Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സത്യന്റെ പേരു നല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

Published on 09 November, 2012
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സത്യന്റെ പേരു നല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നടന്‍ സത്യന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. സത്യന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷവും സത്യന്‍ നാഷണല്‍ അവാര്‍ഡുനിശയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടനുള്ള അവാര്‍ഡിന് സത്യന്റെ പേര് നല്‍കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സത്യന്റെ മകന്‍ സതീഷ് സത്യന്‍ വേദിയില്‍ ഈ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഈ ആവശ്യം സിനിമാമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത സത്യനെന്ന മഹാപ്രതിഭയ്ക്ക് തലസ്ഥാന നഗരത്തില്‍ പ്രതിമ സ്ഥാപിക്കാനുള്ള ഭൂമി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിശിഷ്ട കലാകാരനായിരുന്നു സത്യന്‍. അഭിനയിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ജീവന്‍ നല്‍കാന്‍ ശേഷിയുള്ള അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അധ്യക്ഷനായി. ജനിച്ച് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ജനമനസ്സുകളില്‍ സത്യന്‍ ഓര്‍മിക്കപ്പെടുന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയെന്ന കലാരൂപത്തെ സത്യനിലൂടെയാണ് ശരിക്കറിയുന്നതെന്ന് സത്യന്‍ സ്മാരക പ്രഭാഷണം നടത്തിയ നടന്‍ ബാലചന്ദ്രമേനോന്‍ പറഞ്ഞു. 

ഈ വര്‍ഷത്തെ സത്യന്‍ സ്മാരക പുരസ്‌ക്കാരം നടന്‍ മധുവിന് മുഖ്യമന്ത്രി സമ്മാനിച്ചു. എല്ലാ അര്‍ത്ഥത്തിലും തന്റെ ഗുരുസ്ഥാനീയനാണ് സത്യനെന്ന് നടന്‍ മധു പറഞ്ഞു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചതിനേക്കാളേറെ താന്‍ സത്യനില്‍ നിന്ന് പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് സത്യന്റെ പേരു നല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക