Image

യെദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published on 29 August, 2011
യെദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബാംഗ്ലൂര്‍ : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നിനുപുറകെ മറ്റൊന്നായുള്ള കേസുകളും കോടതിയുടെ സമന്‍സുകളും വന്നതോടെയാണ് യെദ്യൂരപ്പ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയതിനെ തുടര്‍ന്ന് യെദ്യൂരപ്പ ചികിത്സ തേടിയിരിക്കുകയാണ്.

രണ്ട് ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ശനിയാഴ്ച വീണ്ടും അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറവി രോഗം വന്നതിനെ ത്തുടര്‍ന്നാണ് യെദ്യൂരപ്പയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കി. 'ഒരു നിമിഷം എല്ലാം മറന്ന് പോകുന്ന അവസ്ഥ. അല്‍പ്പ സമയത്തിന് ശേഷം സാധാരണ നിലയിലേക്ക് വന്നു' യെദ്യൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന സാഗര്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് ദിവസം വിശ്രമത്തിനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഭൂമി അഴിമതിക്കേസില്‍ ശനിയാഴ്ച ഹാജരാകാന്‍ ലോകായുക്ത കോടതി സമന്‍സ് നല്‍കിയിരുന്നെങ്കിലും കടുത്ത പനിയാണെന്ന് അറിയിച്ച് യെദ്യൂരപ്പ ഹാജരായിരുന്നില്ല. അസുഖം കാരണം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തിങ്കളാഴ്ച ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഈ ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് യെദ്യൂരപ്പയെ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക