Image

ഒരു മുത്തശ്ശിക്കഥ (കവിത)-ജോസന്‍ ജോര്‍ജ്ജ്

ജോസന്‍ ജോര്‍ജ്ജ്, ഡാളസ് Published on 29 October, 2012
ഒരു മുത്തശ്ശിക്കഥ (കവിത)-ജോസന്‍ ജോര്‍ജ്ജ്
പൗലോ കൊയ്‌ലോ എന്ന ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്റെ "The Devil and Miss Prym"-(ചെകുത്താനും ഒരു പെണ്‍കിടാവും) എന്ന പ്രസിദ്ധമായ നോവലിലെ ബര്‍ത്ത മുത്തശ്ശി എന്ന കഥാപാത്രമാണ് ഈ കവിതയ്ക്കു പ്രചോദനം. കാമ്യമായ കൗമാര-യൗവ്വനങ്ങളെ മറികടന്ന് നാം അറിയാതെ ചെന്നെത്തപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകളുടെ ഒരു നേര്‍ക്കാഴ്ച.

കുന്നില്‍മുകളിലെ കൊച്ചുഗ്രാമത്തി-
ലൊരിത്തിരിപോന്ന കുടിലു കാണുന്നുവോ?
കുമ്മായത്തൂണുമായ്, ചെമമണ്‍ചുമരുമായ്
പനയോല പാകി, പഴകിയതാം കുടില്‍.

വെണ്‍മേഘവും, കരി മേഘനീര്‍ച്ചാലും,
പനിമതിതന്റെ തെളിനിലാവത്രയും,
കത്തും കതിരോന്റെ പൊന്‍വെയിലും കട-
ന്നെത്തുമീ കൂരയില്‍ ശങ്കയെന്യേ.

പണ്ടു നാം കേട്ടൊതു മുത്തശ്ശിക്കഥയിലെ
മുത്തശ്ശി പോലൊരു 'മുത്തി'-യുണ്ടങ്ങതില്‍.
കൂനിക്കുറുകി കുനിഞ്ഞു നടക്കുമാ-
മുത്തശ്ശി നാട്ടുകാര്‍ക്കെന്നുമൊരത്ഭുതം.

വഴിയാത്രികര്‍ക്കു വഴിയോരക്കാഴ്ചയായ്
വഴിക്കണ്ണുമായങ്ങിരിക്കുന്ന മുത്തശ്ശി
ഈര്‍പ്പം വിതമ്പുമാ മണ്‍കുടില്‍ തിണ്ണയില്‍-
'പുരാവസ്തു'- പോല്‍, ഒരപൂര്‍വ്വജന്മം.

ചെമ്പന്‍തലമുടിയല്പം നെറുകയില്‍,
ചുക്കിച്ചുളുങ്ങിയിരുണ്ട നെറ്റിത്തടം,
ജീര്‍ണ്ണിച്ച സ്വപ്നങ്ങളൊക്കെയും കത്തി-
ക്കരിഞ്ഞു കുഴിഞ്ഞ കുഴിക്കണ്ണുകള്‍.

നിറമാറൊരോള്‍ക്കാ കടംകഥയായ് മാറി,
മാറിലൊളിച്ച തൊലിമുലകള്‍.
ഏഴഴകൊത്ത വയറിന്റെ യോര്‍മ്മയ്‌ക്കൊ
രോര്‍മ്മക്കുറിപ്പായ്കുഴിപ്പുക്കിള്‍ മാത്രം.

കാലുകള്‍ നീട്ടിയിരിക്കുമീ മുത്തി തന്‍
കാല്‍നഖമോ കരിയൊത്ത വര്‍ണ്ണം.
എത്തിനോക്കുന്നുണ്ടു മുത്തശ്ശി, വീഥിയി-
ലെത്തുന്നൊരാളെ തിരയുന്നപോല്‍.

കുത്തിയിരിക്കുമീ മുത്തശ്ശിയെന്നുമീ
കുത്തിയൊലിക്കും മഴത്തിണ്ണയതില്‍.
കത്തിയെരിയും കതിരവനെങ്കിലും
മുത്തശ്ശിക്കോ മാറ്റമങ്ങേതുമില്ല.

പൂര്‍വ്വചരിത്രം കുറിച്ചതില്ലാരു,-
മൊരോര്‍മ്മക്കുറിച്ചും കുറിച്ചില്ല മുത്തി.
ഈ 'മുത്തി' 'മിത്ത'ല്ലി തിഹാസമാണോര്‍ക്ക.
കൂട്ടരെ, നാം സ്വയമെല്ലാം മറക്കയോ?

നൂറുവര്‍ഷങ്ങള്‍ക്കുമപ്പുറമോര്‍മ്മയില്‍
പാറിപ്പറക്കുന്ന ബാല്യമുണ്ടാം.
കൗമാര-യൗവ്വന സ്വപ്നമുണ്ടാം, പിന്നെ-
യുള്‍ത്തടംതിങ്ങിയ ദാമ്പത്യവും.

നേര്‍ത്തുനേര്‍ത്തില്ലാതെയായവയൊക്കെയും
കാലപ്രവാഹത്തില്‍ കുത്തിയൊഴുക്കില്‍.

ആര്‍ത്തുപെയ്യുന്നതാം കാല-കാര്‍മേഘങ്ങള്‍
ഓര്‍മ്മച്ചിത്രങ്ങളെ മായ്ചിടുമ്പോള്‍
നേര്‍ത്തുപോകുന്നതാ, ആയുസ്സു, മോര്‍മ്മയും
ഓര്‍മ്മയില്ലാത്ത ഈ മുത്തശ്ശിയും.

ഓര്‍ക്കാപ്പുറത്തൊരു ചോദ്യം, മന:സ്സാക്ഷി
ചോദിച്ചതെന്നില്‍ ഉമീത്തീയൊരുക്കി
നമ്മള്‍ ഓര്‍ക്കാതെ പോകുമീ മുത്തിതന്‍
ശേഷമീ തിണ്ണയില്‍ നമ്മിലാരായിടാം?
ഒരു മുത്തശ്ശിക്കഥ (കവിത)-ജോസന്‍ ജോര്‍ജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക