Image

കൊച്ചി മെട്രോ അച്ചായന്‍റെ കത്ത്: ശ്രീധരന്‍ പണി തുടങ്ങിയാല്‍ പിന്നെ......

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 22 October, 2012
കൊച്ചി മെട്രോ അച്ചായന്‍റെ കത്ത്: ശ്രീധരന്‍ പണി തുടങ്ങിയാല്‍ പിന്നെ......
ബഹുമാനപ്പെട്ട സാറിന്,

ഞങ്ങടെ അഭിമാനമാകാന്‍ പോകുന്ന കൊച്ചി മെട്രോ പദ്ധതി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിങ്ങടെ കമ്പനിയുടെ സഹായത്തോടെ ഇത് ഉണ്ടാക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഇങ്ങനെ വല്ല പദ്ധതികളും വരുമ്പോഴാണ് ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ വല്ല ഫ്‌ലാറ്റോ ഔഡിയോ ബിഎംഡബ്ളിയുവോ ഒക്കെ വാങ്ങുന്നത് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കൊച്ചി മെട്രോ എന്നു പറയുമ്പോള്‍ ജീവിതകാലം മുഴുവനും പിന്നെയൊരു 15 തലമുറയ്ക്കു കൂടി കഴിഞ്ഞുകൂടാനുള്ള വകയും ഒറ്റയടിച്ചു സമ്പാദിക്കാനുള്ള സുവര്ണാവസരമാണെന്നതും ഞാന്‍ എടുത്തു പറയുന്നില്ല. എന്നാല്‍, ഞങ്ങള്‍ അനേകം ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയിലാണ്.

വളച്ചുകെട്ടില്ലാതെ നേരേ കാര്യത്തിലേക്കു കടക്കാം. നിങ്ങടെ ആളാണെന്നും പറഞ്ഞ് ഒരു ശ്രീധരന്‍ കുറച്ചുനാളായി ഇവിടെ ആളുകളിച്ചു നടക്കുന്നുണ്ട്. ശരിക്കും ശ്രീധരനു പണിയറിയാമോ? പുള്ളിയെ ആരാണ് പണി പഠിപ്പിച്ചത് ? ഇത്തരം പണികളൊക്കെ ഏതെങ്കിലും മേസ്തിരിയുടെ കൂടെ നിന്നു പഠിച്ചിട്ടുള്ള പരിചയസമ്പന്നരായ ആളുകളെയല്ലേ പദ്ധതിയേല്‍പിക്കേണ്ടത് ? മെട്രോ ഉണ്ടാക്കുന്നതില്‍ പുള്ളി കഴിഞ്ഞേ ഇന്ത്യയില്‍ വേറാരുമുള്ളൂ എന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എനിക്കിത് സഹിക്കുന്നില്ല.സിറ്റിയിലെ മെട്രോ കൂള്‍ബാറും മെട്രോ തീയറ്ററും എല്ലാം ഞാന്‍ ബിനാമിയെ വച്ചു നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി പണിതിട്ടുള്ളതാണ്. ആ എനിക്ക് മെട്രോ റയില്‍വേയും പണിയാന്‍ പറ്റും എന്നതില്‍ ഒരു സംശയവുമില്ല. ഈ സാഹചര്യത്തില്‍ ഇവിടുള്ള ഉദ്യോഗസ്ഥരുടെ കഞ്ഞിയില്‍ മണ്ണിടാന്‍ അഴിമതി വിരുദ്ധനായ ഒരു ശ്രീധരനെ ഇങ്ങോട്ടു കെട്ടിയെടുക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധം വളരെ വ്യക്തമായി അറിയിക്കുകയാണ്.

ഞാന്‍ വളരെ ഓപ്പണായി ഇങ്ങനൊക്കെ എഴുതുമ്പോള്‍ സാറ് പലതും വിചാരിക്കും. ഇവിടെ അഞ്ചഞ്ചു വര്‍ഷം കൂടുമ്പോള്‍ കുറെ കിഴങ്ങന്‍മാര്‍ വന്നു പോവുകയും പല മണ്ടത്തരങ്ങളും പറയുകയും ചെയ്യും. എന്നാല്‍, നാടു ഭരിക്കുന്നത് നമ്മളാണ്. നമ്മുടെ കൈകളിലൂടെയല്ലാതെ ഒന്നും കടന്നുപോവുന്നില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരുടെ ആദര്‍ശസിദ്ധാന്തങ്ങളില്‍ കുടുങ്ങി വഞ്ചിതരാവാതിരിക്കുക. നമ്മള്‍ ഉദ്യോഗസ്ഥര്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണം. നമ്മുടെ ഉദ്യോഗസ്ഥഭരണസംവിധാനത്തിന് അതിന്റേതായ പ്രത്യേകതകളുണ്ട്. 10000 രൂപ ശമ്പളം വാങ്ങുന്ന കാലത്തും എനിക്ക് മാസം 50000 രൂപ ചെലവിടാനുള്ള സെറ്റപ്പുണ്ടായത് ആ പ്രത്യേകതളൊക്കെയുള്ളതു കൊണ്ടാണ്. അഴിമതിയെയും നമ്മുടെ പ്രത്യേകതകളെയും തള്ളിപ്പറഞ്ഞു കൊണ്ട് പദ്ധതികള്‍ നിശ്ചിത ബജറ്റിനുള്ളില്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സമൂഹത്തെ ഒന്നാകെ ഒറ്റിക്കൊടുക്കുന്ന കാപാലികന്മാര്‍ക്കെതിരേ പടനയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതും ഇത്തരുണത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്.

കൊച്ചി മെട്രോയില്‍ മിസ്റ്റര്‍ ശ്രീധരന്‍ ഉണ്ടെങ്കില്‍ പിന്നെ ഞാനോ എന്നെപ്പോലുള്ള ഉദ്യോഗസ്ഥരോ ഈ പദ്ധതിയുമായി സഹകരിക്കേണ്ട കാര്യമില്ലല്ല. സര്‍ക്കാര്‍ തരുന്ന നക്കാപ്പിച്ച വാങ്ങിക്കൊണ്ട് പണിയെടുക്കേണ്ട ഗതികേട് ഞങ്ങള്‍ക്കു വന്നിട്ടില്ല. മിസ്റ്റര്‍ ശ്രീധരനാണ് കൊച്ചി മെട്രോ ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സന്തതിപരമ്പരകള്‍ക്കും ലഭ്യമാകേണ്ട കോടികള്‍ പാലത്തിലും ട്രെയിനിലുമൊക്കെ നിക്ഷേപിച്ച് ആര്‍ക്കുമില്ലാതാക്കി കളയും എന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ മുപ്പതും നാല്‍പ്പതും വര്‍ഷമായി ഞങ്ങള്‍ പണിതുകൊണ്ടിരിക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ ഞങ്ങള്‍ സംശയിക്കപ്പെടും. അത് ഒഴിവാക്കപ്പെടണം. ശ്രീധരന്‍ ഒരു മലയാളിയാണെന്നതാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വടക്കേ ഇന്ത്യക്കാരനോ മറ്റോ ആയിരുന്നെങ്കില്‍ നോര്‍ത്തിന്ത്യന്‍ ലോബിയുടെ കളിയെന്നു പറഞ്ഞ് ഞങ്ങള്‍ പണ്ടേ തുരത്തിയേനെ. ഇതിപ്പോ ഞങ്ങള്‍ വല്ലാത്ത അവസ്ഥയിലാണ്.

ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ശ്രീധരന്‍ പണി തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. മൂപ്പര് പണി തുടങ്ങാതിരിക്കുന്നതിന് ഞങ്ങള്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിന് ഒരുറപ്പായിക്കോട്ടെ എന്നു കരുതിയാണ് ഈ കത്ത് അയക്കുന്നത്. ശ്രീധരനെ എങ്ങനെയെങ്കിലും ഈ പദ്ധതിയില്‍ നിന്നൊഴിവാക്കണം എന്നു മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള പണികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ നിന്ന് അങ്ങേരെ വിലക്കുകയും ചെയ്യണം. ഇവിടെ വന്ന് ഷൈന്‍ ചെയ്യുന്നതിന് അതിയാനെതിരെ കടുത്ത നടപടിയുമെടുക്കണം. അനാവശ്യമായി ഒരാളെ എല്ലാവരും കൂടി വളര്‍ത്തിവിട്ടതിന്റെ ശിക്ഷ ഞങ്ങളാണ് അനുഭവിക്കുന്നത്. ഇത് പണിയാന്‍ ഞങ്ങള്‍ വലിയൊരു സംഘമാണിവിടെ കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു 40 കൊല്ലത്തേക്ക് പണിയാനുള്ളതുണ്ട് ഇത്. ഞങ്ങളെ കൈവിടരുത്.

വിശ്വസ്തതയോടെ,
അച്ചായന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക