Image

നേഴ്സ് സമരത്തിന്‌ ദീപികയുടെ വ്യാഖ്യാനം

Published on 20 November, 2012
നേഴ്സ് സമരത്തിന്‌ ദീപികയുടെ വ്യാഖ്യാനം
തൃശൂര്‍: സ്വകാര്യ ആശുപത്രികളെ പൂട്ടിക്കുന്ന നഴ്‌സുമാരുടെ സമരത്തിനു പിന്നില്‍ വമ്പന്‍ കോര്‍പറേറ്റ് ആശുപത്രികളാണെന്ന് ആക്ഷേപം. കേരളത്തിലെ ചികിത്സാച്ചെലവു കുറഞ്ഞ ആശുപത്രികളെ അടച്ചുപൂട്ടിച്ച്, കേരളത്തിലെ ചികിത്സാമേഖല കൈയടക്കാന്‍ പതിന്മടങ്ങ് നിരക്ക് ഈടാക്കുന്ന കോര്‍പറേറ്റ് ആശുപത്രികള്‍ നീക്കം നടത്തുകയാണ്. സമരത്തിലൂടെ ആശുപത്രികളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന രണ്ടു കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എറണാകുളം, തൃശൂര്‍ നഗരങ്ങളിലായി ഒരുവര്‍ഷമായി ഔട്ട് പേഷ്യന്റ് വിഭാഗവും ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിപ്പിുന്നുണ്ട്.

പുതിയ ആശുപത്രി തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ള ഏതെങ്കിലും ആശുപത്രികള്‍ ഏറ്റെടുക്കാനാണ് കോര്‍പറേറ്റ് വമ്പന്മാര്‍ക്കു താത്പര്യം. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള വലിയ ആശുപത്രികളുടെ മാനേജ്‌മെന്റുകളുമായി കോര്‍പറേറ്റ് ആശുപത്രികളുടെ മേധാവികള്‍ പലതവണ ചര്‍ച്ച നടത്തിയിട്ടുമുണ്ട്. എന്നാല്‍ ധാരണയിലെത്തിയിട്ടില്ല.

കേരളം മികച്ച ചികിത്സാ മാര്‍ക്കറ്റാണെന്നാണ് വന്‍കിട കോര്‍പറേറ്റ് ആശുപത്രികള്‍ വിലയിരുത്തുന്നത്. കേരളത്തില്‍ ചുവടുവയ്ക്കുന്നതിനു മുന്നോടിയായി പരസ്യപ്രചാരണവും തുടങ്ങിയതായിരുന്നു. ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട മേജര്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കും സ്‌പെഷലൈസ്ഡ് ചികിത്സയ്ക്കും അര്‍ബുദ ചികില്‍സയ്ക്കും കേരളത്തില്‍ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. കുറഞ്ഞ ചികിത്സാനിരക്ക് ഈടാക്കുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ആശുപത്രികളെ സമരത്തിലൂടെ പൂട്ടിക്കാനാണ് കോര്‍പറേറ്റ് വമ്പന്മാര്‍ പ്രധാനമായും ലക്ഷ്യമിട്ടത്. വളരെ ഭീമമായ ചികിത്സാനിരക്ക് ഈടാക്കുന്നവയാണ് വന്‍കിട കോര്‍പറേറ്റ് ആശുപത്രികള്‍. കുറഞ്ഞ നിരക്ക് ഈടാക്കുന്ന കേരളത്തിലെ നിലവിലുള്ള ആശുപത്രികളുമായി മത്സരിക്കാന്‍ പ്രയാസമുള്ളതിനാലാണ് സമരങ്ങളിലൂടെ ആശുപത്രികളെ അടച്ചുപൂട്ടിക്കുന്ന അടവുനയം അവര്‍ സ്വീകരിച്ചത്. നഴ്‌സുമാരുടെ സമരംമൂലം ശമ്പളം വര്‍ധിപ്പിച്ചതോടെ ആശുപത്രികള്‍ ചികിത്സാനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശമ്പളവര്‍ധന നടപ്പാക്കിയിട്ടും സമരം ജില്ലാതലത്തിലും സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കുകയും ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്കു തടസമുണ്ടാക്കുകയും ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനാനേതൃത്വത്തിനു പിന്നില്‍ വമ്പന്‍ കോര്‍പറേറ്റ് ആശുപത്രി ലോബിയുണെ്ടന്നാണ് ആക്ഷേപം ഉയരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക