Image

ആശ്വാസ ദൂതുമായി ഒബാമ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ അംഗങ്ങള്‍ക്കൊപ്പം

Published on 15 November, 2012
ആശ്വാസ ദൂതുമായി ഒബാമ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ അംഗങ്ങള്‍ക്കൊപ്പം
ന്യൂയോര്‍ക്ക്‌: സാന്‍ഡി ചുഴലിക്കാറ്റ്‌ കനത്ത നാശം വിതച്ച സ്റ്റാറ്റന്‍ഐലന്റില്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ സന്ദര്‍ശനം നടത്തുന്നുവെന്നറിഞ്ഞ്‌, ദൂരെ നിന്ന്‌ ഒരുനോക്ക്‌ കാണാമല്ലോ എന്നുകരുതി എത്തിയതാണ്‌ സണ്ണി കോന്നിയൂര്‍.

സാന്‍ഡി ഉയര്‍ത്തിവിട്ട തിരമാലകള്‍ അടിച്ചുകയറി തകര്‍ച്ചയിലായ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ അംഗമെന്ന നിലയില്‍ പള്ളിക്കു സമീപം തന്നെ സണ്ണി, അക്കൗണ്ടന്റായ പുത്രന്‍ മാര്‍ട്ടിന്‍, വികാരി ഫാ. അലക്‌സ്‌ കെ. ജോയി, ഡോ. സ്‌കറിയ ഉമ്മന്‍ എന്നിവര്‍ നിലയുറപ്പിച്ചു.

`രാവിലെതന്നെ പ്രദേശമെല്ലാം സീക്രട്ട്‌ സര്‍വീസിന്റെ നിയന്ത്രണത്തിലായിരുന്നു. എവിടെയാണ്‌ നില്‍ക്കാന്‍ അനുവദിക്കുക എന്നു പോലും ഉറപ്പില്ലായിരുന്നു.' സണ്ണി പറഞ്ഞു. പള്ളി അംഗങ്ങള്‍ എന്ന നിലയില്‍ പള്ളിക്കു മുന്നില്‍ തന്നെ
നില്‍ക്കാമെന്നു ഒരുന്നത ഉദ്യോഗസ്ഥ ഉറപ്പു നല്‍കിയത്‌ പ്രതീക്ഷയായി.

ഉച്ചയോടെ ഹെലികോപ്‌റ്ററില്‍ സ്റ്റാറ്റന്‍ഐലന്റില്‍ വന്നിറങ്ങിയ പ്രസിഡന്റ്‌ കാറില്‍ കുറെ ദൂരം സഞ്ചരിച്ചശേഷമാണ്‌ നാശനഷ്‌ടം കൂടുതലുണ്ടായ
ന്യു ഡോര്‍പ്‌  ബീച്ച്‌ മേഖലയിലെത്തിയത്‌. അവിടെ നടന്നുകൊണ്ട്‌ വീടുകളും നാശനഷ്‌ടങ്ങളും വീക്ഷിച്ച പ്രസിഡന്റ്‌ സ്ഥലവാസികളോട്‌ കുശലം പറയുകയും  ആശ്വസിപ്പിക്കുകയും ചെയ്‌തു.

നടന്നു വരുമ്പോഴാണ്‌ പള്ളിക്കുമുന്നിലെ സംഘത്തെ കണ്ടത്‌. കയ്യോടെ അങ്ങോട്ടുവന്ന പ്രസിഡന്റ്‌ ഒരോരുത്തരോടും കുശലം പറഞ്ഞു. ഇവിടെ ജനിച്ചുവളര്‍ന്ന മാര്‍ട്ടിന്‍, പ്രസിഡന്റിനെ കണ്ടയുടന്‍ ഇലക്ഷന്‍ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു. പ്രസിഡന്റ്‌ മാര്‍ട്ടിനെപ്പറ്റി കൂടുതല്‍ ചോദിച്ചറിഞ്ഞു.

ഓര്‍ത്തഡോക്‌സ്‌ സഭ അമേരിക്കയില്‍ ആദ്യമായി വാങ്ങിയ പള്ളിക്കു വന്ന തകര്‍ച്ച അച്ചനും മറ്റുള്ളവരും വിവരിച്ചു. ഫ്‌ളഡ്‌ ഇന്‍ഷ്വറന്‍സോ, ഫീമയുടെ സഹായമോ ഒന്നും ലഭിക്കാന്‍ സാധ്യതയില്ലെന്നും പ്രസിഡന്റിനെ അറിയിച്ചു. പള്ളി പുനരുദ്ധരിക്കാന്‍ ഫണ്ട്‌ ശേഖരണത്തിനായി വെബ്‌സൈറ്റ്‌ തുടങ്ങിയിട്ടുണ്ട്‌ gofundme.com/statenisland.

ഒടുവില്‍ ഫോട്ടോയെടുക്കാന്‍ പ്രസിഡന്റ്‌ തന്നെയാണ്‌ നിര്‍ദേശിച്ചത്‌. മാര്‍ട്ടിന്റെ കാമറയില്‍, ഒരു സ്റ്റേറ്റ്‌ അസംബ്ലിമാനാണ്‌ ഫോട്ടോ എടുത്തത്‌. അതൊരു അസുലഭ മുഹൂര്‍ത്തമായി.

'പ്രസിഡന്റിനെയൊക്കെ ടിവിയില്‍ കണ്ടിട്ടേയുള്ളൂ. ആദ്യമായാണ്‌ നേരില്‍ കാണുന്നത്‌. കണ്ടപ്പോള്‍ ചിരപരിചിതനെപ്പോലെയാണ്‌ പെരുമാറിയത്‌. ഒബാമയുടെ രണ്ടാം വിജയത്തില്‍ അതിശയിക്കാനൊന്നുമില്ല'. ഒബാമയ്‌ക്കുതന്നെ വോട്ട്‌ ചെയ്‌ത ഫോമാ നേതാവായ സണ്ണി പറഞ്ഞു.

പ്രസിഡന്റ്‌ ഒന്നര മണിക്കൂറോളം സമീപ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി. കുട്ടികള്‍ രണ്ടുപേരും നഷ്‌ടപ്പെട്ട ഒരു അമ്മയെ അദ്ദേഹം ആശ്വസിപ്പിച്ചു. ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ, സിറ്റി മേയര്‍ മൈക്ക്‌ ബ്ലൂംബെര്‍ഗ്‌, ബോറോ പ്രസിഡന്റ്‌ മോളിനാരോ, യു.എസ്‌ സെനറ്റര്‍ ചാക്ക്‌ ഷൂമര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

പള്ളിയിലെ വെള്ളം വറ്റിച്ച്‌ പവര്‍വാഷ്‌ ചെയ്‌തതായി സണ്ണി പറഞ്ഞു. ഇനി വയറിംഗ്‌ നടത്തണം. ബാത്ത്‌ റൂമും ഹീറ്റിംഗുമൊക്കെ ശരിയാക്കണം. കുറച്ചു നാളുകള്‍കൂടി ആല്‍ബാ ഹൗസിലെ സെന്റ്‌ പോള്‍സ്‌ കാത്തലിക്‌ ചര്‍ച്ചിലെ ബേസ്‌മെന്റില്‍ കുര്‍ബാന തുടരേണ്ടിവരും.

ആശ്വാസ ദൂതുമായി ഒബാമ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ അംഗങ്ങള്‍ക്കൊപ്പംആശ്വാസ ദൂതുമായി ഒബാമ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ അംഗങ്ങള്‍ക്കൊപ്പംആശ്വാസ ദൂതുമായി ഒബാമ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ അംഗങ്ങള്‍ക്കൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക