Image

വിജയ് ചിത്രം 'തുപ്പാക്കി' വരുന്നു

Published on 09 November, 2012
വിജയ് ചിത്രം 'തുപ്പാക്കി' വരുന്നു
തിയേറ്റര്‍ സമരത്തെത്തുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ നിരാശയിലായ ഇളയദളപതി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. 'തുപ്പാക്കി' ദീപാവലി നാളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ 111 തീയേറ്ററുകളിലാണ് ഈ വിജയ് ചിത്രം പ്രദര്‍ശിപ്പിക്കുക. നേരത്തേ നവംബര്‍ ഒമ്പതിന് വെള്ളിയാഴ്ച 'തുപ്പാക്കി' തീയേറ്ററുകളിലെത്തിക്കാനായിരുന്നു ധാരണ. എന്നാല്‍ സര്‍വീസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ സമരം തുടങ്ങിയതോടെ റിലീസ് വൈകി. വിജയ് ചിത്രങ്ങള്‍ക്ക് വന്‍ കളക്ഷന്‍ ലഭിക്കുന്ന കേരളത്തില്‍ തിയേറ്റര്‍ സമരം തിരിച്ചടിയാകുമെന്ന് വിതരണക്കാരുടെ ആശങ്കയായിരുന്നു റിലീസ് വൈകാന്‍ കാരണം. 

ചിത്രം ആന്ധ്രയില്‍ വിതരണത്തിനെടുത്തവരും റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ദീപാവലി റിലീസായി നാഗാര്‍ജുനയുടെ ഡമരുകം, ദഗ്ഗുഭട്ടി റാണയുടെ കൃഷ്ണാ വന്ദേ ജഗത്ഗുരു തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ആന്ധ്രയിലെ തിയേറ്ററുകളിലെത്തുന്നുണ്ട്. അതേദിവസം തന്നെ തുപ്പാക്കിയും തിയേറ്ററുകളിലെത്തിയാല്‍ കളക്ഷന്‍ കുറയുമെന്ന് അവരും പരാതിപറഞ്ഞു. 

ഇതേത്തുടര്‍ന്നാണ് മൂന്ന് ദിവസം വൈകിപ്പിച്ച് ദീപാവലി നാളായ ചൊവ്വാഴ്ച 'തുപ്പാക്കി' റീലീസ് ചെയ്യാന്‍ നിര്‍മാതാവ് തീരുമാനമെടുത്തത്. സിനിമാസമരം തീര്‍ന്ന് തിയേറ്ററുകളില്‍ പുതിയ സിനിമകളെത്തിയതോടെ 'തുപ്പാക്കി' കേരളത്തിലും ദീപാവലി നാളിലെത്തുമെന്നുറപ്പായിട്ടുണ്ട്. ഗജിനിക്കും ഏഴാംഅറിവിനും ശേഷം സംവിധായകന്‍ എ.ആര്‍. മുരുകദോസ് ഒരുക്കുന്ന 'തുപ്പാക്കി'യെ വന്‍പ്രതീക്ഷകളോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്.

മുംബൈയുടെ പശ്ചാത്തലത്തില്‍ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോള്‍ തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. വിദ്യുത് ജംവാല്‍, അനുപമ കുമാര്‍, പ്രശാന്ത് നായര്‍, ഗീതം കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

കാമറ: സന്തോഷ് ശിവന്‍, സംഗീതം: ഹാരിസ് ജയരാജ്, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്. കലൈപ്പുലി ഇന്റര്‍നാഷണലിന്റെ ബാനറില്‍ എസ്. താണു നിര്‍മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് നൂറുകോടി രൂപയാണെന്നാണ് സിനിമാലോകത്തു നിന്നുള്ള വാര്‍ത്തകള്‍. തമിന്‍സ് റിലീസും ശ്രീ ശെന്തില്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. 

കഴിഞ്ഞ ദീപാവലി നാളില്‍ തിയേറ്ററുകളിലെത്തിയ 'വേലായുധം' എന്ന വിജയ്ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. വേലായുധത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ തുപ്പാക്കിക്കാവുമോ എന്നാണ് ഇനി അറിയാനുള്ളത്. 

വിജയ് ചിത്രം 'തുപ്പാക്കി' വരുന്നുവിജയ് ചിത്രം 'തുപ്പാക്കി' വരുന്നുവിജയ് ചിത്രം 'തുപ്പാക്കി' വരുന്നുവിജയ് ചിത്രം 'തുപ്പാക്കി' വരുന്നുവിജയ് ചിത്രം 'തുപ്പാക്കി' വരുന്നുവിജയ് ചിത്രം 'തുപ്പാക്കി' വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക