Image

സാത്താന്‍ അപകടത്തില്‍ (നര്‍മ കഥ)- ജോസ് ചെരിപുറം

ജോസ്‌ ചെരിപുറം Published on 13 November, 2012
സാത്താന്‍ അപകടത്തില്‍ (നര്‍മ  കഥ)- ജോസ് ചെരിപുറം
ഈ ഉലകത്തില്‍ നടക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും മനുഷ്യര്‍കുറ്റം ചാരുന്നത് എപ്പോഴും സാത്താനെയാണ്. ക്രിസ്ത്യാനികള്‍ സാത്താനെന്നും ഹിന്ദുക്കള്‍ അസുരന്മാരെന്നും മുസ്ലീമുകള്‍ ഇബലീസെന്നും അരുമയോടെ വിളിക്കുന്നത് സാക്ഷാല്‍ ലൂസിഫറിനെയാണ്. ആരാണ് ഈ ലൂസിഫര്‍, ആ പേരിന്റെ അര്‍ത്ഥം പ്രിന്‍സ് ഓഫ് ലൈറ്റ് എന്നാണ്. ദൈവത്തിന്റെ ഏറ്റവും അടുത്ത മാലാഖമാരില്‍ ഒരാള്‍. അതായത്, പ്രൈവറ്റ് സെക്രട്ടറി എന്നു പറയാം. ഇദ്ദേഹം സാധാരണ നമ്മളെപ്പോലൊക്കെ ചിന്തിക്കാന്‍ തുടങ്ങി. ദൈവം ആദിമുതല്‍ അന്ത്യം വരെ സര്‍വചരാചരങ്ങളുടെയും അധിപനായി വാഴുക. അത് ഒരു തരം സേച്ഛാധിപത്യമല്ലേ? എന്തുകൊണ്ട് സ്വര്‍ഗത്തില്‍ ഒരു ജനാധിപത്യവ്യവസ്ഥിതി വന്നുകൂടാ.

ഒരു പൊതുതിരഞ്ഞെടുപ്പു നടത്തുക. അതില്‍ വിജയിക്കുന്നവന്‍ ദൈവമാകട്ടെ. അങ്ങനെ സാത്താന്‍ സ്വര്‍ഗത്തിലുള്ള മറ്റു അന്തേവാസികളുമായി ഗൂഢാലോചന നടത്തി, ദൈവത്തിനെതിരായിട്ട്. അത് ഏതോ മൂരാച്ചികള്‍ ദൈവത്തിന്റെ കാതില്‍ ഓതിക്കൊടുത്തു അങ്ങനെ ലൂസിഫര്‍ കാലുവാരപ്പെടുകയും ദൈവകോപത്തിനിരയാവുകയും ചെയ്തു. അപ്പോള്‍ ത്തന്നെ ദൈവം തന്റെ അനുയായികളുടെ സഹായത്താല്‍ സാത്താനെയും അവന്റെ അനുചരന്മാരെയും നരകമുണ്ടാക്കി അതിലേക്ക് തള്ളിയിട്ടു. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ പോവെ- സാത്താന്‍ പറഞ്ഞു. 'സ്വര്‍ഗത്തിലെ വേലക്കാരനെക്കാള്‍ നരകത്തിലെ രാജാവാണ് നല്ലത് എന്ന്'. അന്നുമുതല്‍ ഇന്നുവരെ ദൈവവും സാത്താനും നിരന്തരം പോരാട്ടമാണ്. ഇടയക്ക് നമ്മളെപ്പോലുള്ള സാധു ജനങ്ങള്‍. ദൈവത്തിനും ചെകുത്താനുമിടയില്‍.

ജീവിതത്തിലെ സുഖഭോഗങ്ങളെല്ലാം നരകത്തിലേക്ക് വഴിയൊരുക്കുമെന്ന് മതങ്ങളും മതപണ്ഡിതന്മാരും പറയുന്നു. സ്വര്‍ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും കഷ്ടപ്പാടുനിറഞ്ഞതുമാണ്. പിന്നെ ഈ ലോകത്തില്‍വന്ന് കഷ്ടപ്പെട്ടിട്ട് എന്തിന് സ്വര്‍ഗത്തിലേക്ക് പോകണം. ഒരിക്കല്‍ നൂറുവയസ്സുവരെ ജീവിക്കുവാന്‍ എന്താണ് മാര്‍ഗം എന്നാരായുവാന്‍ ഒരുത്തന്‍ ഒരു ഡോക്ടറെ സമീപക്കയുണ്ടായി.

ഡോക്ടര്‍ ചോദിച്ചു, 'താന്‍ സിഗരറ്റ് വലിക്കുമോ?' 'ഇല്ല' എന്നായിരുന്നു മറുപടി. 'താന്‍ മദ്യപിക്കുമോ?''ഇല്ല'. 'തനിക്ക് സ്ത്രീകളില്‍ താത്പര്യമുണ്ടോ?' 'ഇല്ലേയില്ല' എന്നായിരുന്നു മറുപടി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: 'പിന്നെ എന്തിനാടാ കോപ്പേ താന്‍ നൂറുവയസ്സുവരെ ജീവിച്ചിരിക്കുന്നത്, പോയി ചത്തുകൂടെ'. അവിടെയും അവന്‍ പറഞ്ഞു, ഇതൊക്കെ സാത്താന്റെ തട്ടിപ്പുകളാണെന്ന്.

ഒരു കന്യാസ്ത്രീമഠത്തില്‍ എല്ലാവരും ആഹാരം കഴിക്കുമ്പോള്‍ ഒരു കന്യാസ്ത്രീമാത്രം ഒന്നു കഴിക്കാതിരിക്കുന്നത് ശ്രദ്ധിച്ച മദര്‍ സൂപ്പീരിയര്‍ ചോദിച്ചു. 'എന്താ സിസ്റ്ററേ ആഹാരം കഴിക്കാത്തത്?' സിസ്റ്റര്‍ പറഞ്ഞു. 'മദറേ എനിക്ക് ഉപവാസമാണ്'. 'നല്ലതുതന്നെ', മദര്‍ പറഞ്ഞു. ഉപവാസം സാത്താന്റെ പരീഷണങ്ങളെ അതിജീവിക്കാന്‍ പറ്റിയ മാര്‍ഗമാണ്. അതുകേട്ടപ്പോള്‍ ഉപവസിച്ച കന്യാസ്ത്രീയുടെ മുഖം വിടര്‍ന്നു. ഉപവസിക്കാത്ത കന്യാസ്ത്രീകളുടെ മനമുരുകുകയും മുഖത്ത് മറ്റേ കന്യാസ്ത്രീയോടുള്ള അസൂയപ്പൂക്കള്‍ വിരിയുകയും ചെയ്തു.

മഠത്തില്‍ ഈ പതിവ് തുടരുകയും ചെയ്തു. ഉപവസിക്കുന്ന കന്യാസ്ത്രീയെ മദര്‍ പ്രശംസിക്കുകയും സാത്താന്റെ പരീക്ഷണത്തിന് ശക്തിയായ തിരിച്ചടിയാണ് ഉപവാസത്തിലൂടെ ഈ മാതൃകാ സന്യാസിനി ചെയ്യുന്നതെന്നും മറ്റു കന്യാസ്ത്രീകളെ മദര്‍ എന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ തുടരവേ ഒരു ദിവസം മദറിന് രാത്രിയില്‍ ദാഹിച്ചു. മദര്‍ അടുക്കളയില്‍ കുറച്ചുവെള്ളം കുടിക്കാന്‍ പോയി. ലൈറ്റിട്ട് പാതിരാവില്‍ നോക്കിയപ്പോള്‍, ദേ നില്‍ക്കുന്നു നമ്മുടെ മാതൃകാ സന്ന്യാസിനി ഒരു പുഴുങ്ങിയ മുട്ട തിന്നുകൊണ്ട് അടുക്കളയില്‍. അമ്പരന്ന മദര്‍ വിശ്വസിക്കാനാവാതെ ചോദിച്ചു.

'എന്താ സിസ്റ്ററേ ഇവിടെ ഈ പാതിരായ്ക്ക് മുട്ട കട്ടുതിന്നുന്നോ?'

ബുദ്ധിമതിയായ സിസ്റ്റര്‍ ഉടനെ തന്ത്രപരമായ പറഞ്ഞു, അയ്യോ മദറേ, സാത്താന്‍ അവനെന്നെ പരീക്ഷിച്ചതാണ്, എന്റെ കുറ്റമല്ല. ആ സാത്താന്‍ നമ്മളെ പിഴപ്പിച്ചു നരകത്തിലേക്ക് കൊണ്ടു പോകുന്നവന്‍ അവനാണ് ഇതിന്റെയെല്ലാം പിന്നില്‍.

ഇതെല്ലാം കേട്ടുകൊണ്ട് സാത്താന്‍ ഇരുട്ടത്ത് കതകിന് പിറകില്‍ നില്‍പ്പുണ്ടായിരുന്നു. അവന്‍ പുറത്തേക്കുവന്ന് സിസ്റ്ററിന്റെ കരണത്ത് ഒന്നു പൊട്ടിച്ചു. എന്നിട്ട് ആക്രോശിച്ചു. “കൊതികേറി വിശന്നപ്പം മുട്ട കട്ടുതിന്നിട്ട് ഇതിലൊരുപങ്കുമില്ലാത്ത എന്റെമേല്‍ കുറ്റം ചാരാമെന്ന് വ്യാമോഹിക്കേണ്ട. ഇങ്ങനെയുള്ള തറകേസില്‍ എന്റെ പേരുപറയുന്നതുതന്നെ ഞങ്ങള്‍ സാത്താന്മാര്‍ക്ക് അപമാനമാണ്. വല്ല കൊലപാതകമോ പീഡനമോ കള്ളക്കടത്തോ രാഷ്ട്രീയ കുതികാല്‍വെട്ടലോ അതിലൊക്കെ ഇടപെട്ടു എന്നു പറയുന്നത് കേട്ടാലും ഒരന്തസ്സുണ്ട്. ഇതു വെറും ചീപ്പ് കേസ്.”

ഇതും പറഞ്ഞ് സാത്താന്‍ റോഡിലേക്ക് ഒരൊറ്റ ചാട്ടം. അതും അബ്ദ്ധമായി. പാഞ്ഞുവന്ന ഒരു പാണ്ടിലോറി സാത്താനെ ഇടിച്ച് തെറിപ്പിച്ചു. വഴിയരികില്‍ ബോധരഹിതനായി രക്തമൊലിപ്പിച്ചു. സാത്താന്‍ കിടന്നു. വേദനയാല്‍ ഞരങ്ങിയും മൂളിയും ഊര്‍ദ്ധശ്വാസം വലിച്ച്, ആരെങ്കിലും സാഹിക്കുമെന്ന വിശ്വാസത്തില്‍ രാത്രി കഴിച്ചുകൂട്ടി. നേരംവെളുത്തപ്പോള്‍ പലരും അതിലേ കടന്നുപോയി. പലരും അടുത്തുവന്നു നോക്കി, കൊച്ചു വാലും ദ്രംഷ്ടങ്ങളുമൊക്കെ കണ്ടപ്പോള്‍ അവരെല്ലാവരും പേടിച്ച് ഓടിപ്പോയി. അവസാനം ഒരു പുരോഹിതന്‍(പള്ളീലച്ചന്‍ അതുവഴി വന്നു). സാത്താന് ബോധം വന്നു. അച്ചനെ കണ്ടപ്പോള്‍ സാത്താന്‍ നിലവിളിച്ചു.

'അച്ചോ ഞാനിപ്പോള്‍ ചാകുമോ. എന്നെ ഏതെങ്കിലും ആശുപത്രിയില്‍ ആക്കണമേ'.

നിസ്സഹായനായ ഒരു വ്യക്തി അപകടത്തില്‍പ്പെട്ട് വഴിയരുകില്‍ കിടക്കുമ്പോള്‍ പുരോഹിതനായ താന്‍ എങ്ങനെ അവഗണിക്കും. അച്ചന്‍ സാത്താനടുത്തേക്ക് ചെന്നുനോക്കി. ഞെട്ടിപ്പോയി. തന്റെ അജന്മശത്രു. അവന്‍ ചാകുന്നെങ്കില്‍ ചാകട്ടെ. അത്രയും പാപികള്‍ കുറഞ്ഞുകിട്ടുമല്ലോ. അച്ചന്‍ പറഞ്ഞു.

'നീ അവിടെക്കിടക്ക്, നീ ചത്താല്‍ അത്രയും നല്ലത്'.

അച്ചന്‍ തിരിച്ചുനടക്കാന്‍ ഭാവിച്ചപ്പോള്‍ സാത്താന്‍ പറഞ്ഞു.

'അച്ചോ ഞാന്‍ ചത്താല്‍ അച്ചന്‍ പട്ടിണിയായതുതന്നെ സംശയമില്ല'.

ചിന്തിച്ചപ്പോള്‍ അച്ചനും മനസ്സിലായി. പിശാച് നരകം ഇതൊന്നുമില്ലെങ്കില്‍ ആരെങ്കിലും പള്ളിയില്‍ പോകുമോ? ഒട്ടും മടിക്കാതെ ഉടന്‍തന്നെ അച്ചന്‍ സാത്താനെ നരകത്തിലെ ഒന്നാംതരം ഹോസ്പിറ്റലിലാക്കുകയും ആശുപത്രിച്ചെലവ് മുഴുവനും വഹിച്ചു എന്നുമാണ് ജനസംസാരം.
സാത്താന്‍ അപകടത്തില്‍ (നര്‍മ  കഥ)- ജോസ് ചെരിപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക