Image

ഒക്ടോബറിലെ യാത്രകള്‍: ഡി. ബാബുപോള്‍

മധ്യരേഖ / ഡി. ബാബുപോള്‍ Published on 31 October, 2012
ഒക്ടോബറിലെ യാത്രകള്‍: ഡി. ബാബുപോള്‍
ഒക്ടോബര്‍ യാത്രകളുടെ മാസം ആയിരുന്നു. തുടക്കത്തില്‍ മൂന്നു ദിവസം ബൈറൂതില്‍. ഒടുക്കത്തില്‍ രണ്ടു ദിവസം കുവൈത്തില്‍. ഇതിനിടെ, ഒരാഴ്ച കേരളത്തിനകത്ത് പരിപാടികള്‍; തെക്ക് ചേര്‍ത്തല മുതല്‍ വടക്ക് പറശ്ശിനിക്കടവ് വരെ.
1960ല്‍ വിദ്യാര്‍ഥി ആയിരിക്കെ പാരിസില്‍നിന്ന് വിമാനത്തില്‍ മടങ്ങുമ്പോള്‍ വിമാനം (ഇന്ധനം നിറക്കാനാവണം) ബൈറൂതില്‍ ഇറങ്ങി. 'ഒരിക്കല്‍ക്കൂടി ദുര്‍ഗന്ധം വമിക്കുന്ന മൂത്രപ്പുര കണ്ടു' എന്നോ മറ്റോ അന്ന് എഴുതിയ പുസ്തകത്തില്‍ ഉണ്ട്. വിമാനത്താവളം എങ്ങനെയിരുന്നു എന്നുപോലും ഓര്‍മയില്ല.
ഇത്തവണ പോയത് എന്റെ സഭയുടെ അധ്യക്ഷനായ പാത്രിയാര്‍ക്കീസ്ബാവയെ കാണാനാണ്. ബാവയുടെ ആസ്ഥാനം ഡമസ്‌കസ് ആണ്. സിറിയയിലെ ആഭ്യന്തരകലാപം സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ക്കിടയില്‍ അവിടെ താമസിക്കുന്നത് ക്‌ളേശകരമാണ്. ബാവയുടെ ആസ്ഥാനമായ ആശ്രമം സ്ഥിതിചെയ്യുന്ന ഗിരിപുരിയില്‍ പ്രശ്‌നമൊന്നും ഇല്ല. എങ്കിലും, ബാല്യത്തില്‍ ഒരു വൃക്ക നഷ്ടപ്പെടുകയും രണ്ടാമത്തേത് വാര്‍ധക്യത്തില്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തതിനാല്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് വേണം. അതിന് ഡമസ്‌കസ് നഗരത്തിലേക്ക് പോയിവരണം. ആ യാത്രക്കിടയില്‍ എപ്പോഴെങ്കിലും വഴിയില്‍ വല്ല ബഹളവും ഉണ്ടായാല്‍ ചികിത്സ മുടങ്ങും. അതുകൊണ്ടാണ് ബാവ ബൈറൂതില്‍ താമസിക്കുന്നത്. ബാവ ഇപ്പോള്‍ ക്ഷീണിതനാണെങ്കിലും ആരോഗ്യവാനും സന്തുഷ്ടനുമാണ്. ആ മുഖത്തെ ശോഭക്ക് വാര്‍ധക്യം അധികദീപ്തി നല്‍കുന്നു.
സിറിയയിലെ പ്രസിഡന്റ് മുസല്‍മാന്‍ ആണെങ്കിലും കൂട്ടത്തില്‍ ചെറിയ ഒരു വിഭാഗത്തിലെ അംഗമാണ്. അമേരിക്കയുടെ ഇടപെടലുകളാണ് അവിടത്തെ കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. സദ്ദാം ഹുസൈന്‍ ഏകാധിപതി ആയിരുന്നിരിക്കാം. എന്നാല്‍, അമേരിക്ക അവിടെ പിഞ്ഞാണക്കടയിലെ കാളക്കൂറ്റനായതോടെ ആ രാജ്യം അധോഗതിയിലായി. നേരെയാവുമായിരിക്കും. ചരിത്രത്തില്‍ അങ്ങനെയാണല്ലോ പതിവ്. ചിലര്‍ പറയും അമേരിക്ക എന്നും സുശക്തമായിരിക്കുമെന്ന്. അവര്‍ ഓര്‍ക്കുന്നില്ല, സെലൂക്കിഡ് രാജാക്കന്മാരും റോമാചക്രവര്‍ത്തിമാരും എല്ലാം അങ്ങനെ ചിന്തിച്ചവരാണെന്ന്. ചരിത്രം ആരോടും പ്രത്യേക ദാക്ഷിണ്യം ഒന്നും കാണിക്കുന്നില്ല. ഇന്ന് ഞാന്‍, നാളെ നീ. അത്രതന്നെ.
ബൈറൂതില്‍ ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല. ജനസംഖ്യയില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ഒപ്പത്തിനൊപ്പം ആയിരുന്നത് ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷം എന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട് 6040. ബൈറൂതിലെ ഒരു ക്രിസ്തീയദേവാലയം പശ്ചിമേഷ്യയിലെയും അതിലേറെ ഈജിപ്തിലെയും മുസ്ലിംകള്‍ തീര്‍ഥാടകരായെത്തുന്ന ഇടമാണത്രെ. കത്തോലിക്കരുടേതാണ് പള്ളി. കന്യകമറിയമിന്റെ ഓര്‍മക്കായി അത് പ്രതിഷ്ഠിച്ചിരിക്കുന്നു. പര്‍ദയിട്ടവരും പര്‍ദയില്ലെങ്കിലും കൃത്യമായി ശിരോവസ്ത്രം ധരിച്ചവരും ആയ ഒരുപാട് സഹോദരിമാരെ അവിടെ കാണാന്‍ കഴിഞ്ഞു. ഒരു ന്യൂനപക്ഷം മാത്രമാണല്ലോ ഏത് മതത്തിലും അസഹിഷ്ണുതകൊണ്ട് മതതീക്ഷ്ണതയെ അടയാളപ്പെടുത്തുന്നത്.
അതേസമയം, എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് പാകിസ്താനും ബംഗ്‌ളാദേശും തമ്മിലും പാകിസ്താനും ഇന്തോനേഷ്യയും തമ്മിലും ഒക്കെ കാണുന്ന സ്ഥിതിഭേദങ്ങളാണ്. ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശേഷിച്ചും മുസ്ലിംകള്‍ക്ക് പരാധീനതകളും പരിഭവങ്ങളും ഉണ്ട്. എന്നാല്‍, 1947ല്‍ ഉണ്ടായിരുന്നതിലേറെ മുസ്ലിംകള്‍ ഇന്ന് ഭാരതത്തിലുണ്ട്. അതേസമയം, പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ അസ്തിത്വഭീഷണിയിലാണുതാനും. അവിടെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒന്നും ഭാരതത്തില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കിട്ടുന്ന സംരക്ഷണം കിട്ടുന്നില്ല. മതാധിഷ്ഠിത രാഷ്ട്രീയം ആയിരിക്കുമോ ഈ വ്യത്യാസം സൃഷ്ടിക്കുന്നത്? ബംഗ്‌ളാദേശിലും ഇന്തോനേഷ്യയിലും സ്ഥിതി പാകിസ്താനിലേത് അല്ല എന്ന് ഓര്‍മിക്കാതെ വയ്യ. അഫ്ഗാനിസ്താന്റെ സാമീപ്യമോ താലിബാനിസത്തിന്റെ സ്വാധീനതയോകൊണ്ട് മാത്രം വിശദീകരിക്കാനാവുന്നില്ല പാകിസ്താനിലെ അവസ്ഥ.
പശ്ചിമേഷ്യയിലെ അവസ്ഥ കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാക്കാം. പ്രാചീനഗോത്ര സംസ്‌കൃതികളുടെ തിരുശേഷിപ്പ് അവിടെ കാണുന്നത് മുസ്ലിം രാഷ്ട്രങ്ങളില്‍ മാത്രമല്ല എന്നതാണ് ശ്രദ്ധിക്കേണ്ട സംഗതി. ഇസ്രായേലില്‍ ഒരു വലിയ ചര്‍ച്ചാവിഷയമാണ്, മതം സമൂഹത്തില്‍ എത്രകണ്ട് ഇടപെടണമെന്നത്.
ഇസ്രായേലിലെ ജനതയെ മൂന്ന് വിഭാഗങ്ങളായി കാണാം. യാഥാസ്ഥിതികരും സെക്കുലര്‍ വീക്ഷണം പുലര്‍ത്തുന്നവരും ഉള്‍പ്പെടുന്ന ഒരു യഹൂദ സമൂഹം, മുസ്ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന ഒരു ഫലസ്തീനിയന്‍ സമൂഹം, അതിയാഥാസ്ഥിതികര്‍അള്‍ട്രാ ഓര്‍ത്തഡോക്‌സ്എന്ന യഹൂദവിഭാഗം. ഈ ഒടുവില്‍ പറഞ്ഞ കൂട്ടരും താലിബാനും തമ്മിലുള്ള വ്യത്യാസം അള്‍ട്രാകള്‍ സമൂഹമധ്യത്തില്‍ അത്രതന്നെ അക്രമം പ്രവര്‍ത്തിക്കുന്നില്ല എന്നതു മാത്രമാണ്. അവരുടെ അക്രമം സര്‍ക്കാറിനെതിരെയാണ്. അവര്‍ റോഡുകള്‍ ഉപരോധിക്കും. നൂറു കണക്കിന് ചെറുപ്പക്കാരെ അണിനിരത്തി പ്രകടനങ്ങള്‍ നടത്തും. സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന പരസ്യബോര്‍ഡുകള്‍ നശിപ്പിക്കും. ശനിയാഴ്ചയാണല്ലോ യഹൂദന്റെ ശാബത്. അന്ന് കാപ്പിപ്പീടികകള്‍ തുറക്കരുത്, യോഗങ്ങള്‍ നടത്തരുത്, വണ്ടികള്‍ ഓടരുത് എന്നിങ്ങനെയൊക്കെയാണ് അള്‍ട്രാകളുടെ വാദം. സ്ത്രീകളും പുരുഷന്മാരും ഒരേ വണ്ടിയില്‍ യാത്രചെയ്യരുത്. റോഡിന്റെ ഒരേവശത്തുള്ള നടപ്പാതകള്‍ ഉപയോഗിക്കരുത് എന്നൊക്കെയാണ് അള്‍ട്രാകള്‍ ശഠിക്കുന്നത്. ഇസ്രായേലി ജനസംഖ്യയില്‍ കഷ്ടിച്ച് പത്ത് ശതമാനം മാത്രംവരുന്ന അള്‍ട്രാകള്‍ ആ സംഖ്യകൊണ്ട് ന്യായീകരിക്കാനാവാത്ത സ്വാധീനത സര്‍ക്കാറിലും സമൂഹത്തിലും അടിച്ചേല്‍പിക്കുന്നു എന്നാണ് മതനിരപേക്ഷവാദികളായ യഹൂദരുടെ പരാതി. സാദാ യാഥാസ്ഥിതികരായ യഹൂദര്‍ തങ്ങളുടെ മതനിയമങ്ങള്‍ കര്‍ശനമായി പാലിക്കുമെങ്കിലും മതനിരപേക്ഷമാണ് അവരുടെ ബന്ധങ്ങള്‍. അള്‍ട്രാകള്‍ മറ്റുള്ളവര്‍ താമസിക്കുന്ന ഇടങ്ങളില്‍ താമസിക്കാന്‍പോലും തയാറാവുന്നില്ല. അവര്‍ക്ക് യുദ്ധംചെയ്യണ്ട. സുപ്രീംകോടതി ആ നിയമം അസാധുവാക്കിയെങ്കിലും മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അള്‍ട്രാകളെ നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് മുക്തരാക്കിയിരിക്കയാണ്. സാധാരണ യഹൂദര്‍ക്ക് ഇതില്‍ പ്രതിഷേധമുണ്ട്. ഫലമില്ല എന്നുമാത്രം. പാശ്ചാത്യസ്വാധീനവും ഫലസ്തീനിയന്‍ സാന്നിധ്യവും ഇല്ലായിരുന്നെങ്കില്‍ ഇസ്രായേലില്‍ 'യഹൂദ താലിബാന്‍' ഇതിലേറെ ശക്തമാകുമായിരുന്നുവെന്ന് പറയാതെ വയ്യ. മതമേതായാലും മനസ്സുള്ള മനുഷ്യന് താലിബാനാകാം എന്നര്‍ഥം. പാകിസ്താന്റെ കാര്യത്തില്‍ ഈ ഭൂമിശാസ്ത്ര, നരവംശശാസ്ത്ര വിശദീകരണം വിശ്വാസ്യമാകുന്നില്ലല്ലോ.
കഴിഞ്ഞയാഴ്ചയാണ് കുവൈത്തില്‍ പോയത്. വ്യാഴാഴ്ച രാവിലെ എത്തി, വെള്ളിയാഴ്ച രാത്രി മടങ്ങി. ഇത്തവണ മാര്‍ത്തോമാ യുവജനസഖ്യം എന്ന പ്രസ്ഥാനം ആയിരുന്നു ആതിഥേയര്‍. കുടുംബജീവിതത്തിലെ ആധുനിക സമസ്യകളെക്കുറിച്ച് പൂര്‍വാഹ്നത്തിലും സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉണ്ടാകേണ്ട ബന്ധങ്ങളെക്കുറിച്ച് അപരാഹ്നത്തിലും സെമിനാറുകള്‍ ഉണ്ടായി. രക്തബന്ധംകൊണ്ട് നിര്‍വചിക്കുന്ന ലംബമുന ബന്ധങ്ങള്‍ ദുര്‍ബലമാവുകയും യാന്ത്രിക ബന്ധംകൊണ്ട് നിലനില്‍ക്കുന്ന തിരശ്ചീനബന്ധങ്ങള്‍ ശക്തമാവുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു രാവിലെ പ്രഭാഷണം. ഉച്ചതിരിഞ്ഞ് സഭകള്‍ തമ്മിലുള്ള ബന്ധം മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിലേക്ക് വളരുകയും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മതനിരപേക്ഷമേഖലകളിലെ സഹകരണം വഴി അവനവന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്ന് പരമത വിദ്വേഷത്തിനെതിരെ സര്‍ഗാത്മകമായ സമീപനം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ദൈവം പ്രതീക്ഷിക്കുന്ന മാനവികതയിലേക്കുള്ള വഴിതുറക്കുക എന്നും പറയാന്‍ സന്ദര്‍ഭം ഒരുങ്ങി. രണ്ട് സംവാദങ്ങളും ഫലപ്രദമായി അനുഭവപ്പെട്ടു. സംഘാടകരായ യുവതലമുറയുടെ ഉത്സാഹവും കാര്യപ്രാപ്തിയും എന്നെ അദ്ഭുതപ്പെടുത്തി.
കുവൈത്തില്‍ കഴിഞ്ഞയാഴ്ച കലാപങ്ങള്‍ ഉണ്ടായി. നാട് വാഴുന്ന കുടുംബത്തോട് ആര്‍ക്കും എതിര്‍പ്പില്ലത്രെ. സ്റ്റാലിന്‍ ജീവിച്ചിരുന്നപ്പോള്‍ ക്രൂഷ്‌ചേവിനും ഉണ്ടായിരുന്നില്ല ഒരെതിര്‍പ്പും എന്ന് എതിരാളികള്‍ക്ക് പരിഹസിക്കാം. എങ്കിലും രാജകുടുംബത്തെ എതിര്‍ക്കാതിരിക്കുമ്പോഴും രാജകുടുംബത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ തെരുവിലിറങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമായി തോന്നി. കുവൈത്തിലുള്ളവര്‍ പൊന്നുരുക്കുമ്പോള്‍ മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് എത്തിയ പൂച്ച ഇടപെടേണ്ടതില്ല. എന്നല്ല, കുവൈത്തില്‍ താമസിക്കുന്ന ഭാരതീയരും വാനരത്രയത്തെപ്പോലെ കഴിയുകയാണ് വേണ്ടത്. അവരായി, അവരുടെ പാടായി എന്ന ധാരണയോടെ ജോലി ചെയ്യുക, കാറ്റുള്ള കാലത്തോളം തൂറ്റുക, അത്മതി.
കുവൈത്തില്‍ ഇതിനുമുമ്പ് പോയത് 1980ല്‍ ആയിരുന്നു. അതിനുശേഷം പലതും സംഭവിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് കുവൈത്തികള്‍ ജീവിക്കുന്നതും മറ്റുള്ളവരോട് ഇടപെടുന്നതും. ഇത്രയും സമ്പന്നമായ ഒരു രാജ്യം ഇത്രയും പഴയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കി പറപ്പിക്കുന്നതിന്റെ രഹസ്യം മാത്രം പിടികിട്ടുന്നില്ല. കുവൈത്തിലേക്ക് യാത്ര ചെയ്യാനല്ലാതെ അവരുടെ വണ്ടിയില്‍ കയറാന്‍ നാം പ്രലോഭിതരാകുന്നില്ല. ഖത്തര്‍ എയര്‍വേസും മറ്റും പുലര്‍ത്തുന്ന നിലവാരം സമ്പന്നരാഷ്ട്രമായ കുവൈത്തിന്റെ വിമാനക്കമ്പനിക്ക് അന്യമാവുന്നത് എന്തുകൊണ്ടാണോ എന്തോ.
പതിവുപോലെ ഗള്‍ഫ് മലയാളിയുടെ സ്‌നേഹം ഇത്തവണയും ഏറെ അനുഭവിച്ചു. 'ഗള്‍ഫ് മാധ്യമം വഴിമാത്രം പരിചയമുണ്ടായിരുന്ന ചില മുസ്ലിം സഹോദരങ്ങള്‍ മാര്‍ത്തോമാക്കാരുടെ സെമിനാറിലെത്തിയതും ഇടവേളകളില്‍ 'സ്വന്തം കുടുംബത്തിലെ ഒരാള്‍' എന്ന മട്ടില്‍ സ്‌നേഹാദരവുകള്‍ ചൊരിഞ്ഞതും രേഖപ്പെടുത്താതെ വയ്യ. താമസിച്ച ഇടത്തിലെ മലയാളികളായ ജീവനക്കാര്‍ പോലും അവിസ്മരണീയമായ സ്‌നേഹത്തിന്റെ ഓര്‍മക്കുറിപ്പുകളായി മനസ്സിലുണ്ട് ഇതെഴുതുമ്പോള്‍. എല്ലാവര്‍ക്കും നന്മ വരട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക