Image

കേരളം: കലാപത്തിലേക്ക് എത്ര കാലടികള്‍?

ബച്ചു മാഹി (Uttarakalam) Published on 28 October, 2012
കേരളം: കലാപത്തിലേക്ക് എത്ര കാലടികള്‍?
കേരളത്തില്‍ ഗുജറാത്ത്‌ ആവര്‍ത്തിക്കും എന്ന വിഎച്ച്പി പോസ്റ്റര്‍ എത്രമേല്‍ നിര്‍ദ്ദോഷകരമാണ്?
ഗുജറാത്ത്‌ വംശഹത്യ, സ്ഥാപിക്കപ്പെടു ന്നത് പോലെ, ഒരു സുപ്രഭാതത്തില്‍ യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ടതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അതിനുള്ള വേദി സജ്ജീകരണം ആരംഭിച്ചിരുന്നു. അത് സംഘപരിവാറിന്റെ കൃത്യമായ തിരക്കഥ ആയിരുന്നു. വിശ്വഹിന്ദുപരിഷത്ത് സംഘപരിവാറിന്റെ പോഷകസംഘമാണ്. നമ്മുടെ പല സാഹിത്യ-അഭിനയ പ്രതിഭകളും ഇവരോട്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ പറയുന്ന മഹോന്നത കേരളത്തില്‍ തന്നെ, സംഘപരിവാര്‍ അജണ്ടകള്‍ പലതും പൊതുസമൂഹത്തിന്റെതായി മാറിയിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍, ഇതിനെ അപലപിച്ചു പറയുന്ന ചിലരെങ്കിലും, ‘ഇങ്ങനെ കൊല്ലാനൊന്നും ഞങ്ങള്‍ പറയുന്നില്ലയെങ്കിലും, മുസ്ലിം സമുദായം ഇങ്ങനൊന്നും ആയാല്‍ പോര, അവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കണം’ എന്നൊക്കെ പറയുമ്പോള്‍, വേദിയൊരുക്കാനുള്ള സംഘപരിവാര്‍ തിരക്കഥകള്‍ക്ക് ആരാധക പിന്തുണയേറുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഇതൊരു ചപ്പടാച്ചി വാറോലയായി അങ്ങനെയങ്ങ് തള്ളിക്കൂടാ എന്ന്!

ഗുജറാത്തിന് ശേഷം സംഘപരിവാര്‍ തങ്ങളുടെ പരീക്ഷണശാലയാക്കുന്നത് കേരളമാണ് എന്ന വാര്‍ത്തകളെ സാധൂകരിക്കുന്നതാണ് കുറച്ചുകാലമായുള്ള പ്രചാരണ കോലാഹലങ്ങള്‍. മുസ്ലിം ലീഗിനെ ശിഖണ്ഡിയായി മുന്‍നിര്‍ത്തി ഈയടുത്തായി ആസൂത്രിതമായും മുസ്ലിം വിരുദ്ധതയും, തൊട്ടു മുന്‍പ്‌ ‘ലവ് ജിഹാദ്’ എന്നൊരു വ്യാജപ്രചരണം പൊതുസമൂഹം ഏറ്റുവാങ്ങിയതും ഓര്‍ത്തെടുക്കുക. എല്ലാ മത/ജാതി സമൂഹത്തിലും എല്ലാതരം ജീവികളും സംഘങ്ങളും ക്രിമിനലുകളും മുതലെടുപ്പുകാരുമൊക്കെ ഉണ്ട് എന്നതും, അവ ഒരു സമൂഹത്തിന്റെതായി സാമാന്യവല്‍ക്കരിക്കപ്പെട്ടു കൂടാ എന്നതും പലപ്പോഴും വിസ്മരിക്കപ്പെടുന്നു. മറ്റേതൊരു സമൂഹത്തിനും ഇല്ലാത്ത ബാധ്യതയാണ് ഇക്കാര്യത്തില്‍ സവര്‍ണ്ണധിഷ്ടിത പൊതുബോധം, “മുസ്ലിംകള്‍ “ക്കായി പ്രിസ്ക്രൈബ് ചെയ്യുന്നത്.

ബാക്കിയുള്ള അരുതായ്മകള്‍ ഒക്കെ “നാം” കൈകാര്യം ചെയ്യണം; “നാം” വഹിക്കണം. മുസ്ലിം നാമധാരികള്‍ ചെയ്യുന്നവയ്ക്ക്‌ എല്ലാം ഉത്തരം പറയേണ്ടത്‌, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്, തിരുത്തേണ്ടത്, പരിഹാരം കാണേണ്ടത് “അവര്‍ മുസ്ലിംകള്‍ ” ആണെന്ന് പറയുമ്പോള്‍, “ഇവര്‍ പ്രശ്നക്കാര്‍” എന്ന സംഘപരിവാറിന്റെ ലളിത സമവാക്യം തന്നെയല്ലേ നാം ഏറ്റെടുക്കുന്നത്?! ആ ഭൂമികയില്‍ കാലുകള്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ട് സംഘപരിവാര്‍ അജണ്ടകളൊന്നും കേരളമണ്ണില്‍ നടപ്പില്ല എന്ന വീമ്പുപറച്ചില്‍ എത്രമാത്രം ഉള്ളുറപ്പോടെയാണ്?! ആത്മാര്‍ത്ഥമാണെങ്കില്‍ തിരുത്ത്‌ നമ്മുടെയൊക്കെ ഉള്ളില്‍ നിന്ന് തുടങ്ങട്ടെ. എകമുഖമായ ‘ഹിന്ദുശരീരം/ സ്വത്വം’ എന്നത് പോലെ ‘മുസ്ലിം ശരീരം /സ്വത്വം’ എന്നതും ഒരു വ്യാജ നിര്‍മ്മിതി മാത്രമാണ്. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഭിന്ന സംഘങ്ങളിലും നിലപാടുകളിലും അവയോന്നുമില്ലാതെയും ചിതറിക്കിടക്കുന്ന ഒരു ‘സമൂഹം’.

മറുവശത്തും സംഘപരിവാര്‍ മാതൃക അനുകരിക്കാന്‍ കോപ്പുകൂട്ടുന്ന, ധ്രുവീകരണ സാഹചര്യങ്ങള്‍ ക്യാപിറ്റലൈസ് ചെയ്യാന്‍ കാത്തിരിപ്പുള്ള പോപ്പുലര്‍ ഫ്രണ്ട് പോലെ ചിലരുണ്ട് കേരളത്തില്‍ എന്നതും മറന്നുകൂടാ. അപ്പോള്‍ ഗുജറാത്ത്‌ പോലെ ഏകപക്ഷീയഹത്യയില്‍ നില്‍ക്കില്ല കേരളം; ‘അവന്മാര്‍ ‘ തുലയട്ടെ, നമുക്കെന്ത്!’ എന്ന് സമാധാനിക്കാനും കഴിയില്ല! ആര്‍ക്കും ഭീഷണി ഒഴിയുന്നില്ല എന്ന് സാരം. നിരന്തരമായ വംശീയയുദ്ധത്തിലേക്ക്‌ നാം എടുത്തെറിയപ്പെടുക തന്നെയാകും ഫലം. ഒരു തീപ്പൊരി വീണാല്‍ കത്താന്‍ പാകത്തില്‍ കേരളത്തെ പരുവപ്പെടുതിയിട്ടുണ്ട്. എല്ലാ മനുഷ്യരും ഈ ഭൂമിക്ക്‌ ഒന്നുപോലെ അവകാശികള്‍ ആണെന്ന മാനുഷികപക്ഷത്ത് നിന്നായാലും, എന്ത് പണ്ടാരടങ്ങിയാലും നമ്മക്ക് സമാധാനഭംഗം ഇല്ലാതെ ജീവിച്ചാല്‍ മതി എന്ന ‘ഞാനും കെട്ട്യോനും തട്ടാനും’ തിയറി പ്രകാരം ആയാലും ആ സാഹചര്യം ഒഴിവാക്കേണ്ടത് ഓരോ കേരളീയന്റെയും ബാധ്യതയാണ്. അതിന് വിചാരണ തന്നില്‍ നിന്ന് തന്നെ തുടങ്ങണം.
കേരളം: കലാപത്തിലേക്ക് എത്ര കാലടികള്‍?കേരളം: കലാപത്തിലേക്ക് എത്ര കാലടികള്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക