Image

നത്താള്‍ രാത്രിയില്‍ (കഥ)- മുക്കാടന്‍

Published on 18 October, 2012
നത്താള്‍ രാത്രിയില്‍ (കഥ)- മുക്കാടന്‍

നത്താളിന്റെ വിശുദ്ധരാത്രി. ജര്‍മ്മന്‍ ജനതയുടെ ആഗ്രഹം മനസ്സിലാക്കിയതുപോലെ സര്‍വ്വേശ്വരന്‍ കനിഞ്ഞു നല്‍കിയ കാലാവസ്ഥ. ക്രിസ്തുമസ് രാവ്. മഞ്ഞ് പെയ്യുന്ന രാവായിരിക്കണമെന്നത് അവരുടെ സ്വപ്നമാണ്. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഞ്ഞ് ദേശം മുഴുവന്‍ ധവളപ്പട്ടു വിരിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ ഏകദേശം ഇരുപത് സെന്റീമീറ്ററോളം മഞ്ഞ് ഭൂമിയെ കീഴടക്കിയിരിക്കുന്നു. നിരത്തുകളും കാല്‍നടപ്പാതകളും തൂവെള്ള മഞ്ഞ് മൂടികിടക്കുന്നു. വല്ലപ്പോഴും സാവകാശത്തില്‍ ഓടിച്ചു പോകുന്ന ഒറ്റപ്പെട്ട വാഹനങ്ങള്‍ നിരത്തില്‍ കാണാം.

വാര്‍ദ്ധക്യാരംഭത്തില്‍ തുടങ്ങുന്ന പ്രമേഹത്തിന്റെ ആക്രമണം എന്നെയും കീഴടക്കിയിരുന്നു. മരുന്നുകളൊന്നും എടുക്കാതെ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ കീഴടക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഏതുതരം കാലാവസ്ഥയിലും നടക്കുവാനിറങ്ങുക പതിവാണ്. മഞ്ഞിലൂടെ നടക്കുവാന്‍ ഉപയോഗിക്കുന്ന പ്രത്യകതരം ബൂട്ട്‌സ് ഒക്കെ ഇട്ട് ഞാന്‍ നടക്കുവാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.

“നിങ്ങക്കെന്താ മനുഷ്യാ തലയ്ക്കു വല്ല വട്ടും ഉണ്ടോ? ഈ മഞ്ഞ് ഇങ്ങനെ പെയ്തുകിടക്കുന്ന സമയത്ത് നടക്കാന്‍ പോകാന്‍ ! അല്ലെങ്കിലും പണ്ടേ എന്തെങ്കിലും നല്ലതു പറഞ്ഞാല്‍ കൂട്ടാക്കത്തില്ലല്ലോ. തലക്കനം അല്ലെ. വയസ്സാം കാലത്ത് കാലുതെറ്റി വീണ് നാലു കാലേല്‍ കിടക്കരുത്. ആംബുലന്‍സ് വിളിച്ചാല്‍ പോലും വരാന്‍ സാധിക്കാത്ത കാലാവസ്ഥ ആണ്. പറഞ്ഞില്ലെന്നു വേണ്ട.”

അവള്‍ പറയുന്നതില്‍ കാര്യമുണ്ട്. പക്ഷേ, നടന്നില്ലെങ്കില്‍ എനിക്കെന്തോ ഒരു അപാകതപോലെയാ ആ ദിവസത്തിന് ഒരു പൂര്‍ണ്ണതയില്ലാത്തതുപോലെ. അതുകൊണ്ടു തന്നെ പ്രിയതമയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഞാന്‍ നടക്കാനിറങ്ങി.

നന്നായി വസ്ത്രധാരണം ചെയ്തിരുന്നു. കൈകള്‍ രണ്ടും കമ്പിളി ഉറകളാല്‍ മറച്ചിരുന്നു. ഞാന്‍ ആയാസപ്പെട്ട് ഉറയാത്ത മഞ്ഞില്‍ക്കൂടി കൈകള്‍ വീശി ആടി ആടി നടന്നു തുടങ്ങി. സമയം ഏതാണ്ട് വൈകീട്ട് ഏഴര നത്താള്‍ രാത്രി തികച്ചും ശാന്തം സുന്ദരം! ആകാശത്തു നിന്നും പൊഴിയുന്ന നീഹാരബിന്ദുക്കള്‍ മുഖത്തെ ചുംബിച്ചു കുളിര്‍മ്മപ്പെടുത്തികൊണ്ടിരുന്നു. മഞ്ഞു പെയ്യുമ്പോള്‍ ലഭ്യമാകുന്ന വായു മലിനവിമുക്തവും ദുര്‍ഗ്ഗന്ധവിമുക്തവുമാണ്. ഓരോ ചുവടുവെപ്പിലും ശക്തിയായി ശ്വാസോച്ഛ്വാസം ചെയ്തു. ഞാനെന്റെ ശ്വാസകോശങ്ങളെ മലിനവിമുക്തമാക്കിക്കൊണ്ട് നടന്നു.

റോഡിനെ രണ്ടുവശത്തുമുള്ള വീടുകളിലെ ജനാലകളെ വിവിധ വര്‍ണ്ണങ്ങളിലുള്ള വിളക്കുകളാല്‍ അലങ്കരിച്ചിരുന്നു. ഒരു വീട്ടില്‍ ജനാലയില്‍കൂടെ കയറാന്‍ ശ്രമിക്കുന്ന സാന്താക്ലോസിന്റെ രൂപം മറ്റൊരു വീട്ടില്‍ കലമാനുകള്‍ വലിക്കുന്ന വണ്ടിയിലിരിക്കുന്ന സാന്താക്ലോസിന്റെ രൂപം വൈദ്യുതി വിളക്കുകളാല്‍ അലങ്കരിച്ചിരുന്നു. റോഡിന്റെ രണ്ടുവശത്തുമുള്ള വീടകളിലെ അലങ്കാരങ്ങള്‍ നോക്കി നടന്നു ഞാന്‍ പട്ടണത്തിന്റെ പ്രധാന വീഥിയിലെത്തി.

പ്രധാന വീഥിയിലെ ഇലകൊഴിഞ്ഞ മരങ്ങള്‍ വര്‍ണ്ണ വൈദ്യുത ദീപങ്ങളാല്‍ കമനീയമായി മോടിപിടിപ്പിച്ചിരിക്കുന്നു. പെയ്തിറങ്ങിയ മഞ്ഞിന്റെ ഭാരം താങ്ങാനാവാതെ തലകുനിച്ചു നില്‍ക്കുന്ന ശിഖിരങ്ങളിലെ വര്‍ണ്ണ പ്രപഞ്ചം അഭൗമമായ ഒരു ഭംഗി നല്‍കി. നയനാനന്ദകരമായ കാഴ്ചകള്‍ കണ്ട് ഞാന്‍ ആയാസപ്പെട്ടു നടക്കുന്നതിനിടയിലാണ് ആരോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ തുടങ്ങിയത്. ശബ്ദം കേട്ട ലക്ഷ്യത്തിലേക്ക് നടന്നടുക്കുതോറും സംഭാഷണം വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങി. ആ പുരുഷ ശബ്ദം “എടീ അമേദ്വമെ നീ വരുന്നൊ ഇനിയെങ്കിലും എന്റെ കൂടെ അതോ നിനക്കിവിടെക്കിടന്നു മരിക്കണമോ നശിച്ച സ്ത്രീയേ?” ഉച്ചത്തില്‍ സംസാരിക്കുന്ന പുരുഷന്റെ ശബ്ദം! മറുപടി ഒന്നു കേള്‍ക്കുന്നില്ല. ഞാനിതിനകം നടന്ന് അവരുടെ അടുത്തെത്തിയിരുന്നു. പട്ടണത്തിലെ ലൈബ്രറിയായി ഉപയോഗിക്കുന്ന പഴയ ആ കെട്ടിടത്തിന്റെ വാതിലില്‍ രണ്ടു രൂപങ്ങല്‍. ഒരാള്‍ നില്‍ക്കുന്നു, മറ്റേയാള്‍ ഇരിക്കുന്നു. ഇരിക്കുന്ന ആളെ നില്‍ക്കുന്ന ആള്‍ പിടിച്ച് വലിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇരിക്കുന്ന ആള്‍രൂപം പെട്ടെന്ന് ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് മറ്റേയാളോട് സംസാരിക്കുന്നു.

“പോടാ! നീയുമായിട്ടിനി എനിക്കൊരു ബന്ധവുമില്ല.” ആ സ്ത്രീയുടേതാണ് ആ ശബ്ദം! വിജനമായ ഈ രാത്രിയില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു വഴക്കിടുന്ന ഇവരാരാണ്? ആരെന്നറിയാനുള്ള അതിയായ ആഗ്രഹം എന്നെ അവരുടെ അടുത്തേക്കു നടക്കുവാന്‍ പ്രേരിപ്പിച്ചു. അവരുടെ വേഷത്തില്‍നിന്നും അവരോടടുത്തപ്പോള്‍ വമിക്കുന്ന ദുര്‍ഗ്ഗത്തില്‍നിന്നും പുരുഷന്റെ കയ്യിലിരിക്കുന്ന മദ്യകുപ്പിയില്‍നിന്നും ഇവന്‍ മദ്യത്തിനടിമയായി കുടുംബത്തില്‍ നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ടവനാണെന്ന് മനസ്സിലാക്കി. അവരുടെ അടുത്തോട്ടുപോയി ഇടപെടുന്നത് ബുദ്ധിയല്ലെന്നു മനസ്സിലാക്കി ഞാനവരെ അവഗണിച്ചുകൊണ്ട് എന്റെ നടത്തം തുടര്‍ന്നു. ഞാന്‍ നടന്നകലുമ്പോഴും അവര്‍ പരസ്പരം അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ടും വഴക്കിട്ടുകൊണ്ടിരുന്നു. പെട്ടെന്ന് മലയാളം കേട്ടു ഞാന്‍ ഞെട്ടിത്തിരിഞ്ഞു നിന്നു. “പോടാ പട്ടീ തെണ്ടീ നീയെനനെ അടിക്കുന്നോ? ഞാന്‍ വേഗത്തില്‍ നടന്ന് അവര്‍ നിന്ന സ്ഥലത്തെത്തി. ആ സ്ത്രീയാണ് മലയാളം സംസാരിച്ചത്. അപ്പോള്‍ അവര്‍ മലയാളിയാണോ? എന്റെ ഹൃദയമിടിപ്പു കൂടി! ദുര്‍ഗ്ഗന്ധപൂരിതമായ അന്തരീക്ഷമായിരുന്നെങ്കിലും ഞാന്‍ വളരെ ശക്തമായി ഇടപെടാന്‍ തന്നെ തീരുമാനിച്ചു. ഞാനാ മനുഷ്യനോടു പറഞ്ഞു: “നീ ഈ നിമിഷം ഇവിടെനിന്നും പോയില്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും.”

അവന്‍ എന്നെ ദേഷ്യത്തോടെ സൂക്ഷിച്ചുനോക്കിയിട്ട് കൈയിലിരുന്ന കുപ്പിയുമായി എന്നെ അടിക്കാനായി ഓങ്ങി! ഞാന്‍ ഒഴിഞ്ഞുമാറിയിട്ട് കാലിനൊരു തട്ടുകൊടുത്തു. മദ്യ ലഹരിയിലായിരുന്ന അവന്‍ മഞ്ഞില്‍ മലര്‍ന്നടിച്ചു വീണു. ഞാനവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. രൂക്ഷമായ ഒരു നോട്ടത്തോടെ അവന്‍ വേച്ചു വേച്ചു നടന്നു പോയി. ഒരു മലയാളി സ്ത്രീ ഈ അവസ്ഥയില്‍ ! സ്വപ്നത്തില്‍പോലും നടക്കാനിടയില്ലാത്ത അപ്രതീക്ഷിതമായ അവസ്ഥ. കുനിഞ്ഞിരിക്കുന്ന അവരുടെ മുഖം ചുരുണ്ട മുടികളാല്‍ മൂടപ്പെട്ടിരുന്നതുകൊണ്ട് കാണാനാവുന്നില്ല. ആരാണു നിങ്ങള്‍ ? ഞാന്‍ നിങ്ങളെ സഹായിക്കട്ടെ? മലയാളിയായതുകൊണ്ട് സ്വാഭാവികമായും മലയാളത്തിലാണ് ഞാനവരോട് സംസാരിച്ചത്. പക്ഷേ അവരെന്നോട് ജര്‍മ്മന്‍ ഭാഷയിലാണ് മറുപടി പറഞ്ഞത്.

“എനിക്കാരുടെയും സഹായം ആവശ്യമില്ല, നിങ്ങള്‍ക്കു പോകാം.”

ഞാനൊരു നിമിഷം ആലോചിച്ചു. എന്തു ചെയ്യണം? വിജനമായ ഈ നിരത്തില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അവരുടെ കൂട്ടുകാരനെ വിരട്ടിയോടിച്ച് ഇവരാരായാലും ഒറ്റയ്ക്ക് വിട്ടിട്ട് പോകാന്‍ മനസ്സുവന്നില്ല! അല്ലെങ്കിലെനിക്കെന്തുവേണം? ആരോ ആകട്ടെ. എത്രയോ ലക്ഷം മലയാളികള്‍ ലോകത്ത് എവിടെയെല്ലാം ജീവിക്കുന്നു. എല്ലാവരെയും അന്വേഷിക്കാനും അറിയാനും സഹായിക്കാനും നമുക്കാവില്ലല്ലോ. സഹായിക്കാമെന്നു പറഞ്ഞിട്ടും നിരസിച്ച അവസരത്തില്‍ നടന്നുപോകാം … എന്തെങ്കിലുമാവട്ടെ…. എങ്കിലും മനസ്സില്‍ അശാന്തിയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ കുറേനേരം നടന്നു… ഇങ്ങനെയാണോ അശരണയായ ഒരു സ്ത്രീയോടു പെരുമാറേണ്ടത്. അവരാരോ ആകട്ടെ! അയല്‍ക്കാരനെയും അശരണരെയും സ്‌നേഹിക്കണമെന്നു പഠിപ്പിച്ച ദൈവപുത്രന്‍ ജനിക്കുന്ന ഈ വിശുദ്ധ രാത്രിയില്‍ നിരലംബയായ ഒരു സ്ത്രീയെ മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന കൊടും തണുപ്പുള്ള രാത്രിയില്‍ ഒറ്റയ്ക്കു വിട്ടിട്ടു പോയിട്ട് പള്ളിയില്‍ പോയി ഈശോയെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണെ എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ എന്തര്‍ത്ഥമുണ്ട്. ആ പ്രാര്‍ത്ഥന ദൈവപുത്രന്‍ കേള്‍ക്കുമോ?
(തുടരും..)
നത്താള്‍ രാത്രിയില്‍ (കഥ)- മുക്കാടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക