Image

ഒരു ഉട്ടോപ്പിയന്‍ സ്വപ്നം - ശ്രീ പാര്‍വതി

ശ്രീ പാര്‍വതി Published on 26 October, 2012
ഒരു ഉട്ടോപ്പിയന്‍ സ്വപ്നം - ശ്രീ പാര്‍വതി
കുറച്ചു ദിവസമായി പത്രങ്ങളുടെ ഒക്കെ പേജുകള്‍ അലര്‍ജ്ജിയായിത്തുടങ്ങി. സാധാരണ ഏഴു മണിക്ക് വരുന്ന പത്രം ഒന്നു മറിച്ചു നോക്കുന്നത് ഏതാണ്ട് ഒരു ഒന്‍പത് മണിക്കാണ്, അത്യാവശ്യം വായിക്കേണ്ടത് വായിച്ചുവിടും(ചരമക്കോളങ്ങള്‍, സ്പോര്‍ട്സ് എന്നീ പേജുകള്‍ ഒഴിവാക്കിയാണ്, നോട്ടം).പക്ഷേ ഈയിടെയായി വായന മടുത്തു തുടങ്ങി, വായന മനസ്സിനെ പൂര്‍ണമായും നെഗറ്റീവ് ചിന്തകളിലേയ്ക്ക് കൊണ്ടെത്തിക്കുന്നു. ഇത്രയും വായിച്ചപ്പോള്‍ ചുറ്റുവട്ടം വായനക്കാര്‍ക്ക് മനസ്സിലായോ സംഭവം.

എല്‍ പി ജി സിലിണ്ടറുകള്‍ സബ്സിഡിയോടെ ആറ്, സബ്സിഡിയില്ലാതെ ആയിരം രൂപയ്ക്കടുത്ത്, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നു, ഓട്ടോ-ബസ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു, വൈദ്യുതി നിരക്ക് കൂട്ടുന്നു, കറണ്ട് കട്ട് വീണ്ടും തുടങ്ങി, ജീവന്‍രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണം മാറ്റുന്നു, പല്ചരക്ക്-പച്ചക്കറി വില വര്‍ദ്ധിക്കുന്നു... ഈശ്വരാ ഇതൊക്കെ കേട്ടാല്‍ എങ്ങനെ നെഗറ്റീവ് എനര്‍ജ്ജി കയറി വരാതിരിക്കും?

യു പി എ സര്‍ക്കാരിന്‍റെ ആഘോഷങ്ങളുടെ ചിലവ് ഈയിടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടു, മുഴുവന്‍ വിശ്വസിക്കാന്‍ വയ്യെങ്കിലും പകുതിയെങ്കിലും ആകുമെന്ന വിശ്വാസത്തില്‍ പോലും പൊതുജനങ്ങളുടെ മുഖത്തു നേരേ നോക്കാന്‍ അര്‍ഹരല്ല സര്‍ക്കാര്‍ എന്നു തോന്നിപ്പോയി. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എം പി മാരുടേയും മറ്റും ശമ്പളവും അലവന്‍സും ലിസ്റ്റെടുത്ത് ഏതോ വിരുതന്‍ കൂട്ടിക്കെട്ടി മെയില്‍ അയച്ചിരുന്നു. യാത്രകളും താമസവും ഭക്ഷണവും എല്ലാം സര്‍ക്കാര്‍ ചിലവില്‍ കഴിയുന്ന ഭരണപ്രതിനിധികള്‍ക്ക് യാതൊരു ചിലവുകളുമില്ലാതെ അഞ്ചക്കശമ്പളം കയ്യില്‍ കിട്ടുമ്പോള്‍ ജീവിതചിലവുകള്‍ വഴിമുട്ടി രണ്ടറ്റവും കൂട്ടിക്കെട്ടാന്‍ പറ്റാതെ സാധാരണക്കാരന്‍ ജീവിക്കുന്നത് എന്ത് വിരോധാഭാസമാണ്.

കഠിനമായ സാമ്പത്തിക പരിഷ്കരണങ്ങളാണ്, സാമ്പത്തിക വിദഗ്ദന്‍ കൂടിയായ പ്രധാനമന്ത്രി സാധാരണക്കാരന്‍റെ തലയില്‍ കയറ്റി വച്ചിരിക്കുന്നത്. രാജ്യത്തെ ധനക്കമ്മി കുറയ്ക്കാന്‍ വേറെ വഴിയില്ല എന്ന ന്യായീകരണം കേട്ടിട്ട് ചിരി വരുന്നു. മന്ത്രി മന്ദിരത്തിലെ അനാവശ്യ ചിലവുകളും ആര്‍ഭാടങ്ങളും കുറച്ചാല്‍ തന്നെ മിച്ചമുണ്ടാകും ഖജനാവില്‍. ആഗോളവിപണിയില്‍ ബാരലിന്, വില കൂടുമ്പോള്‍ കൂട്ടുന്ന പെറ്റ്രോള്‍ വില അവിടെ മൂല്യം കുറയുമ്പോള്‍ ഇന്ത്യയില്‍ അതേ അനുപാതത്തില്‍ കുറയാറില്ല. ഓയില്‍ കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്ന വിലയോടൊപ്പം വര്‍ദ്ധിക്കുന്ന ചുങ്കത്തിനും കുറ്വില്ല, ആ നിലയില്‍ ഖജനാവില്‍ വീഴുന്ന ലാഭം പിന്നെ എവിടേയ്ക്കാണ്, ഒഴുകുന്നത്?

ഈ സര്‍ക്കാരിന്‍റെ കാലത്തു കുത്തിപ്പൊക്കി വന്ന സ്പെക്ട്റം അഴിമതി, കോമ്മണ്‍വെല്‍ത്ത് അഴിമതി, കല്‍ക്കരി പാടം അഴിമതി, ഒന്നും രണ്ടുമല്ല, ലക്ഷം കൊടീകളാണ്, അഴിമതി തുകകളായി വാര്‍ത്തകളില്‍ നിരയുന്നത്, അതിനും പുറമേയാണ്, സ്വിസ്സ് ബാങ്കില്‍ ഇട്ടിരിക്കുന്ന കോടികളെ കുറിച്ചുള്ള പിന്നാമ്പുറ സംസാരങ്ങള്‍.

ഞങ്ങള്‍ ഇതൊക്കെ അറിയുന്നുണ്ട് സര്‍... പ്രതികരിക്കാത്തത് പേടികൊണ്ടു മാത്രമല്ല, ഞങ്ങളില്‍ പലരും സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാന്‍ നെട്ടോട്ടമോടുന്നവരാണ്, സ്വയം ബാധിക്കുന്നതാണെങ്കില്‍ കൂടി പ്രതികരിക്കാന്‍ സമയമില്ലാത്തവരാണ്, സ്വയം നഷ്ടപ്പെട്ട് വേഗതയേറിയ ജീവിതത്തെ പേടിയോടെ കാണുന്നവരാണ്. പക്ഷേ അതൊരു വളമാക്കരുത്. ഒരു സാധാരണ പൌരന്‍ എന്ന എല്ലാ അവകാശത്തോടും കൂടി ഈ ജനക്കൂട്ടം സ്വയം അറിയാന്‍ തുടങ്ങിയാല്‍ പിന്നെ വീണ്ടും ഇവിടെ ചോരപ്പുഴ ഒഴുകും. ഇനിയുമൊരു അടിയന്തരാവസ്ഥ താങ്ങാന്‍ സാധാരണക്കാരന്, കഴിയില്ല. ആ തിരിച്ചറിവ്, ഒരു ആലു പോലെ വളര്‍ത്താതെ ചിലവുകള്‍ നിയന്ത്രിച്ച്, ആര്‍ഭാടം കുറച്ച് രാജ്യത്തെ അഴിമതി വിരുദ്ധമാക്കാന്‍ സമാന്തരശക്തികളെ നിര്‍ബന്ധിക്കാതെ അത് സ്വയം ചെയ്താല്‍ രാജ്യത്തിന്‍റെ അഭിവൃദ്ധി കൂടുകയല്ലേയുള്ളൂ. അതിനുള്ള ആര്‍ജ്ജവമുള്ള ഒരു ഭരണം വരുന്ന ഇന്ത്യ... ഗാന്ധിജിയുടെ സ്വപ്നം...

ഇതൊക്കെ ഒരു ഉട്ടോപ്പിയന്‍ ആശയമെന്ന് അറിയാഞ്ഞിട്ടല്ല, പരയാതെ എങ്കിലും വയ്യ...

പത്രം വയന അങ്ങനെ ഞാന്‍ അവസാനിപ്പിക്കട്ടെ, ഒന്നുമല്ലെങ്കിലും ഇതു പോലെ കുറ്റം പറഞ്ഞുള്ള എഴുത്തെങ്കിലും അവസാനിപ്പിക്കാമല്ലോ, ആ സമയം രണ്ടു സാഹിത്യം വായിച്ചാല്‍ ഭാഷയെങ്കിലും മെച്ചപ്പെടും
ഒരു ഉട്ടോപ്പിയന്‍ സ്വപ്നം - ശ്രീ പാര്‍വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക