Image

ഒരു അച്ചനും ഒന്‍പതു വേശ്യകളും

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 11 November, 2012
ഒരു അച്ചനും ഒന്‍പതു വേശ്യകളും

മനോരോഗിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ പാവപ്പെട്ട അച്ചന്‍മാരുടെ തലയില്‍ കെട്ടിവച്ച് സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിട്ട് അധികകാലമായില്ല. ഇപ്പോള്‍ പുതിയൊരു സംഭവുമായി സാത്താന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തിലെ വിശ്വാസികളെ ഇനിയും വഴിതെറ്റിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു സാത്താന്‍ സ്റ്റോറി ഫയല്‍ ചെയ്തിരിക്കുന്നത് സഭയുടെ തറവാടായ ഇറ്റലിയില്‍ നിന്നാണ് (ഈ രാജ്യത്തു നിന്നാണ് രണ്ടു വിശുദ്ധര്‍ കപ്പലില്‍ വന്ന് പാപികളായ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന് നമ്മെ അനുഗ്രഹിച്ചത്. നമ്മുടെ ദേശീയ ഐശ്യര്യദേവതയായ സോണിയാ ഗാന്ധിയും ഈ രാജ്യത്തുനിന്നാണ്).

ഇറ്റലിയില്‍ ദൈവവേലയിലേര്‍പ്പെട്ടിരിക്കുന്ന കോട്ടയംകാരനായ ഒരു നല്ല ഇടയനെയും കോട്ടയത്തു നിന്ന് ഇറ്റലിയില്‍ ദൈവവേലയ്‍ക്കു പോയിരിക്കുന്ന സ്ത്രീകളെയും കഥാപാത്രങ്ങളാക്കി സാത്താന്‍ രചിച്ചിരിക്കുന്ന ഈ കഥ അനുസരിച്ച് വൈദികന്‍ ഇറ്റലിയില്‍ പത്തിരുപത് ഫീമെയില്‍ കോട്ടയങ്ങളെ വച്ച് നക്ഷത്രവേശ്യാലയം നടത്തുകയാണ് (സാത്താന്‍ തുലഞ്ഞുപോകട്ടെ). ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല. രണ്ടാമത്,ഒരു വൈദികന്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ദിവ്യന്‍ ആണെന്നാണ് അര്‍ത്ഥം. സഭയെ കരിവാരിത്തേക്കുന്നതിനും ചില വിശുദ്ധ ജന്മങ്ങളെ അവഹേളിക്കുന്നതിനും വേണ്ടി ചിലര്‍ അറിഞ്ഞുകൊണ്ട് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ദുരിതം !

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, കണ്ണൂരിലെ കുടിയേറ്റ മേഖലകളായ മടമ്പം, രാജപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും നല്ല ഇടയന്‍ കൊണ്ടുപോയ സ്ത്രീകളെ ഉപയോഗിച്ചാണ് ഇറ്റലിയിലെ നക്ഷത്രവേശ്യാലയം നടത്തുന്നത് എന്നു പാപികള്‍ പറയുന്നു. ഈ സ്ഥലങ്ങളിലൊക്കെ പരിചയമുള്ള അച്ചന്‍ ഇടവകയിലെ വനിതാസംഘടനകള്‍ വഴി സ്ത്രീകളെ വളച്ചെടുക്കുകയും ഇറ്റലിയിലേക്കു കൊണ്ടുപോവുകയുമായിരുന്നത്രേ. പ്രായമായവരെ ശുശ്രൂഷിക്കാനാണെന്നു പറഞ്ഞാണ് വൈദികന്‍ അവരെ കൊണ്ടുപോയതെന്നു പറയുന്നു (വേശ്യാവൃത്തി പ്രായമായവര്‍ക്കുള്ള ഒരു ശുശ്രൂഷയല്ലേ?). ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ചേട്ടന്‍മാര്‍ക്കും കേരളത്തില്‍ നിന്ന് ഇറ്റലിക്കു പോകുന്ന മാന്യന്‍മാര്‍ക്കും ഈ ആതുരാലയത്തില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കിയതാണോ പാവപ്പെട്ട അച്ചന്‍ ചെയ്ത തെറ്റ് ?

കോട്ടയംകാരനായ ഈ നല്ല ഇടയന്‍റെ ഇടവകയിലെ കന്യസ്ത്രീകളും അച്ചന്‍റെ ക്ലോസ് ഫ്രണ്ടായ ചില രാഷ്ട്രീയനേതാക്കന്‍മാരും കുഞ്ഞാടുകളെ കയറ്റിഅയയ്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ക്കുള്ള കമ്മിഷന്‍ അച്ചന്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും സാത്താന്‍റെ അനുചരന്‍മാര്‍ പറയുന്നു. ഈയിടെ അവിടെ എത്തിപ്പെട്ട ഒരു സ്ത്രീ ചതി മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ അച്ചനും സംഘവും അവര്‍ക്ക് വേറൊരു സ്ഥലത്ത് ജോലി ശരിയാക്കി കൊടുക്കുകയും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നും പാപികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ അഭയയ്‍ക്ക് മാനസികരോഗമുണ്ടായിരുന്നു എന്നതുപോലെ ഈ പ്രതിഷേധിച്ച സ്ത്രീയ്‍ക്കും എന്തോ ഗുരുതരമായ തകരാറുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ മുറ്റത്തുള്ളതുപോലെ നക്ഷത്രവേശ്യാലയങ്ങളുടെ മുറ്റത്തും ആഴമുള്ള കിണര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പാപികള്‍ പ്രചരിപ്പിക്കുകയും സഭയെയും വൈദികരെയും അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിലും അവസാനകാലത്ത് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുണ്ട്. വലിയൊരു പരീക്ഷണത്തിന്‍റെ സമയമാണിത്. ഇറ്റലിയില്‍ ദൈവവേല ചെയ്യുന്ന കോട്ടയംകാരനായ ആ നല്ല ഇടയന് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ധൈര്യവും ലഭിക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. അദ്ദേഹത്തോടൊപ്പം ശുശ്രൂഷാവേലയിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യസ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക