Image

ചുവന്ന സൂര്യന്‍ (കഥ)- നീന പനയ്ക്കല്‍

നീന പനയ്ക്കല്‍ Published on 16 November, 2012
ചുവന്ന സൂര്യന്‍ (കഥ)- നീന പനയ്ക്കല്‍
ഒരാഴ്ച മുമ്പു മുതല്‍ക്കേ ടി.വി.യില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ജൂലായ് ഫോര്‍ത്തിന് ഭയങ്കര ചൂടായിരിക്കുമെന്ന്. നൂറ്റി അഞ്ചു ഡിഗ്രി വരെ എത്തുമെന്ന്.

വീടിനു വെളിയില്‍ കഴിവതും ഇറങ്ങരുത്, പടക്കം പൊട്ടിക്കരുത്. സ്വാതന്ത്ര്യദിനമാണെങ്കിലും, ധാരാളം തണുത്ത വെള്ളം കുടിക്കണം. ടി.ടി ആങ്കര്‍ പറഞ്ഞുകൊണ്ടിരിന്നു.

പ്രവചനം ശരിയായി. നൂറ്റി അഞ്ചു ഡിഗ്രി ചൂട്. കത്തിജ്വലിക്കുന്ന സൂര്യന്‍. പൊള്ളിനില്‍ക്കുന്ന ഭൂമി.

എയര്‍ക്കണ്ടീഷണര്‍ പ്രവര്‍ത്തിക്കുന്നില്ല, നന്നായി. വീടിനകത്തെ നീരാവി നിറഞ്ഞ ചൂടു സഹിക്കവയ്യാതെ മാര്‍ഗരറ്റ് മുറ്റത്തേക്കിറങ്ങി. വീടിനു മുന്നിലെ വയസ്സന്‍ മരം ഒരല്പം തണല്‍ മുറ്റത്തേക്ക് എറിഞ്ഞിട്ടുണ്ട്. വിയര്‍പ്പില്‍ കുതിര്‍ന്ന് ശരീതത്തോട് ഒട്ടിപ്പിടിച്ച കോട്ടണ്‍ ഫ്രോക്കിന്റെ അറ്റംകൊണ്ട് മുഖത്തെ മുത്തുമണികള്‍ ഒപ്പി.

റോഡില്‍ ആരുമില്ല. ഉച്ചയുറക്കത്തിലാവും എല്ലാവരും. ടി.വി.യിലെ മുന്നറിയിപ്പു കേട്ട് പേടിച്ച് ആരും പുറത്തിറങ്ങാത്തതുമാവാം. അതുമല്ലെങ്കില്‍ കുറച്ചകലെയുള്ള പൊതു നീന്തല്‍ക്കുളത്തില്‍ പോയി കിടക്കുകയായിരിക്കും.

സ്വിമ്മിംഗ് പൂളില്‍ പോകണമെന്ന് മാര്‍ഗരറ്റിന് ആഗ്രഹമുണ്ട്. വെള്ളത്തിന് തണുപ്പ് കാണില്ല. ആവശ്യത്തിലധികം ക്ലോറിന്‍ ഇട്ടിട്ടുണ്ടാവും. എന്നാലും സാരമില്ലായിരുന്നു. പക്ഷേ, മമ്മായോട് അനുവാദം ചോദിക്കാന്‍ മടി. മമ്മായും ബോയ്ഫ്രണ്ടും (എത്രാമത്തേത് എന്ന് എണ്ണി മടുത്തു) കൂടി ഒരു വലിയ പോര് കഴിഞ്ഞതേയുള്ളൂ.

മമ്മായുടെ അസഭ്യവാക്കുകള്‍, ലൂക്കിന്റെ ആക്രോശവും അടിയുടെ ശബ്ദവും, മമ്മായുടെ ഉച്ചത്തിലുള്ള അലര്‍ച്ചയും അധികമധികം അസഭ്യവാക്കുകളും.

ഐ ഹേറ്റ് ഇറ്റ് വെന്‍ ദെ ഫൈറ്റ്. ഐ ഗെറ്റ് സോ എംബാരസ്സ്ഡ്. അവള്‍ പിറുപിറുത്തു. റോഡില്‍ സൈക്കിളോടിച്ചു കളിക്കുന്ന, ബാസ്‌ക്കറ്റ് ബോളും ഹോക്കിയും കളിക്കുന്ന അയല്‍വക്കത്തെ കുട്ടികള്‍ കളി മതിയാക്കി വഴക്കു ശ്രദ്ധിക്കുന്നതു കാണുമ്പോള് തൊലി ഉരിഞ്ഞു പോകും.

“മാര്‍ഗരറ്റ്, യു വാണ്ട് ടും കം പ്ലേ വിത്ത് അസ്?” ആരും ചോദിച്ചിട്ടില്ല, ഇതുവരെ. സങ്കടമുണ്ട് പരാതിയില്ല.

അകത്ത് അനക്കമൊന്നും കേള്‍ക്കുന്നില്ല. മാര്‍ഗരറ്റ് മെല്ലെ അകത്തു കയറി നോക്കി.

"ഓ, ദെ മെയ്ഡ് അപ്പ്." അവജ്ഞയോടെ അവള്‍ മുഖം തിരിച്ചു. രണ്ടും കട്ടിലില്‍ പിണഞ്ഞു കിടന്ന് ഉറങ്ങുന്നു. മുക്കാലും നഗ്നരായി. ഒഴിഞ്ഞ നാലഞ്ചു ബിയര്‍ക്കുപ്പികള്‍ കട്ടില്‍ക്കീഴില്‍.

ലിവിംഗ് റൂമിലേക്കു ചെന്നു.

ഇതൊരു പന്നിത്തൊഴുത്താണ്. അവള്‍ മുഖം വക്രിപ്പിച്ചു. നിറഞ്ഞു കവിഞ്ഞ ആഷ്‌ട്രേക്കു ചുറ്റും ചാരവും സിഗാര്‍ കുറ്റികളും. ചവിട്ടിച്ചതച്ച ബിയര്‍ കാനുകളില്‍ നിന്നും ഒലിച്ചിറങ്ങിയ ബിയര്‍ നിറം മങ്ങിയ പഴയ കാര്‍പ്പെറ്റില്‍ പാടുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ലൂക്കിന്റെ വൃത്തികെട്ട ചെരിപ്പുകളില്‍ നിന്നും കാലുറകളുടെ ചീഞ്ഞവാട. അവള്‍ മൂക്കു പൊത്തി.

ഒരു നീണ്ട കമ്പുകൊണ്ട് ചെരിപ്പുകള്‍ രണ്ടും കുത്തിയെടുത്ത് അയാള്‍ കിടക്കുന്ന കട്ടില്‍കീഴെ കൊണ്ടിട്ടു. ആഷ്‌ട്രേകള്‍ തുടച്ചു വൃത്തിയാക്കി. ബിയര്‍ കാനുകള്‍ ചവറ്റുകൊട്ടയിലിട്ടു. കോഫി ടേബിളും എന്‍ഡ് ടേബിളുകളും തുടച്ചു വൃത്തിയാക്കി.

മമ്മി ഉണരുമ്പോള്‍ കഴിക്കാന്‍ ഭക്ഷണം ഉണ്ടാക്കി വെക്കണം എന്ന കാര്യമോര്‍ത്തു.

കുറച്ചുകൂടി കഴിയട്ടെ. അടുപ്പു കത്തിക്കാന്‍ സാധിക്കില്ല ചൂടു കാരണം.

ഈ ലോംഗ് വീക്കെന്റ് കഴിഞ്ഞ് ക്ലാസില്‍ ചെല്ലുമ്പോള്‍ ബുക്ക് റിപ്പോര്‍ട്ട് കൊടുക്കണം. നല്ല ഒരു കഥ തെരഞ്ഞെടുത്ത് വായിച്ച്, അതിനെക്കുറിച്ച് രണ്ടു പേജില്‍ കുറയാത്ത ഒരു റിപ്പോര്‍ട്ട് ആണ് കൊടുക്കേണ്ടത്. ഒരു മാസത്തില്‍ ഒന്നു വീതം നിര്‍ബന്ധമാണ്. സമയത്തിനു കൊടുത്തില്ലെങ്കില്‍ മിസ്. എഡല്‍സ്റ്റീന്‍ ക്ലാസിന്റെ മൂലക്കു നിര്‍ത്തും. കുട്ടികള്‍ പരിഹസിക്കും.

മാര്‍ഗരറ്റ് അവളുടെ മുറിയിലേക്കു നടന്നു.

എത്ര കുടുസ്സായ മുറിയാണിത്. സങ്കടം തോന്നി. ചതഞ്ഞ മാട്രസ്സും ബെഡും. സിവിള്‍ വാറിന്റെ കാലത്തു വാങ്ങിയ മേശയും കസേരകളും. ആകെയുള്ള കുറച്ചു വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയുടെ വലിപ്പുകളെല്ലാം പിടിപോയി നാശമായി കിടക്കുന്നു.

എല്ലാം ഒന്നു മാറ്റിത്തരണമെന്ന് മമ്മായോടു പറയാന്‍ തുടങ്ങിയിട്ട് കാലമെത്രയായി!!

അഗ്ലി. ദിസ് റൂം ഈസ് അഗ്ലി. മൈ ഹോള്‍ ലൈഫ് ഈസ് അഗ്ലി.

ചാരനിറത്തില്‍ പുകയായി നിന്ന നീരാവി പുറത്തു പോകാന്‍ ജനാല തുറന്നു. കനല്‍ക്കാറ്റ് അകത്തേക്ക് അടിച്ചുകയറി. മുറിക്കകം വറചട്ടിയായി.

മുക്കാലും വായിച്ചു തീര്‍ന്ന പുസ്തകവുമായി മാര്‍ഗററ്റ് കട്ടിലില്‍ കയറി. തലയിണ അല്പം ഉയര്‍ത്തി ചാരിയിരുന്ന് പുസ്തകംനിവര്‍ത്തി.

മയങ്ങിപ്പോയി. മുഖത്തേറ്റ ചൂടിന്റേയും ദുര്‍ഗന്ധത്തിന്റേയും സമ്മര്‍ദ്ദം കൊണ്ട് ഞെട്ടിയുണര്‍ന്നു.

ലൂക്കിന്റെ മുഖം തൊട്ടടുത്ത്.

“പുസ്തകം തുറന്നു വെച്ചിട്ട് ഇരുന്നുറങ്ങുകയാണോ? അത്രക്കു ബോറന്‍ കഥയാവും”. അയാള്‍ പൊട്ടിച്ചിരിച്ചപ്പോഴുയര്‍ന്ന മലിനഗന്ധം!

“മമ്മാ ഇപ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. ചാടിയെണിക്കാന്‍ ശ്രമിച്ചുകൊണ്ടവള്‍ പറഞ്ഞു. വേഗം രണ്ട് ഹോട്ട് ഡോഗ് ഉണ്ടാക്കട്ടെ.”

“ഡോണ്‍ട് വറി എബൗട്ട് യുവര്‍ മമ്മാ”. വല്ലാത്ത ഒരു ചിരിയോടെ അയാള്‍ പറഞ്ഞു. “നിന്റെ മമ്മാ ഇപ്പോഴൊന്നും ഉണരുകയില്ല. നീ അങ്ങോട്ടു നീങ്ങി ഇരിക്ക്. നമുക്കു രണ്ടുപേര്‍ക്കും കൂടി പുസ്തകം വായിക്കാം.”

“നോ..”

വീണ്ടും എഴുന്നേല്‍ക്കാന്‍ തുടങ്ങിയ മാര്‍ഗരറ്റിനെ തള്ളി ചുവരോടു ചേര്‍ത്ത് ഞെരുക്കി അയാള്‍ കട്ടിലില്‍ കയറിയിരുന്നു. പഴയ കട്ടില്‍ വല്ലാതെ ഞരങ്ങി.

"യു ആര്‍ വെരി പ്രിറ്റി. നീ വളരുമ്പോള്‍ നിന്റെ പിറകില്‍നിന്ന പൂവാലന്‍മാരെ ഓടിക്കാനേ ഈ ലൂക്കിനു നേരം കാണൂ." വലിയ തമാശ പറഞ്ഞമട്ടില്‍ പല്ലിളിച്ചുകൊണ്ട് അയാള്‍ അവളുടെ മുഖം പിടിച്ച് അടുപ്പിക്കാന്‍ ശ്രമിച്ചു.

"ഡോണ്‍ട് ടച്ച് മീ". പല്ലുകടിച്ച് സര്‍വ്വശക്തിയും എടുത്ത് അവനെ തള്ളിമാറ്റി.

“നിനക്ക് നിന്റെ മമ്മായുടെ സ്വാഭാവം തന്നെ. ഇഞ്ചി. ഈ കടിയുറുമ്പിന്റെ സ്വഭാവമുള്ളവരെ എനിക്ക് എന്തിഷ്ടമാണെന്നോ. ഐ ലൈക്ക് ഫൈറ്റിംഗ്. ഐ ലൈക്ക് ടു ഫൈറ്റ് ആന്റ് വിന്‍.”

ആരും അവളുടെ നിലവിളി കേട്ടില്ല. തൊട്ടടുത്ത മുറഇയില്‍ മമ്മാ കൂര്‍ക്കം വലിച്ചുറങ്ങി. മലര്‍ക്കെ തുറന്നിട്ട ജനാലക്കപ്പുറത്ത് ദൂരെ ആകാശമേഘങ്ങള്‍ക്ക് ചിറിയിലൊട്ടിപ്പിടിച്ച ചോര നാവുകൊണ്ടു നുണയുന്ന ചെന്നായുടെ രൂപം.

മാര്‍ഗരറ്റ് കണ്ണു തുറന്നപ്പോള്‍ കട്ടില്‍ കമിഴ്ന്നു കിടക്കയാണ്. മൂര്‍ച്ചയുള്ള കത്തികൊണ്ടു വരഞ്ഞതുപോലെ ശരീരമാസകലം നീറ്റലും വേദനയും.

“നീയിവിടെക്കിടന്ന് ഉറങ്ങുകയായിരുന്നു അല്ലേ?”

കലി തുള്ളിക്കൊണ്ട് മമ്മാ. “എനിക്കു പോവണം. ഭക്ഷണമുണ്ടാക്കാത്തതെന്ത്?”

പണിപ്പെട്ട് അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. എന്നെ സാഹിക്കൂ മമ്മാ. എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യ. അവള്‍ കൈകള്‍ നീട്ടി. ഇററ് ഈസ് ലൂക്ക്. ഐ ആം ആള്‍ സോര്‍. പ്ലീസ് ഹെല്‍പ്പ് മീ.

പാറയില്‍ ഉറഞ്ഞതുപോലെ നീറുന്ന കവിളില്‍ പുറംകൈ കൊണ്ടുള്ള അടിയേറ്റ് അവള്‍ കട്ടിലിലേക്ക് വീണു.

“പതിനൊന്നു വയസ്സായില്ല. അതിനു മുമ്പ് നീ എന്റെ ശത്രുവായി. നിനക്ക് എന്റെ ബോയ്ഫ്രണ്ടിനെ തട്ടിയെടുക്കണം അല്ലേ? എന്റെ അടുത്ത് ഉറങ്ങികിടന്ന അവനെ..”

തോരാത്ത അസഭ്യവര്‍ഷം. മാര്‍ഗരറ്റ് ചെവികള്‍ പൊത്തി.

കാറിന്റെ ഡോര്‍ വലിച്ചടയ്ക്കുന്ന, കാര്‍ നീങ്ങുന്ന ശബ്ദം.

ആരോടു ഞാന്‍ സങ്കടം പറയും? അവള്‍ പൊട്ടിക്കരഞ്ഞു. ഡാഡിയെ കണ്ട ഓര്‍മ്മയില്ല. ഒന്നു മിണ്ടിപ്പറയാന്‍ അയല്‍പക്കത്തോ സ്‌ക്കൂളിലോ ഒരാളുമില്ല. ലോ ക്ലാസ് ആളുകളുടെ ബാറില്‍ ജോലി ചെയ്യുന്ന ഒരു ട്രംപിന്റെ- ട്രാംപ് എന്നാണല്ലോ ആളുകള്‍ മമ്മാക്ക് ഇട്ടിരിക്കുന്ന ഓമനപ്പേര്-മകളോട് ആര് കൂട്ടുകൂടും? മിണ്ടും?

ആളുകള്‍ എന്തു പറഞ്ഞാലും മമ്മാ തന്നെ സ്‌നേഹിക്കും, കാത്തു രക്ഷിക്കും എന്നു വിശ്വസിച്ചു. തെറ്റിപ്പോയി. എന്തൊക്കെ അസഭ്യവാക്കുകളാണവര്‍ പറഞ്ഞത്. എന്തൊക്കെ ചീത്തപ്പോരുകളാണവര്‍ വിളിച്ചത്. മമ്മാക്ക് മകളോട് ഇത്തരം വാക്കുകള്‍ പറയാമോ?

ഇനിയും അവര്‍ എന്റെ മമ്മായല്ല. ഏതോ ഒരപരിചിത മാത്രം.

എനിക്കാരുമില്ല. എനിക്കാരും വേണ്ട.

ആരും ഇനിയെന്റെ ശരീരത്തില്‍ സ്പര്‍ശിക്കയില്ല. ഞാന്‍ സമ്മതിക്കില്ല. അവള്‍ തീരുമാനിച്ചുറച്ചു. എനിക്ക് എന്നെ സൂക്ഷിക്കാനറിയാം. ഇനിയും ലൂക്ക് എന്നെ തൊട്ടാല്‍ ...

എത്ര ശ്രമിച്ചിട്ടും ലൂക്കില്‍ നിന്നും രക്ഷപ്പെടാനാവാതിരുന്ന മറ്റൊരു ചുട്ടപകല്‍ കൂടി.

മമ്മാ എന്ന ട്രാംപ് അപ്പോഴും കൂര്‍ക്കം വലിച്ചു.

പാതിരാവ്. മാര്‍ഗരറ്റ് എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു. പാത്രം കഴുകുന്ന സിങ്കിന്‍
ന്റെ അടിയില്‍ നിന്നും മണ്ണെണ്ണയും തീപ്പെട്ടിയും എടുത്തു…

വീടിനു കുറച്ചകലെ മാറിനിന്ന് മുറിക്കുള്ളില്‍ പരക്കം പായുന്ന മനുഷ്യതീപ്പന്തങ്ങളെ ഉള്ളിലൂറിയ സംതൃപ്തിയോടെ കണ്ടു.

എന്റെ നെഞ്ചില്‍ നിങ്ങള്‍ കോരിയിട്ട തീയ്. അവള്‍ പല്ലിറുമ്മി. എരിയണം. രണ്ടുപേരുമതില്‍ എരിയണം. എരിഞ്ഞെരിഞ്ഞ് ചാമ്പലാവണം.

ഈ വരിയിലെ അടുത്ത വീടുകളിലേക്കും തീ പടരും. ഒരു സാധു പെണ്‍കുട്ടിയുടെ നെഞ്ചിലെ വേദനയും നിരാശയും കാണാന്‍, അവളോട് ഇറ്റ് കരുണ കാട്ടാന്‍ മനസ്സില്ലാത്ത അയല്‍ക്കാരുടെ വീടുകളിലേക്ക്.
എരിയട്ടെ. എല്ലാം എരിയട്ടെ.

അവള്‍ നടന്നു. എങ്ങോട്ടെന്നില്ലാതെ, ആളിപ്പടരുന്ന തീയ്ക്കും കറുത്ത പുകയ്ക്കും അപ്പുറത്ത് ചക്രവാളത്തില്‍ കുങ്കുമച്ചോപ്പ് കണ്ടു തുടങ്ങുന്നു. ഒരു പുതിയ സൂര്യന്‍ ഉദിക്കുകയാണ്.

ചുവന്ന സൂര്യന്‍ .
ചുവന്ന സൂര്യന്‍ (കഥ)- നീന പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക