Image

ഒരു തുള്ളി ഗ്യാസിനു വേണ്ടി...തോമസ് മലയിലിന്റെ മലയാളി സ്‌നേഹം; (തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 03 November, 2012
ഒരു തുള്ളി ഗ്യാസിനു വേണ്ടി...തോമസ് മലയിലിന്റെ മലയാളി സ്‌നേഹം; (തുമ്പയില്‍)
ഗ്യാസിലിനായ നമഃഹ എന്നതാണിപ്പോള്‍ ന്യൂജേഴ്‌സി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ജനങ്ങളുടെയും പ്രാര്‍ത്ഥന. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന വാര്‍ത്തകള്‍ക്കു പുറമേയാണ് പെട്രോള്‍ ക്ഷാമം ദുരിതബാധിത പ്രദേശങ്ങളില്‍ രൂക്ഷമായിരിക്കുന്നത്. ഗതാഗതസംവിധാനങ്ങള്‍ ഒരിടത്തു പോലും പൂര്‍ണമായി പുനരാരംഭിച്ചിട്ടില്ല. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമുള്ള പെട്രോള്‍ പമ്പുകളില്‍ ജനങ്ങളുടെ ആധിക്യം സംഘര്‍ഷത്തിനിടയാക്കി. മിക്ക പമ്പുകളിലും വാഹനങ്ങളുടെയും ആളുകളുടെയും നീണ്ടനിര കാണാം. പലേടത്തും പോലീസ് മേല്‍നോട്ടത്തിലാണ് ഗ്യാസ് വിതരണം.

പാഴ്‌സിപ്പനിയിലും ഡെന്‍വില്ലിലുമായി രണ്ടു ഗ്യാസ് സ്റ്റേഷനുകള്‍ നടത്തുന്ന തോമസ് മലയിലിനും കുടുംബത്തിനും സാന്‍ഡി അവശേഷിപ്പിച്ചു പോയത് തിരക്കാര്‍ന്ന ദിവസങ്ങളാണ്. രണ്ടിടത്തും ഷെല്ലിന്റെ ഗ്യാസിലിനാണ് തോമസ് വില്‍ക്കുന്നത്. ഡെന്‍വില്ലില്‍ ഗ്യാസ് ഉണ്ടെങ്കിലും കറന്റ് ഇല്ലാത്തതിനാലും ജനറേറ്ററിന്റെ അഭാവം ഉള്ളതു കൊണ്ടും തോമസിന് ആവലാതിയില്ല. പാഴ്‌സിപ്പനിയില്‍ അതല്ല സ്ഥിതി. ഷെല്ലുമായി കോണ്‍ട്രാക്റ്റ് ഉള്ളതു കൊണ്ട് എല്ലാ അഞ്ചു ദിവസം കൂടുമ്പോഴും തോമസിന്റെ സ്റ്റീവ്‌സ് ഓട്ടോസ് എന്ന ഗ്യാസ് സ്‌റ്റേഷനില്‍ ഗ്യാസ് റെഡി. അങ്ങനെയൊരു ദിവസമായിരുന്നു ഇന്നലെ വെള്ളിയാഴ്ച. ചൊവ്വയും ഇതു പോലെ തന്നെയായിരുന്നു. തോമസും ഭാര്യ എല്‍സമ്മയും മക്കളായ സ്റ്റീവും സ്‌റ്റെനിയും ഗ്യാസ് സ്‌റ്റേഷനുകളിലെയും ഗരാജുകളിലെയും ഏതാണ്ട് പത്തു ജീവനക്കാരും വെള്ളത്തിനായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഗ്യാസിനായി നോക്കി കാത്തിരിക്കുന്ന ന്യൂജേഴ്‌സിക്കാര്‍ക്കായി തങ്ങളുടെ ഗ്യാസ് സ്റ്റേഷന്‍ മലര്‍ക്കെ തുറന്നിട്ടു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഇരുപതിനായിരം ഗ്യാലന്‍ ഗ്യാസുമായ സൗത്ത് ജേഴ്‌സിയില്‍ നിന്നും ട്രക്ക് പുറപ്പെട്ടു എന്ന വിവരം കിട്ടിയതോടെ തോമസ് തന്റെ സുഹൃത്ത് വലയത്തില്‍ പെട്ട എല്ലാവരെയും ഒരു റൗണ്ട് വിളിച്ചു, ഉടന്‍ പാഴ്‌സിപ്പനിയിലെത്തുക. ഗ്യാസ് ഇതാ വന്നു കൊണ്ടിരിക്കുന്നു. ഇരുപതു മിനിറ്റിനകം തോമസിന്റെ വിശാലമായ ഗ്യാസ് സ്‌റ്റേഷന്റെ ലോട്ട് മലയാളികളെ കൊണ്ടു നിറഞ്ഞു. മറ്റുള്ളവര്‍ അതിക്രമിച്ചു കയറാതിരിക്കാന്‍ തോമസ് ഗ്യാസ് സ്‌റ്റേഷന്റെ രണ്ടു എന്‍ട്രന്‍സും വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന വണ്ടികള്‍ കൊണ്ട് ബ്ലോക്ക് ചെയ്തു. ഗ്യാസിനായി ദാഹിച്ചും വരണ്ടും കാത്തിരുന്ന ജനസഞ്ചയം ഇവിടെ എന്തൊക്കെയോ നടക്കുന്നുവെന്നു മണത്തറിഞ്ഞതോടെ, വണ്ടിയുമായി വഴിയില്‍ ക്യൂവായി കിടക്കാന്‍ തുടങ്ങി. ഇതോടെ തോമസിന് ദേഷ്യം വന്നു. നോ ഗ്യാസ് എന്ന പ്ലാക്കാര്‍ഡും പിടിച്ച് തോമസും ജീവനക്കാരനും വഴിയില്‍ ഉടനീളം നടന്നു. ഇതോടെ, കാത്തു കിടന്നവര്‍ പിരിയാന്‍ തുടങ്ങി. രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞു.

സമയം മൂന്നു മണി. വഴിയിലൊരു പതിനെട്ടു വീലര്‍ ഗ്യാസ് സ്‌റ്റേഷനിലേക്ക് ചൂളം വിളിച്ചുകയറി. ഗ്യാസ് സ്‌റ്റേഷനിലാകെ
ആഹ്ലാദാരവം. ഇതോടെ, വഴിയില്‍ വീണ്ടും നീണ്ട ക്യൂ രൂപം പ്രാപിച്ചു. അതങ്ങനെയങ്ങു നീണ്ടു. നടന്നു നോക്കിയപ്പോള്‍ ചുരുങ്ങിയത് ഒന്നര മൈലെങ്കിലും നീളത്തില്‍ പെട്ടെന്നാണ് ആ ക്യൂ വളര്‍ന്നത്. ഇതോടെ പോലീസുമെത്തി. ഇനിയെങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പോലീസ് തോമസുമായി ചര്‍ച്ച നടത്തി. വന്നു കയറി ഗ്യാസ് ട്രക്ക് അണ്ടര്‍ഗ്രൗണ്ട് ടാങ്കിലേക്ക് ഗ്യാസ് ഫില്ലുചെയ്യാന്‍ തുടങ്ങി. ഇതിനിടെ ആരുമറിയാതെ വഴിയില്‍ കണ്ടെയ്‌നറുകളുമായി മറ്റൊരു ലൈന്‍ രൂപം പ്രാപിക്കുകയും ചെയ്തു. ആകപ്പാടെ ഒരു ഉത്സവ പ്രതീതി. പത്തിരുപതു മിനിറ്റുകള്‍ കഴിഞ്ഞു കാണും. പമ്പിലെ നോസിലെടുത്തു ജോലിക്കാരും ഉഷാര്‍. പിന്നെയങ്ങോട്ട് ഒരു യുദ്ധമായിരുന്നു. ലോട്ടിലുണ്ടായിരുന്ന മലയാളികളെല്ലാം വണ്ടിയിലും ഗ്യാസ് നിറച്ച് വണ്ടികകത്തുണ്ടായിരുന്ന കണ്ടെയ്‌നറുകളിലും നിറച്ച് സസന്തോഷം വീട്ടിലേക്കു പാഞ്ഞു. ഇതോടെ, തോമസ് എന്‍ട്രന്‍സിലെ വണ്ടികള്‍ എടുത്തു മാറ്റി. പുറത്തു കാത്തു കെട്ടി കിടന്ന കാറുകള്‍ പമ്പിലേക്ക് ഇരച്ചു കയറി. എല്ലാവര്‍ക്കും സന്തോഷം. തോമസിനും സന്തോഷം. പോലീസിനും സന്തോഷം. ഒരു ഹാപ്പി ഫാമിലി. ഈയൊരു പ്രക്രിയ ഗ്യാസ് മുഴുവന്‍ കാലിയായ എട്ടു മണി വരെ തുടര്‍ന്നപ്പോള്‍ ഓര്‍മ്മവന്നത് ഭക്ഷണപ്പൊതിക്കായി ബഹളം വയ്ക്കുന്ന സൊമാലിയന്‍ അഭയാര്‍ത്ഥികളുടെ ടിവി ദൃശ്യങ്ങളായിരുന്നു. ഏതാണ്ട് അതു പോലെയായിരുന്നു പമ്പിലെ ബഹളം.

ന്യൂജേഴ്‌സിയില്‍ ഉടനീളം ഇതിനു സമാനമായ കാഴ്ചകളാണ് കാണാനുള്ളത്. ഇതിനിടെ, മലയാളികള്‍ ഏറെ താമസിക്കുന്ന
റോക്ക് ലാന്‍ഡ്  കൗണ്ടിയില്‍ ഒരു വണ്ടിക്ക് മൊത്തമടിക്കാവുന്ന ഗ്യാസ് പത്തു ഗ്യാലന്‍ ഉത്തരവിറങ്ങി. ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ഗ്യാസ് വേണ്ടവര്‍ സൗത്ത് ജേഴ്‌സിയിലെ ഐ 95-നപ്പുറത്തു പോയി ഫില്‍ ചെയ്യുവാന്‍ ആഹ്വാനം ചെയ്തു. ന്യൂവാര്‍ക്ക് സീപ്പോര്‍ട്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വലിയ ടാങ്കറുകള്‍ ഇറക്കികൊണ്ടിരിക്കുന്നു. അടുത്ത മൂന്നു നാലു ദിവസത്തിനുള്ളില്‍ ഇത് വിവിധ ഗ്യാസ് സ്‌റ്റേഷനുകളില്‍ എത്തിച്ചേരുമെന്നു ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി അറിയിച്ചു.

ടീനെക്കിലും റിംഗ്‌വുഡിലും ഗ്യാസ് സ്‌റ്റേഷനുകളുള്ള കോട്ടയംകാരന്‍ അലക്‌സിനു തിരക്കേയില്ല. കാരണം, കറന്റ് ഇല്ലയെന്നതു തന്നെ. പക്ഷേ, അലക്‌സിന്റെ കാറിന്റെ മുകളിലേക്ക് വീടു പരിസരത്തു തന്നെയുണ്ടായിരുന്ന ഒരു വന്‍ മരം വീണ് കാര്‍ ടോട്ടല്‍ ചെയ്തു. അലക്‌സിനു പക്ഷേ കംപ്ലെയിന്റ് ഒന്നുമില്ല. ദൈവം തന്നു, ദൈവമെടുത്തു. അലക്‌സ് പറഞ്ഞു. ഇതിലും വലിയതെന്തോ വരാനിരുന്നതാണ്. അതു കൊണ്ട് യാതൊരു കംപ്ലെയ്ന്റുമില്ല.

ജനറേറ്ററുകള്‍ വില്‍ക്കുന്നവര്‍ക്കും അതോടനുബന്ധിച്ചുള്ള ആക്‌സസ്സറീസ് വില്‍ക്കുന്നവര്‍ക്ക് സാന്‍ഡി സമ്മാനിച്ചത് ഉഗ്രന്‍ ജാക്ക്‌പോട്ടാണ്. എവിടെയും നല്ല വില്‍പ്പന. മില്യണ്‍ കണക്കിനാള്‍ക്കാര്‍ക്ക് ഇപ്പോഴും കറന്റ് ഇല്ലായെന്നതും രാത്രിയിലെ തണുപ്പ് വീണ്ടും കൂടിയേക്കുമെന്ന വാര്‍ത്തയും പുറത്തു വന്നതോടെ എങ്ങനെയും ജനറേറ്ററുകള്‍ വാങ്ങാനുള്ള ശ്രമത്തിലാണ് എല്ലാവരും. പുറമേ, ചില പ്രദേശങ്ങളില്‍ നവംബര്‍ 11 വരെ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന അധികൃതരുടെ പ്രഖ്യാപനം ജനങ്ങളെ ആശങ്കയിലാഴ്ത്തി. ന്യൂജഴ്‌സിയില്‍ 20,000 പേര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. തീര നഗരങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. അതിനിടെ, ന്യൂയോര്‍ക്കിലെ പ്രധാന ഭൂഗര്‍ഭപാതയിലൂടെയുള്ള തീവണ്ടി ഗതാഗതം പുനരാരംഭിച്ചു. ന്യൂയോര്‍ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചും പ്രവര്‍ത്തനം തുടങ്ങി. കൊടുങ്കാറ്റില്‍ 90 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

വൈദ്യുതിക്കു പുറമേ ഗ്യാസ് കിട്ടാനില്ലെന്നതാണ് എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്‌നം. രാത്രി 11.30-നും വെളുപ്പിനെ 4.30-നും ഈസ്റ്റ് ഹാനോവറിലെ വാവാ ഗ്യാസ് സ്‌റ്റേഷനുകളിലും സുനോക്കോ ഗ്യാസ് സ്‌റ്റേഷനുകളിലും മൈലുകള്‍ നീണ്ട കാറുകളുടെ നീണ്ടനിരയാണ് കാണാനാവുന്നത്. ജോലിസ്ഥലങ്ങളില്‍ നിന്നുള്ള വിളിയെത്തുമ്പോള്‍ സാധാരണ നിലയില്‍ പറയാറുള്ള സിക്ക് എന്നതിനു പകരം നോ പെട്രോള്‍ എന്ന പുതിയ വാചകമാണ് പലരും തിരിച്ചു പറയുന്നത്. സാന്‍ഡി പോയി അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിസിനസ്സ് സ്ഥാപനങ്ങളും സ്‌കൂളുകളുമൊക്കെ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. അടച്ചിട്ട ബേസ്‌മെന്റുകളിലും ഗരാജുകളിലും ജനറേറ്ററുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു മരിച്ചവരുടെ എണ്ണവും വര്‍ധിച്ചതായും റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. ഇങ്ങനെയുള്ള അപകടങ്ങള്‍ ഒഴിവാക്കണമെന്നു ഗവര്‍ണറും മറ്റ് അധികൃതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു മില്യണ്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ല.

ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 17 കൂറ്റന്‍ എയര്‍ക്രാഫ്റ്റുകള്‍ പവര്‍ ജനറേഷനാവശ്യമായി സാധനങ്ങളുമായി കാലിഫോര്‍ണിയയില്‍ നിന്നും ന്യൂജേഴ്‌സിയില്‍ ഇന്നു ലാന്‍ഡ് ചെയ്തിട്ടുണ്ട്. വൈദ്യുതി സാധാരണ നിലയിലെത്താന്‍ കുറഞ്ഞത് പത്തു ദിവസം കൂടിയെടുക്കുമെന്നാണ് ജെപിസിഎല്‍ അധികൃതര്‍ അറിയിക്കുന്നത്. ഇതിനിടെ മറ്റൊരു ദുരന്തം കൂടിയാണ് ഇവിടുത്തെ ദുരിത ബാധിതരെ കാത്തിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച മഞ്ഞ് വീഴ്ചയുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അക്യുവെതറിലെ മെറ്റീരോളജിസ്റ്റ് അലക്‌സ് സ്‌നോസ്‌നോവ്‌സ്‌കി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. വരാനിരിക്കുന്നത് വലിയൊരു മഞ്ഞുവീഴ്ചയല്ലെങ്കിലും ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കിത് സമ്മാനിക്കുന്നത് കൂടുതല്‍ ദുരിതമായിരിക്കും. പുറമേ, ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെയും ഇതു സാരമായി ബാധിച്ചേക്കും. ചൊവ്വാഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പിനെയും ഇതു ബാധിക്കുമോയെന്നു സംശയമുണ്ട്. പോളിംഗ് ബൂത്തുകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്‌കൂളുകളും മുനിസിപ്പല്‍ മന്ദിരങ്ങളുമൊക്കെ പൂര്‍ണമായും സജ്ജമാകുമോയെന്ന സന്ദേഹവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കൊടുങ്കാറ്റ് കാരണം നിര്‍ത്തിവെച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും റിപ്പബഌക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും പുനരാരംഭിച്ചിട്ടുണ്ട്.
see below:
ന്യു ജേഴ്‌സിയിലെ 12 കൗണ്ടികളില്‍ ഇന്നു ഉച്ച മുതല്‍ ഗ്യാസിനു റേഷനിംഗ് 
ഒരു തുള്ളി ഗ്യാസിനു വേണ്ടി...തോമസ് മലയിലിന്റെ മലയാളി സ്‌നേഹം; (തുമ്പയില്‍)
ഒരു തുള്ളി ഗ്യാസിനു വേണ്ടി...തോമസ് മലയിലിന്റെ മലയാളി സ്‌നേഹം; (തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക