Image

പിതൃസ്മൃതി (മധ്യരേഖ-ഡി. ബാബുപോള്‍)

Published on 21 November, 2012
പിതൃസ്മൃതി (മധ്യരേഖ-ഡി. ബാബുപോള്‍)
അച്ഛന്‍ മരിച്ചിട്ട് ഇരുപത്തഞ്ച് സംവത്സരങ്ങള്‍ തികയുകയാണ് ഈ ആഴ്ച. 1987 നവംബര്‍ 21 രാത്രിയാണ് ആ ഹൃദയം അവസാനമായി സ്പന്ദിച്ചത്. സെമിറ്റിക് സമ്പ്രദായത്തില്‍ സന്ധ്യക്കാണ് ദിവസം തുടങ്ങുന്നത്. അതുകൊണ്ട് നവംബര്‍ 22 എന്നാണ് ചരമദിനം രേഖപ്പെടുത്തുന്നതും ആചരിക്കുന്നതും.
ഞാന്‍ അച്ഛനെ അറിയുന്നതിന് മുമ്പ് അച്ഛന്‍ എന്നെ അറിഞ്ഞു. ഒരു വ്യാഴവട്ടക്കാലം ഊഷരമായിരുന്ന ദാമ്പത്യത്തിലാണ് നീലക്കുറിഞ്ഞി പൂക്കുമ്പോലെ ഞാന്‍ എത്തിയത് എന്ന് അച്ഛന്‍ പറയുമായിരുന്നു.
എന്‍െറ ഓര്‍മകള്‍ തുടങ്ങുന്ന തീയതി എനിക്ക് കൃത്യമായി അറിയാം. കാരണം, ഓര്‍മയിലുള്ള ചിത്രംതന്നെ. കുറുപ്പംപടി. പെരുമ്പാവൂരിന്‍െറ പ്രാന്തത്തിലെ ഒരു ചെറിയ ഇടം. അവിടെ എം.ജി.എം ഹൈസ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു അച്ഛന്‍. സ്കൂള്‍ വളപ്പില്‍തന്നെ പള്ളിബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ വീട്ടില്‍ താമസം. പേര് ബംഗ്ളാവ് എന്നായിരുന്നെങ്കിലും രണ്ടു കിടപ്പുമുറികളും ഒരു പഠനമുറിയും അരഭിത്തി അതിരിട്ട ഒരു വലിയ പൂമുഖവും. ചെറിയ ഊണുമുറി. അടുക്കള, ഉരല്‍പ്പുര, കുളിമുറി ഇത്യാദി പിന്‍ഭാഗത്ത്. കക്കൂസ് പുറത്തായിരുന്നു. ഇന്നത്തെ മാതിരിയുള്ള ഏര്‍പ്പാടുകള്‍ ഒന്നും അക്കാലത്തില്ലല്ലോ.
ഇപ്പറഞ്ഞതു പ്രസവത്തിന്‍െറ കാര്യത്തിലും ശരിതന്നെ. വളരെ വിരളമായി മാത്രമാണ് ആശുപത്രികളില്‍ പ്രസവം ഉണ്ടാവുക. നാട്ടിന്‍പുറങ്ങളില്‍ വിശേഷിച്ചും. നാട്ടറിവിന്‍െറ ബലത്തില്‍ തള്ളയെയും പിള്ളയെയും രണ്ടാക്കിയെടുക്കുന്ന സ്ത്രീകള്‍ ആയിരുന്നു അക്കാലത്ത് സൂതികര്‍മിണികള്‍. സ്ഥലത്തെ പ്രധാന ദിവ്യന്‍െറ വീട്ടിലാണ് പ്രസവം എങ്കില്‍ ഡോക്ടറും മിഡ്വൈഫും ഹാജരാകുമെന്ന് മാത്രം. ഈ ഡോക്ടറെന്ന് പറയുന്ന വ്യക്തി പഴയ എല്‍.എം.പിയാണ്. ലൈസന്‍സ്ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍.
എന്‍െറ ഓര്‍മയിലെ ആദ്യചിത്രം സ്കൂളിന്‍െറ കിഴക്കെ കെട്ടിടത്തിന്‍െറ പടിഞ്ഞാറെ വരാന്തയില്‍ ശിപായി വര്‍ക്കിച്ചേട്ടന്‍െറ മകന്‍ യാക്കോബുചേട്ടന്‍ സൃഷ്ടിച്ച ഒരു ഓലപ്പാമ്പാണ്. ഓലപ്പാമ്പിനെ സാകൂതം വീക്ഷിച്ച് അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ബന്ധു വന്നുപറഞ്ഞു: ‘അമ്മ പെറ്റു’ പറഞ്ഞയാളുടെ അമ്മ പ്രസവിച്ചു എന്നാവണം ഞാന്‍ ധരിച്ചത്. അതുകൊണ്ട് പിറകെവന്ന വിശദീകരണവും ഓര്‍മയിലുണ്ട്: നെനക്കൊരനിയന്‍ ണ്ടായീന്ന്’.
 ആദ്യത്തെ ഓര്‍മക്ക് തീയതി കുറിക്കാന്‍ കഴിയുന്നതും അതുകൊണ്ടാണ്: അവന്‍െറ പിറന്നാള്‍ എനിക്കറിയാം. അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് നാല്‍പത്തിയാറ് വയസ്സ്. നാല്‍പത്തിമൂന്ന് സംവത്സരങ്ങളുടെ തെളിഞ്ഞ ഓര്‍മകള്‍.
എന്നെ സര്‍വകലാവല്ലഭനാക്കാന്‍ അച്ഛന്‍ മോഹിച്ചു. അത് അസാധ്യമാണെന്നറിഞ്ഞപ്പോള്‍ എന്‍െറ കൗതുകങ്ങള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഞ്ചര വയസ്സില്‍ ആദ്യമായി പ്രസംഗിച്ചു. ആ നാട്ടിന്‍പുറത്തെ തിരുനാളാഘോഷമായിരുന്നു സന്ദര്‍ഭം. തിരുനാള്‍ എന്നാല്‍ മഹാരാജാവിന്‍െറ ജന്മദിനമാണ്. അന്ന് കാണാപ്പാഠം പഠിച്ചതില്‍ അവസാനത്തെ വരി ഇന്നും ഓര്‍മയിലുണ്ട് ‘അന്നദാതാവായ പൊന്നുതമ്പുരാന്‍ നെടുനാള്‍ വാണ് പ്രജകളെ സന്തുഷ്ടരാക്കാന്‍ സര്‍വശക്തനായ ജഗന്നിയന്താവിന്‍െറ അനുഗ്രഹം അവിടുത്തേക്കുണ്ടാകുമാറാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഈ ചെറുപ്രസംഗം ഇവിടെ ഉപസംഹരിച്ചുകൊള്ളുന്നു’. പില്‍ക്കാലത്ത് ശ്രീചിത്തിര തിരുനാളിനെ പരിചയപ്പെട്ടപ്പോള്‍ ഈ കഥ പറഞ്ഞതും ഓര്‍ക്കുന്നുണ്ട് ഞാന്‍. ആ ചെറുബാല്യത്തില്‍ മുട്ടുകള്‍ കൂട്ടിയിടിച്ചു. മുട്ടടിക്കാതെ പ്രസംഗിക്കാവുന്ന ഒരുകാലം വരുമെന്ന് പറഞ്ഞുതന്നവരെ അന്ന് ഞാന്‍ വിശ്വസിച്ചില്ല. എങ്കിലും പ്രസംഗം നിര്‍ത്തിയില്ല. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ചുറ്റുവട്ടത്തെ പ്രൈമറി സ്കൂളുകളില്‍ പ്രഭാഷകനായി. എന്‍െറ അച്ഛനും രണ്ടാംക്ളാസില്‍ പഠിപ്പിച്ച മറ്റമന കുര്യന്‍സാറും ഇല്ലായിരുന്നെങ്കില്‍ മുട്ടുകള്‍ കൂട്ടിയിടിക്കാതെയും പ്രസംഗിക്കാമെന്ന് ഞാന്‍ അറിയുമായിരുന്നില്ല.
പിന്നെ അച്ഛന്‍ ഉപന്യാസങ്ങള്‍ എഴുതിച്ചു. ഉദ്യാനം, ഞങ്ങളുടെ പശു. എട്ടു വയസ്സില്‍ ഒന്ന് അച്ചടിച്ചുകണ്ടു. ‘അയച്ചുനോക്കെടാ, ഒത്താലൊത്തു’. ‘ബാലമിത്രം’ എന്ന മാസികയുടെ (അതോ ‘സഭാചന്ദ്രിക’യോ?) ബാലപംക്തിയില്‍ ‘സത്സ്വഭാവം’ എന്ന ചെറിയ ലേഖനം വന്നു. എഴുതിയത് ‘ബാബു, വിദ്യാര്‍ഥി, കുറുപ്പംപടി’! മിഡില്‍സ്കൂളിലോ ഹൈസ്കൂളിലോ വെച്ചായിരുന്നു ഒ.പി. ജോസഫിന്‍െറ ‘മിസ് ചെറിയാന്‍െറ മരണം’ എന്ന കഥയെക്കുറിച്ച് ഒരു ലേഖനം എഴുതി കൗമുദി ബാലകൃഷ്ണന് അയച്ചത്. ഗണപതിയെ വരക്കാന്‍ പുറപ്പെട്ട് കുരങ്ങിനെ വരച്ചതുപോലെ പത്രാധിപര്‍ക്കുള്ള കത്തുകളുടെ കൂട്ടത്തില്‍ രണ്ടു വരികളില്‍ ചുരുങ്ങിയാണ് അത് അച്ചടിക്കപ്പെട്ടത്. എങ്കിലും,  സ്കൂളില്‍ അത് നല്‍കിയ പത്രാസ് ചെറുതായിരുന്നില്ല.
ഉല്‍ക്കര്‍ഷേച്ഛയാണ് അച്ഛന്‍ നല്‍കിയ പ്രധാന ഗുണം. അംബാസഡറുടെ ജോലി എന്താണെന്നറിയാതെ അംബാസഡറാവാന്‍ മോഹിച്ച ബാല്യം. ഒരു കലക്ടറെയും അടുത്ത് കാണുകപോലും ചെയ്യാതെ കലക്ടറാകാന്‍ മോഹിച്ച കൗമാരം. ലക്ഷ്യം ഉന്നതമാവണം എന്ന് പറയുമ്പോള്‍ തന്നെ യത്നം ഫലം കണ്ടില്ലെങ്കില്‍ നിരാശപ്പെടരുതെന്നും പഠിപ്പിച്ചു അച്ഛന്‍.
അറിവിന് അതിരില്ലെന്നും മരിക്കുവോളം വിദ്യാര്‍ഥിയാവണം എന്നും പറഞ്ഞത് ഈ എഴുപത്തിരണ്ടാം വയസ്സിലാണ് സുഗ്രാഹ്യമാവുന്നത്. കോനാട്ട് മാത്തന്‍ കോറെപ്പിസ്കോപ്പ എന്ന പ്രശസ്ത സുറിയാനി പണ്ഡിതന്‍െറ മാതൃക കൂടെക്കൂടെ ഉദ്ധരിക്കുമായിരുന്നു അച്ഛന്‍. തീര്‍ത്തും ശയ്യാവലംബിയായപ്പോഴും പുസ്തകവായനയില്‍ ആശ്വാസം കണ്ടെത്തിയ പണ്ഡിതപ്രകാണ്ഡമായിരുന്നു മാത്തന്‍ കോറെപ്പിസ്ക്കോപ്പ.
ഈശ്വരവിചാരം അന്യമല്ലാത്ത ക്രിസ്തീയകുടുംബങ്ങളില്‍ സന്ധ്യക്ക് ബൈബ്ള്‍ വായിക്കുക പതിവാണ്. ഞങ്ങളുടെ വീട്ടില്‍ വെറുംവായന പോര. വായിച്ചുകഴിഞ്ഞാല്‍ അച്ഛന്‍ ചോദ്യംചോദിക്കും, പൊരുള്‍ തിരിച്ചുതരും. വിശ്വാസിയുടെ മനസ്സ് നഷ്ടപ്പെടുത്താതെ അന്വേഷകന്‍െറ രീതിശാസ്ത്രം പ്രയോജനപ്പെടുത്താന്‍ വഴി പറഞ്ഞുതന്ന ഗുരുവായിരുന്നു വൈദികനായിരുന്ന പിതാവ്. ഒപ്പം ഭാരതീയപാരമ്പര്യത്തില്‍ അഭിമാനിക്കാനും അഭിരമിക്കാനും ശീലിപ്പിച്ചു. എട്ടു വയസ്സില്‍ കോതമംഗലത്തിനും പത്തുവയസ്സില്‍ എറണാകുളത്തിനും പന്ത്രണ്ട് വയസ്സില്‍ മദ്രാസിനും ഒറ്റക്ക് യാത്ര ചെയ്യാന്‍വിട്ടു. തീവണ്ടിയില്‍ മറ്റാരോ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു; അത് ഞാനറിഞ്ഞത് യാത്ര തീര്‍ന്നപ്പോഴായിരുന്നുവെന്ന് മാത്രം. താന്‍പോരിമയും ആത്മവിശ്വാസവും വളര്‍ത്താന്‍ ഒരച്ഛന്‍ കണ്ട വഴികള്‍!
ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ അന്തമില്ല. ദൈവത്തെ സുഹൃത്തായും ധനത്തെ ഭൃത്യനായും കാണാന്‍, വിജയത്തില്‍ നിഗളിക്കാതെയും പരാജയത്തില്‍ ഖിന്നനാകാതെയും മുമ്പോട്ടുപോകാന്‍ വിവരമില്ലാത്തവരുടെ വിമര്‍ശങ്ങളും അനര്‍ഹമായ ആക്ഷേപശരങ്ങളും ഉണ്ടാകുമ്പോള്‍ മരത്തിനല്ലാതെ പുല്ലിനുണ്ടോ കാറ്റ് പിടിക്കുന്നു എന്നോര്‍മിക്കാന്‍, നല്ല ക്രിസ്ത്യാനി ആയി ജീവിക്കാനും എല്ലാ ക്രിസ്ത്യാനികളും നല്ല ക്രിസ്ത്യാനികള്‍ ആകുവോളം ഇതര മതസ്ഥരെ അവരുടെ പാട്ടിനു വിടാനും ശ്രമിക്കണമെന്നത് മറക്കാതിരിക്കാന്‍ -എഴുതിയാലൊടുങ്ങാത്ത നന്മകളാണ് ഓര്‍മയില്‍ നിറയെ. എന്‍െറ അനിയനും എനിക്കും മാത്രമല്ല പി. ഗോവിന്ദപ്പിള്ളയെ പോലുള്ള അനേകമനേകം ശിഷ്യര്‍ക്കും അനന്തമായ മാര്‍ഗദീപമായിരുന്നു വടക്കന്‍തിരുവിതാംകൂറിലെ നവോഥാന നായകനായി വാഴ്ത്തപ്പെടുന്ന കോറൂസോ ദശറോറോ-സത്യത്തിന്‍െറ പ്രഗല്ഭപ്രഭാഷകന്‍ -എന്ന് അന്ത്യോഖ്യാപാത്രിയാര്‍ക്കീസ് സഖാ പ്രഥമന്‍ വാഴ്ത്തിയ പി.എ. പൗലോസ് കോറെപ്പിസ്ക്കോപ്പ. അച്ഛന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചാണ് പറയുന്നത്. ഞങ്ങള്‍ അതൊക്കെ പഠിച്ചുവെന്നല്ല. അനിയനും ഗോപിച്ചേട്ടനും പഠിച്ചത്ര ഞാന്‍ ഒട്ട് പഠിച്ചതുമില്ല. പഠിക്കാതിരുന്നത് എന്‍െറ പിഴ, എന്‍െറ പിഴ, എന്‍െറ വലിയ പിഴ. പരമകാരുണികന്‍ എന്നോട് പൊറുക്കട്ടെ.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക