Image

കുലംകുത്തി അമേരിക്കയിലും

മാത്യു മൂലേച്ചേരില്‍ Published on 17 October, 2012
കുലംകുത്തി അമേരിക്കയിലും
ലോകം മുഴുവന്‍ ഇതിനോടകം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അതിമാരകമായ വൈറസ്സായ്ക്കഴിഞ്ഞു കുലംകുത്തി കമ്മ്യൂനാല്‍ പിരുപിരിസ്കിതാത വിഭാഗത്തില്‍ പെട്ട ഈ കുലംകുത്തി വയറസ്. തണ്ടുതുരപ്പന്‍ പുഴുവുമായ് ഈ വയറസ്സിനു രൂപസാദൃശ്യവുമുണ്ട്. ഈ വയറസിനെ ആദ്യമായ് കണ്ടെത്തിയത് ഇന്ത്യയില്‍ കേരള സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. ഈ വയറസ് കടന്നുചെല്ലുന്ന പ്രസ്ഥാനങ്ങളിലുള്ള അണികളുടെ ശരീരത്ത് കടന്നുകൂടി, അവരില്‍ പിന്തിരിപ്പന്‍ അവസരവാദ, വിഘടനവാദ ചിന്താഗതികള്‍ സൃഷ്ടിച്ചു, അവരെ കൊണ്ട് പ്രസ്ഥാനത്തെ ശിഥിലം ആക്കുന്നതാണ് രോഗം.

എയിട്‌സും അതുപോലെയുള്ള മറ്റുപല വയറസ്സുകളെയും അപേക്ഷിച്ച് ഇതിന്റെ രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ നേരില്‍ കാണുവാന്‍ സാധിക്കും. മീറ്റിങ്ങിനു എത്തുന്നവര്‍ പരസ്പരം മാറിനിന്നുള്ള രഹസ്യം പറച്ചിലുകള്‍, അടഞ്ഞ ശബ്ദത്തിലുള്ള സംസാരങ്ങളും ഫോണ്‍ വിളികളും, ഒരിടത്തും അധികസമയം ഇരിക്കാതെയുള്ള നടത്തങ്ങള്‍, ആരെന്തു പറഞ്ഞാലും അതിനെയെല്ലാം എതിര്‍ത്തുകൊണ്ടുള്ള സംസാരങ്ങള്‍., ശുണ്ഠിയും ദേഷ്യവും, കാണുന്നവരോടെല്ലാം വൈരാഗ്യ മനോഭാവത്തോടുള്ള പെരുമാറ്റങ്ങള്‍, ആരെങ്കിലും എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാല്‍ ഉടനെ സ്ഥലകാലബോധങ്ങള്‍ മറന്നു അവരെ അവിടെനിന്നും മറിച്ചിടല്‍ ഇവയെല്ലാം ഇതിന്റെ രോഗ ലക്ഷണങ്ങള്‍ ആണ്.

വായുവില്‍ കൂടെയും മൈക്കില്‍ക്കൂടെയും, ഉച്ചഭാഷിണിയില്‍ക്കൂടെയും കടന്നുവരുന്ന ശബ്ദതരംഗങ്ങള്‍ വഴിയാണ് ഈ രോഗം സാധാരണ പടര്‍ന്നുപിടിക്കുന്നത്., ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ തനത് പ്രസ്ഥാനത്തിന്റെ പ്രധാന നാഡീവ്യൂഹങ്ങളില്‍ പ്രവേശിച്ചു അതിലെ രക്തത്തിലെ പ്രധാന ഘടകമായ അണികളുടെ ദ്രവ്യം, രതി, ധനം, മോഹം, സ്ഥാനമാനങ്ങള്‍ മുതലായ കോശങ്ങളുടെ അത്യാഗ്രഹത്തെ കൂടുതല്‍ പ്രചോദിപ്പിച്ചു അവരുടെ മസ്ഥിഷ്കങ്ങളില്‍ വിഘടന വിസ്‌പോടനങ്ങള്‍ സൃഷ്ടിക്കുന്നു.

ഈ രോഗം പണ്ടുമുതല്‍ക്കെ കേരളത്തിലുള്ള 'കോ' ഗ്രൂപ്പിലുള്ള രക്തഗ്രൂപ്പുകാരില്‍ വളരെ പ്രകടമായിരുന്നെങ്കിലും ഇന്നത് സകല സ്വര, വ്യഞ്ജന, വര്‍ഗ്ഗ, ചില്ല്, കൂട്ട് ഗ്രൂപ്പുകളിലും കാണുവാന്‍ സാധിക്കും. ഈ രോഗം ജനശ്രദ്ധയില്‍ പെട്ട് തുടങ്ങിയത് 2012 മെയ് 4 തീയതി മുതല്‍ക്കാണ്.

ശത്രുക്കളുടെ ഉപദ്രവങ്ങളില്‍നിന്നും മാറാവ്യാധികളില്‍നിന്നും മഹാസമുദ്രങ്ങളുടെ കാവലിലും തണലിലും കഴിഞ്ഞിരുന്ന അമേരിക്കന്‍ വന്‍കരയില്‍ വരെ ഈ രോഗമിപ്പോള്‍ എത്തപ്പെട്ടിരിക്കുന്നു. കേരളത്തില്‍ കണ്ടുവന്നിട്ടുള്ള രോഗ ലക്ഷങ്ങളും അതില്‍ കൂടുതലായ് 'ലോഗോ' മോഷണം എന്നൊരു ലക്ഷണം കൂടെ ഇവിടെ കണ്ടുവരുന്നു. അത് ഇവിടുത്തെ കാലാവസ്ഥയുടെ താപവ്യതിയാനത്താല്‍ സംഭവിച്ചത് ആയിരിക്കാം എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം.

ലോകമെമ്പാടുമുള്ള എല്ലാ ശാസ്ത്രജ്ഞരും ഈ രോഗത്തിനുവേണ്ടിയുള്ള മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണെങ്കിലും ഇതുവരെയും ഫലപ്രാപ്തി കൈവരിക്കുവാന്‍ ആര്‍ക്കും ആയിട്ടില്ല.

ഇപ്പോള്‍ ഈ പ്രശ്‌നം സി.ഡി.സി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അതിനായ് ലോകത്തിലെതന്നെ ഏറ്റവും വലിയ ബെയിസ്‌മെന്റ്‌റ് യൂണിവേഴ്‌സിറ്റിയായ കുക്കുംബര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും പ്രസ്ഥാന ശാസ്ത്ര ഗവേഷണത്തില്‍ ഡോക്ടറെറ്റു ലഭിച്ച ഡോ. തണ്ടുതുരപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ രോഗത്തിനുള്ള പ്രതിവിധികള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നിരുന്നാലും, തുടര്‍ച്ചയായ സിദ്ധാന്തോദ്‌ബോധനവും മാനസികസമ്മര്‍ദ്ദവും മൂലം അണികളുടെ ആദര്‍ശങ്ങളില്‍ പരിവര്‍ത്തനം വരുത്തുകയും, ഭീഷണികളും, വേണ്ടിവന്നാല്‍ അല്‍പ്പം മൂന്നാംമുറ പ്രയോഗങ്ങളും മറ്റും ചെയ്യുന്നത് ഈ രോഗം കൂടുതല്‍ പ്രസ്ഥാനങ്ങളിലേക്ക് പടരാതിരിക്കാന്‍ സാധിക്കുമെന്നാണ്.

ഈ മാറാവ്യാധി കൂടുതല്‍ പ്രസ്ഥാനങ്ങളിലേക്ക് കടന്നു അവയേയും മനുഷ്യരാശിയെ തന്നെയും ഉന്മൂലമ്മാക്കുന്നതിനു മുന്‍പ്, ഫലപ്രാപ്തിയുള്ള ഔഷധം കണ്ടെത്തുവാന്‍ സര്‍വേശ്വരന്‍ ഇടവരുത്തട്ടെ എന്ന് ആത്മാര്‍ദ്ധമായ് ആശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക