അത് കേരളത്തിന്റെ ബാഹ്യപ്രകൃതി മാത്രമല്ല, സംസ്‌കാരത്തിന്റെ ആകെത്തുകയാകുന്നു. ഇന്നത്തെ മലയാള കവികളില്‍ കേരളീയത ഏറ്റവുമധികം കവിതയിലലിയിച്ചിട്ടുള്ളവര്‍ 'പി'യും 'ശ്രീ' യുമാണ്(വൈലോപ്പിള്ളി) എന്ന് എം.ലീലാവതി വിടയ്‌ക്കെഴുതിയ അവതാരികയില്‍ പറയുന്നത് ശ്രദ്ധിക്കുക. ജി.ശങ്കരക്കുറുപ്പിന്റെ മിസ്റ്റിസിസത്തിലോ സിംബലിസത്തിലോ വൈലോപ്പിള്ളി ആകൃഷ്ടനായില്ല. ആശാനും ഉള്ളൂരും വള്ളത്തോളും ഇഷ്ടകവികള്‍ ആയിരുന്നെങ്കിലും എന്നെ അധികവും സ്വാധീനിച്ചിട്ടുള്ളത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ ബധിരകവിയാണ്(വള്ളത്തോള്‍) എന്ന് വൈലോപ്പിള്ളഇ കാവ്യലോകസ്മരണകളില്‍ തുറന്നു പറയുന്നു. മഹാകവിത്വം എനിക്കു പറ്റാത്ത തൊപ്പിയാണെന്നും കവിതക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു വൈലോപ്പിള്ളി. “എന്റെ മനസ്സില്‍ കവിത നിറയ്ക്കുവാന്‍ വന്നത് പ്രകൃതിയുടെ ഋതുപരിവര്‍ത്തനങ്ങളും അവയുടേതായ ഘോഷങ്ങളും നാദങ്ങളും പൂക്കളും പഴങ്ങളും പാടങ്ങളും പൊയ്കകളും ആണ്. അവയില്‍ ഞാന്‍ മദിക്കുകതന്നെ ചെയ്തു. ചങ്ങമ്പുഴയെപ്പോലെ ഞാന്‍ അതിനെക്കുറിച്ച് അത്രമേല്‍ മനം മറന്ന് പാടുകയുണ്ടായില്ലെന്നു മാത്രം. ലഹരിപിടിച്ച് മനം മറന്നു പാടുക എന്റെ സ്വാഭവമല്ല.” എന്ന കവിയുടെ തന്നെ വാക്കുകള്‍ ചങ്ങമ്പുഴ കവിതകളോടുള്ള അദ്ദേഹത്തിന്റെ സമീപനം തുറന്നുകാട്ടുന്നു. കവിതകലാസൃഷ്ടിയാക്കാന്‍ ഞാന്‍ യന്തിക്കുന്നു ഒട്ടൊക്കെ വിജയിക്കുന്നുമുണ്ടാകാം. പക്ഷേ അതു കാലത്തിന്റെ സൃഷ്ടിയാവുക എന്ന കാര്യത്തില്‍ വിജയിക്കുന്നുണ്ടോ? എനിക്ക് സംശയമുണ്ട് എന്നും സ്വന്തം കവിതകളെപ്പറ്റി വൈലോപ്പിള്ളി തന്നെ പറയുന്നു. രേഖാചിത്രരചനയില്‍ കഴിവുള്ള വൈലോപ്പിള്ളി ആദ്യസമാഹാരമായ കന്നിക്കൊയ്ത്തിന്റെ കവര്‍ചിത്രം സ്വന്തമായി വരയ്ക്കുകയുണ്ടായി. ചിത്രരചനയിലെ ഈ കഴിവ് കവിതാരചനയിലും കാണുന്നുണ്ട്. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ കവിത-കുറഞ്ഞ വരകള്‍ കൊണ്ട് മികച്ചചിത്രം പോലെ. സൗന്ദര്യത്തേക്കാളൊരുപടിമീതെയായി സത്യത്തെ ഇഷ്ടപ്പെടുന്ന ഈ കവി കവിത പ്രധാനമായും ഭാവാവിഷ്‌ക്കാരമാണെന്നു വിശ്വസിക്കുന്നു. ജി.ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും അടങ്ങുന്ന തലമുറ ക്ലാസ്സിക്ക് റൊമാന്റിക് മൂശയില്‍ നിന്നുരുത്തിരിഞ്ഞു വന്നവരാണെങ്കിലും, ചങ്ങമ്പുഴ റൊമാന്റിസിസത്തില്‍ മുങ്ങികുളിച്ചവനാണെങ്കിലും വൈലോപ്പിള്ളി റിയലിസ പ്രസ്ഥാനത്തിന്റെ പകല്‍ വെളിച്ചത്തിലാണ് കൂടുതല്‍ ആകൃഷ്ടനായത്. വൈലോപ്പിള്ളി, ജിയെപ്പോലെ ബുദ്ധിജീവികളുടെ കവിയല്ല, ഇടപ്പള്ളി കവികളെപ്പോലെ വിഷാദാത്മകത്വത്തിന്റെ കവിയുമല്ല. മഹാകാവ്യം എഴുതിയിട്ടില്ലാത്ത വൈലോപ്പിള്ളിയുടെ കവിതകള്‍ എല്ലാം തന്നെ ഖണ്ഡകാവ്യങ്ങളും, ഭാവാത്മക കവിതകളും(Lyric) ആഖ്യാന കവിതകളും(Narrative poems) ഗീതകങ്ങളും(Sonnet), ശ്ലോകങ്ങളുമാണ്.

“ജി ആകട്ടെ അസാധാരണനായ ഒരു കവിയാണ്- വെറും കവിയല്ല കവികളുടെ കവി എഴുതിയതില്‍ പലതും കവിതയുടെ കവിതയും(Super poems) വൈലോപ്പിള്ളിയോ? അദ്ദേഹത്തിന്റെ കവിതയെ അതിമാനുഷമെന്നൊന്നും വിശേഷിപ്പിക്ക വയ്യ. അത്യധികം മാനുഷമാണത്. വെറും പാലു പോലുള്ള കവിതയല്ല, കാച്ചിക്കുറുക്കിയ കവിത(Concentrated poems)… വൈലോപ്പിള്ളികവിത അനേകം ചിത്രങ്ങള്‍ കൊരുത്ത മറ്റൊരു ചിത്രവും… ഓരോ വരിയിലും ശില്പമാതൃകകള്‍, എല്ലാംകൂടി ഒരു മഹാശില്പവും. കവിതയെ കവിതകൊണ്ട് ഇടതൂര്‍ക്കുന്നതാണ് ഈ പദ്ധതി”(എം.എന്‍ വിജയന്‍).

പ്രേമഗാനങ്ങള്‍ എഴുതാത്ത കവി എന്ന ആരോപണത്തിനു കവി പറയുന്നതു കേള്‍ക്കുക. “താരതമ്യേന വൃദ്ധനായ അച്ഛനെ ഉപേക്ഷിച്ച് എന്റെ അമ്മ മറ്റൊരു പുരുഷനെ സ്വീകരിച്ചു. നാട്ടുകാരുടെ പരിഹാസദൃഷ്ടികളും വീട്ടില്‍ ഈ പരപുരുഷന്റെ സാന്നിദ്ധ്യവും ഞങ്ങളുടെ അഭിമാനം എടുത്തു കളഞ്ഞു. നാണക്കേട് എന്റെ ഹൃദയത്തിന്റെ നിലവറകള്‍ വരെ കുമിഞ്ഞുകൂടി. അധമബോധം എന്നേ ആവരണം ചെയ്തു. അമ്മയെ അത്രയേറെ സ്‌നേഹിച്ചതുകൊണ്ട് പിന്നീട് സ്ത്രീകളോടുള്ള ആഭിമുഖ്യം എനിക്കു മിക്കവാറും ഇല്ലാതായി. മറ്റുള്ളവരെപ്പോലെ പ്രേമഗാനങ്ങള്‍ ഞാന്‍ എഴുതിയിട്ടില്ല. ചുരുക്കത്തില്‍ എന്നിലെ കാമുകന്‍ അന്നു മരിച്ചു.” 'കണ്ണീര്‍പാടം' പോലുള്ള ഗാര്‍ഹികശീതസമരക്കവിതകളില്‍ കവിയുടെ ഈ ഫ്രിജിഡിറ്റി വ്യക്തമായി കാണാനാകും.

ശാസ്ത്രബോധമുള്ള കവി, സൗന്ദര്യാത്മക കവി, ജീവിതത്തിന്റെ അജയ്യതയെ പുകഴ്ത്തിയ കവി എന്നൊക്കെ വൈലോപ്പിള്ളിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും വൈലോപ്പിള്ളിയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ വിശേഷത ആ കവിതകളിലെ കേരളീയതയും, ദുര്‍മേദസ്സില്ലാത്ത രചനാശൈലിയുമാണ്. Lean but not mean എന്ന് അതിനേ വിശേഷിപ്പിക്കാം-ദുര്‍മേദസ്സില്ലാത്ത ശക്തമായ ശൈലി.

മലയാള നാട് വാരികയില്‍ ശ്രീ.എം.കൃഷ്ണന്‍ നായര്‍ വൈലോപ്പിള്ളിയുടെ കവിതയായ “വസന്തം” എന്ന കവിതയുടെ ലയം തന്നെ അമ്പരപ്പിച്ചതായി എഴുതുകയുണ്ടായി. ആ കവിതയിലെ-
പാറകള്‍കൂടിയും കസ്തൂരി പൂശുന്ന
പാരിലെ ജീവിതമെത്രഹൃദ്യം
ആയിരം സ്വര്‍ഗ്ഗമമൃതു പൊഴിഞ്ഞാലും
ആ രസം കിട്ടുകയില്ല സ്ത്യം.
ഇതായിരുന്നു വൈലോപ്പിള്ളിയുടെ ജീവിതവീക്ഷണം. “വന്‍ കരിംകള്ളിയാം കാളിന്ദി, നിന്നെ ഞാനെന്റെ കരികൊണ്ടു വലിച്ചിഴയ്ക്കും എന്ന് ജലസേചനം എന്ന കവിതയിലും, ചോര തുടിക്കും, ചെറുകയ്യുകളെ പേറുക വന്നീപ്പന്തങ്ങള്‍” എന്ന് “പന്തങ്ങള്‍” എന്ന കവിതയിലും ഒക്കെ ആവര്‍ത്തിക്കുന്ന മനുഷ്യവീര്യത്തിന്റെ ഗാഥയില്‍ വിശ്വിസിക്കുന്ന, 'മാലോടിഴയും മര്‍ത്ത്യാത്മാവിനു മേലോട്ടുയരാന്‍ ചിറകു നല്‍കുന്ന' ഊര്‍ജ്ജത്തിന്റ കവിയാണ് വൈലോപ്പിള്ളി.
കുടിയൊഴിക്കലും മറ്റുകവിതകളും(4)-ജോസഫ് നമ്പിമഠംകുടിയൊഴിക്കലും മറ്റുകവിതകളും(4)-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക