Image

ശ്രീപത്മനാഭന്‍റെ പൊതുമുതല്‍

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 10 November, 2012
ശ്രീപത്മനാഭന്‍റെ പൊതുമുതല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം പൊതുമുതലാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളും തര്‍ക്കുത്തരങ്ങളും തുടരുകയാണ്. അത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നുള്ള അമിക്യസ് ക്യൂരി നിര്‍ദേശവും നിധി പൊതുമുതലല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും രണ്ടു തരത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പൊതുമുതലാക്കി പങ്കിടേണ്ട എന്നു പറയുന്നവര്‍ രാജദാസന്‍മാരും പങ്കിടണമെന്നു പറയുന്നവര്‍ ദുരുദ്ദേശക്കാരുമാണെന്ന് പരസ്പരം ആരോപിക്കുന്നുമുണ്ട്. അല്‍പം സ്വതന്ത്രമായി ചിന്തിച്ചാല്‍ രണ്ടു പക്ഷവും പറയുന്നതില്‍ കുറെ ശരിയാണ് എന്നു മനസ്സിലാക്കാം.

എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി പൊതുമുതലാണ്. എന്നാല്‍, അത് പൊതുമുതലെന്ന നിലയ്‍ക്ക് കൈകാര്യം ചെയ്യപ്പെടാനോ സര്‍ക്കാരിലേക്കു മുതല്‍കൂട്ടാനോ പാടില്ല. തൃപ്പടിദാനത്തിലൂടെ രാജകുടുംബം ശ്രീപത്മനാഭസന്നിധിയില്‍ സ്വരുക്കൂട്ടിയ ആ നിധി സ്വമനസ്സാലെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും തൃപ്പടിദാനം നടത്തിയ ആളുകളുടേതാണ് എന്ന നിലയ്‍ക്കാണ് പൊതുമുതല്‍ എന്നു വിളിക്കപ്പെടേണ്ടത്. മറിച്ച് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനും സര്‍ക്കാരിനും അവകാപ്പെട്ടതാണ് ആ നിധി എന്ന അര്‍ത്ഥത്തില്‍ അതിനെ പൊതുമുതലെന്നു വിളിക്കുന്നത് അക്രമമാണ്, അത്യാഗ്രഹമാണ്.

നിധി പൊതുസ്വത്തല്ല എന്നു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഒരുപടി കൂടി മുന്നോട്ടു പോയി. ഈ സ്വത്ത് കണ്ടെത്തിയത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വിശ്വാസ്യത ഉയര്‍ത്തിയിരിക്കുന്നു. ജനാധിപത്യം വരും മുമ്പ്, മാധ്യമങ്ങളുടെ തിളക്കമില്ലാത്ത കാലത്ത്, എന്തിനും സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിച്ച രാജകുടുംബത്തെ തള്ളിപ്പറയുന്നത് ഒട്ടും ചേര്‍ന്നതല്ല- എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരുനാള്‍ ഇതുപോലൊരു കണക്കെടുപ്പിനും കോടതിനടപടികള്‍ക്കും വിധേയമാകും എന്ന മുന്‍ധാരണയോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബം നിധി അവിടെ സംരക്ഷിച്ചത് എന്നു നമുക്ക് പറയാനാവില്ല. രാജകുടുംബത്തിന്‍റെ പത്മനാഭസ്വാമിയിലുള്ള അടിയുറച്ച വിശ്വാസമാണ് നിധി അവിടെ നിലനിര്‍ത്തിയത് എന്നാണ് എനിക്കു തോന്നുന്നത്.

അതേ സമയം, അമിക്യസ് ക്യൂരിയുടെ റിപ്പോര്‍ട്ട് ക്ഷേത്രത്തിലെ നിധി രാജകുടുംബത്തിനു സ്വന്തമാക്കുന്നതിനു വേണ്ടിയുള്ളതാണെന്ന വിഎസിന്‍റെ വാദം ബാലിശമായി തോന്നുന്നു. നിധി സ്വന്തമാക്കാനായിരുന്നെങ്കില്‍ അത് രാജകുടുംബത്തിന് നേരത്തെ ആകാമായിരുന്നു. ജനാധിപത്യം വന്നിട്ട് തന്നെ പത്തറുപത് വര്‍ഷമായി. നിധി കൈവിട്ടുപോകുന്നതില്‍ ആധിയോ ആശങ്കയോ ഉണ്ടായിരുന്നെങ്കില്‍ ഒരു അമിക്യസ് ക്യൂരിയും ഇല്ലാതെ തന്നെ അത് വിദഗ്ധമായി രാജകുടുംബത്തിന് സ്വന്തമാക്കാമായിരുന്നു. ആദ്യമതിപ്പില്‍ തന്നെ രണ്ടുലക്ഷം കോടി രൂപ മതിക്കുന്ന നിധിയുടെ മാനേജ്മെന്‍റിന് ലോകത്തെ ഏറ്റവും സമര്‍ത്ഥരായ ഏജന്‍സികളെ എന്തുവിലകൊടുത്തും കൊണ്ടുവരാന്‍ രാജകുടുംബത്തിന് സാധിക്കുമായിരുന്നു. പണക്കൊതി ഉണ്ടായിരുന്നു എങ്കില്‍ ഇതെല്ലാം വിറ്റ് രാജ്യത്തെ ന്യൂജനറേഷന്‍ രാജാക്കന്‍മാരെപ്പോലെ എല്ലാം സ്വിസ് ബാങ്കില്‍ കൊണ്ടുപോയി ഇട്ട് രാജകുടുംബത്തിനും സ്വസ്ഥമായി ജീവിക്കാമായിരുന്നു. അതും അവര്‍ ചെയ്തില്ല. സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ ഭീരുക്കള്‍ക്കുള്ളതാണ്. കയ്യിലുള്ള പണത്തിന്‍റെ മൂല്യം അനുസരിച്ച് വ്യക്തിത്വവും സ്വഭാവവും രാഷ്ട്രീയവും നിലപാടുകളും മാറ്റുന്നവരും എന്നും മാറ്റമില്ലാത്ത ലാളിത്യത്തോടെ കഴിയുന്ന രാജകുടുംബാംഗങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ അല്‍പം വിവേകം കൂടിയേ തീരൂ.

ഇപ്പോള്‍ ജനാധിപത്യമാണ് നിലവിലുള്ളത് എന്നതിനാല്‍ പഴയ രാജഭരണക്കാരെ അധിക്ഷേപിച്ചുകൊണ്ടിരിക്കണം എന്നു ചിലര്‍ക്കൊരു ധാരണയുണ്ടെന്നു തോന്നുന്നു. ജനാധിപത്യത്തിനു മേല്‍ രാജാധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാണിക്കാനോ മറ്റു പൗരന്‍മാരെക്കാള്‍ അവകാശങ്ങളും അധികാരങ്ങളും ഉപയോഗിക്കാനോ മുതിരാത്തിടത്തോളം കാലം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജകുടുംബത്തെ അധിക്ഷേപിക്കുമ്പോള്‍ നമ്മള്‍ മികച്ച ജനാധിപത്യവാദികളാവുമെന്നത് ഒരു മിഥ്യാധാരണയാണ്. അതുപോലെ തന്നെയാണ് രാജുകുടുംബത്തെ അധിക്ഷേപിക്കാന്‍ കൂടാത്തവരെല്ലാം രാജഭക്തിയുള്ളവരും രാജദാസന്‍മാരുമാണെന്ന ആരോപണം. ആദരണീയരായ ആളുകളെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും മാന്യമായി ഇടപെടുന്നതും ബലഹീനതയാണെന്ന തോന്നല്‍ ഭീരുത്വമാണ്.

ഇനിയാണ് പ്രധാന ചോദ്യം. ലക്ഷം കോടിയുടെ മൂല്യമുള്ള നിധി ഡെഡ് ഇന്‍വെസ്റ്റ്മെന്‍റായി അവിടെത്തന്നെ സൂക്ഷിക്കുമോ അതോ സമൂഹനന്‍മയ്‍ക്കായി ഉപയോഗിക്കുമോ ? ഇതില്‍ സമൂഹനന്മയ്‍ക്കായി ഉപയോഗിക്കുക എന്ന ആശയമാണ് ഏറ്റവും അധികം ചിരിപ്പിക്കുന്നത്. സമൂഹനന്മ എന്നത് സങ്കീര്‍ണവും ആപേക്ഷികവുമായ പ്രയോഗമാണ്. സമൂഹനന്മ എന്ന് ഓരോരുത്തരും പറയുമ്പോള്‍ അവരുടെ മനസ്സിലുള്ള സമൂഹം വ്യത്യസ്തമായിരിക്കും. ആ നിധി കൊണ്ട് ആശുപത്രികളും പാലങ്ങളും റോഡുകളും കെട്ടുക എന്ന ആശയം പറഞ്ഞുകൊണ്ട് അതില്‍ കയ്യിട്ടുവാരിയാല്‍ തന്നെ അഴിമതി പൂത്തുലയുന്ന ഈ രാജ്യത്ത് അതില്‍ അഞ്ചു ശതമാനം പോലും ആ പ്രക്രിയകള്‍ക്ക് ഉപയോഗിക്കപ്പെടുകയില്ല എന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ നിധി പങ്കുവയ്‍ക്കപ്പെടുകയും അമൂല്യ ആഭരണങ്ങള്‍ വിദേശത്തേക്ക് കടത്തുകയും നേതാക്കന്‍മാര്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും അധികാരികളുടെ മേല്‍ അധികാരമില്ലാത്ത നിര്‍ഗുണരും നിസ്സഹായരുമായ ജനങ്ങള്‍ ഇതൊന്നുമറിയാതിരിക്കുകയും ചെയ്യുന്തിനെ സമൂഹനന്മ എന്നു വിളിക്കാന്‍ കഴിയുമോ ?

ഇനി ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സുതാര്യതയോടെ ഈ നിധി കൊണ്ട് സമൂഹനന്മയ്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുകയാണെന്നിരിക്കട്ടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിന്നെ എന്താണ് പ്രസക്തി ? ക്ഷേത്രത്തിലെ നിധിശേഖരമെടുത്ത് വികസനപ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ തീര്‍ച്ചയായും അതുവരെയുള്ള പദ്ധതിച്ചെലവുകളുടെ വരവുചെലവു കണക്കുകള്‍ കാണിക്കേണ്ടി വരും. മാത്രവുമല്ല, ജനാധിപത്യത്തിനു നടപ്പാക്കാനാവാത്ത സമൂഹനന്മ രാജകുടുംബത്തിന്‍റെ നിധിശേഖരം കൊണ്ടു നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തെക്കാള്‍ നല്ലത് രാജഭരണമാണ് എന്നു സമ്മതിക്കേണ്ടതായും വരും.മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കോടതിയുടേതു തന്നെയാവണം.

വിശ്വാസിയോ അവിശ്വാസിയോ ആരുമാകട്ടെ, ഇവിടെ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന് ക്ഷേത്രത്തിലെ നിധിയുടെമേല്‍ അവകാശമുന്നയിക്കാന്‍ യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. ആ നിധി ജനങ്ങള്‍ നല്‍കിയതും ജനങ്ങളില്‍ നിന്നു കൊള്ളയടിച്ചതുമാകയാല്‍ പൊതുമുതലാണെന്നാണ് സിപിഎമ്മിന്‍റെ വാദം. സിപിഎം എന്ന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി ഓഫിസുകള്‍ കെട്ടിപ്പടുക്കുന്നതും കോടികളുടെ സ്വത്ത് സ്വരുക്കൂട്ടുന്നതും എങ്ങനെയാണ് ? ബക്കറ്റ് പിരിവു നടത്തിയും മുതലാളിമാരില്‍ നിന്നും സ്വരൂപിച്ചുമൊക്കെ ഉണ്ടാക്കിയ പാര്‍ട്ടിയുടെ സ്വത്തും അങ്ങനെ നോക്കുമ്പോള്‍ പൊതുമുതല്‍ തന്നെയാണ്. ക്ഷേത്രമുതല്‍ സമൂഹനന്‍മയ്‍ക്ക് ഉപയോഗിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നേതാക്കന്‍മാര്‍ക്ക് പാര്‍ട്ടിയുടെ കോടികള്‍ അതേ സമൂഹനന്മയ്‍ക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ.

വാദങ്ങളും തര്‍ക്കങ്ങളും പക്ഷഭേദങ്ങളും മറന്നാല്‍ തന്നെയും ക്ഷേത്രത്തിലെ നിധിയ്‍ക്ക് ഒരു ചരിത്രമൂല്യമുണ്ട്. നിധി അതേപടി സംരക്ഷിക്കപ്പെടണം എന്നു പറയാന്‍ അതുമാത്രം മതി. സാമ്പത്തിക കണക്കെടുപ്പു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നിലവറകളിലെ നാണയങ്ങളും ആഭരണങ്ങളും രത്നങ്ങളും വിളക്കുകളും എല്ലാം ഓരോ ചരിത്രപാഠങ്ങള്‍ കൂടിയാണ്. അതിന്‍റെ സാമ്പത്തികമൂല്യത്തില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ചരിത്ര-സാംസകാരികമൂല്യം വച്ചു നോക്കിയാല്‍ നിധിശേഖരത്തിന്‍റെ അക്കാദമിക് മൂല്യം അതിന്‍റെ പതിന്‍മടങ്ങുവരും. ഇപ്പോള്‍ നടക്കുന്ന ബാലിശവും അര്‍ഥശൂന്യവുമായ വിവാദങ്ങള്‍ വിസ്മരിക്കപ്പെടും. നിധിശേഖരം ആര്‍ക്കും വിറ്റുകാശാക്കാനാവാത്ത വിധം ഗൗരവമുള്ളതാണെന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാവേണ്ടത്. ഈ നിധി വിറ്റുകാശാക്കാതിരുന്നു എന്നതല്ല, ഇത്തരത്തിലൊരു ചരിത്രരേഖ അറിഞ്ഞോ അറിയാതെയോ സംരക്ഷിച്ചു വച്ചതിന് രാജകുടുംബത്തിനോട് ലോകം കടപ്പെട്ടിരിക്കുന്നു. അതിനു നന്ദി പറയുമ്പോള്‍ നമ്മള്‍ രാജദാസന്‍മാരാകുന്നില്ല, ചരിത്രബോധവുള്ള വിദ്യാര്‍ഥികള്‍ മാത്രമേ ആകുന്നുള്ളൂ. വിദ്യാധനം സര്‍വധനാല്‍പ്രധാനം എന്നാണല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക