Image

യാസര്‍ അരാഫത്തിന്റെ മരണം ഒരു കൊലപാതകമോ? (മാത്യു മൂലേച്ചേരില്‍)

മാത്യു മൂലേച്ചേരില്‍ Published on 13 November, 2012
യാസര്‍ അരാഫത്തിന്റെ മരണം ഒരു കൊലപാതകമോ? (മാത്യു മൂലേച്ചേരില്‍)
എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരണമടഞ്ഞ പാലസ്‌തീനിയന്‍ നേതാവ്‌ യാസര്‍ അരാഫത്തിന്റെ മരണം സ്വാഭാവികമോ അതോ അതൊരു ആസൂത്രിത കൊലപാതകമോ എന്ന്‌ സംശയം. എന്തായാലും ചോവ്വാഴ്‌ച മുതല്‍ വെസ്റ്റ്‌ ബാങ്കിലെ രാമള്ളയിലുള്ള അദ്ദേഹത്തിന്‍റെ ശവകുടീരത്തിന്റെ ഗ്‌ളാസ്സുകളും ശവക്കല്ലറയുടെ മാര്‍ബിളുകളും നീക്കംചെയ്‌തു ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്തു പരിശോധന ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സ്വിറ്റ്‌സര്‍ലന്‌ഡിലെ ലൌസാനിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റേഡിയോഫിസിക്‌സിലെ ഡയറക്ടര്‍ ഡോക്ടര്‍ ഫ്രാങ്കോയിസ്‌ ബൊച്ചുദിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ വിധവ ശ്രീമതി സുഹ അരാഫത്ത്‌ ഔപചാരികമായി കൊടുത്ത നീയമപരമായ പരാതിയെത്തുടര്‍ന്നാണ്‌ ഈ അന്വേഷണം. പരാതി ലഭിച്ചയുടന്‍തന്നെ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിലവിലുള്ള പാലസ്‌തീനിയന്‍ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ്‌ അബ്ബാസ്‌ ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു. ഫ്രഞ്ച്‌ അന്വേഷണ ഏജന്‍സിയ്‌ക്കാണ്‌ അന്വേഷണത്തിന്റെ പൂര്‍ണ്ണ ചുമതല.

ഡോക്ടര്‍ ഫ്രാങ്കോയിസ്‌ ബൊച്ചുദ്‌, അരാഫത്തിന്റെ സ്വകാര്യ ജംഗമവസ്‌തുക്കളില്‍ പെടുന്ന ടൂത്ത്‌ബ്രഷ്‌, കാഫിയേ, ശിരോവസ്‌ത്രം, മറ്റു വസ്‌ത്രങ്ങള്‍ മുതലായവയില്‍ നടത്തിയ പഠനങ്ങളില്‍ മാരകവിഷമായ പൊളോണിയം210 കണ്ടെത്തിയതായ്‌ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ അരാഫത്തിന്റെ ശവശരീരം പോസ്‌റ്‌മാര്‍ട്ടം ചെയ്‌തപ്പോള്‍ അതിലെ രക്തത്തിനു എന്തോ അസാധാരണമായ ഒരു നാറ്റം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. ലുക്കീമിയയോ, മറ്റു ഉദരസംബന്ധിയായ അസുഖങ്ങളോ ഉള്ളവര്‍ക്കാണ്‌ രക്തത്തിന്‌ സാധാരണ അതുപോലുള്ള നാറ്റം ഉണ്ടാവുക. എന്നാല്‍ അരാഫത്തിനെ സംബന്ധിച്ച്‌ അപ്രകാരമുള്ള അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നതായ്‌ ഒരിക്കലും കണ്ടെത്തിയിരുന്നില്ല.

രണ്ടായിരത്തി നാല്‌ നവംബര്‍ പതിനൊന്നാം തീയതിയായിരുന്നു അദ്ദേഹം മരിച്ചതായ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. അദ്ദേഹത്തിനപ്പോള്‍ 75 വയസ്സായിരുന്നു പ്രായം. അന്നുമുതല്‍ ഇതൊരു കൊലപാതകമായിരിക്കമെന്നുള്ള സംശയങ്ങളും കിംവദന്തികളും ധാരാളം ഉണ്ടായിരുന്നു. ഇത്രയും വര്‌ഷം പഴക്കമുള്ള ശവശരീരം പുറത്തെടുക്കുകയെന്നുള്ളത്‌ വളരെ ശ്രമകരമായ ഒരു പണിയാണെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. കുറഞ്ഞത്‌ രണ്ടാഴ്‌ചയെങ്കിലും ഇതിനായെടുക്കുവാന്‍ സാധ്യതയുള്ളതായും അവര്‍ വാര്‍ത്താമാധ്യമങ്ങളോട്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക