Image

മൂന്നാം സംവാദം: മേല്‍ക്കൈയുമായി ഒബാമ; തരംഗമായി ഒബാമയുടെ കുതിരകളും ബയണറ്റും പരാമര്‍ശം

Published on 23 October, 2012
മൂന്നാം സംവാദം: മേല്‍ക്കൈയുമായി ഒബാമ; തരംഗമായി ഒബാമയുടെ കുതിരകളും ബയണറ്റും പരാമര്‍ശം
ഫ്‌ളോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും സംവാദത്തില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കുമേല്‍ പ്രസിഡന്റ് ബറാക് ഒബമക്ക് മേല്‍ക്കൈ. വിദേശനയവുമായി ബന്ധപ്പെട്ടു നടന്ന സംവാദത്തില്‍ ഉയര്‍ന്ന എല്ലാ പ്രധാനവിഷയങ്ങളിലും ഒബാമ റോംനിയെ പ്രതിരോധത്തിലാക്കി. ലിബിയയിലെ സംഭവവികാസങ്ങളെ പരമാര്‍ശിച്ച് തുടങ്ങിയ സംവാദത്തില്‍ ആദ്യചോദ്യത്തിനുത്തരം മുതല്‍ ഒബാമ, റോംനിയെ മുള്‍ മുനയില്‍ നിര്‍ത്തി. നിരന്തരം മാറുന്ന വിദേശനയം ലോകനേതാവിനു ചേരില്ലെന്നു ഒബാമ വിമര്‍ശിച്ചപ്പോള്‍ കൃത്യമായ ഉത്തരമില്ലാതെ റോംനി ഒഴിഞ്ഞുമാറി. ലിബിയയിലും സിറിയയിലും വ്യക്തമായ നിലപാടെടുക്കാന്‍ ഒബാമ തയാറായില്ലെന്നും മുസ്‌ലിം ലോകത്തെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടെനിര്‍ത്താനാകണമെന്നും റോംനി പറഞ്ഞു.

തീവ്രവാദത്തെ നേരിടാനുള്ള പാക്കിസ്ഥാന്റെ പരാജയം ഗൗരവത്തോടെ സമീപിക്കേണ്ടത് ലോക സമാധാനത്തിനാവശ്യമാണെന്നും റോംനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം തന്റെ ഭരണകൂടം പിന്തുടരുന്ന നയങ്ങളാണ് റോംനി ആവര്‍ത്തിക്കുന്നതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ നയം വ്യത്യസ്തമാകില്ലെന്നും ഒബാമ പറഞ്ഞു. ലിബിയയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് ഒബാമ അറിയിച്ചു. താന്‍ അമേരിക്കയുടെ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ഇറാന് അണ്വായുധം ലഭിക്കില്ല. ഇസ്രയേല്‍ അമേരിക്കയുടെ സഖ്യകക്ഷിയാണെന്നും ആക്രമണമുണ്ടായാല്‍ ഒപ്പം നില്‍ക്കുമെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റായാല്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മിറ്റ് റോംനിയും അവകാശപ്പെട്ടു.

തരംഗമായി ഒബാമയുടെ കുതിരകളും ബയണറ്റും പരാമര്‍ശം 

ഫ്‌ളോറിഡ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാശിയേറിയ സംവാദത്തിനിടെ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കെതിരെ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ കുതിരകളും ബയണറ്റും പരമാര്‍ശം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും തരംഗമാവുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലില്‍ റോംനിയുടെ വിശ്വസ്യതയെ ചോദ്യെ ചെയ്യാനാണ് ഒബാമ കുതിരകളും ബയണറ്റും പരാമര്‍ശം നടത്തിയത്. സൈന്യത്തെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത റോംനിക്ക് കുതിരപ്പട്ടാളവും ബയണറ്റ് യുഗവുമെല്ലാം കഴിഞ്ഞുപോയെന്ന് പോലും അറിയില്ലെന്നും ഒബാമ കളിയാക്കി. പരമാര്‍ശം ഉണ്ടായ ഉടെനത്തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ പടര്‍ന്നു. യുഎസിന്റെ സൈനികച്ചെലവ് കുറയ്ക്കാനുള്ള ഒബാമയുടെ ശ്രമങ്ങളെ കളിയാക്കിയ റോംനി യുഎസ് നാവികസേനാംഗങ്ങളുടെ എണ്ണം 1917നേക്കാള്‍ കുറവാണെന്നും കുറ്റപ്പെടുത്തി. 

റോംനിയുടെ ഈ പരാമര്‍ശത്തിന് നല്‍കിയ മറുപടിയിലായിരുന്നു ഒബമ റോംനിയെ കളിയാക്കിയത്. നമ്മുടെ സൈന്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് മനസിലാക്കാന്‍ ഗവര്‍ണര്‍ റോംനി വേണ്ടത്രം സമയം ചെലവഴിച്ചിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ ഒബാമ പ്രസിഡന്റിന്റെ ഓവല്‍ ഓഫീസിലിരിക്കാന്‍ റോംനി അര്‍ഹനല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും ഒബാമ പറഞ്ഞു. നാവിക സേനാംഗങ്ങളുടെ എണ്ണം കുറഞ്ഞുവെന്നാണ് റോംനി കുറ്റപ്പെടുത്തുന്നത്. നാവികസേനാംഗങ്ങളുടെ മാത്രമല്ല 1916നേക്കാള്‍ കുറച്ച് യുദ്ധക്കപ്പലുകളെ ഇപ്പോള്‍ നമ്മുടെ കൈവശമുള്ളു. കുതിരപ്പട്ടാളവും ബയണറ്റുകളുമെല്ലാം 1916നേക്കാള്‍ കുറവാണ്. സൈനികശക്തികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മായാണ് റോംനിയെക്കൊണ്ട് ഇത്തരമൊരു പരാമര്‍ശം നടത്തിച്ചതെന്നും ചിരിയോടെ ഒബാമ പറഞ്ഞു.
(രണ്ടാം ഡിബേറ്റില്‍ മലയാളി സാന്നിധ്യം-see item in America section below)

ആന്‍ഡി വില്യംസിന് ആദരവുമായി സുഹത്തുക്കളും ആരാധകരും

വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം അന്തരിച്ച് പ്രമുഖ ഗായകന്‍ ആന്‍ഡി വില്യംസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും മിസൗറിയിലെ ബ്രാന്‍സണിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ഒത്തുകൂടി. വില്യംസിന്റെ പത്‌നി ഡെബ്ബി, ബോവ് നെവാര്‍ട്ട്, മെറില്‍ ഓസ്‌മോണ്ട് എന്നിവര്‍ ചടങ്ങിന് ആതിഥ്യം വഹിച്ചപ്പോള്‍ വില്യംസിനൊപ്പം നൃത്തച്ചുവടുകള്‍ വെച്ചിട്ടുള്ള ഹാസ്യതാരം ബില്‍ കോബ്‌സി, എഥല്‍ കെന്നഡി എന്നിവര്‍ വിഡിയോയിലൂടെ അനശ്വര ഗായകനെ അനുസ്മരിച്ചു. ആന്‍ഡി വില്യംസ് ഷോയുടെ വീഡിയോ സംപ്രേഷണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. വില്യംസിന്റെ സഹോദരന്‍ ഡിക് അവതരിപ്പിച്ച് ഗുഡ്‌ബൈ ഓള്‍ഡ് ഫ്രണ്ടിനെ ആരാധകര്‍ കൈയടികളോടെ വരവേറ്റപ്പോള്‍ ഗാട്‌ലിന്‍ ബ്രദേഴ്‌സ് ഹെവന്‍സ് ജൂബിലി ആലപിച്ചു.

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അശോക് പ്രസാദിന് 2.14 കോടിയുടെ ഗ്രാന്റ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അശോക് പ്രസാദിന് യു.എസ്സിലെ നാഷണല്‍ സയന്‍സ് ഫൗണേ്ടഷന്റെ നാല് ലക്ഷം ഡോളര്‍ (2.14 കോടി രൂപ) ധനസഹായം. വിത്തുകോശങ്ങള്‍ അവയുടെ ചുറ്റുപാടുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കുന്നതിനാണ് ഇത്.ഡല്‍ഹി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനുമായ അശോക്, കൊളറാഡോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ രസതന്ത്ര ജന്തുശാസ്ത്ര എന്‍ജിനീയറിങ് വിഭാഗം പ്രൊഫസറാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സിലും ഇക്കണോമിക്‌സിലും ബിരുദം നേടിയശേഷമാണ് അശോക് അമേരിക്കയിലെത്തിയത്. ബ്രാന്‍ഡീസ് സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറല്‍ ബിരുദം നേടി. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായിരുന്നു. 2009ലാണ് കൊളറാഡോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. 

ഐപാഡ് മിനി ഇന്നെത്തിയേക്കും

വാഷിംഗ്ടണ്‍: ആപ്പിളിന്റെ ഐപാഡ് മിനി ഇന്ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ സാധാരണക്കാര്‍ക്ക് ഒരു ഐപാഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരിക്കും ഐപാഡ് മിനിയെ ലോകത്തിനു പരിചയപ്പെടുത്തുക. അമേരിക്കന്‍ സമയം, രാവിലെ പത്തു മണിയോടെ ചടങ്ങ് ആരംഭിക്കുമെന്നാണ് സൂചന. ഇതോടെ ഏഴിഞ്ച് ടാബ്ലറ്റ് വിപണിയിലേക്ക് ഐപാഡ് മിനിയുമായി ആപ്പിള്‍ എത്തും. 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. സ്‌ക്രീന്‍ വലിപ്പം കുറഞ്ഞ ഐപാഡുമായി ആപ്പിള്‍ അവതരിക്കുമെന്ന് മുമ്പ് പല തവണ അഭ്യൂഹം ഉയര്‍ന്നിരുന്നു. 199 ഡോളര്‍ മുതല്‍ വിലയുള്ള ഗൂഗിള്‍ നെക്‌സസ് 7, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എന്നിവയോട് മത്സരിക്കാന്‍ പാകത്തിലായിരിക്കും ഐപാഡ് മിനി വിപണിയില്‍ എത്തുക. അതേസമയം, ഐപാഡ് മിനിയിലെ സാങ്കേതികവിദ്യകളും സവിശേഷതകളും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 

അഭിപ്രായ സര്‍വേയില്‍ ഒബാമയും റോംനിയും ഒപ്പത്തിനൊപ്പം 

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഒബാമയും എതിരാളി റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും തമ്മിലുള്ള അവസാനവട്ടം സംവാദം നടക്കുന്നതിന് തൊട്ടു മുമ്പ് നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇരുവരും ഒപ്പത്തിനൊപ്പമെന്ന് റിപ്പോര്‍ട്ട്. എന്‍ബിസിന്യൂസ്-വോള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ സര്‍വേ പ്രകാരം ഇരുവര്‍ക്കും 47% പേരുടെ പിന്തുണയാണുള്ളത്. നേരത്തെയുള്ള മിക്ക സര്‍വേകളിലും ഒബാമയ്ക്കായിരുന്നു മുന്‍തൂക്കം. മത്സരം കടുത്തതായിരിക്കുമെന്നാണ് ഇതു നല്‍കുന്ന സൂചന. ഇതിനിടെ 68 നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ ഒബാമയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ച് പ്രസ്താവന പുറപ്പെടുവിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇരു സ്ഥാനാര്‍ഥികളും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തേയും സംവാദം ഫ്‌ളോറിഡയിലെ ബോക്കാ റാറ്റണിലെ ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു എന്‍ബിസി സര്‍വെ ഫലങ്ങള്‍ പുറത്തുവിട്ടത്.
മൂന്നാം സംവാദം: മേല്‍ക്കൈയുമായി ഒബാമ; തരംഗമായി ഒബാമയുടെ കുതിരകളും ബയണറ്റും പരാമര്‍ശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക