Image

എയര്‍ ഉന്ത്യ കസ്റ്റമര്‍ റിലേഷന്‍സ്

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 19 October, 2012
എയര്‍ ഉന്ത്യ കസ്റ്റമര്‍ റിലേഷന്‍സ്

ഞങ്ങടെ അഭിമാനമായ എയര്‍‍ ഉന്ത്യ വിമാനക്കമ്പനി പ്രൗഢഗംഭീരമായി പഴഞ്ചടാക്ക് വിമാനങ്ങള്‍ വച്ച് വിസ്മയകരമായ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഞങ്ങളുടെ വിമാനത്തില്‍ കയറുന്ന യാത്രക്കാര്‍ അനുഭവിക്കുന്നത് സംതൃപ്തിയും നിര്‍വൃതിയുമൊന്നുമല്ല, ഒരു തരം രതിമൂര്‍ച്ഛയാണ് എന്നാണ് യാത്രക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഫീഡ് ബാക്കുകളില്‍ നിന്നും മനസ്സിലാവുന്നത്. ഞങ്ങളുടെ വിമാനസര്‍വീസിന്‍റെ ആണിക്കല്ല് എന്നു പറയുന്ന് മറ്റൊരിടത്തും കാണാനാവാത്ത കസ്റ്റമര്‍ റിലേഷന്‍ഷിപ് തന്നെയാണ്. ഒരിക്കല്‍ ഞങ്ങളുടെ വിമാനത്തില്‍ കയറുന്നവര്‍ ജന്മത്ത് ആ യാത്ര മറക്കില്ല.

ആയതിനാല്‍ ഇത്രയേറെ അഭിനന്ദിക്കപ്പെട്ട, ആദരിക്കപ്പെട്ട ഞങ്ങളുടെ കസ്റ്റമര്‍ റിലേഷന്‍ പ്രിന്‍സിപ്പിള്‍സ് ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങടെ മുതലാളി മുതല്‍ ഓരോരോ ജീവനക്കാര്‍ വരെ ഈ പ്രിന്‍സിപ്പിള്‍സ് എല്ലാ ദിവസവും വായിച്ചു നോക്കി അതിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.വായിച്ചു നോക്കൂ, അനുഗ്രഹിക്കൂ. നിങ്ങളുടെ പരിപ്പെടുക്കാതെ ഞങ്ങള്‍ക്കെന്താഘോഷം !

എയര്‍ ഉന്ത്യ കസ്റ്റമര്‍ റിലേഷന്‍സ് പ്രിന്‍സിപ്പിള്‍സ്

1. ഞങ്ങള്‍ ഞങ്ങള്‍ക്കു തോന്നുന്ന സ്ഥലത്തു നിന്ന് തോന്നുന്ന സ്ഥലത്തേക്ക് തോന്നുന്ന സമയത്ത് തോന്നുന്ന റൂട്ടു വഴി വിമാനം പറപ്പിക്കും. സൗകര്യമുള്ള തെണ്ടിപ്പട്ടി ചെറ്റകള്‍ കയറിയാല്‍ മതി.

2. അലവലാതികള്‍ അവധിയാകുമ്പോ പെട്ടീം കെട്ടിപ്പെറുക്കി നാട്ടില്‍ക്കെടക്കുന്ന തന്തേം തള്ളേം കെട്ടിയോളേം പിള്ളേരേം കാണാന്‍ വേണ്ടി ഞങ്ങടെ വിമാനത്തിലേക്ക് വലിഞ്ഞു കയറിവരുമ്പോള്‍ ഞങ്ങള്‍ വിമാനക്കൂലി രണ്ടിരട്ടിയോ മൂന്നിരട്ടിയോ ഒക്കെയാക്കിയെന്നിരിക്കും. സൗകര്യമുള്ളവര്‍ കയറിയാല്‍ മതി.

3. ടിക്കറ്റെടുക്കുന്ന സ്ഥലത്ത് തന്നെ യാത്രക്കാരെ ഇറക്കി വിട്ടുന്നത് കമ്പനിയുടെ പോളിസിക്കു വിരുദ്ധമാണ്. കൊച്ചിക്ക് ടിക്കറ്റെടുക്കുന്നവന്‍മാരെ തിരുവനന്തപുരത്തും തിരുവനന്തപുരത്തിനു ടിക്കറ്റെടുക്കുന്നവന്‍മാരെ കൊച്ചിയിലും കോഴിക്കോടിനു ടിക്കറ്റെടുക്കുന്നവന്‍മാരെ മംഗലാപുറത്തും ഞങ്ങള്‍ കൊണ്ടുപോയി ഇറക്കും.ഒരുത്തനും ഒരു ചുക്കും ചെയ്യാന്‍ പോണില്ല. വീട്ടില്‍പ്പോണമെന്നുള്ള തെണ്ടികള്‍ ബാഗും കെട്ടിവലിച്ച് ബസിലോ ട്രെയിനിലോ എന്തിലാണെന്നു വച്ചാല്‍ വലിഞ്ഞു കയറി പൊക്കോണം.

4. ഡ്യൂട്ടി ടൈമിന്‍റെ കാര്യത്തില്‍ ഞങ്ങടെ പൈലറ്റുമാര്‍ അച്ചെട്ടാണ്. വിമാനം പറത്തിക്കോണ്ടിരിക്കുമ്പോഴാണെങ്കിലും ഡ്യൂട്ടി കഴിഞ്ഞെന്നു കണ്ടാല്‍ അപ്പോ ഡോറു തുറന്നിറങ്ങിപ്പോകാനുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഞങ്ങളുടെ പൈലറ്റുമാരുടെ മാത്രം കൈമുതലാണ്.വിമാനം പൊങ്ങിയോ താന്നോ എന്നൊന്നും ഞങ്ങടെ പൈലറ്റുമാര് ശ്രദ്ധിച്ചെന്നു വരില്ല. ഡ്യൂട്ടിക്കു വരാന്‍ താമസിച്ചതിന്‍റെ പേരില്‍ വിമാനം താമസിച്ചെന്നും വരും. പക്ഷെ, ഡ്യൂട്ടി കഴിഞ്ഞാല്‍ ഒരു നിമിഷം വിമാനത്തിലിരിക്കാന്‍ അവരെ കിട്ടില്ല.

5. അടുത്ത ഫ്ലൈറ്റിന് ഇപ്പോ കയറിപ്പോകാം എന്നു കരുതി ബാഗുമായി ഓടിവരുന്ന അലവലാതികള്‍ക്കു മുന്നില്‍ വച്ച് ഫ്ളൈറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് ഞങ്ങളുടെ കമ്പനിയുടെ മാത്രം പ്രത്യേകതയാണ്. യാത്ര മുടങ്ങി, ജീവിതം കുട്ടിച്ചോറായി, ജോലിയും പോയി നില്‍ക്കുന്ന യാത്രക്കാരെ പെരുവഴിയില്‍ കിടത്തിയിട്ട് നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ അവരെ അറിയിക്കാതെ പകരം വിമാനം കാലിയായി പറത്തി അവന്‍മാര്‍ക്കിട്ടു പണി കൊടുക്കുന്നത് ഞങ്ങളുടെ കമ്പനിയിലെ ഒരു ആചാരമാണ്.

6. ഞങ്ങള്‍ എന്തു ചെയ്താലും അത് സന്തോഷപൂര്‍വം സ്വീകരിക്കാന്‍ എല്ലാ യാത്രക്കാരും ബാധ്യസ്ഥരാണ്. യാത്രക്കാരെ എപ്പോള്‍ എവിടെ വേണമെങ്കിലും ഇറക്കി വിടാനും അവരെ തെറിവിളിക്കാനുമുള്ള അവകാശം ഞങ്ങള്‍ക്കുള്ളതാണ്. അതിനെ യാത്രക്കാര്‍ ചോദ്യം ചെയ്യുകയോ അതിനെതിരേ പ്രതിഷേധിക്കുകയോ ചെയ്യുന്നവരെ ഞങ്ങള്‍ വെറുതെ വിടില്ല.

7. ഞങ്ങടെ വിമാനത്തില്‍ പൈലറ്റിനെ കണ്ണുരുട്ടി നോക്കാനോ കോക്രി കാണിക്കാനോ പാടുള്ളതല്ല. വനിതാ പൈലറ്റുമാരുടെ രണ്ടു മീറ്റര്‍ അടുത്തു നില്‍ക്കുന്നത് ബലാല്‍സംഗവും കോക്പിറ്റില്‍ കയറുന്നത് വിമാനം റാഞ്ചലുമായി പരിഗണിച്ച് സകല റാഞ്ചികള്‍ക്കുമെതിരേ ഞങ്ങള്‍ കേസ് എടുക്കുകയും വധശിക്ഷ തന്നെ നല്‍കണമെന്ന് കോടതിയില്‍ വാദിക്കുകയും ചെയ്യുന്നതായിരിക്കും. ഒരുത്തനേം വെറുതെ വിടില്ല എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.

8. മൂന്നു മണിക്കൂര്‍ പറക്കേണ്ട യാത്രക്കാര്‍ വിമാനത്തിനകത്തും പുറത്തുമായി കുറഞ്ഞത് 30 മണിക്കൂര്‍ കാത്തിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഈ സമയത്ത് യാത്രക്കാര്‍ ദാഹിക്കാനോ വിശക്കാനോ പാടുള്ളതല്ല. അത്തരം രോഗങ്ങളുള്ള തെണ്ടികള്‍ യാത്രയ്‍ക്കായി ഞങ്ങളുടെ വിമാനം തിരഞ്ഞെടുക്കരുതേ എന്നപേക്ഷിക്കുകയാണ്. വിമാനത്തില്‍ വച്ച് ദാഹിക്കുന്നു എന്നൊക്കെ പറയുന്നവരെ ഞങ്ങള്‍ മൂത്രം കുടിപ്പിക്കുമെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.

9. ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ വിമാനത്തില്‍ തന്നെ ലക്‍ഷ്യസ്ഥാനത്ത് എത്തണം എന്നു വാശിപിടിക്കുന്നത് ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കില്ല. ഞങ്ങള്‍ നിങ്ങളെ ബസിലോ ലോറിയിലോ ഓട്ടോറിക്ഷയിലോ ട്രാക്ടറിലോ ഒക്കെയായിരിക്കും സ്ഥലത്തെത്തിക്കുന്നത്. യാത്രകളുടെ അവസാനം യാത്രക്കാര്‍ക്കെതിരേ കേസു കൊടുക്കുന്നതും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.

10.മറ്റു വിമാനങ്ങളില്‍ കയറുന്ന യാത്രക്കാരോട് യാത്ര തുടങ്ങും മുമ്പ് ഫ്ലൈറ്റ് ജീവനക്കാര്‍ ശുഭയാത്ര എന്നാശംസിക്കുന്ന പതിവുണ്ട്. ഞങ്ങളുടെ കാര്യത്തില്‍ അങ്ങനൊന്നുമില്ല. പകരം ഉള്ളത് ഉള്ളതുപോലെ അങ്ങു പറഞ്ഞേക്കും – എത്തിയാല്‍ എത്തി.

നന്ദി സമസ്കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക