Image

പ്രവാസ സാഹിത്യത്തോടു രണ്ടാനമ്മയെപ്പോലെ പെരുമാറരുത്: മീനു എലിസബത്ത്

Published on 17 November, 2012
പ്രവാസ സാഹിത്യത്തോടു രണ്ടാനമ്മയെപ്പോലെ പെരുമാറരുത്: മീനു എലിസബത്ത്
(വിശ്വ മലയാള സമ്മേളനത്തിലെ പ്രസംഗം)
ബഹുമാനപ്പെട്ട അദ്ധ്യക്ഷന്‍, മറ്റു ഗുരുപണ്ഡിതരെ, എഴുത്തുകാരെ, വായനക്കാരെ, സുഹൃത്തുക്കളെ നിങ്ങള്‍ക്കെന്റെ വിനീത നമസ്‌കാരം.

ഇതുപോലെ ധന്യമായ ഈ വേദിയില്‍ നിങ്ങളെയെല്ലാം കാണുവാനും സംസാരിക്കുവാനും അവസരം ഉണ്ടാക്കിത്തന്ന കേരള സാഹിത്യ അക്കാഡമിക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊള്ളട്ടെ. വിശ്വമലയാള മഹോത്സവത്തിന്റെ അമേരിക്കന്‍ പ്രതിനിധിയായി വരുവാന്‍ സാധിച്ചത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
ഞങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ഗുരുസ്ഥാനീയരും, പ്രശസ്ത കവിയുമായ ശ്രീ ചെറിയാന്‍ കെ. ചെറിയാനായിരുന്നു ഇതിനായി പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥി. എണ്‍പതാം പിറന്നാള്‍ കഴിഞ്ഞയാഴ്ചയില്‍ ആഘോഷിച്ച
അദ്ദേഹത്തിന് ദുരയാത്ര ചെയ്ത് വരാന്‍ കഴിയാതെ പോയതില്‍ ദുഖമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിനുവേണ്ടി ഞാന്‍ ആശംസിച്ചു കൊള്ളുന്നു.

എഴുത്തിന്റെ ലോകത്തിലെ ഒരു തുടക്കക്കാരിയായ എന്നെ ഇതിലേക്ക് ഹൃദയപൂര്‍വം ക്ഷണിച്ച ശ്രീ ഡോ. ജോര്‍ജ് തോട്ടം സാറിനും പ്രത്യേകം നന്ദി പറയുന്നു.

ഇതോടൊപ്പം വളരെ വിനീതമായ ഒരു കാര്യം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഈ വിശ്വമലയാളി സംഗമങ്ങളുടെ വിവരങ്ങള്‍, കുറച്ചുകൂടി നേരത്തെ തന്നെ ഞങ്ങള്‍ വിദേശ മലയാളികളെ അറിയിക്കുവാനുള്ള ഒരു സന്മനസ് സാഹിത്യ അക്കാഡമിയും കേരള സാംസ്‌കാരിക വകുപ്പും കാണിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും അമേരിക്കയില്‍ നിന്നും ധാരാളം എഴുത്തുകാരരും എഴുത്തുകാരികളും ഇതില്‍ സന്തോഷപൂര്‍വം പങ്കെടുത്തേനെ. ഇത്രയും കുറഞ്ഞ സമയത്തില്‍ നിന്ന നില്‍പ്പില്‍ അമേരിക്കയില്‍ നിന്നും ഓടി നാട്ടിലെത്തുന്നവരുടെ ബുദ്ധിമുട്ട് ആര്‍ക്കും മനസിലാക്കാവുന്നതാണല്ലോ. വരുംകാലങ്ങളില്‍ ഈ സമ്മേളനത്തിന്റെ തീയതികള്‍ മുന്‍കൂട്ടി വിദേശ മലയാളികളെ അറിയിക്കുവാന്‍ അക്കാഡമി ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.

ലോകചരിത്രം പരിശോധിക്കുമ്പോള്‍ നാം മനുഷ്യര്‍ എന്നും (പ്രവാസികളായിരുന്നു), കുടിയേറിക്കൊണ്ടിരുന്നു. അതിലെ ഒരു കണ്ണിയാണ് ഞാനും. സ്വന്തം ജില്ലയായ കോട്ടയത്തെ, പള്ളം എന്ന കുട്ടനാടന്‍ ഗ്രാമം വിട്ടുപോകുമ്പോള്‍ പ്രാണന്‍ വെടിയുന്ന ഒരു പക്ഷിക്കുഞ്ഞിനെപോലെ എന്റെ കൗമാരമനസ് പിടഞ്ഞിരുന്നു.

കാരണം ഞാന്‍ സംസാരിക്കുന്ന എന്റെ ഭാഷയില്‍ നിന്നും, ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ ഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്നും, സംസ്‌കാരത്തില്‍ നിന്നും എന്നെ വേരോടെ പറിച്ചുനടുകയാണ്. പറിച്ചു നടപ്പെട്ട ആ ഇളംതൈയുടെ, വാട്ടവും തളര്‍ച്ചയും അല്‍പ്പമെങ്കിലും മാറ്റിയെടുത്തത് അന്ന് കൂടെക്കൊണ്ടു പോയ ഒരു കെട്ടു മലയാളപുസ്തകങ്ങളും കുറച്ചു മാസികകളുമായിരുന്നു.

മറ്റൊരു ദേശത്ത്, വഴങ്ങാത്ത ഭാഷയില്‍ സംസ്‌കാരത്തില്‍ പുതുവേരുകള്‍ ഇറക്കി ജീവിതം തുടങ്ങുമ്പോഴും മലയാളത്തെ എപ്പോഴും നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ ഞാന്‍ കഴിവതും ശ്രമിച്ചു. പക്ഷെ അന്നൊക്കെ ഇന്നത്തെപ്പോലെയായിരുന്നില്ല. കൈപ്പിടിയില്‍ ഇന്റര്‍നെറ്റോ പത്രങ്ങളോ മാസികകളോ ഇല്ല. നാടുമായി ആശയവിനിമയം നടത്താന്‍ പ്രയാസം. നാട്ടിലേക്ക് വിളിക്കുന്നത് വളരെ അപൂര്‍വം. എന്റെയുള്‍പ്പെടെ നാട്ടിലെ പല വീടുകളിലും അന്ന് ഫോണ്‍ കണക്ഷനുമില്ല.

അന്ന് അഞ്ചും ആറും വര്‍ഷങ്ങള്‍ കൂടിയേ ഞങ്ങള്‍ക്ക് കേരളം സന്ദര്‍ശിക്കുവാന്‍ സാമ്പത്തികം അനുവദിച്ചിരുന്നുള്ളൂ. ഉറ്റവരും ഉടയവരും നാടു സന്ദര്‍ശിച്ച് തിരികെ വരുമ്പോള്‍ കൊണ്ടുതരുന്ന അലുവ പൊതിഞ്ഞ് എണ്ണയിറങ്ങിയ പത്രക്കടലാസുകളിലെ മധുരമുള്ള മലയാള അക്ഷരങ്ങളിലേക്ക്, ഉറുമ്പുകള്‍ക്കൊപ്പം എന്റെ കണ്ണുകളും ആര്‍ത്തിയോടെ അരിച്ചിറങ്ങിയിട്ടുണ്ട്. ജിലേബിയും ലഡുവും, ചക്ക ഉപ്പേരിയും പൊതിഞ്ഞു വരുന്ന പത്രക്കടലാസുകളെ മനസുകൊണ്ടും ആത്മാവു കൊണ്ടും ഞങ്ങളും നക്കിത്തുടച്ചിരുന്നു.


എന്നിരുന്നാലും അന്നൊക്കെ വലിയ ഇടവേളകളില്‍ നാട്ടില്‍ പോയി വരുമ്പോള്‍, കണ്ണില്‍ കാണുന്നതും കൈയില്‍ കിട്ടുന്നതുമായ പുസ്തകങ്ങളും, മാസികകളും കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിരുന്നു. എല്ലാ സ്ത്രീകളും രണ്ടുപെട്ടി നിറയെ സാരികളും വാങ്ങി നിറയ്ക്കുമ്പോള്‍, എന്നും എന്റെ ഒരു പെട്ടി ഞാന്‍ പുസ്തകങ്ങള്‍ക്ക് ഒഴിച്ചിട്ടിരുന്നു. വായന വിടാതെ പിടിച്ചിരുന്നു.

ഇന്ന് സ്ഥിതിയാകെ മാറി. കഴിഞ്ഞ പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കൈയെത്തും ദൂരത്ത് മലയാളപത്രങ്ങളും, മലയാളം വാരികകളും, സമകാലീനങ്ങളും ഞാനുള്‍പ്പെടുന്ന അമേരിക്കന്‍ മലയാളിക്ക് സുലഭം.

തൊണ്ണൂറുകളുടെ ആദ്യം ന്യൂയോര്‍ക്ക് പട്ടണത്തില്‍ നിന്നും അമേരിക്കന്‍ മലയാളിയ്ക്കായി ചാക്കോ പബ്ലിക്കേഷന്‍സ് ഒരു പത്രം ആരംഭിച്ചു. മലയാളംപത്രം എന്ന ആ വാര്‍ത്താ വാരിക ഞങ്ങള്‍ക്ക് നാട്ടിലെ വിവരങ്ങള്‍ ഇന്നും മുടങ്ങാതെ എത്തിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യം തന്നെ.

ഇന്ന് ഞങ്ങള്‍ക്ക് നാലോ അഞ്ചോ മലയാളംപത്രങ്ങളും ജനനി, കൈരളി മുതലായ മലയാളം മാസികകളും അമേരിക്കയിലുള്ള പ്രതികൂല സാഹചര്യങ്ങളാല്‍ ഒരിടയ്ക്ക് കൈവിട്ടുപോയ മലയാള വായന ഞങ്ങള്‍ക്കിടയിലേക്ക് വീണ്ടും ശക്തമായി തന്നെ തിരിച്ചുവരുത്തുവാന്‍ ഇവയെല്ലാം വളരെയധികം സഹായിച്ചു.

പത്തുവര്‍ഷം മുന്‍പ് അമേരിക്കന്‍ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് കടന്നുവന്ന മലയാളം ചാനലുകള്‍, ഞങ്ങളെ പഴയതും പുതിയതുമായ എഴുത്തുകാരെയും, അവരുടെ കൃതികളെയും നേരിട്ട് കാണിച്ചുതന്നു. അങ്ങനെ പഴയ തലമുറയിലെ എഴുത്തുകാരുടെ പുതിയ കൃതികള്‍ വായിക്കുന്നതോടൊപ്പം, ഏറ്റവും പുതിയ എഴുത്തുകാരെയും ഞങ്ങള്‍ വായിക്കുന്നു.

പില്‍ക്കാലത്ത് എഴുത്തിലേക്കും വിശാലമായ വായനയിലേക്കും വരാന്‍ ഇവയെല്ലാം വളരെയധികം സഹായിച്ചു.

ബാബു ഭരദ്വാജിനെപ്പോലെയുള്ളവര്‍ എഴുതിയ പ്രവാസത്തിന്റെ നേര്‍ക്കാഴ്ചകള്‍
നിറഞ്ഞ പുസ്തകങ്ങളും ടി.വി കൊച്ചുബാവയുടെ കഥകളും ഒക്കെ വായിച്ചറിഞ്ഞപ്പോള്‍ പ്രവാസിയുടെ സാഹിത്യമെന്നോ, പ്രവാസിയുടെ എഴുത്തെന്നോ ഒന്നില്ല, മനുഷ്യരുടെ എഴുത്താണുള്ളത് പച്ചയായ ജീവിതാനുഭവങ്ങളുടെ എഴുത്താണുള്ളത് എന്നു തിരിച്ചറിവുണ്ടായി.

എന്നിരുന്നാലും കുടിയേറ്റക്കാര്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും (അമേരിക്കയിലോ, ജര്‍മ്മനിയിലോ, ഉഗാണ്ടയിലോ ആവട്ടെ) അനുഭവങ്ങളും, പിന്നിട്ടുപോന്ന പാതകളും, ജീവിതസാഹചര്യങ്ങളും ചേര്‍ത്തുവെച്ച് മലയാളത്തില്‍ കഥകളും കവിതകളും നോവലുകളും എഴുതി അവയെ പുറംലോകം കാണിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, മിക്കപ്പോഴും, അതിക്രൂരമായ ഒരു രണ്ടാനമ്മയുടെ മനോഭാവത്തോടെ കേരളത്തിലെ പത്രാധിപന്‍മാരും പ്രസാധകരും പെരുമാറുന്നത് അതീവ സങ്കടകരമാണ്.

കുടിയേറ്റ എഴുത്തുകാരെ, അഥവാ പ്രവാസികള്‍ എന്നു വിളിക്കപ്പെടുന്ന ഞങ്ങളുടെ എഴുത്തിനെ കേരളത്തിലെ വായനക്കാര്‍ തീര്‍ച്ചയായും അകറ്റി നിര്‍ത്തുന്നില്ല. ധാരാളമായി തന്നെ ഞങ്ങളുടെ എഴുത്തുകള്‍ ഇന്റര്‍നെറ്റിലെ പല വെബ് സൈറ്റുകളിലും ബ്ലോഗിലും, ഇമെയില്‍ ഫോര്‍വേഡുകളില്‍ കൂടെയും സ്വീകരിക്കപ്പെടുന്നു. എന്നെപ്പോലെയുള്ളവര്‍ക്ക് കിട്ടുന്ന പ്രോത്സാഹനം നിറഞ്ഞ പ്രതികരണങ്ങള്‍ വളരെ വലുതാണ്.

പ്രവാസജീവിതത്തെക്കുറിച്ചും പ്രവാസസാഹിത്യത്തെക്കുറിച്ചും ഇന്ത്യയിലും വിദേശത്തും നാം ധാരാളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രവാസജീവിതം നയിക്കുന്ന എഴുത്തുകാരെ അര്‍ഹിക്കുന്ന തലത്തിലേക്ക് കൊണ്ടുവരാന്‍ ഇത്തരം ചര്‍ച്ചകള്‍ക്കോ വേദികള്‍ക്കോ കഴിയാറില്ല എന്നതാണ് വാസ്തവം.

കേരള സാഹിത്യ അക്കാഡമിയും കേരളത്തിലെ തിരിച്ചറിവുള്ള പത്രാധിപന്‍മാരും പലവിധമായ കാരണങ്ങള്‍ കൊണ്ട് വിദേശവാസം നയിക്കുന്ന ഞങ്ങളെപ്പോലെയുള്ള എഴുത്തുകാരുടെ മികച്ച സൃഷ്ടികള്‍ എങ്കിലും (ചവറുകള്‍ എല്ലായിടത്തും ഉണ്ടല്ലോ). മുന്‍വിധികളില്ലാതെ, അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായിക്കുവാനും നല്ലതു പ്രസിദ്ധീകരിക്കുവാനും ഇനിയെങ്കിലും ശ്രമിക്കുമെന്ന് വിശ്വസിക്കട്ടെ.

തീര്‍ച്ചയായും ഒരു സംവരണം ഞങ്ങള്‍ക്കാവശ്യമില്ല. കേരളത്തിലെയും ഗള്‍ഫുനാടുകളിലെയും എഴുത്തുകാര്‍ക്ക് നിങ്ങള്‍ കല്‍പ്പിച്ചു കൊടുക്കുന്ന പ്രാധാന്യം ഞങ്ങളിലെ തുടക്കക്കാര്‍ക്കും കൂടി നല്‍കാനുള്ള ഒരു വിശാലമനസ്ഥിതി ഉണ്ടാവുകയാണ് ആവശ്യം.

പ്രവാസി എന്നാല്‍ ഗൃഹാതുരത്വം എന്നൊരു ധാരണയും ഞങ്ങളെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. അത് ഒരു കാലം. അതില്‍ നിന്നൊക്കെ ഞങ്ങള്‍ വേറിട്ടു ചിന്തിക്കുവാനും നടക്കുവാനും തുടങ്ങിയിരിക്കുന്നു എന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിയും.

പ്രിയപ്പെട്ടവരെ, എഴുതാന്‍ ആര്‍ക്കും പറ്റും. പക്ഷെ രചനകള്‍ വായനക്കാരന്‍ ഹൃദയത്തില്‍ ചേര്‍ത്ത് വെയ്ക്കണമെങ്കില്‍ അതില്‍ ജീവിതത്തിന്റെ തുടിപ്പും, ചൂടും, ചൂരും ഉണ്ടാവണം. അതിന് പ്രവാസിയെന്നോ നാട്ടുകാരന്‍ എന്നോ വ്യത്യാസം കാണാതെ, ദേശം നോക്കാതെ ഒരു സമീപനം സാഹിത്യ അക്കാഡമിയുടെയും കേരളത്തിലെ മലയാളവാരികകളുടെ എഡിറ്റര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയോടെ - നിര്‍ത്തട്ടെ. നന്ദി നമസ്‌കാരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക